സതോണ്ട ദ്വീപ്

Coordinates: 8°06′41″S 117°44′46″E / 8.111379°S 117.746134°E / -8.111379; 117.746134
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Satonda Island
View of Satonda island
Satonda Island is located in Indonesia
Satonda Island
Satonda Island
Location of West Nusa Tenggara in Indonesia
Geography
LocationSouth East Asia
Coordinates8°06′41″S 117°44′46″E / 8.111379°S 117.746134°E / -8.111379; 117.746134
ArchipelagoLesser Sunda Islands
Administration
ProvinceWest Nusa Tenggara
RegencyDompu
Sub-districtPekat
VillageNangamiro
Demographics
Ethnic groupsSumbawa people

ഇന്തോനേഷ്യയിലെ പടിഞ്ഞാറൻ നുസാ തെൻഗാര പ്രവിശ്യയിലെ ഒരു ദ്വീപാണ് സതോണ്ട. സുമ്പാവാ ദ്വീപിന്റെ വടക്കൻ തീരത്തുനിന്നകലെയാണ് ഇതു സ്ഥിതിചെയ്യുന്നത്. ഫ്ലോറസ് കടലിലെ സംഗർ കടലിടുക്കിൽ നിന്ന് ഏകദേശം 3 കിലോമീറ്റർ അകലെയുള്ള ഡോംപു റീജൻസിയിലുൾപ്പെട്ട ഈ ദ്വീപ് പെക്കാറ്റ് ഉപജില്ലയിലെ നംഗമിരോ വില്ലേജ് പ്രദേശത്തിന്റെ ഭാഗമാണ്.[1]

1000 മീറ്റർ താഴ്ചയിൽ സമുദ്രത്തിന്റെ അടിത്തട്ടിൽ നടന്ന അഗ്നിപർവ്വത സ്‌ഫോടന ഫലമായാണ് സതോണ്ട ദ്വീപ് രൂപം പ്രാപിച്ചത്. ദ്വീപിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള തംബോറ പർവതത്തേക്കാൾ പഴക്കമുള്ളതാണ് സതോണ്ട അഗ്നിപർവ്വതമെന്നാണ് നിഗമനം.[2] ദ്വീപിനു ചുറ്റുമുള്ള ജലത്തിൽ വിശാലമായ പ്രകൃതിദത്ത പവിഴപ്പുറ്റുകളും സമുദ്രജീവി വൈവിധ്യവും നിറഞ്ഞ സതോണ്ട ദ്വീപിനെ 1999 ൽ ഇന്തോനേഷ്യയിലെ വന മന്ത്രാലയം ഒരു മറൈൻ നേച്ചർ പാർക്ക് (TWAL) ആയി നാമകരണം ചെയ്തിരുന്നു. സമീപസ്ഥമായ മൊയോ ദ്വീപിനൊപ്പം മൊയോ സതോണ്ട ദേശീയോദ്യാനത്തിന്റെ ഭാഗമാണ് ഈ ദ്വീപ്.[3] ദ്വീപിനു ചുറ്റുമുള്ള പ്രദേശം നല്ലൊരു മത്സ്യബന്ധന സ്ഥലമാണ്.

1815 ഏപ്രിൽ 15 ന് ലോകത്തെ പിടിച്ചുകുലുക്കിയ തംബോറ പർവത സ്ഫോടനവുമായി ഈ ദ്വീപ് ബന്ധപ്പെട്ടിരിക്കുന്നു എന്നതിനാൽ രാജ്യത്തിനകത്തും പുറത്തുമുള്ള ശാസ്ത്രജ്ഞരുടേയും ഗവേഷകരുടേയും ശ്രദ്ധയെ ഈ ദ്വീപ് ആകർഷിക്കുന്നു. വർഷങ്ങളോളം ഭൂമിയുടെ അന്തരീക്ഷത്തെ പൊടിപടലംകൊണ്ടു മൂടി മലിനമാക്കുകയും നേർത്ത ഓസോൺ പാളി പോലും കീറുകയും ചെയ്ത തംബോറ അഗ്നിപർവ്വത സ്ഫോടനം ലോകത്തിന്റെ പല ഭാഗങ്ങളെയും നടുക്കത്തിലാക്കിയിരുന്നു. കണക്കുകളിൽ വ്യത്യാസമുണ്ടെങ്കിലും മരണസംഖ്യ ഏറ്റവും കുറഞ്ഞത് 71,000 ആളുകളായിരുന്നതിൽ 11,000 മുതൽ 12,000 വരെയുള്ള ജനങ്ങൾ സ്ഫോടന ഫലമായി നേരിട്ട് കൊല്ലപ്പെട്ടിരുന്നു.[4] ഇതിന്റെ പ്രത്യാഘാതങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിനു കാരണമായതോടൊപ്പം ഇത് യുകെയിൽ എട്ട് ആഴ്ചത്തെ ഇടതടവില്ലാത്ത മഴയ്ക്കും തെക്കുകിഴക്കൻ യൂറോപ്പിലും കിഴക്കൻ മെഡിറ്ററേനിയനിലും 1816–19 കാലത്തെ ടൈഫസ് പകർച്ചവ്യാധിയുടെ തീവ്രതയ്ക്ക് ഒരു കാരണമായിത്തീരുകയും 65,000 ആളുകളെ കൊന്നൊടുക്കുകയും ചെയ്തു.[5] തംബോറ അഗ്നി പർവതം പൊട്ടിത്തെറിച്ചതിന്റെ ഫലമായി ചൈന, യൂറോപ്പ്, അയർലൻഡ് എന്നിവിടങ്ങളിൽ വിളനാശമുണ്ടാക്കുകയും ഈ രാജ്യങ്ങളിൽ അത് ഭക്ഷ്യക്ഷാമത്തിന് കാരണമാവുകയും ചെയ്തു.

സമുദ്രനിരപ്പിൽ നിന്ന് 300 മീറ്റർ ഉയരവുമുള്ള ദ്വീപിന്റെ നടുവിലായി പടിഞ്ഞാറൻ നുസ തെൻഗാര പ്രവിശ്യയിലെ ഡോംപു റീജൻസിയിൽ ഏകദേശം 335 ഹെക്ടറും 86 മീറ്റർ ആഴവുമുള്ള ഒരു തടാകം സ്ഥിതിചെയ്യുന്നു. 1984, 1989, 1996 വർഷങ്ങളിൽ രണ്ട് യൂറോപ്യൻ ശാസ്ത്രജ്ഞരായ സ്റ്റീഫൻ കെമ്പെ, ജോസെഫ് കസ്മിയർസാക്ക് എന്നിവരുടെ ഗവേഷണത്തിൽ സതോണ്ട തടാകത്തിലേത് സാധാരണ സമുദ്രജലത്തേക്കാൾ വളരെ ഉയർന്ന അളവിൽ ക്ഷാര അളവ് ഉള്ള ഉപ്പു രസമുള്ള വെള്ളമാണെന്ന് കണ്ടെത്തിയിരുന്നു. പതിനായിരത്തിലധികം വർഷം പഴക്കമുള്ള ഗർത്തങ്ങളിൽ നിന്നാണ് സതോണ്ട തടം രൂപപ്പെട്ടതെന്ന് അവർ സംയുക്തമായി നിഗമനം ചെയ്തിരുന്നു. സ്ഫോടനത്തിന്റെ ഫലമായ രൂപംകൊണ്ട ഈ പ്രാചീന തടാകത്തിൽ ഒരിക്കൽ ശുദ്ധജലം നിറഞ്ഞിരുന്നതായി പറയപ്പെടുന്നു. തംബോറ അഗ്നിപർവതത്തിന്റെ പൊട്ടിത്തെറിയുടെ ഫലമായി സുനാമിയുണ്ടാകുകയും അത് ഗർത്തത്തെ കടൽവെള്ളം നിറച്ച് ഇന്നത്തെ നിലയിലുള്ള ഉപ്പുവെള്ള തടാകമാക്കി മാറ്റി. ഈ തടാകം അതിന്റെ പ്രത്യേകതകൾ കാരണം രാജ്യത്തിന് പുറത്തുള്ള ഗവേഷകർ തങ്ങളുടെ ഗവേഷണ പഠനങ്ങൾക്കായി തടാകത്തെ ഉപയോഗപ്പെടുത്തുന്നു. തടാകത്തിന് ചുറ്റുമുള്ള മരത്തിന്റെ ചില്ലകളിൽ കല്ല് കെട്ടിയിടുന്ന ഏതൊരാൾക്കും അവരുടെ ആഗ്രഹം സാക്ഷാത്കരിക്കപ്പെടുമെന്ന ഒരു വിശ്വാസം ഇവിടെ നിലനിൽക്കുന്നു. ദ്വീപിന്റെ ചുറ്റുമുള്ള മരത്തിന്റെ ചില്ലകളിൽ ധാരാളം കല്ലുകൾ കെട്ടിയിരിക്കുന്നത് സഞ്ചാരികളെ അതിശയിപ്പിക്കുന്ന കാഴ്ചയാണ്.[6]

അവലംബം[തിരുത്തുക]

  1. "Taman Wisata Alam Pulau Satonda, Pekat – Kabupaten Dompu". Ministry of Environment and Forestry (Indonesia). 4 Nov 2015. Archived from the original on 2019-07-28. Retrieved 14 July 2018.
  2. "Danau Air Asin di Pulau Satonda, Luar Biasa Indahnya..." Kompas. Retrieved 11 July 2018.
  3. "Moyo, Satonda Islands proposed as national park". The Jakarta Post. Retrieved 11 July 2018.
  4. Degens, E.T.; Buch, B. (1989). "Sedimentological events in Saleh Bay, off Mount Tambora". Netherlands Journal of Sea Research. 24 (4): 399–404. doi:10.1016/0077-7579(89)90117-8.
  5. Oppenheimer, Clive (2003). "Climatic, environmental and human consequences of the largest known historic eruption: Tambora volcano (Indonesia) 1815". Progress in Physical Geography. 27 (2): 230–259. doi:10.1191/0309133303pp379ra.
  6. "Salt Water Lake, Satonda Island – Nusa Tenggara". Archived from the original on 2020-06-22.
"https://ml.wikipedia.org/w/index.php?title=സതോണ്ട_ദ്വീപ്&oldid=3966492" എന്ന താളിൽനിന്ന് ശേഖരിച്ചത്