സദ്‍ഗുരു (മാസിക)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സദ്‍ഗുരു(മാസിക) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കവർ

1921-1934 കാലത്ത് തൃശ്ശൂർ ഇരിഞ്ഞാലക്കുട കേന്ദ്രീകരിച്ച് പുറത്തിറങ്ങിയിരുന്ന ഒരു അദ്ധ്യാത്മിക മാസികയാണ് സദ്‍ഗുരു.

ചരിത്രം[തിരുത്തുക]

തച്ചുടയകയ്മൾ ക്ഷേത്രഭരണം ഏറ്റെടുത്ത് ഇരിങ്ങാലക്കുട താമസമായതു മുതൽ ചട്ടമ്പി സ്വാമികളും തീർത്ഥപാദരും അതുവഴിയുള്ള മിക്കയാത്രകളിലും കയ്മളുടെ ഭവനമായ കൊട്ടിലാക്കൽ വന്നു തങ്ങുമായിരുന്നു. സ്ഥിരമായി പണ്ഡിതന്മാരും ഗവേഷകരും സന്യാസിമാരും അവിടെ വരുകയും, ചർച്ചകൾ നയിക്കുകയും ചെയ്തു. ആ ഭവനം ഒരു നല്ല ഗ്രന്ഥശേഖ രവും ഗവേഷണകേന്ദ്രവും കൂടിയായിരുന്നു. കയ്കളുടെ പ്രോത്സാഹനത്തിൽ നിരവധി പുസ്തകങ്ങൾ തയ്യാറാക്കുകയും പ്രസിദ്ധീകരിക്കുകയുംചെയ്തു. പലതും അന്നത്ത അദ്ധ്യാത്മിക ചരിത്രഗവേഷണരംഗങ്ങളിൽ ചർച്ചാ വിഷയമായി. ഇതു് കയ്മൾക്കു് ഒരു ഗവേഷണമാസിക തുടങ്ങാനുള്ള താൽപര്യം ജനിപ്പിച്ചു. ചട്ടമ്പിസ്വാമിയും അദ്ദേഹത്തെക്കുറിച്ചുള്ള സദ്‍ഗുരു സർവ്വസ്വം എന്ന ജീവചരിത്ര കാവ്യവുമായിരുന്നു മാസികയ്ക്ക് ഈ പേരിടാനുള്ള പ്രചോദനം. ശ്രീവർദ്ധനത്തു കഷ്ണപിള്ള, മാസികയുടെ പത്രാധിപരായി സദ്‍ഗുരുവിന്റെ ആദ്യലക്കം 1921 മാർച്ച് ഏപ്രിൽ മാസങ്ങളിലേത് കൊല്ല വർഷം 1096 മേടത്തിൽ 36 പേജുകളോടെ പ്രസിദ്ധീകരിച്ചു. ഒരു ലക്കത്തിന്റെ വില നാലണയും വാർഷിക വരിസംഖ്യ രണ്ടുരൂപയും ആയിരുന്നു. പതിമൂന്ന് വർഷത്തോളം കയ്മളിന്റെ പരിശ്രമഫലമായി ഈ മാസിക മുടങ്ങാതെ നടന്നു. 1927 ൽ അതിന്റെ പേജുകൾ വർദ്ധിപ്പിക്കുകയും കൂടുതൽ വിഷയങ്ങൾ പ്രത്യേകിച്ചും ശാസ്ത്രശാഖകൾ ഉൾപ്പെടുത്തുകയും ചെയ്തു. മഹാകവി വള്ളത്തോൾ, കുട്ടമത്ത് കുഞ്ഞികൃഷ്ണകുറുപ്പ്, ഇളംകുളം കുഞ്ഞൻപിള്ള, ഉള്ളാട്ടിൽ ഗോവിന്ദൻ കുട്ടിനായർ, പന്നിശ്ശേരിൽ നാണുപിള്ള, മൂലൂർ എസ്. പത്മനാഭപ്പണിക്കർ, ഗോവിന്ദൻകുട്ടി നായർ, ചെമ്പിൽ എം.പി. പണിക്കർ, മേരി ജോൺ തോട്ടം, ഡി. പത്മനാഭനുണ്ണി, പണ്ഡിറ്റ് കെ.പി. കുറുപ്പൻ, ചെന്നിത്തല കൃഷ്ണയ്യർ, ചട്ടമ്പിസ്വാമി, നാരായണഗുരു, നീലകണ്ഠതീർത്ഥപാദർ, തീർത്ഥപാദപര മഹംസർ, തച്ചുടയകയ്മൾ, പറവൂർ കെ. ഗോപാലപിള്ള തുടങ്ങിയവർ ആയിരുന്നു പ്രധാന എഴുത്തുകാർ. പന്നിശ്ശേരി നാണുപിള്ള, ശ്രീവർദ്ധനത്തു കൃഷ്ണപിള്ള, ടി. സി. കല്യാണി അമ്മ, എം.വി. കർത്ത തുടങ്ങിയവർ വിവിധ കാലങ്ങളിൽ ഇതിന്റെ പത്രാധിപ സമിതിയിൽ ഉണ്ടായിരുന്നു. [1]

നീലകണ്ഠതീർത്ഥപാദർ സമാധിയായപ്പോൾ പരമഹംസൻ മാസം മേൽനോട്ടം വഹിക്കണമെന്ന് സ്വാമി ആവശ്യപ്പെട്ടിരുന്നു. എന്നാൽ പരമഹംസരുടെ ആദ്ധ്യാത്മികവും സാമൂഹ്യവുമായ പ്രവർത്തനങ്ങളും, വാഴൂർ ആശ്രമ ചുമതലയും മാസികയ്ക്കുവേണ്ടി കാര്യമായി ഒന്നും ചെയ്യാൻ അദ്ദേഹത്തെ അനുവദിച്ചില്ല.

ഉള്ളടക്കം[തിരുത്തുക]

മതം, ദർശനം, ചരിത്രം, സാമൂഹ്യപരിഷരണം തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച് ഗൗരവവമായ ചർച്ചകൾക്ക് മാസിക തുടക്കമിട്ടു. വള്ളത്തോളിന്റെ സ്വപ്നാവാസവദത്തം, സിസ്റ്റർ മേരി ജോൺ തോട്ടത്തിന്റെ "എന്റെ ലോകപരിത്യാഗം' എന്ന പ്രസിദ്ധമായ കവിത തുടങ്ങിയവ 1928 ൽ ആദ്യം സദ്‍ഗുരുവിലാണ് പ്രസിദ്ധീകരിച്ചത്. ചട്ടമ്പി സ്വാമികളുടെ നിര്യാണത്തോടെ മാസികയുടെ പ്രവർത്തനം നിലച്ചു.

വിദ്യാരണ്യ മഹർഷിയുടെ പഞ്ചദശി പരിഭാഷ, രാമഗീതയുടെ നീലകണ്ഠ തീർത്ഥപാദർ ചെയ്ത പരിഭാഷ ഒക്കെ ഇതിലൂടെ ഖണ്ഡശഃ പ്രസിദ്ധീകരിച്ചു. ചട്ടമ്പിസ്വാമിയുടെ പ്രാചീനമലയാളത്തിന്റെ പലഭാഗങ്ങളും, ദേശനാമങ്ങൾ, ശരീതത്വസംഗ്രഹം, തമിഴകം, മലയാളത്തിലെ ചില സ്ഥലനാമങ്ങളുടെ ചരിത്രം, കൂടൽമാണിക്ക ക്ഷേത്ര ചരിത്രം, മോക്ഷ പ്രദീപഖണ്ഡനം, തുടങ്ങി നിരവധി രചനകൾ അഗസ്ത്യൻ എന്ന തൂലികാ നാമത്തിലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്.[2]

അവലംബം[തിരുത്തുക]

  1. നായർ, രാമൻ (2003). ചട്ടമ്പി സ്വാമികൾ ഒരു ധൈഷണിക ജീവ ചരിത്രം. തിരുവനന്തപുരം: സെന്റർ ഫോർ സൗത്ത് ഇന്ത്യൻ സ്റ്റ‍ഡീസ്, തിരുവനന്തപുരം. pp. 173–175. ISBN 978-93-83763-30-6.
  2. ഇരിങ്ങാലക്കുട, രാജീവ് (April 26, 2012). "ചട്ടമ്പിസ്വാമികളും സംഗമഗ്രാമവും". ശ്രേയസ്സ്. Retrieved ഓഗസ്റ്റ് 10, 2020.
"https://ml.wikipedia.org/w/index.php?title=സദ്‍ഗുരു_(മാസിക)&oldid=3409520" എന്ന താളിൽനിന്ന് ശേഖരിച്ചത്