ശ്രീമൂലവാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആലപ്പുഴ ജില്ലയിൽ തൃക്കുന്നപ്പുഴ പ്രദേശത്ത് പൊതുവർഷം പത്താംനൂറ്റാണ്ടു വരെ നിലനിന്നിരുന്ന ബുദ്ധക്ഷേത്രസങ്കേതമാണ് ശ്രീമൂലവാസം. പതിനൊന്നാം ശതകത്തിൽ കോലത്തുനാട് ഭരിച്ചിരുന്ന വിക്രമരാമൻ കടലാക്രമണത്തിൽ നഷ്ടമായിക്കൊണ്ടിരുന്ന ശ്രീമൂലവാസത്തെ കല്ലുകൾ അടുക്കി രക്ഷിച്ചതായി മൂഷികവംശകാവ്യത്തിൽ പറയുന്നു. പതിനൊന്നാം ശതകത്തിന്റെ അന്ത്യത്തിൽ വളഭൻ എന്ന കോലത്തിരി രാജാവ് ചേര-ചോളയുദ്ധത്തിൽ പങ്കെടുത്ത് മടങ്ങുമ്പോൾ ശ്രീമൂലവാസം ക്ഷേത്രത്തിൽ ദർശനം നടത്തി "സുഗതനെ" വന്ദിച്ച് അനുഗ്രഹം സ്വീകരിച്ചതായും മൂഷികവംശം പറയുന്നു. തൃക്കുന്നപ്പുഴ ഭാഗത്തെ കടലിൽ നിന്ന് പിൽക്കാലത്ത് ശിലാബിംബങ്ങൾ കണ്ടുകിട്ടിയിട്ടുണ്ട്.

അഫ്ഘാനിസ്ഥാനിലെ ഇന്നത്തെ കാൻഡഹാർ പ്രദേശത്തുനിന്ന് "ദക്ഷിണാപഥേ മൂലവാസ ലോകനാഥ" എന്ന ലിഖിതമുള്ള ഒരു ബുദ്ധപ്രതിമ കണ്ടുകിട്ടിയതായി എം. ഫൗച്ചർ എന്ന പുരാവസ്തുഗവേഷകൻ രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ ബുദ്ധസങ്കേതത്തേപ്പറ്റി അറിയുന്ന മറ്റൊരു രേഖ വിക്രമാദിത്യവരഗുണന്റെ പാലിയം ചെപ്പേടാണ്. സി.ഇ. 946-ൽ ഈ ക്ഷേത്രത്തിലേക്കു രജാവ് വിട്ടുകൊടുക്കുന്ന വസ്തുവകകളേക്കുറിച്ചുള്ളതാണ് ഈ രേഖ.[1]

അവലംബം[തിരുത്തുക]

  1. ഇളംകുളം കുഞ്ഞൻപിള്ളയുടെ തിരഞ്ഞെടുത്ത കൃതികൾ,എഡിറ്റർ: എൻ. സാം, പേജ് 312,315,318,543
"https://ml.wikipedia.org/w/index.php?title=ശ്രീമൂലവാസം&oldid=2880892" എന്ന താളിൽനിന്ന് ശേഖരിച്ചത്