ഷൌക്കത്ത് സഹജോത്സു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷൌക്കത്ത് ഗുരു നിത്യയോടൊപ്പം
ഷൌക്കത്ത് 

ഗുരു നിത്യചൈതന്യയതിയുടെ ശിഷ്യനും മലയാളത്തിലെ മിസ്റ്റിക് എഴുത്തുകാരനുമാണ് ഷൌക്കത്ത് എന്ന ഷൌക്കത്ത് സഹജോത്സു.കേരളത്തിൻ്റെ വൈജ്ഞാനിക മണ്ഡ്ഡലത്തിൽ ആത്മീയതയെക്കുറിച്ചുള്ള സമവാക്യങ്ങളെ നിരന്തരം പരിഷ്കരിക്കുന്ന ഷൗക്കത്ത് നിത്യചൈതന്യയതിയുടെ ശിഷ്യനാണ്. സമകാലിക സാമൂഹ്യജീവിതത്തോട് വളരെ ക്രിയാത്മകമായി ഇടപെടുന്ന ഇദ്ദേഹത്തിൻ്റെ ദാർശനികലോകം നാരായണഗുരുവിൻ്റെയും യതിയുടേയും നടരാജഗുരുവിൻ്റെയും പാരമ്പര്യത്തിൻ്റെ മികച്ച പുന:സൃഷ്ടിയാണ് .പതിനെട്ടോളം പുസ്തകങ്ങളുടെ രചിച്ചിട്ടുണ്ട് .

ജനനവും ജീവിതവും[1][തിരുത്തുക]

തൃശ്ശൂർ ജില്ലയിലെ പാലുവായ് ഗ്രാമത്തിൽ 1971 ലാണ് ഷൌക്കത്തിൻ്റെ ജനനം .ഏതൊരു മതവിശ്വാസിയെയുംപോലെ സ്വർഗ്ഗവും നരകവും പ്രലോഭിപ്പിച്ചും ഭയപ്പെടുത്തിയും അവതാളത്തിലാക്കിയ ബാല്യം. പത്താംക്ലാസ്സുകഴിഞ്ഞിരിക്കുമ്പോഴാണെന്നാണു് ഓർമ്മ. ജ്യേഷ്ഠന്റെ മേശപ്പുറത്തുനിന്നും സ്വന്തം പായയിൽ വന്നുവീണ ഇടമുറുകിന്റെ 'ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല' എന്ന പുസ്തകം വെറുതെ മറിച്ചുനോക്കി. ആ പുസ്തകം വായിച്ചു തുടങ്ങിയതോടെ വിശ്വാസത്തിന്റെ കടലാസുകൊട്ടാരം തകർന്നുവീണു. അന്ധമായ വിശ്വാസങ്ങളിൽനിന്നും യുക്തിഭദ്രമായ വിചാരങ്ങളിലേക്കു് ഉണരേണ്ടതിന്റെ ആവശ്യകത ആ പുസ്തകം പറഞ്ഞുതന്നു. പിന്നീടു് അത്തരത്തിലുള്ള പുസ്തകങ്ങൾ വായിക്കാനുള്ള താല്പര്യം ഉണ്ടായിട്ടുമില്ല. അവിടെ യുക്തിയുടെ പരുപരുപ്പു് മാത്രമെ ഉണ്ടായിരുന്നുള്ളൂ. നനവിന്റെ കനിവുണ്ടായിരുന്നില്ല.

നാട്ടിൽ പരിചയിക്കാനിടയായ മുതിർന്ന സുഹൃത്തുക്കളിൽനിന്നും സ്വതന്ത്രരായ അന്വേഷകരുടെ ജീവിതവും പുസ്തകങ്ങളും അറിയാനും വായിക്കാനുമിടയായി. കണ്ണും കാതും മനസ്സും സ്വർഗ്ഗത്തിൽനിന്നും പ്രകൃതിയിലേക്കു തിരിഞ്ഞു. മലക്കുകളും നരകത്തീയും നിറഞ്ഞുനിന്നിടത്തു് മലകളും പുഴകളും പാടവും പൗർണ്ണമിയും സൂര്യോദയവും സൂര്യാസ്തമയവും ഇടംപിടിച്ചു. കാട്ടിലേക്കും കുന്നിലേക്കും യാത്രകൾ പതിവായി. കൂട്ടിനു് നല്ല കൂട്ടുകാരും. മതാതീത ദർശനങ്ങളുമായും ദാർശനികന്മാരുമായുള്ള പാരസ്പര്യം മതവും വിശ്വാസവും അറ്റുവീഴുന്നതിലേക്കു നയിച്ചു.

പിന്നീടുള്ള യാത്രകൾ എല്ലാ വിഭാഗീയതകളിൽനിന്നും ഒഴിഞ്ഞു ജീവിക്കുന്ന സൂഫികൾ, അവധൂതന്മാർ, തുടങ്ങിയവരിലൂടെയായി. ആ യാത്രയ്ക്കിടയിൽ ഡിഗ്രി പഠനം പൂർത്തിയാക്കാനായില്ല. എങ്കിലും തൃശ്ശൂർ മലയാളപഠനഗവേഷണകേന്ദ്രത്തിലെ മലയാളം പഠനം സാഹിത്യലോകത്തെ ഉണർവ്വുകളിലേക്കുള്ള വാതായനമായി. അവിടുത്തെ സൗഹൃദക്കൂട്ടായ്മകൾ മൂല്യവത്തായ ജീവിതത്തെ പരിചയിപ്പിച്ചുതന്നു. പരമ്പരാഗതമായ ശൈലിയിൽ ജീവിച്ചു പോകാനാവില്ലെന്നായപ്പോൾ വീടുവിട്ടിറങ്ങാൻ നിർബന്ധിതനായി. ഒരുപാടു ഏറിമാറിത്തിരിയലുകൾക്കൊടുവിൽ ആ യാത്ര കൊണ്ടെത്തിച്ചതു് ഗുരു നിത്യയുടെ അടുത്തായിരുന്നു.1994 ൽ ഗുരുവിൻ്റെ ശിഷ്യനായി .

സന്യാസമോ മോക്ഷമോ ഒന്നും ജീവിതലക്ഷ്യമല്ലായിരുന്ന ഷൗക്കത്തിനെ അദ്ദേഹത്തിന്റെ അരികിലെത്തിച്ചതു് സ്നേഹത്തിന്റെ വശ്യതയായിരുന്നു. ലഭിക്കാവുന്ന ഏറ്റവും നല്ല സുഹൃത്തിനെ കിട്ടിയ അനുഭവം. അറിയാവുന്ന ലോകത്തു് ധന്യതയോടെ ജീവിക്കാനുള്ള വഴികളാണു് അദ്ദേഹത്തിന്റെ സാന്നിദ്ധ്യം പകർന്നു തന്നതു്. അറിയാനാവാത്ത ലോകങ്ങളെ അതിന്റെ പാട്ടിനു വിടാൻ ആ മൗനമന്ദഹാസം സഹായമായി. അദ്ദേഹത്തോടൊപ്പമുള്ള നാലുവർഷത്തെ ജീവിതം സ്വന്തം പരിമിതികളും ഗുണങ്ങളും അറിയാൻ സഹായമായി.നാലു വർഷം ഗുരു നിത്യചൈതന്യയതിയോടൊപ്പം ഊട്ടിയിലെ ഫേൺഹിൽ ആശ്രമത്തിൽ ഗുരുസേവ ചെയ്ത് കഴിയാൻ ഷൌക്കത്തിന് അവസരം ലഭിച്ചു. അക്കാലത്തു് അദ്ദേഹം യതിയുടെ സന്തതസഹചാരിയായിരുന്നു. ഫേൺഹില്ലിലെ ഗുരുകുലത്തിലെത്തിയതിന് ശേഷം ഗുരുവിൻ്റെ സമാധി നിമിഷം വരെ ഷൌക്കത്ത് ഗുരുവിനോടൊപ്പം ഉണ്ടായിരുന്നു. ഗുരുവിൻ്റെ സമാധിക്ക് ശേഷം വീണ്ടും യാത്രകൾ തുടർന്നു.ആത്മീയത എന്നത് ജീവിതത്തിൽ നിന്നും വേറിട്ട ഒന്നല്ലെന്നും, ജീവിതത്തിനെ ശരിയായി അറിയുകയും അനുവദിക്കുകയും ചെയ്യുക എന്നുള്ളതാണ് എന്ന തിരിച്ചറിവിലേക്കായിരുന്നു ആ യാത്രകൾ ,ഷൌക്കത്തിനെ എത്തിച്ചത്. മംഗലാപുരത്തിനടുത്തു് അജ്ജ എന്നപേരിൽ അറിയപ്പെട്ടിരുന്ന ഒഴിഞ്ഞ മനുഷ്യനേയും നിഷേധാത്മകതയുടെ ആൾരൂപമെന്നു തോന്നിക്കുമെങ്കിലും ഉണർവ്വിന്റെ സാന്നിദ്ധ്യമായിമാത്രം അനുഭവിക്കാനായ യു. ജി. കൃഷ്ണമൂർത്തിയേയും കാണാനായതു് മഹാഭാഗ്യമായി.

സുഹൃത്തുക്കളിൽനിന്നും സുഹൃത്തുക്കളിലേക്കുള്ള യാത്രയ്ക്കിടയിൽ ഇടയെ്ക്കാക്കെ ഹിമാലയം പോലുള്ള പ്രകൃതിരമണീയവും മൗനാത്മകവുമായ ഇടങ്ങളിലും ചെന്നെത്താറുണ്ടു്. ഗുരുവിൽനിന്നു പകർന്നു കിട്ടിയ ശീലമായി അല്പം എഴുത്തും കൂടെയുണ്ടു്. ഇപ്പോൾ കൂടുതൽ സമയവും താമസിക്കുന്നതു് കൊയമ്പത്തൂരിനടുത്തുള്ള കാരമടയിലാണു്. ചെറിയൊരു ലൈബ്രറിയും കുറച്ചു സിനിമകളും സംഗീതവും തുറന്ന ആകാശവും ഒക്കെയുള്ള ഇടം.


പുസ്തകങ്ങൾ[തിരുത്തുക]

ഭക്തി: യതിയുടെ നിർവ്വചനം (നിത്യ ബുക്‌സ്)

ദൈവത്തിനു് ഒരു തുറന്ന കത്തു് (മെന്റർ ബുക്‌സ്)

നിത്യാന്തരംഗം - ഗുരു നിത്യചൈതന്യയതിയെക്കുറിച്ചു് (ഗ്രീൻ ബുക്സ്)

ഹിമാലയം: യാത്രകളുടെ ഒരു പുസ്തകം (മാതൃഭൂമി ബുക്‌സ്)

മൊഴിയാഴം (അകം ബുക്‌സ്)

ആത്മാവിൽനിന്നു് ജീവിതത്തിലേക്കു് (മാതൃഭൂമി ബുക്‌സ്)

താഴ്‌വരയുടെ സംഗീതം (ലാവോത്സുവിന്റെ താവോ തേ ചിങ് - വിവർത്തനവും ആസ്വാദനവും) (മാതൃഭൂമി ബുക്‌സ്)

മൗനപൂർവ്വം (ഡിസി ബുക്സ്)

സഹജമായ വഴി(നിത്യാഞ്ജലി ബുക്സ്)

സ്നേഹാദരം(നിത്യാഞ്ജലി ബുക്സ്)

രമണമഹർഷി(നിത്യാഞ്ജലി ബുക്സ്)

നൂറു ധ്യാനങ്ങൾ (നാരായണഗുരുവിന്റെ ആത്മോപദേശശതകം - ഒരു ആസ്വാദനം)

ജീവിതം പറഞ്ഞത്(നിത്യാഞ്ജലി ബുക്സ്)

കബീർ(നിത്യാഞ്ജലി ബുക്സ്)

യതി പറഞ്ഞത്

ഒരു തുള്ളി ജലത്തിലെ കടൽ(സൂഫിസത്തെക്കുറിച്ച് ഒരു പുസ്തകം)

പ്രവാചകൻ(ജിബ്രാൻ): വിവർത്തനം

തുറന്ന ആകാശങ്ങൾ(അനുഭവങ്ങളുടെയും ഉൾക്കാഴ്‍ചകളുടെയും പുസ്തകം)

കൂടും കൂട്ടും (ചാവറയച്ചന്റെ ചാവരുളിന് ആസ്വാദനം) പാരന്റിങ്ങിനെ കുറിച്ച് ഒരു പുസ്തകം

പുരസ്കാരങ്ങൾ[തിരുത്തുക]

[2]ഹിമാലയം യാത്രകളുടെ ഒരു പുസ്തകം എന്ന ഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമി യുടെ മികച്ച യാത്രാവിവരണ ഗ്രന്ഥത്തിനുള്ള പുരസ്കാരം ലഭിച്ചു.

അവലംബങ്ങൾ[തിരുത്തുക]

  1. ഷൌക്കത്ത് (2014). താഴ്വരയുടെ സംഗീതം. കോഴിക്കോട്: മാതൃഭൂമി ബുക്സ്. ISBN 978-81-8266-079-3.
  2. "Kerala Sahitya Akademi Award for Travelogue". REVOLVY.
"https://ml.wikipedia.org/w/index.php?title=ഷൌക്കത്ത്_സഹജോത്സു&oldid=3728339" എന്ന താളിൽനിന്ന് ശേഖരിച്ചത്