സംവാദം:ഉണ്ണുനീലിസന്ദേശം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

“ക്രിസ്തുവർഷം 119 -ൽ ആണ് ഇതിന്റെ രചനയെന്നും...” എന്നിടത്തു് ഒരു അക്കം വിട്ടുപോയോ എന്നൊരു സംശയം. വർഷം ഒന്നുകൂടി ദയവായി പരിശോധിക്കുമോ?

Umesh | ഉമേഷ് 20:38, 16 ഓഗസ്റ്റ്‌ 2006 (UTC)

പ്രിയ ഉമേഷ് ചേട്ടാ[തിരുത്തുക]

ക്രിസ്തുവർഷം 119 ആണ് ഉണ്ണുനീലിസന്ദേശത്തിന്റെ രചനാകാലമെന്നുള്ളത് ഒരു അഭിപ്രായം മാത്രമാണ് ,വിശ്വസനീയമായ ഒരു തെളിവും ഇതിന് ഉപോദ്ബലകമായില്ല. കൊല്ലവർഷം 1081-ലെ ‘രസികരഞ്ജിനി’ മാസികവഴിയാണ് ഈ മണിപ്രവാളകാവ്യം(ഉണ്ണുനീലിസന്ദേശം) പ്രസിദ്ധീകൃതമായത് , ആ സമയത്ത് പ്രസ്തുതമാസികയുടെ പത്രാധിപരാണ് ക്രിസ്തുവർഷം 119 എന്ന അഭിപ്രായം പ്രകടിപ്പിച്ചത്. പദ്യത്തിലെ ചില പദങ്ങളിൽ നിന്നും കലിദിനസംഖ്യ കണക്കുകൂട്ടിയാണ് അദ്ദേഹം ഇത്തരം ഒരു അഭിപ്രായപ്രകടനം നടത്തിയത് എന്നും കാണുന്നു. പക്ഷെ മലയാള ഭാഷയുടെ ചരിത്രസംബന്ധമായ വിവരങ്ങൾ വച്ചു നോക്കുമ്പോൾ ഇത് അസംഭവ്യമാണ്.


ശ്രീ ടി.എം. ചുമ്മാറിന്റെ ‘ പദ്യസാഹിത്യചരിത്രം ’, ശ്രീ ആർ. നാരായണപ്പണിക്കരുടെ ‘ കേരളഭാഷാസാഹിത്യചരിത്രം ’ എന്നീ ഗ്രന്ഥങ്ങൾ ആണ് ഈ വിവരങ്ങളുടെയും ലേഖനത്തിന്റെയും ആധാരം. കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് ഞാൻ ഇപ്പോൾ... കിട്ടുന്ന മുറയ്ക് അവ വിക്കിയിൽ എത്തിക്കാൻ ശ്രമിക്കാം.
ദീപു [Deepu] 17:06, 17 ഓഗസ്റ്റ്‌ 2006 (UTC)

പരൽപ്പേരും കലിദിനസംഖ്യയും രണ്ടാം നൂറ്റാണ്ടിലോ?[തിരുത്തുക]

ക്രിസ്തുവർഷം 119 എന്നതു തെറ്റു തന്നെ. പദ്യത്തിലെ പദങ്ങളിൽ നിന്നു പരൽപ്പേരു വഴി കലിദിനസംഖ്യ കണക്കുകൂട്ടിയെങ്കിൽ അതൊരു വലിയ മണ്ടത്തരം തന്നെ. കലിദിനസംഖ്യയും പരൽപ്പേരുമൊക്കെ രണ്ടാം നൂറ്റാണ്ടിനു ശേഷമാണു വന്നതു്. cർ ഉപയോഗിക്കണമെങ്കിൽ പൂജ്യം ഉൾപ്പെടെയുള്ള പത്തു് അക്കങ്ങൾ ഉപയോഗിച്ചുള്ള place value system വേണം. ആര്യഭടൻ (5-6 നൂറ്റാണ്ടുകൾ) പോലും ഇതു ചെയ്തിട്ടില്ല. ബ്രഹ്മഗുപ്തൻ ആണു പൂജ്യം കണ്ടുപിടിച്ചതെന്നാണു് ഇപ്പോഴത്തെ അറിവു്.

ഒരു പക്ഷേ, കൊല്ലവർഷം 119 ആവാം. അതായതു് ക്രിസ്തുവർഷം 944. അതുപോലും നേരത്തെയാണു്. കുബ്ലാ ഖാൻ , അലാവുദീൻ കിൽ‌ജി എന്നിവരുമായി ബന്ധിപ്പിച്ചാണു് ഉണ്ണുനീലി സന്ദേശത്തിലെ “തുലുക്കപ്പട” എന്ന പ്രയോഗം പണ്ഡിതർ വിശദീകരിക്കുന്നതു്. പിന്നെ രവി വർമ്മ, ആദിത്യവർമ്മ എന്നീ സഹോദരന്മാരെ ബന്ധിപ്പിച്ചും. ഏതായാലും പന്ത്രണ്ടാം ശതകത്തിനു മുമ്പാകാൻ സാദ്ധ്യതയില്ല.

എന്റെ കയ്യിൽ ചരിത്ര/സാഹിത്യചരിത്രപുസ്തകങ്ങളൊന്നുമില്ല. അതിനാൽ ഉറപ്പില്ല. അതുകൊണ്ടു തിരുത്തുന്നില്ല.

Umesh | ഉമേഷ് 06:34, 18 ഓഗസ്റ്റ്‌ 2006 (UTC)

ക്രിസ്തുവർഷം 119[തിരുത്തുക]

ക്രിസ്തുവർഷം 119 ആണ് രചനാകാലം എന്ന പരാമർശം നീക്കിയിട്ടുണ്ട്. പരൽപ്പേര്, കലിദിനസംഖ്യാഗണനം എന്നീ വിഷയങ്ങളിൽ വലിയ പിടിയില്ല. താങ്കൾ പറഞ്ഞത് ശരിയാണ്, കൊല്ലം കേന്ദ്രമാക്കി വേണാട് ഭരിച്ചിരുന്ന രവിവർമ്മൻ എന്നൊരു രാജാവുണ്ടായിരുന്നു, അദ്ദേഹത്തിന്റെ സഹോദരൻ ആദിത്യവർമ്മയാണ് ഉണ്ണുനീലിസന്ദേശത്തിലെ സന്ദേശവാഹകൻ. ആദിത്യവർമ്മ തുലുക്കപ്പടയോട് യുദ്ധം ചെയ്തതായി കാവ്യത്തിലെ ചില ഭാഗങ്ങളിൽ നിന്നു ഊഹിച്ചെടുക്കാൻ സാധിക്കും.

    “  വ്യായാമംകൊണ്ടഴകിലുദിതാമോദമുച്ചൈശ്രവാവി-
       ന്നായാസം ചെയ്തമലതുരഗം നീ കരേറും ദശായാം
               പ്രാണാപായം കരുതിന തുലുക്കൻപടക്കോപ്പിനെണ്ണം
               ചൊൽവുണ്ടല്ലോ സുരപരിഷദാമപ്പൊടിച്ചാർത്തു് ചെന്റു്    ”  (ഉണ്ണുനീ‍ലിസന്ദേശത്തിൽ നിന്നും)

അപ്പോൾ തുലുക്കപ്പടയുടെ ആക്രമണകാലവുമായി ബന്ധപ്പെടുത്തിയും കാവ്യത്തിന്റെ കാലഘട്ടം കണക്കാം. 1310 -ലോ മറ്റോ അലാവുദ്ദീൻ കിൽജിയുടെ പടനായകനായിരുന്ന മാലിക് കാഫിറിന്റെ നേതൃത്വത്തിൽ മധുര ആക്രമിക്കപ്പെട്ടതായി കാണുന്നു, ഇതാണ് ദക്ഷിണേന്ത്യയെ ലക്ഷ്യമാക്കിയുള്ള തുലുക്കപ്പടയുടെ ആദ്യ ആക്രമണം എന്നു കണക്കാക്കപ്പെടുന്നു. അപ്പോൾ ഈ കാലഘട്ടത്തിലോ ഇതിനു ശേഷമോ ആയിരിക്കണമല്ലോ ആദിത്യവർമ്മൻ തുലുക്കപ്പടയോട് യുദ്ധം ചെയ്തത് ,കാവ്യരചനയും അതിനുശേഷമാകണം നടന്നിട്ടുള്ളത്
ദീപു [Deepu] 18:24, 19 ഓഗസ്റ്റ്‌ 2006 (UTC)