ഷാലിമാർ പൂന്തോട്ടം, ലാഹോർ
![]() | |
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | പാകിസ്താൻ ![]() |
മാനദണ്ഡം | masterpiece of human creative genius, on developments in architecture or technology, monumental arts, town-planning or landscape design, unique to a cultural tradition ![]() |
അവലംബം | ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്171-002 171-002 |
നിർദ്ദേശാങ്കം | 31°35′09″N 74°22′55″E / 31.585833333333°N 74.381944444444°E |
രേഖപ്പെടുത്തിയത് | (Unknown വിഭാഗം) |
Endangered | 2000 ![]() ![]() |
പാകിസ്താനിലെ ലാഹോറിൽ സ്ഥിതിചെയ്യുന്ന ഒരു ഉദ്യാനമാണ് ഷാലിമാർ പൂന്തോട്ടം അഥവാ ഷാലമർ ബാഗ്.[1] 1641-ൽ മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാനാണ് ഇത് പണികഴിപ്പിച്ചത്.[2] മുഗൾ വാസ്തുവിദ്യാ ശൈലിയിലുള്ള ഉദ്യാനത്തിന്റെ നിർമ്മാണം ഏകദേശം നാലു വർഷം കൊണ്ടാണ് പൂർത്തിയായത്. പൂച്ചെടികളും പുൽത്തകിടിയും ഫലവൃക്ഷങ്ങളും നിറഞ്ഞ ഈ ഉദ്യാനവും പരിസരവും ഏതാണ്ട് 16 ഹെക്ടേർ സ്ഥലത്തായി വ്യാപിച്ചുകിടക്കുന്നു. ഇഷ്ടിക കൊണ്ടു നിർമ്മിച്ചതും ചിത്രപ്പണികൾ നിറഞ്ഞതുമായ മതിൽക്കെട്ടിനുള്ളിലാണ് ഉദ്യാനം സ്ഥിതിചെയ്യുന്നത്. മൂന്ന് നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ ഉദ്യാനത്തെ 1981-ൽ യുനെസ്കോ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തി.[3] മുഗൾ ഭരണകാലത്തെ കലാരീതികളെക്കുറിച്ച് മനസ്സിലാക്കുവാനായി ധാരാളം വിനോദസഞ്ചാരികൾ ഇവിടെയെത്തുന്നു.
ഉള്ളടക്കം
വാക്കിന്റെ ഉത്ഭവം[തിരുത്തുക]
ഏതു ഭാഷയിൽ നിന്നാണ് 'ഷാലിമാർ' എന്ന വാക്കുണ്ടായതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.[4] അറബിക് അല്ലെങ്കിൽ പേർഷ്യൻ ഭാഷയിൽ നിന്നാണ് 'ഷാലിമാർ' എന്ന വാക്കുണ്ടായതെന്ന് റഷ്യൻ പണ്ഡിതനായ അന്ന സുവറോവ അഭിപ്രായപ്പെടുന്നു. അറബി ഭാഷയിൽ 'കെട്ടിടങ്ങളുടെ യജമാനൻ' എന്നർത്ഥമുള്ള 'ഷാ അൽ-ഇമാറത്ത്' എന്ന ഒരു പ്രയോഗമുണ്ട്. 'ഇമാറത്ത്' എന്ന പദം പൂന്തോട്ടം പോലെയുള്ള നിർമ്മിതികളെ സൂചിപ്പിക്കാനാണ് സാധാരണയായി ഉപയോഗിച്ചു വരുന്നത്. സംസ്കൃതത്തിൽ 'ഷാലിമാർ' എന്ന വാക്കിന് 'സ്നേഹത്തിന്റെ ക്ഷേത്രം' എന്നർത്ഥമുണ്ട്.[5]
ചരിത്രം[തിരുത്തുക]
മുഗൾ ചക്രവർത്തിയായിരുന്ന ജഹാംഗീർ കാശ്മീരിൽ ഷാലിമാർ പൂന്തോട്ടം നിർമ്മിച്ചപ്പോൾ അദ്ദഹത്തിന്റെ പുത്രൻ ഷാജഹാന് ഇതേ മാതൃകയിൽ ഒരു പൂന്തോട്ടം ലാഹോറിൽ നിർമ്മിക്കണമെന്ന ആഗ്രഹമുണ്ടായി. ഷാജഹാന്റെ സദസ്സിലുണ്ടായിരുന്ന ഖലിമുള്ള ഖാന്റെ നേതൃത്വത്തിൽ 1637-ൽ പൂന്തോട്ടത്തിന്റെ നിർമ്മാണം ആരംഭിച്ചു. 1641-ലാണ് പൂന്തോട്ടത്തിന്റെ പണി പൂർത്തിയായത്.
പൂന്തോട്ടം നിലനിൽക്കുന്ന സ്ഥലം മുമ്പ് മിയാൻ കുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്നു. 'അറായിൻ' സമുദായത്തിൽപ്പെടുന്ന ഈ കുടുംബം രാജ്യത്തിനു നൽകിയ സേവനങ്ങൾ പരിഗണിച്ച് മുഗൾ ഭരണാധികാരികൾ നൽകിയ സ്ഥാനപ്പേരാണ് 'മിയാൻ'. കുടുംബത്തിലെ മുതിർന്ന അംഗമായ മിയാൻ മുഹമ്മദ് യൂസഫാണ് ഈ സ്ഥലം ഷാജഹാൻ ചക്രവർത്തിക്കു നൽകിയത്. ഇതിനു പകരമായി പൂന്തോട്ടത്തിന്റെ നടത്തിപ്പുചുമതല മിയാൻ കുടുംബത്തിനു വിട്ടുകൊടുത്തു. 350 വർഷത്തിലേറെക്കാലം ഈ പൂന്തോട്ടം മിയാൻ കുടുംബത്തിന്റെ നിയന്ത്രണത്തിലായിരുന്നു. സിഖ് സാമ്രാജ്യകാലത്ത് പൂന്തോട്ടത്തിലെ മാർബിളുകൾ കൊള്ളയടിക്കപ്പെടുകയും അവകൊണ്ട് അമൃത്‌സറിലെ സുവർണ്ണക്ഷേത്രത്തെ അലങ്കരിക്കുകയും ചെയ്തു.[6] 1962-ൽ മിയാൻ കുടുംബവുമായുള്ള എതിർപ്പിനെ തുടർന്ന് പാക് ഭരണാധികാരി അയൂബ് ഖാൻ പൂന്തോട്ടത്തെ സർക്കാർ ഉടമസ്ഥതയിലാക്കി.[7]
എല്ലാവർഷവും ഈ പൂന്തോട്ടത്തിൽ വച്ച് മൂന്നു ദിവസം നീണ്ടുനിൽക്കുന്ന 'മേള ചിരാഗൻ' എന്ന ഉത്സവം നടത്താറുണ്ടായിരുന്നു. 1958-ൽ ഇത് നിർത്തലാക്കി.
പ്രത്യേകതകൾ[തിരുത്തുക]
മധ്യേഷ്യ, കശ്മീർ, പഞ്ചാബ്, പേർഷ്യ, ഡൽഹി സുൽത്താനത്ത് എന്നിവടങ്ങളിലെ വാസ്തുവിദ്യാശൈലിയും പൂന്തോട്ട നിർമ്മാണത്തിനായി സ്വീകരിച്ചിട്ടുണ്ട്.[8] സാമാന്തരികത്തിന്റെ ആകൃതിയിലുള്ള പൂന്തോട്ടത്തിനു ചുറ്റും ഇഷ്ടിക കൊണ്ട് നിർമ്മിച്ച മതിലുണ്ട്. ഇതിൽ ധാരാളം ചിത്രപ്പണികളുണ്ട്. ഖുറാനിൽ സൂചിപ്പിച്ചിരിക്കുന്നതു പോലെ സ്വർഗ്ഗത്തിലുള്ള നാലു പൂന്താട്ടങ്ങളുടെ (ചാർബാഗ്) മാതൃകയിലാണ് ഷാലിമാർ പൂന്തോട്ടം നിർമ്മിച്ചിരിക്കുന്നത്. പൂന്തോട്ടത്തിന്റെ തെക്ക് - വടക്ക് നീളം 658 മീറ്ററും കിഴക്ക് - പടിഞ്ഞാറ് നീളം 258 മീറ്ററുമാണ്.
ഘടന[തിരുത്തുക]
മൂന്നു തട്ടുകളായി തിരിച്ചാണ് പൂന്തോട്ടം നിർമ്മിച്ചിരിക്കുന്നത്. അവ ഓരോന്നും തമ്മിൽ 4 മീറ്റർ മുതൽ 5 മീറ്റർ വരെ അകലമുണ്ട്. മൂന്നു തട്ടുകൾക്കും പേരുനൽകിയിട്ടുണ്ട്. ഏറ്റവും മുകളിലത്തെ തട്ടിന് 'സന്തോഷം നൽകുന്നവൻ' എന്നർത്ഥത്തിൽ 'ഫറാ ബക്ഷ്' എന്നും മധ്യത്തിലുള്ള തട്ടിന് 'നല്ലത് നൽകുന്നവൻ' എന്നർത്ഥത്തിൽ 'ഫൈസ് ബക്ഷ്' എന്നും ഏറ്റവും താഴെയുള്ള തട്ടിന് 'ജീവിതം നൽകുന്നവൻ' എന്നർത്ഥത്തിൽ 'ഹയാത് ബക്ഷ്' എന്നും പേരു നൽകിയിരിക്കുന്നു.
ജലധാര[തിരുത്തുക]
മാർബിൾ തറയോടു കൂടിയ കുളങ്ങളിൽ 410 ജലധാരകളാണ് ഷാലിമാർ പൂന്തോട്ടത്തിലുള്ളത്. പൂന്തോട്ടത്തിന്റെ മുകൾത്തട്ടിൽ 105-ഉം മധ്യഭാഗത്തായി 152-ഉം താഴത്തെ തട്ടിൽ 153-ഉം ജലധാരകൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇവയുടെ നിർമ്മാണ ഘടന പൂർണ്ണമായും മനസ്സിലാക്കുവാൻ ശാസ്ത്രജ്ഞർക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. ജലധാരകളുടെയും അരുവികളുടെയും സാന്നിദ്ധ്യം മൂലം പൂന്തോട്ടത്തിന്റെ താപനില സ്ഥിരമായി നിലനിർത്തുന്നു. ഉഷ്ണകാലത്ത് 49 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരുന്ന ലാഹോർ നഗരം സന്ദർശിക്കാനെത്തുന്നവർക്ക് തികച്ചും അനുയോജ്യമായ സ്ഥലമാണ് ഷാലിമാർ പൂന്തോട്ടം.
മറ്റു കാഴ്ചകൾ[തിരുത്തുക]
ആപ്പിൾ, ആപ്രിക്കോട്ട്, ചെറി, മാമ്പഴം, മൾബറി, പ്ലം എന്നിങ്ങനെ നിരവധി വൃക്ഷങ്ങൾ ഇവിടെയുണ്ട്. ഇതുകൂടാതെ മിനാരങ്ങൾ, വിശ്രമകേന്ദ്രങ്ങൾ, മറ്റു കെട്ടിടങ്ങൾ എന്നിവയുമുണ്ട്.
സംരക്ഷണം[തിരുത്തുക]
ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഷാലിമാർ പൂന്തോട്ടത്തെ സംരക്ഷിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. 1981-ൽ യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ലാഹോർ കോട്ടയോടൊപ്പം ഷാലിമാർ പൂന്തോട്ടത്തെയും ഉൾപ്പെടുത്തിയിരുന്നു.
സ്ഥാനം[തിരുത്തുക]
പാകിസ്താനിൽ പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനമായ ലാഹോർ നഗരത്തിലെ വാൾഡ് സിറ്റിക്കു സമീപത്തായി ഭഗവാൻപുരയിലാണ് ഷാലിമാർ പൂന്തോട്ടം സ്ഥിതിചെയ്യുന്നത്. ലാഹോറിന് 5 കിലോമീറ്റർ വടക്കുകിഴക്കായി ഗ്രാൻഡ് ട്രങ്ക് റോഡിലൂടെ സഞ്ചരിച്ചാൽ ഭഗവാൻപുരയിൽ എത്തിച്ചേരാം.
ചിത്രശാല[തിരുത്തുക]
- Shalimar Gardens Gallery
അവലംബം[തിരുത്തുക]
- ↑ Google maps. "Location of Shalimar Gardens". Google maps. ശേഖരിച്ചത് 23 September 2013.
- ↑ Shalamar Gardens Gardens of the Mughal Empire. Retrieved 20 June 2012
- ↑ "Fort and Shalimar Gardens in Lahore". UNESCO. ശേഖരിച്ചത് 4 January 2017.
- ↑ Ahmed, Khaled. "The meaning of 'Shalimar'". The Express Tribune. ശേഖരിച്ചത് 28 August 2016.
- ↑ Anna Suvorova. Lahore: Topophilia of Space and Place.—— Oxford University Press.— 2011. — P.79–108.
- ↑ Turner, Tom (2005). Garden History: Philosophy and Design 2000 BC – 2000 AD. Routledge. ISBN 9781134370825.
- ↑ Upon A Trailing Edge: Risk, the Heart and the Air Pilot. Troubador Publishing Ltd. 2015. p. 268.
- ↑ "Shalimar Gardens". Gardens of the Mughal Empire. Smithsonian Productions. ശേഖരിച്ചത് 28 August 2016.
പുറംകണ്ണികൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Shalimar Gardens (Lahore) എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
- UNESCO World Heritage Site Profile
- The Herbert Offen Research Collection of the Phillips Library at the Peabody Essex Museum
- Sattar Sikander, The Shalamar: A Typical Muslim Garden, Islamic Environmental Design Research Centre
- Chapter on Mughal Gardens from Dunbarton Oaks discusses the Shalimar Gardens
- Irrigating the Shalimar Gardens in addition to canal named Shah Nahar Youtube link in Urdu