ഷഡ്‌കാലഗോവിന്ദമാരാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഷഡ്കാല ഗോവിന്ദമാരാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


രാജാ രവിവർമ്മ വരച്ച ഷഡ്കാലഗോവിന്ദമാരാരുടെ ചിത്രം

19ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിഖ്യാത കർണ്ണാടകസംഗീതജ്ഞനായിരുന്നു ഷഡ്കാലഗോവിന്ദമാരാർ.ഷഡ്കാല ഗോവിന്ദമാരാരുടെ ജന്മഗൃഹം കോട്ടയം ജില്ലയിലെ പുതുപള്ളിക്കടുത്തുള്ള വെണ്ണിമല എന്ന ആറു കാലങ്ങളിൽ ആലാപനം നടത്താനുള്ള കഴിവായിരുന്നു ഇദ്ദേഹത്തിന്റെ പ്രത്യേകത. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ സ്വാതിതിരുനാളിന്റെ സംഗീത സദസ്സിലെ ആസ്ഥാനവിദ്വാന്മാരിൽ ഒരാളായിരുന്നു അദ്ദേഹം.  ഗോവിന്ദമാരാർ ഷഡ്കാല ഗോവിന്ദമാരാരായതിനു പിന്നിൽ ഒരു കഥയുണ്ട്. ഏഴു തന്ത്രികളുള്ള സവിശേഷമായ തന്റെ തംബുരുവിൽ ശ്രുതിമീട്ടി അതിവിളംബരത്തിലാരംഭിച്ച് ആറാം കാലമായ അതിദ്രുതത്തിലേക്കു കടന്ന് പാടുവാനുള്ള കഴിവ് മാരാർക്കുമാത്രമേ ഉണ്ടായിരുന്നുള്ളു. ഈ അസാധാരണ സിദ്ധിയത്രേ ഷഡ്കാല എന്ന വിശേഷണം കൂടി പേരിനു മുന്നിൽ വന്നു ചേരാൻ കാരണം. മാരാരുടെ കഴിവിൽ അൽഭുതം കൊണ്ടാണ്‌ ത്യാഗരാജൻ തന്റെ പ്രസിദ്ധമായ എന്തരോ മഹാനുഭാവുലൂ എന്ന കീർത്തനം ചിട്ടപ്പെടുത്തിയതെന്ന് പറയപ്പെടുന്നു.

ജീവിതം[തിരുത്തുക]

സ്വാതി തിരുന്നാളിന്റേയും ത്യാഗരാജന്റേയും സമകാലീകനായിരുന്നു ഗോവിന്ദമാരാർ. ചെണ്ടയും തിമിലയും ഉൾപ്പെടെയുള്ള തുകൽ വാദ്യങ്ങളിലെ വൈദഗ്‌ദ്ധ്യം ആയിരുന്നു മാരാർ സമുദായത്തിന്റെ മുഖമുദ്രയെങ്കിൽ ഗോവിന്ദമാരാർ അതിൽ നിന്നു മാറി വായ്‌പാട്ടിലാണു ശ്രദ്ധപതിപ്പിച്ചത്‌. ഹരിപ്പാട്‌ രാമസ്വാമി ഭാഗവതരായിരുന്നു ഗോവിന്ദമാരാരുടെ ഗുരു. സംഗീതജ്ഞൻമാരിൽ അപൂർവ്വം മാത്രം കാണാനാകുന്ന ഒരു പ്രത്യേകത ഗോവിന്ദമാരാർക്കുണ്ടായിരുന്നു. ആറുകാലങ്ങളിൽ പല്ലവി പാടാനുള്ള കഴിവായിരുന്നു അത്‌. ഏറ്റവും മികച്ച പാട്ടുകാർ പോലും മൂന്നു കാലങ്ങളിൽമാത്രം പാടുമ്പോൾ ഗോവിന്ദമാരാർക്കു കൈമുതലായി ലഭിച്ച ഈ കഴിവ്‌ അദ്ദേഹത്തെ 'ഷട്‌കാല ഗോവിന്ദമാരാർ' എന്ന വിളിപ്പേരിന്‌ അർഹനാക്കി. നാലു തന്ത്രികളുള്ള സാധാരണ തംബുരുവിൽ നിന്നു വ്യത്യസ്‌തമായി ഏഴു തന്ത്രികളുള്ള തംബുരുവാദത്തിലെ പ്രാഗല്ഭ്യവും ഗോവിന്ദമാരാരെ പ്രശസ്‌തനാക്കി. തന്റെ സംഗീതസപര്യയുമായി നാടുചുറ്റുന്നതിനിടയിൽ സ്വാതിസന്നിധിയിലെത്തിയ ഗോവിന്ദമാരാർക്ക്‌ സ്വാതിതിരുനാൾ നൽകിയ അഭിനന്ദനവും പ്രോത്സാഹനവും വളരെ വലുതായിരുന്നു. സ്വാതിസഭയിൽ ത്യാഗരാജസ്വാമികളുടെ അതുല്യമായ സംഗീതസംതുലനങ്ങൾ അനനുകരണീയമായ ശൈലിയിൽ അവതരിപ്പിച്ച്‌ ഗോവിന്ദമാരാർ പ്രശംസ പിടിച്ചുപറ്റി. ഗോവിന്ദമാരാരുടെ പ്രതിഭയിൽ ആകൃഷ്‌ടനായ സ്വാതിതിരുനാൾ വടിവേലുവിനേയും കൂട്ടി അദ്ദേഹത്തെ തിരുവയ്യാറിൽ ത്യാഗരാജസന്നിധിയിലേക്കയച്ചു. ത്യാഗരാജസ്വാമികളെ തിരുവനന്തപുരത്ത്‌ എത്തിക്കുകയായിരുന്നു ലക്ഷ്യം. അവിടെവച്ച്‌ ത്യാഗരാജസ്വാമികൾ ഗോവിന്ദമാരാരെക്കൊണ്ട്‌ ജയദേവന്റെ ഗീതാഗോവിന്ദത്തിലെ ചന്ദനചർച്ചിത നീലകളേബര എന്ന കൃഷ്‌ണസ്തുതി തംബുരുവിന്റെ ശ്രുതിലയത്തിൽ ആലപിപ്പിക്കുകയും ചെയ്‌തു. തുടർന്നാണ്‌ എന്തരോ മഹാനുഭാവലു എന്നാരംഭിക്കുന്ന അതിപ്രശസ്‌തമായ കീർത്തനം പിറക്കുന്നത്‌. ഇത്രയൊക്കെ സംഭവിച്ചെങ്കിലും മാരാരും വടിവേലുവും സ്വാതിതിരുനാൾ ഏൽപിച്ച ദൗത്യത്തിൽ പരാജയപ്പെട്ടു. തന്റെ ആശംസകൾ സ്വാതിതിരുനാളിനെ അറിയിക്കാൻ പറഞ്ഞ്‌ ത്യാഗരാജസ്വാമികൾ അവരെ തിരിച്ചയച്ചു. സ്വാതി ഏൽപിച്ച ദൗത്യം നടക്കാതെ വന്നതിലെ മനോവിഷമത്തെ തുടർന്ന്‌ തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിൽ മാരാർ മഹാരാഷ്‌ട്രയിലെ പണ്ഡർപൂരിലേക്കു പോകുകയും ശിഷ്‌ടകാലം അവിടെ കഴിച്ചുകൂട്ടുകയുമായിരുന്നു.

ഷഡ്കാല ഗോവിന്ദമാരാർ സ്മാരക കലാസമിതി[തിരുത്തുക]

ഷഡ്കാല ഗോവിന്ദമാരാർ എന്ന സംഗീതജ്ഞന്റെ സ്മരണ നിലനിർത്തുന്നതിനായി അദ്ദേഹത്തിന്റെ ജന്മാനാടായ എറണാകുളം ജില്ലയിലെ രാമമംഗലത്ത് ഇന്നൊരു സ്മാരക  മന്ദിരമുണ്ട് - ഷഡ്കാല ഗോവിന്ദമാരാർ സ്മാരക കലാസമിതി. പ്രമുഖ ഗാന്ധിയനും, സാമൂഹ്യ പരിഷ്കർത്താവുമായ പ്രൊഫ, എം.പി. മന്മഥന്റെ നേത്യത്വത്തിൽ 1980 ൽ സ്ഥാപിതമായതാണ് ഈ  സമിതി. ക്ഷേത്രകലകളുൾപ്പെടെയുള്ള എല്ലാ കലകളുടെയും സമുദ്ധാരണത്തിനു വേണ്ടിയുള്ള പ്രവർത്തങ്ങൾ സമിതിയുടെ ചുമതലയിൽപ്പെടുന്നു. 1993 ൽ തുടക്കം കുറിച്ച ഷഡ്കാല ഗോവിന്ദമാരാർ സംഗീതോത്സവം കേരള സംസ്ഥാന സംഗീത നാടക അക്കാദമിയുടെയും കൂടി മേൽനോട്ടത്തിൽ എല്ലാ വർഷവും നടത്തുന്നുണ്ട്. കേരളത്തിന്റെ അതിർത്തിക്കപ്പുറമുള്ള കലാകാരന്മാരുടെയും സാന്നിദ്ധ്യം ഉണ്ടാവാറുള്ളതാണ് ഈ സംഗീതോത്സവം. [1]

അവലംബം[തിരുത്തുക]

  1. സാംസ്‌കാരിക വകുപ്പ്, കേരള സർക്കാർ [1] 2019 ജൂലൈ 9 ന് ശേഖരിച്ചത്

പുറം കണ്ണികൾ[തിരുത്തുക]

http://shatkalasamithy.org/biography.html

"https://ml.wikipedia.org/w/index.php?title=ഷഡ്‌കാലഗോവിന്ദമാരാർ&oldid=3246626" എന്ന താളിൽനിന്ന് ശേഖരിച്ചത്