സച്ചാർ സമിതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ അവസ്ഥയെക്കുറിച്ച് ഒരു വിവരണം തയ്യാറാക്കുന്നതിനായി മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്നപ്പോൾ നിയോഗിച്ച ഒരു ഉന്നതാധികാര സമിതിയാണ്‌ രജീന്ദർ സച്ചാർ സമിതി (The Rajinder Sachar Committee). 2005 മാർച്ച് 9 ന്‌ ആണ്‌ ഈ കമ്മിറ്റി നിലവിൽ വന്നത്[1]. പ്രധാനമന്ത്രിയുടെ കാര്യാലയത്തിൽ നിന്നു ടേംസ് ഓഫ് റഫറൻസ് ലഭ്യമായി 20 മാസത്തിനുശേഷം 2006 നവംബർ 30 ന്‌ ലോകസഭയുടെ മേശപ്പുറത്ത് വെച്ച ഈ വിവരണം 403 പുറങ്ങൾ വരുന്നതാണ്[2]‌. ഇന്ത്യൻ മുസ്‌ലിംകളെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിനായുള്ള ശിപാർശകളും പരിഹാരനടപടികളും ഈ വിവരണം മുന്നോട്ടുവെക്കുന്നു. ഭാരത സർക്കാറിന്റെ വെബ്‌സൈറ്റിൽ ഈ വിവരണം ലഭ്യമാണ്[3]‌.

തൊഴിൽ ,വിദ്യാഭ്യാസം, താമസം എന്നീ രംഗങ്ങളിൽ മുസ്‌ലിംകൾക്ക് അവസര സമത്വം ഉറപ്പു വരുത്തുന്നതിനായി സ്വീകരിക്കേണ്ട അനുയോജ്യമായ നടപടികൾ മുന്നോട്ടു വെക്കുന്ന ഈ വിവരണം ഈ ഇനത്തിലുള്ള ആദ്യ റിപ്പോർട്ടാണ്[4]‌. സച്ചാർ സമിതി വിവരണ പ്രകാരം ഇന്ത്യൻ മുസ്‌ലിംകളുടെ അവസ്ഥ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തേക്കാൾ താഴന്ന നിലവാരത്തിലുള്ളതാണ്‌. സച്ചാർ സമിതി റിപ്പോർട്ടിനെ കുറിച്ച് ഇപ്പോഴും നിരവധി ചർച്ചകളും സം‌വാദങ്ങളും നടന്നുകൊണ്ടിരിക്കൂന്നു[5]. ഈ സമിതിയുടെ കണ്ടെത്തലുകളെ അടിസ്ഥാനപ്പെടുത്തിയുള്ള തുടർ നടപടികൾ എടുത്തുകൊണ്ടിരിക്കുന്നു. ദേശീയ ന്യൂനപക്ഷ വികസന സാമ്പത്തിക കോർപറേഷനു(National Minorities Development and Finance Corporation-NMDFC) ധനകാര്യ മന്ത്രാലയം പ്രത്യേക പണം അനുവദിച്ചത് ഉദാഹരണമാണ്‌.

സമിതി രൂപവത്കരണം[തിരുത്തുക]

ജസ്റ്റീസ് രജീന്ദർ സച്ചാർ തലവനായ ഏഴംഗസമിതിയിലെ മറ്റംഗങ്ങൾ ഇവരാണ്‌: സയ്യിദ് ഹാമിദ്, ഡോ. ടി.കെ. ഉമ്മൻ, എം.എ. ബാസിത്, ഡോ. അക്തർ മജീദ്, ഡോ. അബൂ സ്വാലിഹ് ഷരീഫ്, ഡോ. രാഗേഷ് ബസന്ത്. പ്രധാനമന്ത്രിയുടെ ആപീസ് നിയമിച്ച സിവിൽ സർ‌വീസ് ഉദ്യോഗസ്ഥൻ സയ്യിദ് സഫർ മഹ്മൂദ് ഈ സമിതിയുടെ പ്രത്യേക ചുമതലയുള്ള ആളായിരുന്നു.

സ്ത്രീജനങ്ങളുമായുള്ള സമിതിയുടെ ഒരു കൂടിക്കാഴ്ചാവേളയിൽ ഈ സമിതിയിൽ ഒരു വനിതാ അംഗമില്ലാത്ത കാര്യം ഗൗരവമായി ചൂണ്ടിക്കാണിക്കപ്പെടുകയുണ്ടായി. സമിതിയുടെ വിവിധ സംസ്ഥാനങ്ങളിലുള്ള യോഗങ്ങളിൽ അതിന്റെ പകുതി സമയം സ്ത്രീജനങ്ങൾക്കായി നീക്കിവെച്ചുകൊണ്ട് ഈ പരാതി പരിഹരിക്കാൻ സമിതി ശ്രമിക്കുകയുണ്ടായി. വലിയ അളവിലുള്ള സ്ത്രീസംഘങ്ങളുടെ സാനിധ്യം ഈ യോഗങ്ങളിലുണ്ടാവുക മാത്രമല്ല അവർ തുറന്ന അഭിപ്രായപ്രകടനങ്ങൾ നടത്താനും തയ്യാറായി. വിദ്യാഭ്യാസം,ആരോഗ്യ സൗകര്യങ്ങൾ, പുതിയ് അംഗണവാടി തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള അവരുടെ നിർദ്ദേശങ്ങൾ കാര്യമാത്രപ്രസക്തങ്ങളായിരുന്നു. 2006 ജുലൈയിൽ ഡൽഹിയിൽ വെച്ച് ഒരു മുഴുദിന യോഗം സ്ത്രീ സംഘടനകൾക്കായി മാത്രം സമിതി സംഘടിപ്പിക്കുകയുണ്ടായി.

സമിതിയുടെ പ്രധാന കണ്ടത്തെലുകൾ[തിരുത്തുക]

സച്ചാർ സമിതി റിപ്പോർട്ട് വിവിധ വെബ്സൈറ്റുകളിൽ ഡൗൺലോഡ് ചെയ്യാൻ ലഭ്യമാണ്[6]‌. സമിതിയുടെ കണ്ടത്തെലുകളിൽ ഏതാനും കാര്യങ്ങൾ താഴെ കൊടുക്കുന്നു.

 • ദേശീയ ശരാശരിയേക്കാൾ വളരെ താഴ്ന്നതാണ്‌ മുസ്‌ലിംകളിലെ സാക്ഷരത. 25% മുസ്‌ലിം രക്ഷിതാക്കളുടെ 6-14 വയസ്സുവരെയുള്ള കുട്ടികളും സ്കൂളിൽ തീരെ പൊകാതിരിക്കുന്നവരോ സ്കൂളിൽ നിന്ന് കൊഴിഞ്ഞ് പോയവരോ ആണ്‌.
 • മുസ്‌ലിം രക്ഷിതാക്കൾ മുഖ്യധാരാ വിദ്യാഭ്യാസത്തോട് എതിരു നിൽക്കുന്നവരോ സാമ്പത്തികമായി താങ്ങാൻ കഴിയുന്ന സർക്കാർ സ്കൂളുകളിൽ തങ്ങളുടെ കുട്ടികളെ പഠനത്തിനയക്കാൻ കൂട്ടാക്കാത്തവരോ അല്ല. മുസ്‌ലിം കുട്ടികൾക്ക് സർക്കാർ സ്കൂളുകളുടെ പ്രവേശനം(access)പരിമിതമാണ്‌.
 • ബീഡി തൊഴിലാളികൾ, തയ്യൽ പണിക്കാർ, സാങ്കേതിക ജോലിക്കാർ എന്നിവർക്കെല്ലാം സാമുഹിക സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. മാനേജീരിയൽ, പ്രൊഫഷണൽ വിഭാഗങ്ങളിൽ മുസ്‌ലിംകളുടെ പങ്കാളിത്തം വളരെ ചെറുതാണ്‌.
 • മറ്റു ന്യൂനപക്ഷ വിഭാഗങ്ങളിൽ ചിലവഴിക്കപ്പെടുന്ന ബാങ്ക് വായ്പയുടെ ശരാശരി മൂന്നിൽ രണ്ട് ഭാഗം മാത്രമാണ്‌ മുസ്ലിം സമുദായത്തിൽ ചിലവഴിക്കപ്പെടുന്നത്. പ്രധാനമന്ത്രിയുടെ 1983 ലെ പതിനഞ്ചിന പരിപാടിയുടെ ഭാഗമായുള്ള റിസർ‌വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വായ്പാ സൗകര്യങ്ങൾ പ്രധാനമായും സഹായകരമായത് മറ്റു ന്യൂനപക്ഷവിഭാങ്ങൾക്കാണ്‌.
 • ചെറു ഗ്രാമങ്ങളിലെ മുസ്‌ലിം ജനസംഖ്യയും അവർക്കുള്ള അടിസ്ഥാന വിദ്യാഭ്യാസ സൗകര്യങ്ങളുടെ ലഭ്യതയും തമ്മിൽ വളരെ വ്യക്തവും നിർണ്ണായകവുമായ വിപരീത അനുപാതമാണുള്ളത്. മുസ്‌ലിംകൾ കൂടുതലായി കേന്ദ്രീകരിക്കപെട്ടിട്ടുള്ള ഗ്രാമങ്ങളിൽ വേണ്ടത്ര നല്ല അപ്രോച്ച് പാതകളോ പ്രാദേശിക ബസ്സ് സ്റ്റോപ്പുകളോ പോലും ഇല്ല.
 • ഐ.എ.എസ് ൽ 3 ശതമാനവും ഐ.എഫ്.എസിൽ 1.8 ശതമാനവും ഐ.പി.എസിൽ 4 ശതമാനവമാണ്‌ മുസ്‌ലിംകളുടെ പ്രാതിനിധ്യം.
 • ഇന്ത്യൻ റയിൽ‌വേയിൽ 4.5 ശതമാനമാണ്‌ മുസ്‌ലിം പ്രാതിനിധ്യം. അവരിലെ 98.7 ശതമാനവും താഴ്ന്ന നിലയിലുള്ള സ്ഥാനങ്ങളിലാണ്‌. സർ‌വകലാശലകളിലും ബാങ്കുകളിലും മുസ്‌ലിംകളുടെ തൊഴിൽ പ്രാതിനിധ്യം വളരെ ചെറുതാണ്‌. പോലീസ് കോൺസ്റ്റബിൾമാരിലെ ഇവരുടെ പങ്ക് 6 ശതമാനം മാത്രം. ആര്യോഗ്യ രംഗത്ത് 4.4 ശതമാനവും ഗതാഗത മേഖലയിലെ തൊഴിൽ രംഗത്ത് 6.5 ശതമാനവുമാണ്‌.
 • മൗലാന ആസാദ് എഡുക്കേഷൻ ഫൗണ്ടേഷന്റെ ഫണ്ട് 1000 കോടിയായി ഉയർത്തേണ്ടതുണ്ട്.

2002 മുതൽ 2006 വരെയുള്ള നാലുവർഷ കാലത്ത് മദ്രസ്സ നവീകരണ പദ്ധതിക്കായി നീക്കിവെച്ചത് 106 കോടി മാത്രമാണ്‌. ഈ പദ്ധതിയെകുറിച്ചുള്ള വിവരം താഴെതട്ടിലുള്ള ജനങ്ങളിലേക്ക് മതിയായ വിധത്തിൽ എത്തിയിട്ടില്ല. തിരഞ്ഞെടുക്കപ്പെടുന്ന സ്ഥാപനങ്ങളിലും മുസ്‌ലിംകളുടെ പങ്കാളിത്തം തുലോം പരിമിതമാണ്. ഈ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെടുന്ന മുസ്‌ലിംകൾക്കും മറ്റുള്ളവർക്കും നൂതനമായ സങ്കേതങ്ങളിലൂടെ നിർണ്ണായകമായ തീരുമാന പ്രക്രിയകളിൽ പങ്കുകൊള്ളാനാവും.

 • ജോലി പങ്കാളിത്ത നിരക്ക്(work participation rate -WPR) ഹിന്ദു ഒ.ബി.സി(67 ശതമാനം) നിരക്കിനേക്കാൾ മുസ്‌ലിം ഒ.ബി.സി നിരക്ക് വലിയ വ്യത്യാസമുണ്ട്.
 • 6 ലക്ഷം ഏക്കറിലുള്ള ഭൂമിയും 6000 കോടി രൂപയും ഉള്ള മൊത്തം അഞ്ചു ലക്ഷം വക്കഫ് സ്വത്തുക്കൾ ഉണ്ട്[7].

കണ്ടെത്തലുകൾ[തിരുത്തുക]

വലതു വർഗീയ സംഘടനകൾ തങ്ങളുടെ കുപ്രചരണങ്ങളുടെ ഭാഗമായി ഉപയോഗിച്ചു വരുന്ന വാർപ്പുമാതൃകകളുടെ പൊള്ളത്തരം തുറന്ന് കാട്ടുന്നതിലും സച്ചാർ സമിതി റിപ്പോർട്ട് വലിയ അളവിൽ സഹായിച്ചിട്ടുണ്ട്[8]. ഈ മേഖലയിലെ ഏതാനും കണ്ടത്തെലുകൾ താഴെ[9]:

 • പ്രാഥമികമായി 4 ശതമാനം മുസ്‌ലിംകൾ മാത്രമേ മദ്രസ്സ വിദ്യാഭ്യാസത്തിന്‌ പോകുന്നുള്ളൂ. അതു തന്നെ പ്രാഥമിക സർക്കാർ വിദ്യാലയങ്ങൾ വളരെ ദൂരത്തിൽ പോലുമില്ല എന്നത് കാരണമാണ്‌. അതിനാൽ മുസ്ലിംകൾ മദ്രസ്സ പഠനത്തിന്‌ പ്രഥമ പരിഗണന നൽകുന്നുവെന്ന വാദം ശരിയല്ല.
 • പ്രത്യുല്പാദനം നിയന്ത്രിക്കുന്നതിനും ആധുനിക ഗർഭനിയന്ത്രണ രീതികൾ സ്വീകരിക്കുന്നതിനും സമുദായത്തിൽ നിന്ന് തന്നെ നിർദ്ദേശങ്ങൾ ഉണ്ട്. പ്രത്യുല്പാദനം മതിയായ നിലയിൽ താഴ്ന്നതിന്റെ ഫലമായി മുസ്ലിം ജനസംഖ്യയും കുറഞ്ഞു."
 • എവിടെയൊക്കെ മുസ്ലിംകൾ നേരിടുന്ന പ്രശനങ്ങൾ പറയാറുണ്ടോ അവിടെയൊക്കെ ഇരട്ട കുപ്രചരണങ്ങളായ "ദേശവിരുദ്ധർ" "പ്രീണിപ്പിക്കപ്പെടുന്നവർ" എന്നിങ്ങനെ അവരെ മുദ്രകുത്താറുണ്ട്

എന്നാൽ ഒരു സമുദായമെന്ന നിലയിൽ മുസ്ലിംകൾ ഒരിക്കലും ദേശവിരുദ്ധ പ്രവർത്തികളിൽ ഏർപ്പെട്ടിട്ടില്ല. പ്രീണനം ഉണ്ടായിട്ടില്ല എന്നാണ്‌ ഈ സമിതി പുറത്ത്കൊണ്ടുവന്ന മുസ്ലിം അവസ്ഥയെ കുറിച്ചുള്ള വിവരങ്ങൾ വളരെ വ്യക്തമായി കാണിക്കുന്നത് .

ശിപാർശകളുടെ സംഗ്രഹം[തിരുത്തുക]

ഇന്ത്യൻ മുസ്ലിംകളുടെ നിലവിലെ മോശം അവസ്ഥയെ നിർമാർജ്ജനം ചെയ്യുന്നതിനായി ഈ സമിതി ചില നിർദ്ദേശങ്ങൾ മുന്നോട്ടു വെക്കുന്നു. ന്യൂനപക്ഷങ്ങളെ ഉയർത്തികൊണ്ടു വരുന്നതിലൂടെയും ഈ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിലൂടെയും ഇന്ത്യൻ സമൂഹത്തിന്റെ മതേതര ഘടന ശക്തിപ്പെടുക മാത്രമല്ല അവരുടെ പുരോഗതി അവരിൽ ദേശസനേഹം വർദ്ധിക്കാനും ഇടയാക്കും

താഴെപറയുന്ന നിർദ്ദേശങ്ങൾ അത് ഉൾകൊള്ളുന്നു.

 • സ്ഥിതി സമത്വവും അവസര സമത്വവും ഉണ്ടാക്കുന്നതിനും വിവേചനം ഇല്ലാതാക്കുന്നതിനുമുള്ള നടപടിക്രമങ്ങൾ സ്വീകരിക്കുക.
 • എല്ലാ സാമുഹ്യ മത വിഭാഗങ്ങളെയും കുറിച്ചുള്ള പ്രസക്ത വിവരങ്ങൾ സൂക്ഷിക്കുന്ന ഒരു നാഷണൽ ഡാറ്റാ ബാങ്ക്(National Data Bank) സ്ഥാപിക്കുക.
 • ഒരു സ്വയംഭരണ അധികാരവകാശമുള്ള "അസസ്മെന്റ് ആൻഡ് മോണിറ്ററിംഗ് അതോറിറ്റി"(Assessment and Monitoring Authority ) രൂപികരിക്കുക.
 • അവഗണിക്കപ്പെട്ട വിഭാഗങ്ങളുടെ കാര്യങ്ങൾ പഠിക്കുന്നതിനായി ഒരു അവസര സമത്വ കമ്മീഷൺ രൂപവത്കരിക്കണം
 • സം‌വരണ മണ്ഡലങ്ങളെ പോലെ മണ്ഡലപുനർനിർണയത്തിലൂടെ അസന്തുലിത്ത്വം ഒഴിവാക്കുക.

സ്കൂൾ പാഠപുസ്തകങ്ങളൂടെ ഉള്ളടക്കങ്ങൾ പരിശോധിക്കുന്നതിനായുള്ള പ്രക്രിയകൾക്ക് തുടക്കമിടുകയും അതു സ്ഥാപനവത്കരിക്കേണ്ടതുമുണ്ട്.

 • കോളേജുകൾക്കും സർ‌വകലാശാലകൾക്കും യു.ജി.സി. പണം നീക്കിവെക്കുമ്പോൾ അതിൽ ഒരു ഭാഗം വിദ്യാർത്ഥി സമൂഹത്തിന്റെ ബഹുസ്വരതയുമായി ബന്ധിപ്പിച്ചിട്ടുള്ളാതാവനായി ഒരു മാർഗ്ഗം ആരായണം.
 • ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് കുറഞ്ഞ ചിലവിൽ ഹോസ്റ്റൽ സൗകര്യമൊരുക്കുന്നതിന്‌ മുൻ‌ഗണന നൽകണം.
 • സാധാരണ വാണിജ്യബാങ്കുകളുടെ ഇടപാടുകളിൽ മുസ്ലിം ന്യൂനപക്ഷത്തിന്റെ പങ്കാളിത്തവും ഇടപാടും മെച്ചപ്പെടുത്തുന്നതിനായി നയപരമായ തീരുമാനങ്ങൾക്ക് തുടക്കമിടണം.
 • ഇന്റർ‌വ്യൂ പാനലുകളിലും ബോർഡുകളിലും സമുദായത്തിന്‌ മതിയായ പ്രാതിനിധ്യം നൽകണം.
 • വിദ്യാഭ്യാസത്തിലൂടെയും കഴിവുകൾ വികസിപ്പിക്കുന്നതിലൂടെയും(skill development) പുതിയ അവസരങ്ങൾ ഉപയോഗപ്പെടുത്തുന്നതിനായി സമൂഹത്തിലുള്ള അവഗണിക്കപ്പെട്ട വിഭാഗങ്ങളെ സഹായിക്കുന്നത് ഊർജ്ജിതപ്പെടുത്തണം.
 • മുസ്ലിംകൾ കേന്ദ്രീകരിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളിൽ അവർക്ക് തൊഴിൽ മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിനായി സാമ്പത്തികവും മറ്റുമായ പിന്തുണ നൽകണം[7][10].
 • സം‌വരണത്തിനായി സമിതി ശിപാർശ ചെയ്യുന്നില്ലങ്കിലും ഹിന്ദു സമൂഹത്തിലെ പട്ടിക-പിന്നോക്ക വിഭാഗത്തെ പോലെ ന്യൂനപക്ഷ വിഭാഗങ്ങളിലെ അതേ അവസ്ഥയിലുള്ള(തൊഴിൽ‌പരമായും സാമുഹികമായും) വിഭാഗങ്ങളെ മോസ്റ്റ് ബാക്ക്‌വാർഡ് കാസ്റ്റായി(most backward castes) തിരിച്ച് അവർക്ക് ഹിന്ദുസമൂഹത്തിലെ ഈ പിന്നോക്ക വിഭാഗങ്ങൾക്ക് ഭരണഘടന നൽകുന്ന അതേ പരിഗണനകൾ നൽകണം[11].

കണ്ടത്തലുകളോടുള്ള പ്രതികരണങ്ങൾ[തിരുത്തുക]

സച്ചാർ സമിതിയുടെ കണ്ടെത്തലുകളോട് ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ നിന്ന് വ്യത്യസ്ത രീതിയിലുള്ള പ്രതികരണങ്ങളാണ്‌ ഉണ്ടായിട്ടുള്ളത്[12][13].

തുടർനടപടികൾ[തിരുത്തുക]

പതിനഞ്ചിന ന്യൂനപക്ഷക്ഷേമ പദ്ധതി[തിരുത്തുക]

ന്യൂനപക്ഷങ്ങളുടേ ഉന്നമനത്തിനും ക്ഷേമത്തിനുമായി ഒരു പതിനഞ്ചിന സമഗ്ര പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ വർദ്ധിപ്പിച്ചുകൊണ്ട് ന്യൂനപക്ഷങ്ങളെ സഹായിക്കാൻ ഈ പദ്ധതി ലക്ഷ്യമിടുന്നു. സാമ്പത്തിക പ്രവർത്തനത്തിലും തൊഴിലിലും മതിയായ പങ്കാളിത്തം ഉറപ്പുവരുത്തുക,ന്യൂനപക്ഷങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുക,വർഗീയ കലാപവും അസഹിഷ്ണുതയും നിയന്ത്രിക്കുകയും തടയുകയും ചെയ്യുക എന്നിവ ഇവയിൽ ഉൾപ്പെടുന്നു.

സർ‌വ്വശിക്ഷാ അഭിയാൻ[തിരുത്തുക]

6 മുതൽ 14 വയസ്സു വരെയുള്ള കുട്ടികൾക്ക് നിലവാരമുള്ള പ്രാഥമിക വിദ്യാഭ്യാസം സമയബന്ധിതമായി നൽകുന്നതിന്‌ ദേശീയ തലത്തിൽ രൂപവത്കരിക്കപെട്ടതാണ്‌ സർ‌വ്വ ശിക്ഷാ അഭിയാൻ (SSA) അഥവാ വിദ്യാഭ്യാസം എല്ലാവർക്കും എന്ന പദ്ധതി. സെൻസസ് ,ഡിസ്ട്രിക്ട് ഇൻഫൊർമാഷൻ സിസ്റ്റം ഫോർ എഡുക്കേഷൻ തുടങ്ങിയവയിലൂടെ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ,ന്യൂനപക്ഷ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനായി സർ‌വ്വ ശിക്ഷ അഭിയാനിൽ നിരവധി ഇടപെടലുകൾ സർക്കർ നടത്തിയിട്ടുണ്ട്. 2006-07 വർഷത്തിൽ 6918 പുതിയ പ്രൈമറി സ്കൂളുകളൂം അപ്പർ പ്രൈമറി സ്കൂളുകളും സർക്കാർ ന്യൂനപക്ഷ ഭൂരിപക്ഷ ജില്ലകളിൽ അനുവദിക്കുകയുണ്ടായി.

ന്യൂനപക്ഷവിഭാഗങ്ങളിലെ വിദ്യാർത്ഥിനികൾക്കുള്ള സൗകര്യങ്ങൾ[തിരുത്തുക]

മുസ്ലിം വിദ്യാർത്ഥിനികൾക്ക് ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾ സൗജന്യമായി നൽകപ്പെടുന്നു. ഉർദു മാധ്യമമായ സ്കൂളുകൾക്ക് ഉർദു ടെക്സ്റ്റ് പുസ്തകങ്ങളും സൗന്യമായി നൽകുന്നു. 1981 ലെ സെൻസസ് പ്രകാരം 16 സംസ്ഥാനങ്ങളിലെ 93(ഇപ്പോൾ 99) ജില്ലകൾ പ്രത്യേകം ശ്രദ്ധചെലുത്തേണ്ട സ്ഥലങ്ങളായി തിരഞ്ഞെടുത്തിട്ടുണ്ട്. ബീഹാർ,പശ്ചിമ ബംഗാൾ,ഉത്തർപ്രദേശ്,ആസ്സാം എന്നിവിടങ്ങളിലാണ്‌ കൂടുതൽ ശ്രദ്ധനൽകുക. 1180 കസ്തൂർബ ഗാന്ധി ബാലിക വിദ്യാലയങ്ങളിൽ(KGBV) 210 സ്കൂളുകൾ ന്യൂനപക്ഷങ്ങൾക്കായി അനുവദിക്കപ്പെട്ടു. 1430 ന്യൂനപക്ഷ പെൺകുട്ടികൾ 31-03-2006 വരെ കെ.ജി.ബി.വി കളിൽ ചേർന്നിട്ടുണ്ട്.

വിമർശനങ്ങൾ[തിരുത്തുക]

സച്ചാർ റിപ്പോർട്ടിനെ മാധ്യമങ്ങൾ കൈകാര്യംചൈത രീതിയെ മാധ്യമ വിദഗ്ദൻ[14]ദാസു കൃഷ്ണമൂർത്തി വിമർശിച്ചിട്ടുണ്ട്.മുസ്ലിംകളെ അവർ എന്ന് ഉയർത്തികാട്ടുന്നതിന്‌ പകരം നമ്മുടെ എന്ന് ഉയർത്തികാട്ടുന്നതാണ്‌ ഭാവാത്മകമായ പത്രപ്രവർത്തന ശൈലി എന്ന് അദ്ദേഹം പറയുന്നു[15]. സുനിൽ ജൈൻ റെഡ്ഡിഫിൽ എഴുതിയ ലേഖനത്തിൽ പറയുന്നത്, സച്ചാർ സമിതി മൊത്തം മുസ്ലിം ജനതയെ അടിസ്ഥാനപ്പെടുത്തിയാണ്‌ പ്രാഥമിക വിവരങ്ങൾ തയ്യാറാക്കേണ്ടിയിരുന്നത് എന്നാൽ ഡിഗ്രിയുള്ള മുസ്ലിംകളെയാണ്‌ ഇതിൽ പരിഗണിച്ചിട്ടുള്ളത്. ഇത് ഭാഗികമാണ്‌ എന്നാണ്‌[16].

കൂടാതെ ഇന്ത്യൻ സൈനിക രംഗത്ത് മുസ്ലിംകൾക്ക് മാന്യമായ പ്രാതിനിധ്യം ഉണ്ടാവുന്നതിന്‌ നിയമനത്തിൽ പ്രത്യേക പരിഗണന നൽകണമെന്ന സച്ചാർ സമിതി ആവശ്യത്തെ ഇന്ത്യൻ സേനാ അംഗങ്ങളും വലതുപക്ഷ പാർട്ടിയായ ബി.ജെ.പിയും കടുത്ത ഭാഷയിൽ വിമർശിച്ചിട്ടുണ്ട്. ഇന്ത്യൻ പ്രതിരോധ സേന മതേതരമായിട്ടാണ്‌ നിലനിൽക്കുന്നതെന്നും മതം നോക്കി അത് ആർക്കും പ്രത്യേക പരിഗണനകൾ ന‍ൽകുന്നില്ലന്നും സച്ചാർ സമിതി ഈ പാരമ്പര്യത്തെയാണ്‌ തുരങ്കം വെക്കാൻ നോക്കുന്നെതെന്നും ഇന്ത്യൻ സൈന്യത്തിലെ വിരമിച്ച കേണൽ അനിൽ അതാലെ പറയുന്നു[11]. എന്നാൽ ഡോ.സച്ചാർ ഈ വിമർശനങ്ങൾക്ക് മറുപടിപറഞ്ഞിട്ടുണ്ട്. പ്രശ്നരഹിതമായ ഒന്നിനെ വർഗീയ വത്കരിക്കാനുള്ള അനാവശ്യ ശ്രമാമാണിത് എന്ന് പറഞ്ഞുകൊണ്ട് സച്ചാർ ഈ ആരോപണത്തിന്‌ ഇങ്ങനെ മറുപടി പറയുന്നു:

ഈ വാദം ഒരു പൊള്ളയാണന്നാണ്‌ എന്റെ അഭിപ്രായം. ഇന്ത്യയിലെ റയിൽ‌വേ സർ‌വീസും ബാങ്കിങ്കും സർ‌വീസും ഉൾപ്പെടെയുള്ള മറ്റു ആൾ ഇന്ത്യാ സർ‌വീസ് മേഖലകൾ മതേതാരമല്ലന്നാണോ? ഇന്ത്യയിലെ അഡ്മിനിസ്ട്രേറ്റീവ് സർ‌വീസിലെയും പോലീസ് സർ‌വ്വീസിലെയും മുസ്ലിം പ്രാതിനിധ്യം കണ്ടെത്താൻ വിവാദങ്ങളുമില്ലാതെ ഞങ്ങൾക്ക് കഴിഞ്ഞു. അതുകൊണ്ട് ഇവർ പറയുന്നത് സെക്രട്ടറിമാരും ജോയ്ന്റ് സെക്രട്ടറിമാരും സൈനിക രംഗത്തുള്ളവരേക്കാൾ മതേതരകാഴ്ചപ്പാട് കുറഞ്ഞവരാണ്‌ എന്നാണോ ?

തുടർന്ന് സച്ചാർ പറയുന്നു:

എല്ലാ സർ‌വീസുകളിലേയും മുസ്ലിം പ്രാതിനിധ്യത്തെ കുറിച്ചുള്ള വസ്തുതാ പഠനമാണ്‌ ഞങ്ങൾ നടത്തുന്നത്. ഇത് സൈനിക രംഗത്ത് മാത്രമൊതുങ്ങി നിൽക്കുന്നതല്ല.പോലീസ്, നീതിന്യായം,ഐ.എ.എസ്, സംസ്ഥാന സർ‌വീസുകൾ എന്നിവയും മറ്റെല്ലാ മേഖലകളിലേയും മുസ്ലിം പ്രാതിനിധ്യവും ഉൾപ്പെടുന്നതാണിത്.

തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ്‌ സച്ചാർ സമിതി റിപ്പോർട്ട തയ്യാറാക്കപ്പെട്ടിട്ടുള്ളത് എന്ന രാഷ്ട്രീയ പാർട്ടിയായ ബി.ജെ.പി. പിന്നീട് ആരോപിക്കുകയുണ്ടായി[17].

വിവിധ രാഷട്രീപാർട്ടികളുടെ പ്രതികരണങ്ങൾ[തിരുത്തുക]

 • ജനതാ ദളിന്റെ മുൻ പാർലമെന്റംഗം സയ്യിദ ഷഹാബുദ്ധീൻ സച്ചാർ സമിതിയെകുറിച്ചു പറയുന്നത് സച്ചാർ സമിതി ആവശ്യത്തിലും കൂടുതൽ സ്ഥിതിവിവര കണക്കുകൾ ശേഖരിച്ചിട്ടുണ്ട് . പക്ഷേ ന്യൂനപക്ഷ സം‌വരണം പോലുള്ളവ ആവശ്യമാണങ്കിൽ അതിനുള്ള നിയതമായ തീരുമാനങ്ങൾ അത് മുന്നോട്ട് വെക്കേണ്ടതായിരുന്നു എന്നാണ്‌[18].
 • ബി.ജെ.പി. പ്രതിനിധി മുക്താർ അബ്ബാസ് നഖ്‌വി പറഞ്ഞു:സച്ചാർ സമിതി വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് നിർമ്മിക്കപ്പെട്ടിട്ടുള്ളതാണ്‌.

മറ്റു ചില ബി.ജെ.പി. നേതാക്കൾ വർഗീയ നിലപാടുകൾ പുലർത്തുന്ന പ്രസ്താവനകൾ പുറപ്പെടുവിച്ചുകൊണ്ട് പറഞ്ഞു. "വളച്ചൊടിച്ചതും രാഷ്ട്രീയ പ്രേരിതവും അപകടകരവുമാണിത്"[19][20]. ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി അഭിപ്രായപ്പെടുന്നത് ഇങ്ങനെ: സച്ചാർ സമിതിയുടെ ആ സ്വരവും ഘടനയും സ്വാതന്ത്ര്യപൂർ‌വ്വ മുസ്ലിംലീഗിന്റെ നിലപാടിനോട് അസാധരണമായ സാമ്യം പുലർത്തുന്നതാണ്‌. നിർഭാഗ്യകരമെന്നു പറയട്ടെ ഭാരത സർക്കാർ രാജ്യത്തെ വിഭജിക്കുന്ന യുക്തിരഹിതവും അന്ധവുമായ നിലാപാടുകൾ പിന്തുടരുകയാണ്‌". നിലവിൽ സച്ചാർ സമിതി കണ്ടെത്തലുകളെ പരസ്യമായി എതിർക്കുന്ന ഒരേയൊരു രാഷ്ട്രീയ പാർട്ടി ബി.ജെ.പി മാത്രമാണ്‌. ഇത്തരം അവസ്ഥകൾ മുസ്ലിംകൾകുണ്ടെങ്കിൽ അതിന്‌ കോൺഗ്രസിനെ മാത്രം കുറ്റപ്പെടുത്തിയാൽ മതി എന്ന് സമിതി റിപ്പോർട്ടിനെ അംഗീകരിക്കുന്ന മട്ടിൽ ബി.ജെ.പി പറയുന്നു[21]. അവരുടെ 2009 ലെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ സച്ചാർ സമിതിയുടെ ശിപാർശകളോട് സാമ്യം പുലർത്തുന്ന പല ന്യൂനപക്ഷ ക്ഷേമ പരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട്[22].

 • ബി.ജെ.പി ഉൾപ്പെടുന്ന എൻ.ഡി.എ സഖ്യത്തിലെ മുതിർന്ന അംഗവും ജനതാ ദൾ(യു) അധ്യക്ഷനുമായ ശരദ് യാദവ് സച്ചാർ സമിതി റിപ്പോർട്ടിനെ ശക്തിയായി അനുകൂലിക്കുകയും ഉടനെ അത് നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുകയുണ്ടായി[23].
 • മറ്റൊരു എൻ.ഡി.എ. സഖ്യകക്ഷിയായ അകാലി ദൾ വ്യക്തമാക്കിയത് ഇങ്ങനെ:അവഗണിക്കപ്പെട്ട ന്യൂനപക്ഷ വിഭാഗങ്ങൾക്ക് പ്രത്യേക മാർഗ്ഗങ്ങളിലൂടെ പരിഗണിക്കപ്പെടുന്നത് തെറ്റാണെന്ന് പറയാനാവില്ല. തഴ്ന്ന ജാതിയിലെ സിക്ക് വിഭാഗങ്ങൾ 1956 മുതൽ ചില പരിഹാര നടപടികളുടെ(affirmative action) ഗുണഭോക്താക്കളാണ്‌[24].
 • മുഖ്യധാരാ സമൂഹത്തിൽ നിന്ന് ഈ സമിതിയുടെ കണ്ടെത്തെലുകളോട് എതിപ്പുണ്ടായിട്ടില്ല. യഥാർത്ഥിൽ ഒരു പ്രമുഖ മാധ്യമ ഏജൻസി നടത്തിയ അഭിപ്രായ സർ‌വ്വേ പ്രകാരം 40 ശതമാനം ജനങ്ങൾ ഈ ശിപാർശകൾ മുഴുവനായും നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി[25].

അവലംബം[തിരുത്തുക]

 • Complete Sachar Report
 1. [1]
 2. Clarification On the Work of Justice Rajindar Sachar Committee [2]
 3. Sachar Committee Report [3]
 4. Impressive analysis [4]
 5. National Seminar On Sachar Committee Report in Hyderabad [5]
 6. Complete Sachar Report http://godgraces.org/files/Muslim%20Report.pdf
 7. 7.0 7.1 Community on the margins [6]
 8. http://www.mainstreamweekly.net/article96.html
 9. http://www.mainstreamweekly.net/article96.html
 10. Summarised Sachar Report on Status of Indian Muslims[7]
 11. http://www.mainstreamweekly.net/article96.html
 12. Responses To Sachar Committee findings [8]
 13. Response From an M.P.[9]
 14. Welcome to Dasu Krishnamoorthy Media Site
 15. Media Response to Sachar Report, Dasu Krishnamoorthy
 16. Sachar Report, Myth and reality,'Rediff.com
 17. Report shows Sachar findings manipulated: BJP Times of India - 31 March 2007
 18. Syed Shahabuddin on Sachar Committee findings[10]
 19. BJP criticized govt on Sachar report,Rediff.com
 20. BJP leader criticized Sachar report,The Hindu
 21. http://www.mainstreamweekly.net/article96.html
 22. http://www.bjp.org/images/pdf/election_manifesto_english.pdf
 23. http://www.bihartimes.com/Newsbihar/2009/June/Newsbihar02June1.html
 24. http://www.mainstreamweekly.net/article96.html
 25. http://www.mainstreamweekly.net/article96.html

.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സച്ചാർ_സമിതി&oldid=2286329" എന്ന താളിൽനിന്നു ശേഖരിച്ചത്