ഷേർ അലി ഖാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷേർ അലി ഖാൻ
അഫ്ഗാനിസ്താന്റെ അമീർ
അമീർ ഷേർ അലി ഖാൻ1869-ലെ ചിത്രം
ഭരണകാലംഅഫ്ഗാനിസ്താൻ അമീറത്ത്: 1863 - 1879
മുൻ‌ഗാമിദോസ്ത് മുഹമ്മദ് ഖാൻ (ആദ്യവട്ടം)
മുഹമ്മദ് അസം ഖാൻ (രണ്ടാം വട്ടം)
പിൻ‌ഗാമിമുഹമ്മദ് അഫ്സൽ ഖാൻ (ആദ്യവട്ടം)
മുഹമ്മദ് യാക്കൂബ് ഖാൻ (രണ്ടാം വട്ടം)
രാജവംശംബാരക്സായ് വംശം
പിതാവ്ദോസ്ത് മുഹമ്മദ് ഖാൻ
മാതാവ്ബീബി ഖദീജ

അഫ്ഗാനിസ്താൻ അമീറത്തിന്റെ രണ്ടാമത്തെ അമീർ ആയിരുന്നു ഷേർ അലി ഖാൻ (ജീവിതകാലം:1825 - 1879 ഫെബ്രുവരി 21). അമീറത്തിന്റെ സ്ഥാപകനായ ദോസ്ത് മുഹമ്മദ് ഖാന്റെ പുത്രനായ ഇദ്ദേഹം, തന്റെ പിതാവിന്റെ മരണശേഷം 1863 മുതൽ 1866 വരേയും 1869 മുതൽ 1879-ൽ തന്റെ മരണം വരെയും അമീർ ആയി അധികാരത്തിലിരുന്നു.

അധികാരത്തിലേറുമ്പോൾ മുതൽ തന്റെ അർദ്ധസഹോദരന്മാരിൽ നിന്നും അട്ടിമറി ഭീഷണികൾ ഷേർ അലി നേരിട്ടിരുന്നു. 1866-ൽ തന്റെ അർദ്ധസഹോദരൻ മുഹമ്മദ് അഫ്സൽ ഖാന്റെ പുത്രനും പിൽക്കാല അമീറും ആയ അബ്ദുർറഹ്മാൻ ഖാൻ, ഷേർ അലിയെ പരാജയപ്പെടുത്തുകയും അദ്ദേഹത്തിന്റെ പിതാവ് മുഹമ്മദ് അഫ്സൽ ഖാനെ അമീർ ആക്കി പ്രതിഷ്ഠിക്കുകയും ചെയ്തു. എന്നാൽ 1869-ൽ ബ്രിട്ടീഷുകാരുടെ സഹായത്തോടെ ഷേർ അലി അധികാരം തിരിച്ചുപിടിച്ചു.

രാജ്യത്ത് സാമ്പത്തികമായും സാമൂഹികമായും പരിഷ്കാരങ്ങൾ നടപ്പാക്കി മികച്ച ഭരണം കാഴ്ചവച്ച ഒരു അമീർ ആയിരുന്നു ഷേർ അലി. എങ്കിലും അദ്ദേഹത്തിന്റെ ഭരണകാലത്ത്, മേഖലയിൽ ആധിപത്യത്തിനായുള്ള റഷ്യൻ ബ്രിട്ടീഷ് ശ്രമങ്ങൾ മൂർദ്ധന്യാവസ്ഥയിലായിരുന്നു. ഈ മത്സരങ്ങൾക്കിടയിൽ നിഷ്പക്ഷമായ ഒരു നിലപാട് സ്വീകരിക്കാൻ ഷേർ അലി പരമാവധി ശ്രമിച്ചെങ്കിലും 1879-ലെ രണ്ടാം ആംഗ്ലോ അഫ്ഗാൻ യുദ്ധത്തിൽ ബ്രിട്ടീഷുകാർ അദ്ദേഹത്തെ പരാജയപ്പെടുത്തുകയായിരുന്നു.

ജീവചരിത്രം[തിരുത്തുക]

അധികാരത്തിലേക്ക്[തിരുത്തുക]

അഫ്ഗാനിസ്താൻ അമീറത്തിന്റെ സ്ഥാപകനായിരുന്ന ദോസ്ത് മുഹമ്മദ് ഖാന്, തന്റെ പ്രിയ്യപ്പെട്ട ഭാര്യയായിരുന്ന ബീബി ഖദീജയിലുണ്ടായ പുത്രനാണ് ഷേർ അലി. ബീബി ഖദീജ, പ്രധാനപ്പെട്ട ഒരു ദുറാനി കുടുംബാംഗമായിരുന്നു. ദോസ്ത് മുഹമ്മദിന്റെ മക്കളിൽ പ്രധാനിമാരായ മുഹമ്മദ് അക്ബർ ഖാൻ, ഗുലാം ഹൈദർ എന്നിവർ ഷേർ അലിയുടെ നേർ സഹോദരന്മാരായിരുന്നു. പിതാവിന്റെ മരണശേഷം അമീർ ആയി അധികാരത്തിലേറുന്നതിന് ഇക്കാരണങ്ങൾ‍ ഷേർ അലി ഖാന് മുതൽക്കൂട്ടായി.

തന്റെ 27 മക്കളിൽ പ്രധാനികളായ മൂന്നു പേർ‍, അതായത് അക്ബർ ഖാൻ, ഗുലാം ഹൈദർ‍, അക്രം ഖാൻ എന്നിവർ യഥാക്രമം 1847, 1858, 1852 എന്നീ വർഷങ്ങളിൽ മരണമടഞ്ഞതിനു ശേഷം ദോസ്ത് മുഹമ്മദ്, ഷേർ അലിയെയാണ് തന്റെ പിൻ‌ഗാമിയായി പ്രഖ്യാപിച്ചിരുന്നത്. 1863-ൽ തന്റെ പിതാവിന്റെ മരണശേഷം ഷേർ അലി ഖാൻ അങ്ങനെ അമീർ ആയി സ്ഥാനമേറ്റു.[1]

എതിർപ്പുകൾ[തിരുത്തുക]

പ്രായത്തിൽ വളരെ ചെറുപ്പമായിരുന്ന ഷേർ അലി ഖാൻ അധികാരമേറ്റെടുത്തതിനു ശേഷം തന്റെ അർദ്ധസഹോദരന്മാരിൽ നിന്നും നിരവധി എതിർപ്പുകൾ നേരിട്ടു. ദോസ്ത് മുഹമ്മദിന് ഒരു ബംഗഷ് ഭാര്യയിൽ ജനിച്ച രണ്ടു മക്കളായിരുന്ന മുഹമ്മദ് അഫ്സൽ ഖാനും മുഹമ്മദ് അസം ഖാനുമായിരുന്നു എതിരാളികളിൽ പ്രമാണിമാർ‍. കലാപങ്ങളുയർത്തിയ ഇവർക്ക് വിജയിക്കാനായില്ലെന്നു മാത്രമല്ല ഇളയ സഹോദരനായിരുന്ന അസം ഖാൻ തോൽപ്പിക്കപ്പെടുകയും അയാൾക്ക് ഇന്ത്യയിലേക്ക് പലായനം ചെയ്യേണ്ടതായും വന്നെങ്കിൽ അഫ്സൽ ഖാൻ തുറുങ്കിലടക്കപ്പെട്ടു.[1]

പരാജയം[തിരുത്തുക]

1866-ൽ മുഹമ്മദ് അഫ്സൽ ഖാന്റെ മകൻ അബ്ദ് അൽ റഹ്മാൻ ഖാൻ, ഷേർ അലിയെ പരാജയപ്പെടുത്തുകയും അധികാരത്തിൽ നിന്നും പുറത്താക്കുകയും ചെയ്തു. തടർന്ന് മുഹമ്മദ് അഫ്സൽ ഖാൻ അമീർ ആയി സ്ഥാനമേറ്റെങ്കിലും അദ്ദേഹത്തിന് ചുരുങ്ങിയ കാലം മാത്രമേ ഭരിക്കാനായുള്ളൂ. 1867 ഒക്ടോബർ 7-ന് മുഹമ്മദ് അഫ്സൽ ഖാൻ മരണമടയുകയും അദ്ദേഹത്തിന്റെ സഹോദരൻ മുഹമ്മദ് അസം ഖാൻ അധികാരത്തിലേറുകയും ചെയ്തു.[1]

വീണ്ടും അധികാരത്തിലേക്ക്[തിരുത്തുക]

പുറത്തായി മൂന്നുവർഷത്തിനകം അതായത്, 1869 ജനുവരി മാസത്തിൽ ഷേർ അലിയും അയാളുടെ പുത്രനായ യാക്കൂബ് ഖാനും ചേർന്ന് ബ്രിട്ടീഷുകാരുടെ സാമ്പത്തികസഹായത്തോടെ കാബൂൾ പിടിച്ചെടുത്തു. മുഹമ്മദ് അസം ഖാൻ ഇറാനിലേക്ക് പലായനം ചെയ്യുകയും ഒക്ടോബറിൽ അവിടെ വച്ച് മരനമടയുകയും ചെയ്തു. മുഹമ്മദ് അഫ്സലിന്റെ പുത്രൻ അബ്ദ് അൽ റഹ്മാനാകട്ടെ, വടക്കൻ അഫ്ഗാനിസ്താനിലെ മസാർ ഇ ഷറീഫിലേക്കും അവിടെ നിന്ന്‌ താഷ്കന്റിലേക്കും പലായനം ചെയ്തു.[1]

റഷ്യൻ മുന്നേറ്റങ്ങളും ബ്രിട്ടീഷ് ബന്ധവും[തിരുത്തുക]

ഷേർ അലിയുടെ ഭരണകാലത്ത്, റഷ്യക്കാർ‍, ദക്ഷിണമദ്ധ്യേഷ്യയിലേക്ക് പിടിമുറിക്കിക്കൊണ്ടിരിക്കുകയായിരുന്നു. 1865-ൽ താഷ്കണ്ടും 1868-ൽ സമർഖണ്ഡും റഷ്യക്കാർ പിടിച്ചടക്കി. 1869-ൽ ബുഖാറയെ പിടിച്ചടക്കി ഒരു റഷ്യൻ സാമന്തദേശമാക്കി.

റഷ്യക്കാരുടെ മുന്നേറ്റം ഭയന്ന് ഷേർ അലി, ബ്രിട്ടീഷുകാരോട് സഹായമഭ്യർത്ഥിച്ചു. ഇതിനെത്തുടർന്ന് 1869 മാർച്ചിൽ അമ്പാലയിൽ (ambela) വച്ച് ബ്രിട്ടീഷ് ഗവർണർ ജനറൽ മേയോ പ്രഭുവുമായി ഒരു ചർച്ചയും നടന്നു. റഷ്യൻ ആക്രമണമുണ്ടാകുകയാണെങ്കിൽ സഹായിക്കുക, തന്റെ മകൻ അബ്ദ് അള്ളാ ജാനെ പി‌ൻ‌ഗാമിയാക്കുന്നതിൽ പിന്തുണക്കുക തുടങ്ങിയവയായിരുന്നു ഷേർ അലിയുടെ ആവശ്യങ്ങൾ.

ബ്രിട്ടീഷുകാർ, ഇക്കാലത്ത് മറ്റു രാജ്യങ്ങളുടെ കാര്യങ്ങളിൽ നേരിട്ട് ഇടപെടാത്ത (masterly inactivity) നയം പിന്തുടരുന്ന കാലമായിരുന്നു. അതുകൊണ്ട് അവർ ഇത്തരത്തിലുള്ള വലിയ ഉറപ്പുകൾ നൽകാനോ അഫ്ഗാനിസ്താനിലെ കാര്യങ്ങളിൽ നേരിട്ട് ഇടപെടുന്നതിനും വിസമ്മതിച്ചു. എങ്കിലും സാമ്പത്തികസൈനികസഹായങ്ങൾ അഫ്ഗാനികൾക്ക് അവർ വാഗ്ദാനം ചെയ്തു.

1873-ൽ ബ്രിട്ടീഷുകാരുടെ സഹായത്തോടെ റഷ്യയുമായി ഒരു അതിർത്തിക്കരാറീലെത്താൻ അഫ്ഗാനികൾക്ക് സാധിച്ചു. ഗ്രാൻ‌വില്ലെ-ഗോർച്ചാക്കോവ് സന്ധി എന്നറിയപ്പെടുന്ന ഈ കരാറനുസൈച്ച് അമു ദര്യ, അഫ്ഗാനിസ്താന്റെ വടക്കൻ അതിർത്തിയയി ഇരുകൂട്ടരും അംഗീകരിച്ചു.

എന്നാൽ ഇറാനും അഫ്ഗാനിസ്താനും തമ്മിലുള്ള ഒരു അതിർത്തിപ്രശ്നത്തിൽ മാദ്ധ്യസ്ഥം വഹിച്ച ബ്രിട്ടീഷുകാർ, ഹിൽമന്ദ് നദിയെ അതിർത്തിയായി നിശ്ചയിച്ചതിലൂടെ സിസ്താന്റെ ഫലഭൂയിഷ്ടമായ ഭൂരിഭാഗം പ്രദേശങ്ങൾ ഇറാനിലേക്ക് പോകുകയും അമീർ ഷേർ അലിയും ബ്രിട്ടീഷുകാരും തമ്മിലുള്ള ബന്ധം മോശമാകാൻ തുടങ്ങുകയും ചെയ്തു.[1]

മക്കളുമായുള്ള കലാപങ്ങൾ[തിരുത്തുക]

1870-ൽത്തന്നെ ഷേർ അലിയുടെ പുത്രൻ മുഹമ്മദ് യാക്കൂബ് ഖാനും അയാളുടെ പൂർണ്ണസഹോദരൻ മുഹമ്മദ് അയൂബ് ഖാനും കലാപമുയർത്തി. ഇറാനിലേക്ക് കടന്നു. തുടർന്ന് അച്ഛനും മക്കളും തമ്മിൽ ധാരണയിലെത്തുകയും യാക്കൂബ് ഖാനെ ഹെറാത്തിലെ പ്രതിനിധിയാക്കുകയും ചെയ്തിരുന്നു. എന്നാൽ 1874-ൽ ഷേർ അലി മറ്റൊരു പുത്രനായ അബ്ദ് അള്ളാ ജാനെ തന്റെ പിൻ‌ഗാമിയായി പ്രഖ്യാപിക്കുകയും യാക്കൂബ് ഖാനെ കാബൂളിൽ തടവിലാക്കുകയും ചെയ്തു. 1879 വരെ ഇയാൾ തടവിലായിരുന്നു. തന്റെ സഹോദരനെ രക്ഷിക്കാൻ അയൂബ് ഖാൻ ശ്രമം നടത്തിയെങ്കിലും വിജയം കാണാതെ പേർഷ്യയിലേക്ക് തിരിച്ചുപോകേണ്ടിവന്നു. എന്നാൽ ബ്രിട്ടീഷുകാർ യാക്കൂബ് ഖാന്റെ പക്ഷം പിടിച്ച് ഇടപെടാൻ ശ്രമിച്ചത്, അമീറും ബ്രിട്ടീഷുകാരും തമ്മിൽ വിടവ് വർദ്ധിക്കാനിടയാക്കി.[1]

രണ്ടാം ആംഗ്ലോ-അഫ്ഗാൻ യുദ്ധം, അന്ത്യം[തിരുത്തുക]

അഫ്ഗാൻ അമീർ, ഷേർ അലിയും സുഹൃത്തുക്കളും (റഷ്യൻ കരടിയും ബ്രിട്ടീഷ് സിംഹവും) - വൻ‌കളിയെ സൂചിപ്പിക്കുന്ന 1878-ലെ രാഷ്ട്രീയകാർട്ടൂൺ
ഷേർ അലി ഖാനും പുത്രൻ അബ്ദുള്ള ജാനും കൂട്ടാളികൾക്കൊപ്പം

1874-ൽ ‍ ബെഞ്ചമിൻ ഡിസ്രയേലി, ഇംഗ്ലണ്ടിൽ പ്രധാനമന്ത്രിയാകുകയും സാലിസ്ബറി പ്രഭു ഇന്ത്യയുടെ കാര്യങ്ങൾക്കായുള്ള വിദേശകാര്യസെക്രട്ടറിയാകുകയും ചെയ്ത അവസരത്തിൽ അഫ്ഗാനിസ്താനിലെ “നേരിട്ട് ഇടപെടാതിരിക്കൽ നയം“ (masterly inactivity) ബ്രിട്ടൺ ഉപേക്ഷിച്ചു. 1873-ൽ റഷ്യക്കാർ, ഖീവയും 76-ൽ ഖോകന്ദ് എമിറേറ്റും അധീനതയിലാക്കിയതിലുള്ള പരിഭ്രാന്തിയിലായിരുന്നു ഇത്. ഇതിനെത്തുടർന്ന് അഫ്ഗാനിസ്താനിൽ സൈനികരെ വിന്യസിക്കുന്നതിന് ബ്രിട്ടീഷുകാർ ഷേർ അലിക്കു മേൽ സമ്മർദ്ധം ചെലുത്തിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. തുടർന്ന് 1876 ഡിസംബർ 8-ന് ബ്രിട്ടീഷുകാർ കന്ദഹാറിനടുത്തുള്ള ക്വെത്തയിൽ ആധിപത്യം സ്ഥാപിച്ച് അതിനെ ഒരു സൈനികത്താവളമാക്കി.

1878 ജൂലൈ 22-ന് ഒരു റഷ്യൻ ദൂതൻ കാബൂളിലെത്തുകയും മനസ്സില്ലാമനസോടെയെങ്കിലും ഷേർ അലി ഇയാളെ സ്വീകരിക്കുകയും ചെയ്തു. ഇതോടെ ബ്രിട്ടീഷുകാരും ഒരു സംഘത്തെ ജനറൽ നെവില്ലെ ചാമ്പർലൈന്റെ നേതൃത്വത്തിൽ അഫ്ഗാനിസ്താനിലേക്കയച്ചു. ഈ സംഘത്തിന് അഫ്ഗാനിസ്താനിലേക്ക് പ്രവേശനം നിഷേധിച്ചതോടെ രണ്ടാം അഫ്ഗാൻ യുദ്ധത്തിന് ആരംഭമായി.

1878 നവംബർ 21-ന് ബ്രിട്ടീഷുകാർ അഫ്ഗാനിസ്താനിൽ കടക്കുകയും 1879 ജനുവരി 8-ന് കാബൂൾ പിടിച്ചടക്കുകയും ചെയ്തു. റഷ്യക്കാരിൽ നിന്നും പ്രതീക്ഷിച്ച സഹായം ലഭിക്കാതെ വന്നതിനാൽ ഷേർ അലി റഷ്യയിൽ അഭയം തേടാനായി വടക്കോട്ട് പലായനം ചെയ്തു. റഷ്യയിലേക്ക് പ്രവേശനം നിഷേധിക്കപ്പെടുകയും 1879 ഫെബ്രുവരി 21-ന് ബൽഖിനടുത്തുവച്ച് (മസാർ ഇ ശരീഫിൽ വച്ച്[2]) അദ്ദേഹം മരണമടയുകയും ചെയ്തു.

ഷേർ അലി പിൻ‌ഗാമിയായി പ്രഖ്യാപിച്ചിരുന്ന അദ്ദേഹത്തിന്റെ പുത്രൻ അബ്ദ് അല്ലാ ജാൻ, നേരത്തേതന്നെ (1878 ഓഗസ്റ്റ് 17) മരണമടഞ്ഞിരുന്നു. ഷേർ അലി കാബൂളിൽ തടവിലാക്കിയിരുന്ന പുത്രൻ യാക്കൂബ് ഖാനെ മോചിപ്പിച്ച് ബ്രിട്ടീഷുകാർ അദ്ദേഹത്തെ രാജാവാക്കി. [1]

ആധുനികവൽക്കരണനടപടികൾ[തിരുത്തുക]

ഷേർ അലിയുടെ ഭരണകാലത്ത് രാജ്യത്ത് നിരവധി പരിഷ്കരണപരിപാടികൾ നടപ്പിലാക്കി. ഭൂനികുതി പണമായി സ്വീകരിക്കുക, തന്റെ പിതാവിൽ നിന്നും വ്യത്യസ്തമായി, ഗവർണർമാരുടെ അധികാരം പരിമിതപ്പെടുത്തുക, സൈന്യാധിപർക്കുള്ള പ്രതിഫലം ഗ്രാമങ്ങൾക്കു മേലുള്ള അധികാരമായി നൽകാതെ പകരം പണമായി നൽകുക, സൈനികർക്ക് ഒരേതരം വസ്ത്രം തുടങ്ങിയവയോക്കെ ഈ നടപടികളിൽപ്പെടുന്നു. 56,000 പേരടങ്ങുന്ന ഒരു സ്ഥിരം സൈന്യം രൂപവത്കരിക്കാനും ഷേർ അലിക്ക് സാധിച്ചു. ഈ സൈന്യത്തിൽ ഭൂരിഭാഗം പേരും ഘൽജികളായിരുന്നു.

സൈന്യത്തിൽ മാത്രം ഒതുങ്ങാതെ, പരിഷ്കരണം മറ്റു മേഖലകളിലേക്കും കടന്നിരുന്നു. ആധുനികരീതിയിലുള്ള തോക്കുകൾ കാബൂളിൽ നിർമ്മിക്കാനാരംഭിക്കുക, കാബൂളിനും പെഷവാറിനുമിടയിലെ തപാൽ സംവിധാനത്തിനായി തപാൽ സ്റ്റാമ്പ് പുറത്തിറക്കുക (1871), കാബൂളിൽ രണ്ടു വർത്തമാനപ്പത്രങ്ങൾ ആരംഭിക്കുക ഇവയെല്ലാം ഈ നടപടികളിൽപ്പെടുന്നു.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 1.5 1.6 1.7 Vogelsang, Willem (2002). "16-War with Britain". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. പുറങ്ങൾ. 257–260. ISBN 978-1-4051-8243-0. Cite has empty unknown parameter: |coauthors= (help)
  2. "Dupree: Amir Sher Ali Khan". മൂലതാളിൽ നിന്നും 2010-08-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-03-01.
"https://ml.wikipedia.org/w/index.php?title=ഷേർ_അലി_ഖാൻ&oldid=3792221" എന്ന താളിൽനിന്ന് ശേഖരിച്ചത്