സദ്റുദ്ദീൻ വാഴക്കാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ അറിയപ്പെടുന്ന എഴുത്തുകാരനും പ്രഭാഷകനും സാമൂഹിക പ്രവർത്തകനുമാണ് സദ്റുദ്ദീൻ വാഴക്കാട്. (1977 ജനുവരി 31- ). വയനാട് ആസ്ഥാനമായി 2016ൽ സ്ഥാപിതമായ പീസ് വില്ലേജ് ഫൗണ്ടേഷൻ സെക്രട്ടറിയും, 2006 മുതൽ പ്രബോധനം വാരികയുടെ സീനിയർ സബ് എഡിറ്ററുമാണ്.

ജീവിത രേഖ

മലപ്പുറം ജില്ലയിലെ വാഴക്കാട് പഞ്ചായത്തിൽ, ആക്കോട് ആറ്റുപുറത്ത് അബൂബക്കർ മാസ്റ്ററുടെയും, വാഴക്കാട് എം.ടി അഹ്മദ്കുട്ടി മൗലവിയുടെ മകൾ എം.ടി ജുവൈരിയയുടേയും മകനായി ജനനം. പിതാവ് ആക്കോട് മഹല്ല് ഖാദിമാരുടെ കളത്തിങ്ങൽ കുടുംബാംഗവും മാതാവ് ശൈഖ് സൈനുദ്ദീൻ മഖ്ദൂമിൻ്റെ പാരമ്പര്യമുള്ള മഖ്ദൂം കുടുംബാംഗവുമാണ്. ആക്കോട് കോടിയമ്മൽ എൽ.പി.സ്കൂൾ, വിരിപ്പാടം യു.പി സ്കൂൾ എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം, വാഴക്കാട് ഗവൺമെൻ്റ് ഹൈസ്കൂളിൽ നിന്ന് 1992ൽ എസ്.എസ്.എൽ.സി പൂർത്തിയാക്കി. കാസർകോഡ് ആലിയ കോളേജിൽ നിന്ന് അറബിക് ആൻ്റ് ഇസ്ലാമിക് സ്റ്റഡീസിൽ ബിരുദവും പി.ജിയും 1992-2000). കോട്ടക്കൽ പറപ്പൂർ ഇസ്ലാമിയാ കോളേജ് (2000-2003), കൊണ്ടോട്ടി മർകസുൽ ഉലൂം (2003-2006) എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. 2006 മുതൽ പ്രബോധനം വാരികയുടെ പത്രാധിപസമിതി അംഗം. ഇപ്പോൾ സീനിയർ സബ് എഡിറ്റർ.

സാമൂഹിക രംഗത്ത്

വിദ്യാഭ്യാസ-സാമൂഹിക സേവന രംഗത്ത് താൽപര്യപൂർവം ഇടപെടുന്നു. വയനാട് കേന്ദ്രമായി 2016ൽ ആരംഭിച്ച പീസ് വില്ലേജിൻ്റെ സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നു. വ്യത്യസ്തമായ പതിനേഴ് സംരംഭങ്ങൾ ഉൾക്കൊള്ളുന്നജീവകാരുണ്യ പദ്ധതിയാണ് പീസ് വില്ലേജ്. വാഴക്കാട് ഇസ്ലാമിക് പ്രീച്ചിങ്ങ് ട്രസ്റ്റ് അംഗമാണ്.

വൈജ്ഞാനിക ഇടപെടലുകൾ

ലേഖകൻ, ഗ്രന്ഥകാരൻ, പ്രഭാഷകൻ എന്നീ നിലകളിൽ വൈജ്ഞാനിക സേവനം നിർവഹിക്കുന്നു. മാധ്യമം, ചന്ദ്രിക, പച്ചക്കുതിര മാസിക, സുപ്രഭാതം, പ്രബോധനം വാരിക, ശബാബ് വാരിക തുടങ്ങിയവയിൽ ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി ജീവചരിത്ര രചനകളും ജീവിതാനുഭവങ്ങൾ ആവിഷ്കരിക്കുന്ന അഭിമുഖങ്ങളും തയ്യാറാക്കി. ജസ്റ്റിസ് കെ.ടി തോമസ്, പ്രഫ. നബീസ ഉമ്മാൾ, മുട്ടാണിശേരിൽ കോയകുട്ടി മൗലവി, ഡോ.എ.എൻ.പി ഉമ്മർ കുട്ടി, പ്രഫ.കെ.എ ജലീൽ, പ്രഫ. കെ.എ സിദ്ദീഖ് ഹസൻ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ഡോ. അലി മുഹ്്യിദ്ദീൻ അൽ ഖറദാഗി,ശൈഖ് അഹ്മദ് കുട്ടി ടൊറണ്ടോ തുടങ്ങിയവരുടെ അഭിമുഖങ്ങൾ ശ്രദ്ധേയമാണ്. കേരള മുസ്ലിം സ്ത്രീ ചരിത്രത്തിൽ പ്രത്യേക ഗവേഷണം നടത്തുകയും പഠനങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. അറബ്, ഉർദു, ഇംഗ്ലീഷ് ഭാഷകൾ കൈകാര്യം ചെയ്യുന്നു. കേരള മുസ്ലിം സ്ത്രീ ചരിത്രം, സാംസ്കാരിക ദേശീയത, വർഗീയ ഫാഷിസം, സൂഫീ ത്വരീഖത്തുകൾ തുടങ്ങിയവയാണ് പ്രധാന പഠനവിഷയങ്ങൾ. നിരവധി പ്രഭാഷണങ്ങൾ നിർവഹിച്ചു.

പുസ്തകങ്ങൾ;

1. സ്ഫോടന ഭീകരതയുടെ സംഘ് പരിവാർ പരമ്പര - ചിന്ത ബുക്സ്, തിരുവനന്തപുരം 2. സംഘപരിവാർ വർഗീയ ഫാഷിസവും വിദേശ ഫണ്ടിംഗും - പ്രതീക്ഷ ബുക്സ്, കോഴിക്കോട് 3. ഇസ്ലാമിലെ ത്വരീഖത്തും ത്വരീഖത്തിലെ ഇസ്ലാമും - വചനം ബുക്സ്, കോഴിക്കോട് 4. സംവാദത്തിൻ്റെ സംസ്കാരം - ഐ.പി.എച്ച്, കോഴിക്കോട് 5. പത്മശ്രീ അലി മണിക്ഫാൻ; കണ്ടുപിടുത്തങ്ങളുടെ കപ്പിത്താൻ - ബി.എസ്.എം ട്രസ്റ്റ്, ഏലാങ്കോട്, പാനൂർ 6.കമലാ സുരയ്യ സഫലം ഈ യാത്ര -വചനം ബുക്സ്, കോഴിക്കോട് 7. കമലാ സുരയ്യ സംസാരിക്കുന്നു - തിരൂരങ്ങാടി ബുക്സ് 8. നവോത്ഥാന ധർമ്മങ്ങൾ -ഐ.പി.എച്ച്, കോഴിക്കോട് 19. പ്രസ്ഥാന യാത്രകൾ -ഐ.പി.എച്ച്, കോഴിക്കോട് 10. നടന്നു തീരാത്ത വഴികൾ - ഐ.പി.എച്ച്, കോഴിക്കോട് 11. നിലപാടുള്ള പ്രസ്ഥാനം -ഐ.പി.എച്ച്, കോഴിക്കോട് 12. ജീവിതം തൊട്ടറിയാൻ - ബി.എസ്.എം ട്രസ്റ്റ്, ഏലാങ്കോട്, പാനൂർ

കുടുംബം ഭാര്യ: പി. എ ഉസ് വത് ജഹാൻ മക്കൾ: ദിൽശാൻ അഹ് മദ്, അമൽ ശാദിൻ, അൻഫസ് ഹാദി വിലാസം: അപ്പാട, എടവണ്ണപ്പാറ, വാഴക്കാട്, മലപ്പുറം 673645 sadarvzkd@gmail.com

റഫറൻസ് 1.https://sadarudheenvazhakkad.com/ 2.https://www.prabodhanam.net/article/10621/841 3.https://www.iphbooks.com/online-store.php?author=Sadarudheen%20Vazhakkad 4.https://www.flipkart.com/samvadhathinde-samskaram/p/itm909b3c470285f

"https://ml.wikipedia.org/w/index.php?title=സദ്റുദ്ദീൻ_വാഴക്കാട്&oldid=3925678" എന്ന താളിൽനിന്ന് ശേഖരിച്ചത്