ഷിനോബു ഇഷിഹാര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷിനോബു ഇഷിഹാര
Shinobu Ishihara. Photograph. Wellcome V0026602.jpg
ജനനം(1879-09-25)25 സെപ്റ്റംബർ 1879
ടോക്കിയോ
മരണം3 ജനുവരി 1963(1963-01-03) (പ്രായം 83)
ഇസു പെനിൻസുല
ദേശീയതജപ്പാൻ
അറിയപ്പെടുന്നത്ഇഷിഹാര ടെസ്റ്റ്
Scientific career
Fieldsനേത്രവിജ്ഞാനം

വർണ്ണാന്ധത കണ്ടെത്തുന്നതിനായി സാധരണയായി ഉപയോഗിക്കുന്ന ഇഷിഹാര കളർ ടെസ്റ്റ് സൃഷ്ടിച്ച ജാപ്പനീസ് നേത്രരോഗവിദഗ്ദ്ധനാണ് ഷിനോബു ഇഷിഹാര. ജനനം സെപ്റ്റംബർ 25, 1879 (ടോക്കിയോ) - മരണം ജനുവരി 3, 1963 (ഇസു പെനിൻസുല).

ആദ്യകാല ജീവിതവും തൊഴിലും[തിരുത്തുക]

ഇഷിഹാര 1905 ൽ സൈനിക സ്കോളർഷിപ്പ് മുഖേന മെഡിസിൻ ബിരുദം [1] നേടി, ഇംപീരിയൽ ജാപ്പനീസ് ആർമിയിൽ സർജനായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം തന്റെ സ്പെഷ്യാലിറ്റി, നേത്രരോഗത്തിലേക്ക് മാറ്റി. 1908-ൽ അദ്ദേഹം ടോക്കിയോ സർവകലാശാലയിൽ തിരിച്ചെത്തി. അവിടെ അദ്ദേഹം നേത്ര ഗവേഷണത്തിനായി സ്വയം സമർപ്പിച്ചു. 1910 ൽ ആർമി മെഡിക്കൽ കോളേജിൽ ഇൻസ്ട്രക്ടറായി. അവിടെ, രോഗികളെ കാണുന്നതിനു പുറമേ, "യുദ്ധഭൂമിയിലെ നേത്രശാസ്ത്രത്തെക്കുറിച്ചും" മികച്ച സൈനികരെ എങ്ങനെ തിരഞ്ഞെടുക്കാമെന്നും അദ്ദേഹം ഗവേഷണം നടത്തി. മിലിട്ടറി മെഡിക്കൽ സ്കൂളിൽ ജോലി ചെയ്യുന്നതിനിടയിൽ, സൈനികരെ റിക്രൂട്ട് ചെയ്യുന്നതിൻ്റെ ഭാഗമായി കളർ വിഷന്റെ അസാധാരണതകൾ തിരിച്ചറിയാനുള്ള ഒരു ടെസ്റ്റ് ആവിഷ്കരിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. വർണ്ണാന്ധതയുള്ള ഒരു ഫിസിഷ്യനായിരുന്നു ഇതിന് അദ്ദേഹത്തിന്റെ സഹായി. ആദ്യത്തെ ചാർട്ടുകൾ,‌ ഹിരാഗാന ചിഹ്നങ്ങൾ‌ ഉപയോഗിച്ച് ജലച്ചായത്തിൽ അദ്ദേഹം തന്നെ കൈകൊണ്ട്‌ വരച്ചവയാണ്.

ഇഷിഹാര കളർ വിഷൻ ടെസ്റ്റ്[തിരുത്തുക]

ഒരു ഇഷിഹാര കളർ ടെസ്റ്റ് പ്ലേറ്റിന്റെ ഉദാഹരണം. സാധാരണ വർ‌ണ്ണ ദർശനം ഉള്ളവർക്ക് "74" എന്ന നമ്പർ‌ വ്യക്തമായി കാണാനാകും. ഡൈക്രൊമസി അല്ലെങ്കിൽ അനോമാലസ് ട്രൈക്രോമസി ഉള്ളവർ ഇത് "21" എന്ന് വായിക്കാം, മോണോക്രോമസി ഉള്ളവർക്ക് നമ്പറുകൾ ഒന്നും കാണാൻ കഴിയില്ല.

1918 ൽ അദ്ദേഹം നിർമ്മിച്ച ഇഷിഹാര കളർ വിഷൻ ചാർട്ടുകളിലൂടെ ഇഷിഹാര എന്ന പേര് ലോകമെമ്പാടും അറിയപ്പെടുന്നു. ഇഷിഹാര ഒരു ജാപ്പനീസ് കാഴ്ച പരിശോധന ചാർട്ട്, സമീപ കാഴ്ച നിർണ്ണയിക്കുന്നതിനുള്ള ഒരു ഉപകരണം, എന്നിവയും വികസിപ്പിച്ചു, നിലവിൽ ജപ്പാനിൽ ഇത് രണ്ടും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ട്രക്കോമ, ഹ്രസ്വദൃഷ്ടി എന്നിവയുടെ പഠനത്തിലും അദ്ദേഹം കാര്യമായ സംഭാവനകൾ നൽകി.

1908 ൽ ഇഷിഹാര ടോക്കിയോയിലെ ഇംപീരിയൽ യൂണിവേഴ്‌സിറ്റിയിൽ, ജുജിറൊ കൊമോട്ടൊയുടെ കീഴിൽ നേത്രരോഗത്തിൽ ബിരുദാനന്തര ബിരുദ കോഴ്‌സിൽ പ്രവേശിച്ചു. തുടർന്ന്, പ്രൊഫസർമാരായ വുൾഫ് ഗാംഗ് സ്റ്റോക്ക്, തിയോഡോർ ആക്സൻഫെൽഡ്, കാൾ വോൺ ഹെസ് എന്നിവരുടെ കീഴിൽ ജർമ്മനിയിൽ പഠിച്ചു. 1922 ൽ, കൊമോടോയുടെ പിൻഗാമിയായി, ടോക്കിയോയിലെ ഇംപീരിയൽ യൂണിവേഴ്‌സിറ്റിയിലെ ഒഫ്താൽമോളജി വിഭാഗത്തിൽ പ്രൊഫസറും ചെയർമാനുമായി ഇഷിഹാരയെ നിയമിക്കുകയും 1940 മാർച്ച് വരെ അദ്ദേഹം ആ സ്ഥാനത്ത് സേവനമനുഷ്ഠിക്കുകയും ചെയ്തു.

സ്വകാര്യ ജീവിതം[തിരുത്തുക]

ഇഷിഹാര, ഭൗതിക സ്വത്തുകളിൽ താൽപ്പര്യമില്ലാതെ വളരെ എളിമയുള്ള ജീവിതമാണ് നയിച്ചത്. വിരമിച്ച ശേഷം, അദ്ദേഹത്തെ വളരെയധികം ബഹുമാനിച്ചിരുന്ന വിദ്യാർത്ഥികൾ ഇഷിഹാരയ്ക്കായി ഇസു ഉപദ്വീപിലെ ഒരു ചൂടുള്ള നീരുറവയ്ക്കടുത്ത് പണിത കുടിലിൽ താമസിച്ച് അവിടെ ഡോക്ടറായി സേവനമനുഷ്ഠിച്ചു. അയൽക്കാർക്കായി പണം വേണ്ടാത്ത സേവനം ആയിരുന്നു അത്. അക്കാലത്തെ പതിവ് പോലെ, രോഗികൾ വീട്ടിൽ വളർത്തുന്ന ഉൽ‌പ്പന്നങ്ങളിലും ചെറിയ തുകകളിലൂടെയൊക്കെ അദ്ദേഹത്തിന്റെ സേവനത്തിന് നന്ദി പ്രകാശിപ്പിച്ചു. ചെലവുകൾ വഹിച്ച ശേഷം ബാക്കിയുള്ള പണം ഇഷിഹാര ഗ്രാമവാസികൾക്ക് തന്നെ തിരികെ നൽകി. തിരികെ നൽകിയ ഫണ്ടുകൾ ഉപയോഗിച്ച് അവർ ഗ്രാമത്തിലെ കുട്ടികൾക്കായി ഒരു ലൈബ്രറിയും ഒരു പഠനമുറിയും നിർമ്മിക്കുകയാണ് ചെയ്തത്. 1963 ൽ മരിക്കുന്നതുവരെ അവരുടെ ഇടയിൽ തന്നെ ജീവിച്ച ആ ബഹുമാന്യ വ്യക്തിക്ക് ഉചിതമായ ആദരാഞ്ജലി ആയി അത്.[2]

പരാമർശങ്ങൾ[തിരുത്തുക]

  1. "Shinobu Ishihara". Whonamedit? ; A dictionary of medical eponyms. ശേഖരിച്ചത് 3 December 2013.
  2. Japanese Journal of Ophthalmology, volume 38, issue 1. 1994
"https://ml.wikipedia.org/w/index.php?title=ഷിനോബു_ഇഷിഹാര&oldid=3452762" എന്ന താളിൽനിന്ന് ശേഖരിച്ചത്