Jump to content

ശ്ലീഹന്മാരുടെ വിശ്വാസപ്രമാണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യേശുക്രിസ്തുവാണ് ക്രിസ്തുമതത്തിന്റെ കേന്ദ്രസ്വരൂപം.

 
യേശു ക്രിസ്തു
കന്യാജനനം · കുരിശുമരണം
ഉയിർത്തെഴുന്നേൽപ്പ് · വീക്ഷണങ്ങൾ
ക്രിസ്തുമസ് · ഈസ്റ്റർ
അടിസ്ഥാനങ്ങൾ
അപ്പോസ്തലന്മാർ · സുവിശേഷങ്ങൾ
പത്രോസ് · സഭ · ദൈവരാജ്യം
പുതിയ ഉടമ്പടി · സമയരേഖ · പൗലോസ്
ബൈബിൾ
പഴയ നിയമം · പുതിയ നിയമം
പുസ്തകങ്ങൾ · കാനോൻ · അപ്പോക്രിഫ
ദൈവശാസ്ത്രം
പിതാവ് · പുത്രൻ · പരിശുദ്ധാത്മാവ്
ത്രിത്വം · ചരിത്രം · ക്രിസ്തുവിജ്ഞാനീയം
മറിയം · അപ്പോസ്തലവിജ്ഞാനീയം
യുഗാന്തചിന്ത · രക്ഷ · സ്നാനം
ചരിത്രവും പാരമ്പര്യങ്ങളും
ആദിമസഭ · പ്രമാണങ്ങൾ · സന്ദേശം
കോൺസ്റ്റന്റൈൻ · സൂനഹദോസുകൾ
ക്രിസോസ്തമസ് · കുരിശുയുദ്ധങ്ങൾ
നവീകരണം · പുനർനവീകരണം
പാശ്ചാത്യ-പൗരസ്ത്യ വിഭജനം
വിഭാഗങ്ങൾ
*പാശ്ചാത്യ സഭകൾ
പൊതു വിഷയങ്ങൾ
ആരാധനാക്രമം · കലണ്ടർ · അടയാളങ്ങൾ
ക്രിസ്തീയ സംഘടനകൾ · വിമർശനങ്ങൾ
പ്രാർത്ഥനകൾ · സഭൈക്യപ്രസ്ഥാനം
ഗിരിപ്രഭാഷണം · സംഗീതം · കല
മറ്റ് മതങ്ങളുമായുള്ള ബന്ധം
ലിബറൽ തിയോളജി
ക്രിസ്തുമതം കവാടം

ക്രിസ്തുമതത്തിലെ വിശ്വാസപ്രഖ്യാപനത്തിന്റെ ഒരു ആദ്യകാല രൂപമാണ് ശ്ലീഹന്മാരുടെ വിശ്വാസ പ്രമാണം അഥവാ അപ്പസ്തോലന്മാരുടെ വിശ്വാസപ്രമാണം. പാശ്ചാത്യ ലത്തീൻ കത്തോലിക്കാ സഭ, ലൂഥറൻ സഭ, അംഗ്ലിക്കൻ കൂട്ടായ്മ, പാശ്ചാത്യ ഓർത്തഡോക്സ് സഭ, പ്രിസ്‌ബിറ്റേറിയന്മാർ, മെത്തഡിസ്റ്റുകൾ, കോൺഗ്രഗേഷനൽ സഭകൾ എന്നിവയുൾപ്പെടെ പല ക്രിസ്തുമതവിഭാഗങ്ങളുടേയും അനുഷ്ഠാനങ്ങളിലും വേദപ്രബോധനത്തിലും ഇതു വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. യേശുവിന്റെ സ്വർഗ്ഗാരോഹണത്തിനു ശേഷം ഉണ്ടായ പെന്തക്കൊസ്താ അനുഭവത്തെ തുടർന്ന്, പരിശുദ്ധാത്മാവിനാൽ പ്രചോദിതരായ പന്ത്രണ്ട് അപ്പസ്തോലന്മാർ ഓരോരുത്തർ ഓരോ ഭാഗം വീതം ചൊല്ലിക്കൊടുത്തുണ്ടാക്കിയതാണ് ഇതെന്ന അഞ്ചാം നൂറ്റാണ്ടിലെ കഥയിൽ നിന്നാവാം ശ്ലീഹന്മാരുടെ വിശ്വാസപ്രമാണം എന്ന പേരുണ്ടായത്.[1]

പരമ്പരാഗതമായി ഇതിന്റെ ഉള്ളടക്കത്തെ താഴെക്കാണും വിധം പന്ത്രണ്ടു വകുപ്പുകളായി തിരിക്കാറുണ്ട്.

  1. സർവ്വശക്തനായ പിതാവും ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവുമായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു.
  2. അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായിലും വിശ്വസിക്കുന്നു.
  3. ഈ പുത്രൻ പരിശുദ്ധാത്മാവിനാൽ ഗർഭസ്ഥനായി, കന്യകാമറിയത്തിൽനിന്ന് പിറന്ന്,
  4. പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകൾ സഹിച്ച്, കുരിശിന്മേൽ തറയ്ക്കപ്പെട്ട്, മരിച്ച്, അടക്കപ്പെട്ട്,
  5. പാതാളങ്ങളിൽ ഇറങ്ങി, മരിച്ചവരുടെ ഇടയിൽനിന്ന് മൂന്നാം നാൾ ഉയിർത്ത്
  6. സ്വർഗ്ഗത്തിലേക്ക് എഴുന്നള്ളി സർവ്വശക്തനായ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കുന്നു.
  7. അവിടെ നിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാൻ വരുമെന്നും ഞാൻ വിശ്വസിക്കുന്നു.
  8. പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു.
  9. വിശുദ്ധവും സാർവ്വത്രികവുമായ സഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും,
  10. പാപങ്ങളുടെ മോചനത്തിലും,
  11. ശരീരത്തിന്റെ ഉയർപ്പിലും,
  12. നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു.

ആമ്മേൻ.

ചരിത്രം

[തിരുത്തുക]

ഇത് പന്ത്രണ്ട് അപ്പോസ്തലൻമാരുടെ (ശ്ലീഹന്മാരുടെ) കൃതിയാണെന്ന ഐതിഹ്യം ആധുനിക ദൈവശാസ്ത്ര പണ്ഡിതൻമാർ സ്വീകരിക്കുന്നില്ല. എങ്കിലും ഇതിന്റെ ഉദ്ഭവം അപ്പോസ്തലൻമാരുടെ പ്രസംഗങ്ങളിൽനിന്നാണ് എന്ന് ചിലർ കരുതുന്നു. എ.ഡി. 3-ആം നൂറ്റാണ്ടിന്റെ പൂർവാർധത്തിൽ, സാരാംശത്തിൽ ഇതിനോടു യോജിക്കുന്ന ഒരു വിശ്വാസപ്രമാണം നിലവിലിരുന്നതായി ഹിപ്പോളിറ്റസിന്റെ അപ്പോസ്തലിക പാരമ്പര്യം (Apostolic Tradition)[2] ത്തിൽ നിന്ന് ഊഹിക്കാം. ആറാം നൂറ്റാണ്ടിൽ ഫ്രാൻസിലാണ് ഈ വിശ്വാസപ്രമാണത്തിന്റെ ഉദ്ഭവം. ഷാർളമെയിൻ ചക്രവർത്തി ഇതിനെ യൂറോപ്പിൽ പ്രചരിപ്പിച്ചു. 11-ആം നൂറ്റാണ്ടിലാണ് ഇത് റോമൻ ആരാധനാക്രമത്തിൽ സ്ഥലം പിടിച്ചത്. 13-ആം നൂറ്റാണ്ടിൽ ശ്ലീഹന്മാരുടെ വിശ്വാസപ്രമാണം പാശ്ചാത്യസഭയിൽ പൊതുവേ അംഗീകൃതമായി.

സവിശേഷതകൾ

[തിരുത്തുക]

പൗരാണികത മൂലം, നിഖ്യായിലേത് ഉൾപ്പെടെയുള്ള പിൽക്കാല വിശ്വാസപ്രഖ്യാപനങ്ങളിൽ നിർവചിക്കപ്പെടുന്ന ക്രിസ്തുശാസ്ത്രസമസ്യകൾ ഇതിൽ പ്രതിഫലിക്കുന്നില്ല. ഉദാഹരണമായി, യേശുവിന്റേയോ പരിശുദ്ധാത്മാവിന്റേയോ ദൈവികതയെക്കുറിച്ച് ഈ വിശ്വാസപ്രമാണം വ്യക്തമായി ഒന്നും പറയുന്നില്ല. പിൻനൂറ്റാണ്ടുകളിലെ സംവാദങ്ങളിൽ മുന്നിട്ടു നിന്ന മറ്റു പല ദൈവശാസ്ത്രസമസ്യകളുടെ കാര്യത്തിലും അത് മൗനം ഭജിക്കുന്നു. അതിനാൽ ആരിയന്മാരും യൂണിറ്റേറിയന്മാരും ഉൾപ്പെടെയുള്ള ക്രിസ്തുമതവിഭാഗങ്ങൾക്കിടയിൽ പോലും ഇതിനു സ്വീകാര്യതയുണ്ട്.

അവലംബം

[തിരുത്തുക]
  1. "James Orr: The Apostles' Creed, in International Standard Bible Encyclopedia". Archived from the original on 2011-06-22. Retrieved 2010-11-12.
  2. http://www.christian-history.org/apostolic-tradition.html
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അപ്പോസ്തലിക വിശ്വാസപ്രമാണം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.