ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ള
ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ള | |
---|---|
![]() മലയാള കവി, നിഘണ്ടൂകാരൻ | |
Occupation | ഗ്രന്ഥകർത്താവ് |
Notable works | ശബ്ദതാരാവലി |
പ്രൗഢഗംഭീരമായ ശബ്ദതാരാവലിയെന്ന ബൃഹദ്നിഘണ്ടുവിന്റെ രചനയിലൂടെ പ്രശസ്തനായ എഴുത്തുകാരനാണ് ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ള. ശ്രീകണ്ഠേശ്വരം എന്ന ചുരുക്കപ്പേരിലാണ് പൊതുവേ അറിയപ്പെടുന്നത്.
ജീവിതരേഖ[തിരുത്തുക]
- 1864 ജനനം
- 1882 വിദ്യാഭ്യാസം അവസാനിച്ചു
- 1894 ഗുമസ്തൻ
- 1897 നിഘണ്ടു നിർമ്മാണം തുടങ്ങി
- 1899 മജിസ്ട്രേറ്റ് പരീക്ഷ ജയിച്ചു; വക്കീലായി
- 1902 വിവാഹം
- 1906 'കീശാനിഘണ്ടു' പ്രസിദ്ധീകരിച്ചു
- 1917 'ശബ്ദതാരാവലി' പൂർത്തിയായി
- 1923 'ശബ്ദതാരാവലി' പൂർണമായി പുറത്തു വന്നു
- 1924 'ശബ്ദചന്ദ്രിക' പ്രസിദ്ധീകരിച്ചു
- 1931 'ശബ്ദതാരാവലി' രണ്ടാം പതിപ്പ്
- 1932 'സാഹിത്യാഭരണം' പ്രസിദ്ധീകരിച്ചു
- 1946 മരണം
തിരുവനന്തപുരം ജില്ലയിലെ ശ്രീകണ്ഠേശ്വരത്ത് കുളവറ വിളാകത്ത് വീട്ടിൽ പരുത്തിക്കാട്ട് നാരായണപ്പിള്ളയുടേയും നാരായണിയുടേയും മകനായി ജനിച്ചു. 1864 നവംബർ 27 നായിരുന്നു ജനനം. തുള്ളൽ, ആട്ടക്കഥ, കഥകളി മുതലായ കാവ്യകലകളിലുള്ള അമിതാവേശം ചെറുപ്രായത്തിൽ തന്നെ പത്മനാഭപിള്ളയ്ക്കുണ്ടായിരുന്നു.ആദ്യകാലങ്ങളിലെഴുതിയ കൃതികളിലധികവും തുള്ളൽ കഥകളും ആട്ടക്കഥകളുമായിരുന്നു. 1946 മാർച്ച് 4 നായിരുന്നു അദ്ദേഹം അന്തരിച്ചത്. മരണസമയത്ത് സാഹിത്യാഭരണം, ഇംഗ്ലീഷ് - മലയാളം ഡിക്ഷണറി എന്നീ രണ്ടു നിഘണ്ടുക്കളുടെ പണിപ്പുരയിലായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസം, തൊഴിൽ[തിരുത്തുക]
പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പേട്ടയിലെ സ്കൂളിൽ ചേർന്ന് ഇംഗ്ലീഷ് പഠിച്ചു. മെട്രിക്കുലേഷൻ പരീക്ഷ ആദ്യവട്ടം പരാജയപ്പെട്ടു. അക്കാലത്തു തന്നെ പഴവങ്ങാടി വിഞ്ചേശ്വര ശാസ്ത്രികളുടെയടുക്കൽ നിന്ന് സംസ്കൃതവും പഠിച്ചുവന്നു. ഇംഗ്ലീഷിനു പുറമേ സംസ്കൃതം, തമിഴ് എന്നീ ഭാഷകളിലും അദ്ദേഹത്തിനു നല്ല പാണ്ഡിത്യമുണ്ടായിരുന്നു. കവിയൂർ പരമേശ്വരൻ മൂസതിൻറെ കീഴിൽ വൈദ്യവും അഭ്യസിച്ചിട്ടുണ്ട്. പിന്നീട് കണ്ടെഴുത്ത് വകുപ്പിൽ ജോലി നോക്കുകയുണ്ടായി. അതുകഴിഞ്ഞ് മജിസ്ട്രേറ്റ് പരീക്ഷ പാസായപ്പോൾ തിരുവനന്തപുരത്തെത്തി പ്രാക്ടീസ് തുടങ്ങി.
കാവ്യജീവിതം[തിരുത്തുക]
തുള്ളൽക്കഥകളിലായിരുന്നു പ്രധാന കമ്പം. കിട്ടാവുന്ന പുസ്തകങ്ങളൊക്കെ സംഘടിപ്പിച്ച് വായിക്കുകയും അഭിനയിക്കുകയും ചെയ്തുപോന്നു. ഇക്കാലത്താണ് മെട്രിക്കുലേഷൻ പരീക്ഷയിൽ തോൽവി പിണയുന്നത്. അച്ഛനും അമ്മയും മരിച്ചതോടെ തീർത്തും നിസ്സഹായനായ പത്മനാഭൻ ഗ്രന്ഥരചനയിലേക്കു തിരിഞ്ഞു. ആദ്യ കൃതി ബാലിവിജയം എന്ന തുള്ളൽ കൃതിയായിരുന്നു. പിന്നീട് ധർമ്മഗുപ്ത വിജയം ആട്ടക്കഥ എഴുതി. അറുപതോളം കൃതികളുടെ കർത്താവാണ് ശ്രീ. ശ്രീകണ്ഠേശ്വരം. ഭാഷാവിലാസം എന്നൊരു മാസിക അദ്ദേഹം നടത്തിവന്നിരുന്നു.
ശബ്ദതാരാവലി[തിരുത്തുക]
പത്മനാഭപ്പിള്ളയുടെ മാസ്റ്റർപീസ് എന്നു പറയുന്നത്, ഇരുപത് വർഷത്തെ കഠിനാധ്വാനം കൊണ്ടു പുറത്തിറങ്ങിയ ശബ്ദതാരാവലിയെന്ന നിഘണ്ടു തന്നെയാണ്. 32-മതു വയസ്സിലാണ് അദ്ദേഹം ശബ്ദതാരാവലി എഴുതിത്തുടങ്ങിയത്. 1918ൽ മാസികാരൂപത്തിലാണു് ഈ കൃതിയുടെ ആദ്യഭാഗങ്ങൾ പുറത്തിറങ്ങിയത്. 1923-ൽ ഒന്നാമത്തെ പതിപ്പ് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു. 1600 - ഓളം പേജുകളുള്ള ഈ കൃതിയുടെ ഒരു ചുരുക്കിയ പതിപ്പ് പിന്നീട് അദ്ദേഹത്തിന്റെ മകൻ പി. ദാമോദരപ്പിള്ള പുറത്തിറക്കുകയുണ്ടായി. കേരളവർമ്മ വലിയകോയിതമ്പുരാൻ, എ.ആർ. രാജരാജവർമ്മത്തമ്പുരാൻ എന്നിവരുടെ പ്രോത്സാഹനത്തിൽ എഴുതിത്തുടങ്ങിയ ഈ കൃതി മലയാളഭാഷയുടെ എക്കാലത്തേയും മുതൽക്കൂട്ടായി കണക്കാക്കുന്നു. മലയാളഭാഷയ്ക്ക് നൽകിയ ഈ മഹത്തായ സേവനത്തെ പ്രകീർത്തിച്ച് ശ്രീമൂലം തിരുനാൾ ഇദ്ദേഹത്തിന് വീരശൃംഖല സമ്മാനിച്ചു.[2]
മലയാളനിഘണ്ടുക്കളുടെ കൂട്ടത്തിൽ ഏറ്റവും പ്രചാരവും പ്രാമാണികത്വവും ലഭിച്ച കൃതി ശബ്ദതാരാവലിയാണു്. എന്നാൽ പദക്രമീകരണങ്ങളിലും അർത്ഥവിവരണങ്ങളിലും ഗുണ്ടർട്ട് കാണിച്ചുതന്ന ഉത്തമമാതൃക ശബ്ദതാരാവലിയിൽ അനുവർത്തിച്ചിട്ടില്ല. മിക്കവാറും ഭാഗങ്ങളിൽ കേവലം പര്യായപദങ്ങൾ നൽകിയുള്ള അർത്ഥകല്പനകളാണു് ശബ്ദതാരാവലിയിൽ കാണാൻ കഴിയുന്നതു്. എന്നിരുന്നാലും ആദ്യത്തെ സമ്പൂർണ്ണമലയാളനിഘണ്ടുവായി പരിഗണിക്കപ്പെടുന്നതു് ശബ്ദതാരാവലി തന്നെയാണു്.[3]
മറ്റു പ്രധാന കൃതികൾ[തിരുത്തുക]
തുള്ളൽ[തിരുത്തുക]
- ബാലിവിജയം
- കീചകവധം
ആട്ടക്കഥ[തിരുത്തുക]
- ധർമ്മഗുപ്ത വിജയം
- സുന്ദോപസുന്ദ യുദ്ധം
നാടകം[തിരുത്തുക]
- കനകലതാ സ്വയംവരം
- പാണ്ഡവവിജയം
- മദന കാമചരിതം - സംഗീത നാടകം
കിളിപ്പാട്ട്[തിരുത്തുക]
- ഹരിശ്ചന്ദ്ര ചരിതം
മറ്റുകൃതികൾ[തിരുത്തുക]
- കേരളവർമ ചരിതം
- കുഞ്ചൻ നമ്പ്യാർ
- കാളിയമർദ്ദനം
- ലക്ഷ്മി രാജ്ഞി
- നമ്മുടെ മഹാരാജാവ്
- 1883 പരന്തീസു ബാലവ്യാകരണ സൂത്രപ്രമാണം
- 1902 മലയാളവ്യാകരണ ചോദ്യോത്തരം
- 1905 കീശാ നിഘണ്ടു
- 1914 വിജ്ഞാനരത്നാവലി
- 1915 പ്രഥമഗണിതം (രണ്ടാംക്ലാസ്സിലേക്ക്)
- 1921 ജനറൽഭാഷ
- 1930 ശബ്ദതാരാവലി
- 1937 ഗുമസ്താസഹായിക
- 1941 വിദ്യാർത്ഥിപ്രിയ
- 1947 പര്യായ നിഘണ്ടു
16. ശബ്ദചന്ദ്രിക 1924
അവലംബങ്ങൾ[തിരുത്തുക]
- ↑ 1.0 1.1 "ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ള - ജീവചരിത്രം". കേരള സാഹിത്യ അക്കാദമി.
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)