സംവാദം:പ്രാണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഷട്പദം എന്നതാണു ശരി. ലേഖനത്തിന്റെ തലക്കെട്ടു്, ക്യാറ്റഗറിയുടെ പേരു് തുടങ്ങിയവ തിരുത്തുന്നതു നന്നായിരിക്കും.

തിരുത്തുകയാണോ റീഡയറൿഷനാണോ ശരി എന്നു് ഉറപ്പില്ലാത്തതിനാലാണു് ഇവിടെ എഴുതുന്നതു്.

Umesh | ഉമേഷ് 04:09, 28 ഓഗസ്റ്റ്‌ 2006 (UTC)
ഡി. സി. ബുക്സിന്റെ ഇംഗ്ലീഷ്, ഇംഗ്ലീഷ്, മലയാളം നിഘണ്ടുവിൽ insect എന്ന പദത്തിന്റെ തർജ്ജമയായി എഴുതിയിരിക്കുന്നത് ഷഡ്‌പദമെന്നാണ്(പുറം 426). insect എന്നു മലയാളത്തിലെഴുതുന്നത് എങ്ങിനെയാണെന്നറിയത്തില്ലാത്തത് എന്റെ പിഴ, എങ്കിലും മലയാളത്തിലെ ഏറ്റവും വലിയ പ്രസാധകനെ വിശ്വസിക്കത്തില്ലങ്കിൽ ഞാനാരെ വിശ്വസിക്കും ഉമേഷു ചേട്ടാ??--പ്രവീൺ:സംവാദം‍ 04:36, 28 ഓഗസ്റ്റ്‌ 2006 (UTC)
തിരുത്തണ്ടാ. “ശബ്ദതാരാവലി”യിൽ “ഷഡ്‌പദം” എന്നാണു്. സംസ്കൃതത്തിൽ “ഷട്‌പദം” ആണു ശരി എന്നാണു് എന്റെ ധാരണ-“(ഝലാം ചര്) ഖരി ച” എന്ന പാണിനീസൂത്രം (അഷ്ടാദ്ധ്യായി 8-4-55) അനുസരിച്ചു്. സംസ്കൃതവ്യാകരണപുസ്തകങ്ങളിൽ ഈ നിയമം പറയുന്നിടത്തൊക്കെ “ഷഡ് + പദം = ഷട്‌പദം” എന്ന ഉദാഹരണവും കണ്ടിട്ടുണ്ടു്. ഒരു പക്ഷേ, “ഷൾ‌പദം” എന്നും പറഞ്ഞിരുന്നതുകൊണ്ടു് മലയാളത്തിൽ “ഷഡ്‌പദം” എന്നും പറയുന്നതു ശരിയായിരിക്കും. “പത്മം” പോലെ. (സംസ്കൃതത്തിൽ “പദ്മം” ആണു ശരി.) ഞാൻ ഇതു കൂടുതലന്വേഷിക്കാം. ഡി. സി. ബുക്ക്സിന്റെ നിഘണ്ടുവിനോടു് എനിക്കു വലിയ മതിപ്പില്ല. എങ്കിലും ശബ്ദതാരാവലിയിൽ “ഷഡ്‌പദം” എന്നുള്ളതുകൊണ്ടു് തിരുത്തണ്ടാ. Umesh | ഉമേഷ് 05:33, 28 ഓഗസ്റ്റ്‌ 2006 (UTC)
ഷഡ്‌പദം തന്നെ ശരിയെന്ന് പൊൻ‌കുന്നം ചിറക്കടവ് എസ്.ആർ.വി എൻ.എസ്.എസ് വൊക്കേഷണൽ ഹയർ സെക്കൻ‌ഡറി സ്കൂളിലെ മലയാളം അദ്ധ്യാപകർ ഡി.അഭിലാഷിന്റെയും, ബി.ശ്രീകുമാറിന്റെയും വിദഗ്ദ്ധാഭിപ്രായം. ഷഡ്‌പദം പണ്ടേ തലക്കു കിഴുക്കിയിട്ടുണ്ടെന്ന് ശ്രീകുമാറിന്റെ പരിദേവനം. ആറു മൂലകളുള്ള ജ്യാമിതീയ രൂപത്തിന് ഷട്ഭുജം എന്നു വിളിക്കണമെങ്കിൽ പുസ്തകങ്ങൾ മുഴുവൻ തിരുത്തണമെന്ന് അതേ പള്ളിക്കൂടത്തിലെ ഗണിതാദ്ധ്യാപകൻ അനിൽകുമാർ എ. ആറിന്റെ സങ്കടം.--പ്രവീൺ:സംവാദം‍ 07:41, 28 ഓഗസ്റ്റ്‌ 2006 (UTC)
ഗണിതാദ്ധ്യാപകനു ഭാഷ അറിയാത്തതിൽ അദ്ഭുതമില്ല. ഷഡ്‌ഭുജത്തെ ഷട്‌ഭുജം ആക്കണമെന്നു് ആരു പറഞ്ഞു? മുകളിൽ പറഞ്ഞ പാണിനീസൂത്രം വിശദീകരിക്കാം. ഖരം (ക, ട, ത, പ), അതിഖരം (ഖ, ഠ, ഥ, ഫ), ഊഷ്മാക്കൾ (ശ, ഷ, സ) എന്നിവ പിൻ‌വന്നാൽ മൃദുവിനു് ഖരം ആദേശം എന്നാണു് അതിനു് അർത്ഥം. (ചവർഗ്ഗത്തെ ഇതിൽ നിന്നു് ഒഴിവാക്കിയിട്ടുണ്ടു്.) വാൿസാമർഥ്യം, വിരാട്‌പുരുഷൻ, സത്കാര്യം തുടങ്ങിയവ ഉദാഹരണം. ബാക്കി മിക്കവാറും എല്ലാ പദങ്ങളിലും മൃദു തന്നെ വരും. വാഗ്‌ധോരണി, വിരാഡ്‌രൂപം, സദാചാരം, ഷഡ്‌ഭുജം തുടങ്ങിയവ ഉദാഹരണങ്ങൾ. Umesh | ഉമേഷ് 14:01, 28 ഓഗസ്റ്റ്‌ 2006 (UTC)

ഷഡ്പദം തെറ്റെന്നു പറയാനാവില്ല. ശ്വാസിക്കുമുൻപിൽ നാദിയും നാദിക്കുമുൻപിൽ ശ്വാസിയും ചേർക്കുന്ന തലതിരിഞ്ഞ രീതി മലയാളത്തിൽ സ്ഥിരപ്പെട്ടതിൽ അത്ഭുതമില്ല; ഖരാക്ഷരത്തിന്‌ ശ്വാസിക്കുമുൻപ് ശ്വാസിയായിത്തന്നെ ഉച്ചാരണമുണ്ടെങ്കിലും നാദിക്കുമുൻപിൽ നാദിയാകുന്ന സ്ഥിതി മലയാളത്തിലുള്ളതിനാൽ എഴുത്തിൽ മാത്രമുള്ള ഒരു ഭേദമായി നാദിക്കുമുൻപ് ശ്വാസി ചേർക്കുന്ന രീതിയെ കാണാം. ശ്വാസിയായ ടകാരതകാരങ്ങൾക്കു പകരം നാദിയായ ളകാരലകാരങ്ങൾ ഉച്ചരിക്കുന്ന രീതി മലയാളിക്ക് നൂറ്റാണ്ടുകൾക്കുമുൻപേ കിട്ടിയതായതിനാൽ തിരിച്ചുള്ള ഏർപ്പാടും ന്യായം തന്നെ. ഷട്പദത്തിൽനിന്ന് ഒരു തിരിച്ചുവിടലെങ്കിലും ആവാമായിരുന്നു എന്നു മാത്രം.

പറയാനുള്ളത് അതല്ല:
ഷട്പദത്തെ [w:Arthropoda]യിലേക്ക് അന്തര്‌വിക്കിചേർത്തിരിക്കുന്നു! ആർത്രോപോഡയുടെ(അഖൺഡപദം) ഉപഫൈലമോ(subphylum) അധിവർഗ്ഗമോ(superclass) ആണ്‌ ഷട്പദങ്ങൾ(Hexapoda). അല്ലെങ്കിൽ തേരട്ടയുൾപ്പെടുന്ന ബഹുപാദങ്ങളും(Myriapoda) എട്ടുകാലിയുമൊക്കെ അറുകാലികളാകും. ചിറകുള്ളതും(Insecta) ചിറകില്ലാത്തതും(entognatha)ആയി ഷട്പദങ്ങളിൽ രണ്ടു വർഗ്ഗങ്ങളാണ്‌.ശാസ്ത്രീയപരിഗണനയിൽ hexapoda ഷട്പദവും insect പ്രാണിവർഗ്ഗവും ആകുന്നതാണ്‌ ഉചിതം.
മലയാളംവിക്കിയിൽ വർഗ്ഗീകരണസംജ്ഞകൾക്ക് ഒരു ഐകരൂപ്യവും കാണാനില്ല. സാമ്രാജ്യം(Empire/Domain), ലോകം(Kingdom),ഫൈലം(Phylum), വർഗ്ഗം (Class), ഗോത്രം (Order), സ്പീഷീസ്(Species), ജനുസ്സ്(genus)എന്നിങ്ങനെയാണ്‌ ക്ലാസ്സുകളിൽ പഠിച്ചിട്ടുള്ളത്. പൊരുത്തക്കേടുകൾ ഒഴിവാക്കി വർഗ്ഗീകരണം ശാസ്ത്രീയമാക്കാൻ ജീവിവർഗ്ഗീകരണം എന്ന പദ്ധതി തുടങ്ങുന്നത് നന്നായിരിക്കും. (Order = നിര തുടങ്ങിയ തോന്നുമ്പടിക്കുള്ള പദവിവർത്തനങ്ങൾ ഒഴിവാക്കാൻ വിവർത്തനം എന്ന പദ്ധതിയും)--തച്ചന്റെ മകൻ 07:51, 11 സെപ്റ്റംബർ 2009 (UTC)

ഇൻസെക്റ്റ് എന്ന താളിനെ ഇതിലേക്ക് മെർജ് ചെയ്തിട്ട്, ഇതിനെ പ്രാണി എന്ന് തലക്കെട്ട് മാറ്റാം എന്നു കരുതുന്നു. --Vssun 15:46, 29 സെപ്റ്റംബർ 2009 (UTC)

ഇൻസെക്റ്റ് എന്നതാളും ഷഡ്പദം എന്നതാളും ലയിപ്പിക്കണം. കരണം അതുരണ്ടും ഒന്നുതന്നെയെന്നതു തന്നെ --babug** 17:36, 29 സെപ്റ്റംബർ 2009 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:പ്രാണി&oldid=674747" എന്ന താളിൽനിന്ന് ശേഖരിച്ചത്