ഷെയ് ഫൊക്സുണ്ടോ ദേശീയോദ്യാനം

Coordinates: 29°21′29″N 82°50′44″E / 29.3581°N 82.8456°E / 29.3581; 82.8456
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷെയ് ഫൊക്സുണ്ടോ ദേശീയോദ്യാനം
ഫൊക്സുണ്ടോ തടാകം
Map showing the location of ഷെയ് ഫൊക്സുണ്ടോ ദേശീയോദ്യാനം
Map showing the location of ഷെയ് ഫൊക്സുണ്ടോ ദേശീയോദ്യാനം
Locationനേപ്പാൾ
Coordinates29°21′29″N 82°50′44″E / 29.3581°N 82.8456°E / 29.3581; 82.8456
Area3,555 km2 (1,373 sq mi)
Established1984
Governing bodyDepartment of National Parks and Wildlife Conservation, Ministry of Forests and Soil Conservation

ഷെയ്‍ ഫൊക്സുണ്ടോ ദേശീയോദ്യാനം നേപ്പാളിലെ ഏറ്റവും വലിപ്പമുള്ളതും ഏക ട്രാൻസ്-ഹിമാലയൻ ദേശീയോദ്യാനവുമാണ്. 1984 ൽ സ്ഥാപിതമായ ഈ ദേശീയോദ്യാനം നേപ്പാളിലെ മദ്ധ്യ-പടിഞ്ഞാറൻ മേഖലയിലെ ഡോൽപ, മുഗു ജില്ലകളിലായി 3,555 ചതുരശ്ര കിലോമീറ്റർ (1,373 ചതരശ്ര മൈൽ) പ്രദേശത്തായി വ്യാപിച്ചുകിടക്കുന്നു. ഈ സംരക്ഷിത മേഖല 2,130 മീറ്റർ (6,990 അടി) മുതൽ 6,885 മീറ്റർ (22,589 അടി) വരെ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്.[1] ഡോൾപ ജില്ലയിലെ പലാമിലാണ് ദേശീയോദ്യാനത്തിൻറെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്.

സവിശേഷതകൾ[തിരുത്തുക]

ഷെയ് ഫൊക്സുണ്ടോ ദേശീയോദ്യാനം വൈവിധ്യമാർന്ന ഭൂപ്രകൃതിയും വർണ്ണശബളമായ കാഴ്ചകളും പ്രദാനം ചെയ്യുന്ന ലോകത്തിലെ ഏറ്റവും മനോഹരമായ മലനിരകളിലെ ദേശീയോദ്യാനമാണ്. ദേശീയോദ്യാനത്തിന്റെ ഭൂരഭാഗവും സ്ഥിതിചെയ്യുന്നത് ഹിമാലയൻ ശിഖരത്തിന്റെ വടക്ക് ഭാഗത്താണ്. ഉയരം തെക്കുകിഴക്കൻ ആൻഖെയ്ക്കു സമീപം 2,130 മീറ്ററിലാണ് (6,990 അടി) മുതൽ ടിബറ്റൻ പീഠഭൂമിയുടെ തെക്കൻ വിളുമ്പിൽ സ്ഥിതിചെയ്യുന്ന കൊഞ്ചിറോബോ ഹിമാലിന്റെ ഉച്ചസ്ഥായിയിൽ 6,883 മീറ്റർ (22,582 അടി) വരെയായി വ്യത്യാസപ്പെട്ടിരിക്കുന്നു. ഫോസ്കുണ്ടോ തടാകം 3,660 മീറ്റർ (12,010 അടി) ഉയരത്തിൽ സുലിഗാഡ് നദിയുടെ ഉയർന്ന ഭാഗത്ത് സ്ഥിതിചെയ്യുന്നു. ഈ തടാകം ഹിമാനകളാൽ വലയം ചെയ്യപ്പെട്ടു കിടക്കുന്നതും ഹരിതനീലിമയാർന്നതുമാണ്. തടാകത്തിന്റെ നിർഗമനമാർഗ്ഗത്തിൽ രാജ്യത്തെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം നിലനിൽക്കുന്നു.

ഫോക്സുണ്ടോ തടാകത്തിന്റെ ഉപരിതല വിസ്തീർണ്ണം 494 ഹെക്ടർ (1,220 ഏക്കർ) ആണ്. 2007 സെപ്റ്റംബറിൽ റാംസർ സൈറ്റായി പ്രഖ്യാപിക്കപ്പെട്ടു. എക്കോ സൌണ്ടിംഗ് സാങ്കേതികത ഉപയോഗിച്ച്  അളന്ന ഈ തടാകത്തിന്റെ ആഴം ഏകദേശം145 മീറ്റർ (476 അടി) വരെയാണ്. ദേശീയോദ്യാനത്തിന്റെ  വടക്കുകിഴക്കൻ ഭാഗത്തു സ്ഥിതി ചെയ്യുന്ന ഉയർന്ന ഡോൾപോ സമതലത്തിലൂടെ ലാൻഗു നദി ഒഴുകുന്നു. സുലിഗഡ്, ജുഗ്ഡുവാൽ നദികൾ ചേർന്ന് തെക്കൻ നീർത്തടം സൃഷ്ടിക്കുകയും തെക്കോട്ടൊഴുകി തുളി ഭേരി നദിയിൽ ചെന്നുചേരുകയും ചെയ്യുന്നു.

സസ്യജന്തുജാലങ്ങൾ[തിരുത്തുക]

ദേശീയോദ്യാനത്തിൽ കണ്ടെത്തിയിട്ടുള്ള സസ്യജാലം തികച്ചും വ്യത്യസ്തത പുലർത്തുന്നതാണ്. ഉദ്യാനത്തിൻറെ വടക്കൻ മേഖല ഹിമാലയത്തിന്റെ മുകൾ ഭാഗത്തെ ഊഷരഭൂമികൾ അടങ്ങിയിട്ടുള്ളവയാണ്. ട്രാൻസ് ഹിമാലയൻ ചരിവുകളിൽ പൂവരശുകളുടെ ചില വർഗ്ഗങ്ങളും, കരഗാന കുറ്റിച്ചെടികൾ, വഞ്ചിമരങ്ങൾ, ജൂനിപെർ, വെളുത്ത ഹിമാലയൻ ബിർച്ച്, ഹിമാലയത്തിലെ ഉയർന്ന പുല്ത്തകിടികളിൽ ഇടയ്ക്കിടെ സിൽവർ ഫിർ മരങ്ങൾക്കുമാണ് ഈ മേഖലയിൽ ആധിപത്യം. ദേശീയോദ്യാനത്തിൻറെ അഞ്ച് ശതമാനത്തിൽ കുറവുമാത്രമാണ് വനവത്ക്കരണമുള്ളത്. ഇതിൽ ഭൂരിഭാഗം പ്രദേശങ്ങളും .തെക്കൻ ഭാഗത്തായി വ്യാപിച്ചു കിടക്കുന്നു. സുലിഗാഡ് താഴ്‍വരയിലെ സസ്യജാലങ്ങളിൽ നീല പൈൻ, സ്പ്രൂസ്, ഹെംലോക്ക്, ദേവതാരു, സിൽവർ ഫിർ, പോപ്ലാർ, പൂവരശ്, മുള എന്നിവയാണുള്ളത്. ഈ ദേശീയോദ്യാനത്തിൽ എത്നോബൊട്ടാണിക്കൽ പ്രാധാന്യമുള്ള 286 ഇനം സസ്യജാതികളും ഉൾപ്പെട്ടിരിക്കുന്നു. ഹിമപ്പുലി, ഗ്രേ വുൾഫ്, കസ്തൂരിമാൻ, നീല ആട് തുടങ്ങിയ വംശനാശ ഭീഷണി നേരിടുന്ന ജീവികൾക്കും ഈ ദേശീയോദ്യാനം ആവാസ വ്യവസ്ഥയൊരുക്കുന്നു. ഹിമാലയൻ ഗോരൽ, വലിയ ടിബറ്റൻ ആടുകൾ, ഹിമാലയൻ താർ, പുള്ളിപ്പുലി, കുറുനരി, ഹിമാലയൻ കറുത്ത കരടി, ഹിമാലയൻ മാർട്ടെൻ എന്നിവയെയും ദേശീയോദ്യാനത്തിൽ കാണപ്പെടുന്നു. ലോകത്തിലെ ഏറ്റവും ഉയരത്തിൽ പറക്കുന്ന ചിത്രശലഭമായ പരലാസ നെപലൈക്ക (Paralasa nepalaica) ഉൾപ്പെടെ 29 തരം ചിത്രശലഭങ്ങളും ആറു തരം ഉരഗങ്ങളും ഇവിടെയുണ്ട്. ടിബറ്റൻ പാട്രിഡ്ജ്, വുഡ് സനൈപ്പ്, വൈറ്റ് ത്രോട്ടഡ് ടിറ്റ്, വുഡ് അക്സൻറർ, ചുവന്ന ചെവിയുള്ള റോസക്കുരുവി തുടങ്ങിയ 200-ഓളം പക്ഷിയിനങ്ങളും ഈ ദേശീയോദ്യാനത്തിലെ ആവാസവ്യവസ്ഥയിലുൾപ്പെട്ടിരിക്കുന്നു.

അവലംബം[തിരുത്തുക]

  1. Bhuju, U. R., Shakya, P. R., Basnet, T. B., Shrestha, S. (2007). Nepal Biodiversity Resource Book. Protected Areas, Ramsar Sites, and World Heritage Sites. Archived 2011-07-26 at the Wayback Machine. International Centre for Integrated Mountain Development, Ministry of Environment, Science and Technology, in cooperation with United Nations Environment Programme, Regional Office for Asia and the Pacific. Kathmandu, ISBN 978-92-9115-033-5