ശ്രീ പാൽക്കര ഭഗവതി ക്ഷേത്രം, മേനംകുളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് നിന്നും ഏകദേശം 15 കിലോമീറ്റർ വടക്കുപടിഞ്ഞാറ് മേനംകുളത്ത് കഴക്കൂട്ടം ദേശീയപാതയ്ക്കു പടിഞ്ഞാറ് അറബിക്കടലിനും പാർവ്വതിപുത്തനാറിനും കിഴക്കും, വേളി കായലിനും കഠിനംകുളം കായലിനും മദ്ധ്യേ സ്ഥിതിചെയ്യുന്ന തെക്കൻ തിരുവിതാംകൂറിലെ പ്രശസ്തമായ ദേവി ക്ഷേത്രങ്ങളിൽ ഒന്നാണ് ശ്രീ പാൽക്കര ഭഗവതി ക്ഷേത്രം.ക്ഷേത്രത്തിനു ഏകദേശം ആയിരത്തോളം വർഷം പഴക്കമുള്ളതായി കരുതപ്പെടുന്നു.മഹാവിഷ്ണുവിന്റെ വാസസ്ഥാനമായ പാലാഴിയുടെ കരയിൽ കുടികൊള്ളുന്ന ശ്രീ ക്ഷേത്ര മായതിലാണ് ശ്രീ പാൽക്കര ഭഗവതി ക്ഷേത്രം എന്ന പേരുണ്ടായതെന്നും വിശ്വസിക്കുന്നു .വയലേലയുടെ കരയിലായതിനാൽ ഏലായിൽ ക്ഷേത്രമെന്നും പേരുണ്ടായി.

ക്ഷേത്രഗോപുരം

ഐതിഹ്യം[തിരുത്തുക]

വില്വമംഗലത്ത് സ്വാമിയാർ ശ്രീ പദ്മനാഭസ്വാമിയുടെ വാസസ്ഥാനമായ അനന്തൻക്കാട് അന്വേഷിച്ചു വരുന്ന വഴിക്ക് പല ക്ഷേത്രങ്ങളും പ്രതിഷ്ഠയും കഴിഞ്ഞ് യാത്ര തുടർന്ന്‌ മേനംകുളം പ്രദേശത്ത് എത്തുകയും. അന്ന് കാടായിരുന്ന സ്ഥലത്ത് ഒരു ബ്രാഹ്മണകുടുംബം താമസിച്ചിരുന്നതായും സ്വാമിയാർ അവരുടെ അതിഥിയായി താമസിക്കുകയും അവർക്ക് പൂജ നടത്തുന്നതിനായി ശ്രീ പ്രതിഷ്ഠ -അതായത് മഹാവിഷ്ണുവിന്റെ ഭാര്യ സങ്കൽപ്പത്തിൽ സമ്പത്തിന്റെയും സൗന്ദര്യത്തിന്റെയും അധിദേവതയായി സ്ത്രീയെ പ്രതിഷ്ഠിച്ചുവെന്നും ഐതിഹ്യമുണ്ട് .(മാതാ സങ്കല്പ്പത്തിലുള്ള ദേവിയായി ആരാധിക്കുന്ന സ്ത്രീയെ സ്തുതിച്ചു കൊണ്ടുള്ള ശ്ലോകങ്ങൾ നാലുവേദങ്ങളിലും കാണാം ) ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പണിക്കാരായി തെക്കുനിന്നും വടക്കുനിന്നും വന്ന നായർ സമുദായത്തിലുള്ളവരുടെ പിന്മുറക്കാരെ പിന്നീട് ക്ഷേത്ര ഊരായ്മക്കാരായി നിയമിക്കയും അവർക്ക് മുൻ പറഞ്ഞ ബ്രാഹ്മണ കുടുംബം താമസിച്ചിരുന്ന വീട്ടിനും അമ്പലത്തിനും ചുറ്റുമുള്ള സ്ഥലം പതിച്ചു നല്കിയെന്നുമാണ് ഐതിഹ്യം.ഇവിടെ താമസിച്ചിരിന്നവർ കാടുവെട്ടിത്തെളിച്ചു നെൽകൃഷി ചെയ്യുകെയും നെല്ല്‌ പുഴുങ്ങി അരിയാക്കി പത്മനാഭസ്വാമിക്ഷേത്രത്തിലെക്ക് എത്തിച്ചിരിന്നുവെന്നും പറയപ്പെടുന്നു .

പ്രതിഷ്ഠയും പൂജാദി കർമ്മങ്ങളും[തിരുത്തുക]

ഭദ്രകാളി സങ്കല്പ്പത്തിലുള്ള രൂപമിലാത്ത കണ്ണാടി പ്രതിഷ്ഠയായിരുന്നു ആദ്യമുണ്ടായിരുന്നത്.പിന്നീട് പുനപ്രതിഷ്ഠ നടത്തുകയും.1985 ൽ ക്ഷേത്രം പുതുക്കിപണിത് ഇന്നത്തെ രൂപത്തിലുള്ള ശംഖുചക്ര അഭയവരദമുദ്രയോടുകൂടി പദ്മത്തിൽ പാദം വച്ചിരിക്കുന്ന ദുർഗ്ഗാദേവീ സങ്കല്പ്പത്തിലുള്ള പ്രതിഷ്ഠ നടത്തി ആരാധിച്ചു വരുന്നു.ഭഗവതിക്കും ഉപദേവതയായ ഭദ്രകാളി ദേവിക്കും തുല്യ പ്രാധാന്യം നൽകിയാണ് പൂജകൾ ചെയ്യുന്നത്. അർച്ചന,നിവേദ്യം നൽകൽ ,അഭിഷേകം മഞ്ഞക്കാപ്പ് ,പായസം വഴിപാട്, കുങ്കുമാഭിഷേകം, ഭഗവതിസേവ,വിളക്ക് എന്നിവ വഴിപാടുകളായി നടത്തുന്നു.എല്ലാ പൗർണമി നാളിലും ദേവിക്ക് വിശേഷാൽ പൂജയും പാൽപായസ നിവേദ്യവും നടത്തി വരുന്നുണ്ട് .ഭദ്രകാളി,മഹാദേവൻ,ദക്ഷിണാമൂർത്തി,ഗണപതി, രക്‌തേശ്വരി, നാഗർ എന്നിവയാണ് ക്ഷേത്രത്തിലെ മറ്റു ഉപദേവത പ്രതിഷ്ഠകൾ. ക്ഷേത്രപൂജ സമയം:രാവിലെ 5 മുതൽ 9:30 വരെ. വൈകുന്നേരം 5:30 മുതൽ 8:00 വരെ

ഭഗവതിയുടെ ചിത്രം

ഉത്സവം[തിരുത്തുക]

മീന മാസത്തിലെ പൂരം നാളിലാണ് ക്ഷേത്രത്തിലെ ഉത്സവം.മകയിരം നാളിൽ തൂക്കകാരെ നറുക്കിട്ട് എഴുതി നിർത്തുകയും.അന്നേ ദിവസം തോറ്റം പാട്ട് പാടി ദേവിയെ കുടിയിരുത്തുന്നതോട് കൂടി ഉത്സവം ആരംഭിക്കുന്നു.ക്ഷേത്രത്തിലെ ഉത്സവം ഏഴ് ദിവസം നീണ്ടു നിൽക്കുന്നു. ദേവിയുടെ ജന്മ നക്ഷത്രം വരുന്ന ഏഴാം ഉത്സവദിവസമായ മീന പൂരത്തിന് നടത്തുന്ന ഉരുൾ,പൊങ്കാല,ആറാട്ട്, തൂക്കം,താലപ്പൊലി എന്നി ഭക്തി നിർഭരമായ ചടങ്ങുകളോട് കൂടി ഉത്സവം സമാപിക്കുന്നു . ഇവയിൽ ഏറ്റവും പ്രധാന ചടങ്ങാണ് തൂക്കം.നരബലിയെ ഓർമിപ്പിക്കുന്ന അനുഷ്ടാനമാണ് തൂക്കം.ഏഴു ദിവസം നീണ്ടു നിൽക്കുന്ന വ്രതാനുഷ്ഠാനം കഴിഞ്ഞ് വെളിച്ചപ്പാടിനെപ്പോലെ വേഷം ധരിച്ച് ദേവിയെ പ്രദക്ഷിണം ചെയ്തു തൂക്കത്തിന് ഒരുങ്ങുന്നു.തൂക്ക ദിവസം ക്ഷേത്രത്തിൽ നിന്നും പുറത്തുള്ള ഉപക്ഷേത്രമായ യക്ഷിയമ്മകാവിലെ കുളത്തിൽ ദേവിക്ക് ആറാട്ട് നടത്തുന്നു.ആറാട്ടിനു ശേഷം മറ്റൊരു ഉപക്ഷേത്രമായ കളരി ഭഗവതി ക്ഷേത്രത്തിൽ ചമയമണിഞ്ഞു നിൽക്കുന്ന ഭക്തന്മാരായ തൂക്കകാരെയും കൂട്ടി ക്ഷേത്രത്തിൽ തിരിച്ചുവരുകയും. ദേവിയെ സാക്ഷിനിർത്തി ക്ഷേത്രനടയിൽ സജ്ജമാക്കിയിട്ടുള്ള വില്ലിൽ ഘടിപ്പിച്ചിട്ടുള്ള കപ്പിയിൽ തൂക്കകാരന്റെ ദേഹത്തിൽ കെട്ടിയിട്ടുള്ള കച്ചയിൽ ചൂണ്ടകോർത്ത് മരച്ചരടിൽ തൂകിയിടുന്നു .വില്ലുയർത്തി ക്ഷേത്ര ജീവനക്കാരും ഭക്തന്മാരും കൂടി തൂക്കകാരനെ ക്ഷേത്ര പ്രദക്ഷിണം ചെയ്യിക്കുന്നു .താഴെ നില്ക്കുന്ന ഒന്നോ രണ്ടോ പേർ ചില പയറ്റു മുറകൾ കാണിക്കുകയും തൂങ്ങിക്കിടക്കുന്ന തൂക്കകാരൻ ഇതനുസരിച്ചിരിക്കുകയും ചെയ്യുന്നു .പ്രദക്ഷിണം കഴിഞ്ഞ് തൂക്കാരനെ താഴെയിറക്കി ഇളനീർ കൊടുത്തു വ്രതം അവസാനിപ്പിക്കുന്നു.അഭീഷ്ടസിദ്ധിക്കും, ജീവിത വിജയത്തിനും, കഷ്ടപ്പാടുകൾ മാറ്റുന്നതിനും ദേവിയെ പ്രസാദിപ്പിക്കാനാണ് തൂക്കം വഴിപാടായി നടത്തുന്നത്.ഭക്തി നിർഭരമായ ഈ ചടങ്ങ് ദർശിക്കുവാൻ വേണ്ടി ദൂരദേശങ്ങളിൽ നിന്നുപോലും ജനങ്ങൾ വന്നെത്താറുണ്ട്.13 പേർ അടങ്ങുന്ന അംഗഭരണസമിതിയാണ് ക്ഷേത്രത്തിന്റെ ഭരണച്ചുമതല നിര്വ്വഹികുന്നത് .

അവലംബം[തിരുത്തുക]