സതി നിരോധന നിയമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു വിധവ അവളുടെ ഭർത്താവിൻറെ ചിതയിൽ ചാടി ആഹുതി ചെയ്യുന്ന, ഭാരതത്തിലെ ഒരു പുരാതന ഹിന്ദു ആചാരമാണ് സതി. 18-19 നൂറ്റാണ്ടുകളിൽ ഭാരതത്തിൽ നിലനിന്നിരുന്ന ഈ ദുരാചാരം വടക്കേ ഇന്ത്യയിൽ വളരെ പ്രബലമായിരുന്നു. രാജസ്ഥാനിലെ രജപുത്രർക്കിടയിലും ബംഗാളിലെ സവർണ വിഭാഗങ്ങൾക്കിടയിലും ഭാരതത്തിന്റെ വടക്കു പടിഞ്ഞാറൻ ഭാഗങ്ങളിലും വളരെ ശക്തമായി സതി നിലനിന്നിരുന്നതായി കണക്കാക്കപ്പെടുന്നു. ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ പുരാതന ഈജിപ്ത്, ഗ്രീക്ക്, ഗോത്തിക്ക്, സ്കൈത്യൻസ് എന്നിവരുടെ ഇടയിൽ നില നിന്നിരുന്ന ആചാരം അവരുടെ ഇന്ത്യൻ കുടിയേറ്റത്തോടെ ഇവിടത്തെ സംസ്കാരവുമായി കൂടിച്ചേർന്ന് മൃതശരീരം ദഹിപ്പിക്കുന്ന രീതിയായ ചിതാ സമ്പ്രദായം സ്വീകരിക്കുകയും മരിച്ചയാളുടെ ഭാര്യ, ഭൃത്യർ, സമ്പാദ്യം എന്നിവ മൃതശരീരത്തോടൊപ്പം അടക്കുന്ന അവരുടെ രീതിയും സമന്വയിപ്പിച്ചു. ഇതു കാലക്രമേണ സതിയായി മാറി[1]. ഭർത്താവ് മരിച്ചാൽ ഭാര്യ അതേ ചിതയിൽ ചാടി മരിക്കണമെന്ന് ഈ ആചാരം നിഷ്കര്ഷിക്കുന്നു. സതി അനുഷ്ഠിക്കുന്നത് വലിയ മാഹാത്മ്യമായി കരുതുകയും, സതിമാതാവിനെ സമൂഹം ആരാധിക്കുകയും ചെയ്തിരുന്നു. സ്ത്രീ വിരുദ്ധ ആചാരമായാണ് ആധുനിക സാമൂഹ്യ ശാസ്ത്രജ്ഞർ അടക്കമുള്ളവർ "സതി"യെ നോക്കിക്കാണുന്നത്. 1817 ലെ ബംഗാൾ പ്രെസിഡെൻസിയുടെ കണക്കനുസരിച്ച് ഏകദേശം 700 ഓളം സ്ത്രീകളാണ് സതി മൂലം മരണപ്പെട്ടത്. 1812 മുതൽ തന്നെ രാജാറാം മോഹൻ റോയ് സതിക്കെതിരെ തന്റെ പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. നിരന്തരമായ പ്രക്ഷോഭങ്ങളുടെ ഫലമായി 1829 ഡിസംബർ 4-ന് വില്ല്യം ബെന്റിക് പ്രഭു സതി ഔദ്യോഗികമായി നിരോധിച്ചുകൊണ്ടുള്ള ഉത്തരവിറക്കി. എന്നിരുന്നാലും ഈ ആചാരം ഇപ്പോഴും രാജസ്ഥാൻറെയും മധ്യപ്രദേശിൻറെയും ചില ഭാഗങ്ങളിൽ നിലനില്ക്കുന്നുണ്ട്. ഈ സംഭവങ്ങളുടെ വെളിച്ചത്തിൽ, ഭാരതസർക്കാർ സതി നിയമ (നിരോധനം) കമ്മീഷൻ 1987[2] ൽ അവതരിപ്പിച്ചു.

നിയമം വിശദമായി[3][തിരുത്തുക]

വിധവയെ കത്തിക്കൽ, ആ പ്രവൃത്തിയെ മഹത്ത്വ വല്ക്കരിക്കുക, ആ സമ്പ്രദായത്തിൻറെ ഉയർന്ന അവസ്ഥയിൽ സതിയ്ക്ക് ക്ഷേത്രം സമർപ്പിക്കുക എന്നീ 3 ഘട്ടങ്ങൾ സതി കമ്മീഷനിൽ ഉൾക്കൊള്ളുന്നുണ്ട്.

സതി അനുഷ്ഠിക്കുവാൻ ശ്രമിക്കുന്നത്, ഒരു വർഷം വരെ തടവോ, പിഴയോ ഇവ രണ്ടും ഒന്നിച്ചോ ലഭിക്കാവുന്ന കുറ്റമാണ്.

സ്ത്രീയെ കത്തിക്കുകയോ സംസ്കരിക്കുകയോ ചെയ്യുന്നതിൽ കാഴ്ചക്കാരായോ സംഘാടകരായോ പങ്കെടുക്കുന്നവർക്ക് ആജീവനാന്ത ജയിൽവാസമോ, പിഴയോ ലഭിക്കാം.

സതിയെ മഹത്ത്വവല്ക്കരിക്കുന്നത്, അതിനെ മതവുമായി ബന്ധപ്പെടുത്തുന്നതിനുള്ള മനഃപൂർവമുള്ള ശ്രമമാണ്. സതിയെ മഹത്ത്വവല്ക്കരിക്കുന്നയാൾക്ക് ഒരു വർഷത്തിനും 7 വർഷത്തിനുമിടയ്ക്ക് തടവും 5000 രൂപയിൽ കുറയാത്ത, 30000  രൂപ വരെയുള്ള തുകയോടു കൂടിയ പിഴയും ശിക്ഷയായി ലഭിക്കുന്നതാണ്.

കളക്ടറുടെ ഉത്തരവിനെ എതിർക്കുന്ന ഏതൊരു വ്യക്തിക്കും ഒരു വർഷത്തിനും 7 വർഷത്തിനുമിടയ്ക്ക് തടവും 5000 രൂപ മുതൽ 30000  രൂപ വരെയുള്ള തുകയോടു കൂടിയ പിഴയും ശിക്ഷയായി ലഭിക്കുന്നതാണ്.

ഈ നിയമപ്രകാരം കുറ്റവാളിയാക്കപ്പെട്ട ഒരാളെ, സതി അനുഷ്ഠിച്ചയാളുടെ സ്വത്ത് അനന്തരാവകാശമായി അനുഭവിക്കുന്നതിന് അയോഗ്യനാക്കുന്നു. കുറ്റം ചെയ്ത കാലം മുതൽ 5 വർഷക്കാലത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും അയാൾക്ക് അയോഗ്യത കല്പിക്കുന്നു.

പ്രതിവിധിയ്ക്കുള്ള നടപടിക്രമങ്ങൾ[തിരുത്തുക]

പരാതിക്ക് ആധാരമായ വകുപ്പ്[തിരുത്തുക]

വകുപ്പ് 3: സതി അനുഷ്ഠിക്കുന്നതിന് ശ്രമിക്കുന്നതിനുള്ള ശിക്ഷ

വകുപ്പ് 4: സതി അനുഷ്ഠിക്കുന്നതിന് പ്രേരിപ്പിച്ചതിനുള്ള ശിക്ഷ

വകുപ്പ് 5: സതിയെ മഹത്ത്വവല്ക്കരിക്കുന്നതിനുള്ള ശിക്ഷ

വകുപ്പ് 6: സതി നിരോധിക്കുവാൻ കളക്ടർ/ജില്ലാ മജിസ്ട്രേറ്റ് എന്നിവർക്കുള്ള അധികാരങ്ങൾ

വകുപ്പ് 14: അപ്പീൽ

വകുപ്പ് 18: കുറ്റവാളികളെ അയോഗ്യരാക്കൽ

ആർക്ക്/എവിടെ പരാതി നല്കാം?[തിരുത്തുക]

സതി നടക്കാൻ പോകുന്നുവെന്നോ നടന്നുവെന്നോ മഹത്ത്വവല്ക്കരിച്ചുവെന്നോ കാണിച്ച് കളക്ടർക്കോ മജിസ്ട്രേറ്റിനോ പരാതി നല്കാം. അത്തരം പ്രവർത്തികൾ നിരോധിക്കുന്നതിന് അദ്ദേഹത്തിന് ഉത്തരവിടാം.

കേസ് എങ്ങനെയാണ് ഫയൽ ചെയ്യുന്നത്?[തിരുത്തുക]

ഈ നിയമത്തിനു കീഴിൽ പ്രത്യേക കോടതികളുടെ ഭരണഘടനയനുസരിച്ച് കുറ്റകൃത്യം കൈകാര്യം ചെയ്യാൻ ഈ നിയമം ശുപാർശ ചെയ്യുന്നു. ഈ കോടതികൾക്ക് കോർട്ട് ഓഫ് സെഷൻറെ എല്ലാ അധികാരങ്ങളും ഉണ്ട്.

പോലീസിനോ മജിസ്ട്രേറ്റിനോ ഒരു പരാതി നല്കിയതിനുശേഷം, കേസ് ക്രിമിനൽ കേസായി എടുക്കുകയും 1973 ലെ ക്രിമിനൽ പ്രൊസീജ്യർ കോഡ് അനുസരിച്ച് കേസ് തുടരുകയും ചെയ്യുന്നു.

സാക്ഷികളെ പരിശോധിച്ചതിനുശേഷം വാദം തുടങ്ങുകയും കുറ്റം ചാർത്തപ്പെട്ട ആൾ കുറ്റം ചെയ്തിട്ടുണ്ടെന്നു തെളിഞ്ഞാൽ അയാളെ കുറ്റവാളിയായി പ്രഖ്യാപിക്കുകയും ചെയ്യുന്നു.

എന്താണ് അടുത്തത്?[തിരുത്തുക]

വിധിന്യായത്തിൻറെ 30 ദിവസങ്ങൾക്കുള്ളിൽ സ്പെഷ്യൽ കോടതിയുടെ ഉത്തരവനുസരിച്ചുള്ള അപ്പീൽ ഹൈക്കോടതിയിൽ ഫയൽ ചെയ്യാം.

അവലംബം[തിരുത്തുക]

  1. "സതി (ആചാരം)".
  2. "സതി നിരോധന നിയമം 1987".
  3. "സതി നിയമ (നിരോധന) കമ്മീഷൻ 1987".


ഇതും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സതി_നിരോധന_നിയമം&oldid=3086256" എന്ന താളിൽനിന്ന് ശേഖരിച്ചത്