സംസ്കൃത ചലച്ചിത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


സംസ്കൃത ഭാഷയിൽ നിർമ്മിക്കുന്ന ചലച്ചിത്രത്തെയാണ് സംസ്കൃത ചലച്ചിത്രം (സംസ്കൃതം : संस्कृतचलच्चित्राणि) എന്നുപറയുന്നത്. പ്രധാനമായും ഇന്ത്യയിലാണ് സംസ്കൃതചലച്ചിത്രങ്ങൾ നിർമ്മിക്കപ്പെടുന്നത്. സംസ്കൃതം അറിയാവുന്നവരുടെ എണ്ണം കുറവായതിനാൽ വളരെ കുറച്ച് ചലച്ചിത്രങ്ങൾ മാത്രമാണ് ഈ ഭാഷയിൽ ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളത്. ആദി ശങ്കരാചാര്യ (1983), ഭഗവദ് ഗീത (1993), പ്രിയമാനസം (2015), ഇഷ്ടി (2016) മധുരസ്മിതം (2019) എന്നിവ സംസ്കൃത ഭാഷയിൽ നിർമ്മിച്ചിട്ടുള്ള ചില ചലച്ചിത്രങ്ങളാണ്.

ചരിത്രം[തിരുത്തുക]

അയ്യായിരം വർഷത്തോളം പഴക്കമുള്ള ഭാഷയാണ് സംസ്കൃതം. കർണാടകയിലെ മത്തൂരു പോലുള്ള ചില ഗ്രാമങ്ങളിൽ ആശയവിനിമയത്തിനായി ഇപ്പോഴും സംസ്കൃതം ഉപയോഗിക്കുന്നുണ്ട്. സംസ്കൃതം അറിയാവുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നതിനാൽ ആ ഭാഷയിൽ ഒരു ചലച്ചിത്രം നിർമ്മിക്കുക പ്രയാസമാണ്. പ്രേക്ഷകരുടെ എണ്ണം കുറയുമെന്ന ഭയത്താൽ ഇത്തരം ചിത്രങ്ങൾക്കു വേണ്ടി പണം മുടക്കാൻ പല നിർമ്മാതാക്കളും തയ്യാറാകുന്നില്ല.[1] ചിത്രം പ്രദർശിപ്പിക്കുവാൻ തീയറ്ററുകൾ ലഭിക്കാതിരിക്കുന്നതാണ് മറ്റൊരു പ്രതിസന്ധി.[1] ഈ വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് ഏതാനും ചലച്ചിത്രങ്ങൾ സംസ്കൃത ഭാഷയിൽ നിർമ്മിക്കപ്പെട്ടിട്ടുണ്ട്.

ആദ്യകാല ചലച്ചിത്രങ്ങൾ[തിരുത്തുക]

ജി.വി. അയ്യർ സംവിധാനം ചെയ്ത് 1983-ൽ പുറത്തിറങ്ങിയ ആദി ശങ്കരാചാര്യയാണ് ഇന്ത്യയിലെ ആദ്യത്തെ സംസ്കൃത ചലച്ചിത്രം.[2] തത്വചിന്തകനും അദ്വൈതസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവുമായ ശങ്കരാചാര്യരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മികച്ച നിരൂപകശ്രദ്ധ നേടിയ ഈ ചിത്രം 31-ആമത് ദേശീയ ചലച്ചിത്ര പുരസ്കാരദാനച്ചടങ്ങിൽ മികച്ച ചലച്ചിത്രം, തിരക്കഥ, ഛായാഗ്രഹണം, ശബ്ദലേഖനം എന്നീ വിഭാഗങ്ങളിലെ പുരസ്കാരങ്ങളും സ്വന്തമാക്കി.[3][4] പത്തുവർഷങ്ങൾക്കു ശേഷം ജി.വി. അയ്യരുടെ തന്നെ സംവിധാനത്തിൽ ഭഗവദ് ഗീത എന്ന സംസ്കൃത ചലച്ചിത്രം പുറത്തിറങ്ങി. മഹാഭാരതത്തെ ആസ്പദമാക്കി നിർമ്മിച്ച ഈ ചിത്രവും മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയിരുന്നു.[5]

2015-നു ശേഷം[തിരുത്തുക]

ആദി ശങ്കരാചാര്യ (1983), ഭഗവദ് ഗീത (1993) എന്നീ ചിത്രങ്ങൾ പുറത്തിറങ്ങി 22 വർഷം കഴിഞ്ഞാണ് അടുത്ത സംസ്കൃതചലച്ചിത്രം പുറത്തിറങ്ങുന്നത്.[6] വിനോദ് മങ്കര സംവിധാനം ചെയ്ത് 2015-ൽ പുറത്തിറങ്ങിയ പ്രിയമാനസം എന്ന ചിത്രമാണ് ഇന്ത്യയിലെ മൂന്നാമത്തെ സംസ്കൃത ചലച്ചിത്രം. കേരളത്തിൽ നിർമ്മിക്കുന്ന ആദ്യത്തെ സംസ്കൃത ചലച്ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ഉണ്ണായി വാര്യരുടെ ജീവിതകഥ പറഞ്ഞ ഈ ചിത്രം 2015-ലെ മികച്ച സംസ്കൃത ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും നേടിയിരുന്നു.

ഒരു സാമൂഹ്യ വിഷയത്തെ ആസ്പദമാക്കിയുള്ള ആദ്യത്തെ സംസ്കൃത ചലച്ചിത്രമാണ് 2016-ൽ പുറത്തിറങ്ങിയ ഇഷ്ടി.[7] നമ്പൂതിരി സമുദായത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾക്കെതിരെ 1940-കളിലുണ്ടായ ചെറുത്തുനിൽപ്പുകളുടെ കഥയാണ് ഈ ചിത്രം പറയുന്നത്. ഈ ചിത്രവും കേരളത്തിലാണ് നിർമ്മിച്ചത്.[1]

2017-ൽ പുറത്തിറങ്ങിയ സൂര്യകാന്തഃ ആണ് സംസ്കൃതത്തിലെ അഞ്ചാമത്തെ ചലച്ചിത്രം. സമകാലിക സംഭവത്തെ ആസ്പദമാക്കിയുള്ള ഈ ചലച്ചിത്രം, വാർദ്ധക്യത്തിൽ ഉപേക്ഷിക്കപ്പെടുന്നവരുടെ കഥപറയുന്നു.[8][9] ഈ ചിത്രത്തിന് 2017-ലെ കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ അവാർഡ്സിൽ പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചിരുന്നു.

ആദ്യത്തെ ത്രിമാന (3ഡി) സംസ്കൃത ചലച്ചിത്രം[10], ആദ്യമായി ഗാനം ഉൾപ്പെടുത്തിയ സംസ്കൃത ചലച്ചിത്രം എന്നീ വിശേഷണങ്ങളോടെ 2017-ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് അനുരക്തി. കൂടിയാട്ടം അഭ്യസിക്കുന്നതിനായി കേരളത്തിലെത്തിയ പഞ്ചാബി നർത്തകിയുടെ കഥ പറയുന്ന ഈ ചിത്രം പി.കെ. അശോകനാണ് സംവിധാനം ചെയ്തതിരിക്കുന്നത്. കേരളീയ പശ്ചാത്തലത്തിൽ നിർമ്മിക്കുന്ന മൂന്നാമത്തെ സംസ്കൃതചലച്ചിത്രമാണ് അനുരക്തി. പ്രിയമാനസം, ഇഷ്ടി, അനുരക്തി എന്നീ ചലച്ചിത്രങ്ങൾ ഗോവയിലെ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.[11][12][13]

സംസ്കൃത ഭാഷയിൽ നിർമ്മിക്കുന്ന ആദ്യത്തെ അനിമേഷൻ ചലച്ചിത്രമാണ് പുണ്യകോടി. വാക്കുപാലിക്കുന്നതിനായി ജീവത്യാഗം ചെയ്യാൻ തയ്യാറാകുന്ന പശുവിന്റെ കഥയാണ് ചിത്രം പറയുന്നത്. രവി ശങ്കർ വി. സംവിധാനം ചെയ്ത ഈ അനിമേഷൻ ചിത്രം 2018-ൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.

സംസ്‌കൃത ഭാഷയിൽ നിർമ്മിച്ച ആദ്യ കുട്ടികൾക്കുള്ള ചലച്ചിത്രമാണ് "മധുരസ്മിതം".[14] സാൻസ്ക്രിറ്റ് പ്രൊഡക്ഷൻ നിർമ്മിച്ച ഈ ചിത്രത്തിന്റെ സംവിധാനം സുരേഷ്ഗായത്രി.[15].പൊതു വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ മികവിന്റെ കഥ പറയുന്ന സാമൂഹിക ചിത്രമാണിത്.[16] നവവാണിയുടെ പ്രഥമ സംസ്‌കൃത ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത് മധുരസ്മിതം ത്തിനാണ്.[17], [18].രാജസ്ഥാനിൽ നടന്ന ആദ്യ സംസ്‌കൃത ഫിലിം ഫെസ്റ്റിവല്ലിൽ മധുരസ്മിതം[19] തെരഞ്ഞെടുത്ത് പ്രദർശിപ്പിച്ചു.

ലോക റെക്കോർഡ് ലക്ഷ്യമാക്കി സുരേഷ്ഗായത്രി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സംസ്‌കൃത ചലച്ചിത്രമാണ് "മധുഭാഷിതം".[20]

സംസ്കൃത ചലച്ചിത്രങ്ങളുടെ പട്ടിക[തിരുത്തുക]

വർഷം ചിത്രം സംവിധാനം കുറിപ്പുകൾ
1983 ആദി ശങ്കരാചാര്യ ജി.വി. അയ്യർ ലോകത്തിലെ ആദ്യത്തെ സംസ്കൃത ചലച്ചിത്രം,
മികച്ച ചലച്ചിത്രം ഉൾപ്പെടെ 4 ദേശീയ പുരസ്കാരങ്ങൾ നേടി.
1993 ഭഗവദ് ഗീത ജി.വി. അയ്യർ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടി.
2015 പ്രിയമാനസം വിനോദ് മങ്കര മികച്ച സംസ്കൃത ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം,
46-ആമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ചു.
2016 ഇഷ്ടി ജി. പ്രഭ സാമൂഹ്യ വിഷയം കൈകാര്യം ചെയ്ത ആദ്യത്തെ സംസ്കൃത ചലച്ചിത്രം,
47-ആമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ചു.
2017 സൂര്യകാന്തഃ എം. സുരേന്ദ്രൻ 2017-ലെ കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ അവാർഡ്സിൽ പ്രത്യേക ജൂറി പുരസ്കാരം
2017 അനുരക്തി പി.കെ. അശോകൻ ആദ്യത്തെ ത്രിമാന സംസ്കൃത ചലച്ചിത്രം,
ആദ്യമായി ഗാനം ഉൾപ്പെടുത്തി,
48-ആമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ചു.
2018 പുണ്യകോടി രവി ശങ്കർ വി. ആദ്യത്തെ സംസ്കൃത അനിമേഷൻ ചലച്ചിത്രം
2019 മധുരസ്മിതം സുരേഷ്ഗായത്രി ആദ്യത്തെ കുട്ടികൾക്കുള്ള ചലച്ചിത്രം
2022 മധുഭാഷിതം സുരേഷ്ഗായത്രി ചിൽഡ്രൻസ് ഫിലിം.

അവലംബം[തിരുത്തുക]

 1. 1.0 1.1 1.2 "സംസ്കൃതം മരിച്ചിട്ടില്ല; എന്നെ നിലനിർത്തുന്നത് അതാണ്'". futurekerala.in. 2016-12-12. മൂലതാളിൽ നിന്നും 2019-12-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-01-22.
 2. "Adi Shankaracharya (1983)". IMDb. ശേഖരിച്ചത് 9 March 2012.
 3. "31st National Film Awards". India International Film Festival. മൂലതാളിൽ നിന്നും 2013-11-12-ന് ആർക്കൈവ് ചെയ്തത്.
 4. "31st National Film Awards (PDF)" (PDF). Directorate of Film Festivals.
 5. "Bhagvad Gita (film) G V Iyer". IMDb. ശേഖരിച്ചത് 9 March 2012.
 6. "Sanskrit Cinema: A creative way to revive Sanskrit". www.newsgram.com. 7 July 2015.
 7. "First Sanskrit social movie flays Namboothiri practices". The Times of India.
 8. "വാർധക്യത്തിൽ ഉപേക്ഷിക്കപ്പെടുന്നവരുടെ ആത്മനൊമ്പരങ്ങളുമായി "സൂര്യകാന്തഃ'". ദീപിക ദിനപത്രം. മൂലതാളിൽ നിന്നും 2018-01-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-01-22.
 9. "A tale told in Sanskrit". The New India Express.
 10. "ആദ്യ സംസ്കൃത 3ഡി സിനിമ ഒരുങ്ങുന്നു". ദേശാഭിമാനി ദിനപത്രം. 2017-09-09. മൂലതാളിൽ നിന്നും 2018-01-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-01-22.
 11. "Ishti is the first ever Sanskrit film based on a social issue". iffigoa.org. 23 November 2016. മൂലതാളിൽ നിന്നും 2017-08-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-01-22.
 12. "World's first 3D Sanskrit film screened at IFFI". DD News.
 13. "World's First 3D Sanskrit Film Anurakthi Screened at 2017 IFFI Goa". India.com. 25 November 2017.
 14. http://navavani.org.in/wp/archives/10862
 15. vellinakshatram film, TV& Vedio Weekly, Thiruvanathapuram-11, published on Sunday 2019 November 17, page No.45,
 16. http://epaper.keralabhooshanam.com/m5/2290225/Weekend-Supplement/18-08-2019#page/4/1
 17. http://www.irinjalakudalive.com/25899/
 18. http://www.irinjalakudalive.com/26021/
 19. https://www.abplive.com/states/rajasthan/magh-festival-started-in-rajasthan-film-lovers-saw-sanskrit-language-films-2080512
 20. SGI SANSKRIT, FILM SOCIETY (17/08/2021). "MADHUBHASHITHAM". MADHUBHASHITHAM. SGI SANSKRIT FILM SOCIETY. ശേഖരിച്ചത് 17/08/2021. Check date values in: |access-date= and |date= (help)
"https://ml.wikipedia.org/w/index.php?title=സംസ്കൃത_ചലച്ചിത്രം&oldid=3730423" എന്ന താളിൽനിന്ന് ശേഖരിച്ചത്