Jump to content

ശൈഖ് അഖ്തർ റസാ ഖാൻ ബറേൽവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉത്തരേന്ത്യയിലെ പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ,ഇന്ത്യൻ ഗ്രാൻഡ് മുഫ്തി, ആത്മീയഗുരു, അൽ-അസ്ഹർ യൂണിവേഴ്‌സിറ്റി ആദരിച്ച വിശിഷ്ട വ്യക്തി, ലോക ഇസ്‌ലാമിക പണ്ഡിതന്മാരിൽ പ്രഥമ ഗണനീയരായ ആദ്യത്തെ അൻപതുപേരിൽ ഇടം നേടിയ പ്രതിഭാത്വം.


ഇസ്മാഈൽ രിളാ
പൂർണ്ണ നാമംശൈഖ് അക്തർ രിളാഖാൻ
ജനനംബറേൽവി
കാലഘട്ടംആധുനിക യുഗം

വിജ്ഞാനം കൊണ്ടും ആത്മീയ സാരഥ്യം കൊണ്ടും സുന്നി പ്രസ്ഥാനത്തിന് നവോന്മേഷം നൽകിയ മുജദ്ദിദേ മില്ലത്ത് അഹ്മദ് രിളാഖാൻ ബറേൽവിയുടെ(റ) മകൻ ഹാമിദ് രിളാഖാന്റെ മകൻ മുഫസ്സിറേ അഅ്‌ളം എന്നറിയപ്പെട്ടിരുന്ന ഇബ്‌റാഹീം രിളാഖാന്റെ മകനായാണ് 1942ൽ ബറേൽവി ശരീഫിൽ അക്തർ രിളാഖാൻ(റ) ജനിക്കുന്നത്. മാതാപിതാക്കൾ അഖീഖയുടെ അന്ന് നൽകിയ പേര് മുഹമ്മദ് എന്നും പിന്നീട് ഇസ്മാഈൽ രിളാ എന്നും ആയിരുന്നെങ്കിലും അറിയപ്പെട്ടിരുന്നത് അക്തർ രിളാ എന്ന പേരിലാണ്.

അഹ്മദ് രിളാഖാന്റെ(റ) പ്രിയപ്പെട്ട മകനായ മുഫ്തി അഅ്‌ളമേ-ഹിന്ദ് എന്ന് അറിയപ്പെട്ടിരുന്ന, കർമശാസ്ത്രത്തിൽ വിവിധ രാഷ്ട്രങ്ങളിലെ വിശ്വാസികൾക്ക് അവലംബമായിരുന്ന മൗലാനാ ഷാ മുസ്തഫ രിളാഖാൻ എന്നവർ അക്തർ രിളാഖാന്റെ മാതാവിന്റെ വലിയുപ്പയാണ്. നാലു വർഷവും നാല് മാസവും പ്രായമായപ്പോൾ തന്നെ കുട്ടിയെ ഔദ്യോഗിക മതവിജ്ഞാന പാഠശാലയിലേക്ക് ചേർത്തിട്ടുണ്ട്. മുസ്തഫ രിളാഖാന്റെ(റ) താവഴിയിലുള്ള മാതാവ് കൃത്യമായ ചിട്ടകളോടെയാണ് മകനെ വളർത്തിയത്. പണ്ഡിത തറവാടായിരുന്നതിനാൽ കുടുംബ പരിസരത്ത് നിന്ന് അടിസ്ഥാന ആദർശ വിജ്ഞാനങ്ങൾ കൂടി കുട്ടിയെ നല്ല നിലയിൽ വളരാൻ സഹായിച്ചിരുന്നു. മതഗ്രന്ഥങ്ങളുടെ പ്രാഥമിക പാഠങ്ങൾ പിതാവ് മൗലാനാ ഇബ്‌റാഹീം രിളാഖാനിൽ നിന്ന് പഠിച്ചു. അഹ്മദ് രിളാഖാൻ ശൈഖിന്റെ ദർഗയോട് ചേർന്ന് നടന്നുകൊണ്ടിരുന്ന ദാറുൽഉലൂം മൻസിറേ ഇസ്‌ലാമിൽ നിന്ന് ഉന്നത പണ്ഡിതന്മാരുടെ ശിഷ്യത്വം ലഭിക്കുകയും ചെയ്തു. ഇരുപതാമത്തെ വയസ്സിൽ 1962 ജനുവരി 15ന് മുഫ്തി അഅ്‌ളമേ-ഹിന്ദ് ആത്മീയ മാർഗ്ഗത്തിന്റെ ഖിലാഫത്ത് നൽകി ശൈഖിനെ ആദരിച്ചു. ശംസുൽ ഉലമ ശംസുദ്ദീൻ അഹ്മദ് ബുർഹാനുൽ മില്ലത്ത് ബുർഹാനുൽ ഹഖ് എന്നവരുടെ സാന്നിധ്യത്തിൽ അത് അറിയിക്കുകയും ചെയ്തു.

‘ഈ കുട്ടിയിൽ എനിക്കൊരുപാട് പ്രതീക്ഷകളുണ്ട്’ എന്ന് പറഞ്ഞാണ് മുഫ്തി അഅ്‌ളം ശൈഖിന് ഖിലാഫത്ത് നൽകിയത്. അതുമാത്രമല്ല, മുഫ്തി അഅ്‌ളമേ ഹിന്ദ് അദ്ദേഹത്തിന്റെ കുറിപ്പുകൾ തയ്യാറാക്കാനും രേഖകൾ കൈമാറാനും ശൈഖ് അക്തർ റസാഖാനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. 1984 നവംബർ 14,15 തീയതികളിൽ അക്തർ രിളാഖാൻ(റ) മർഹല ശരീഫിൽ എത്തിയപ്പോൾ അന്നത്തെ ഉന്നത പണ്ഡിതനും ആത്മീയ ഗുരുവുമായ മൗലാനാ സയ്യിദ് ഹസൻ മിയാൻ ബറകാത്തി അദ്ദേഹത്തെ സ്വാഗതം ചെയ്തത് ‘ഖാഇം മഖാം ഹുസൂർ മുഫ്തി അഅ്‌ളം അല്ലാമാ അസ്ഹരി സിന്ദാബാദ്’ എന്ന് പറഞ്ഞായിരുന്നു. മുഫ്തി അഅ്‌ളമേ ഹിന്ദിന്റെ സ്ഥാനത്ത് നിലകൊള്ളുന്ന അസ്ഹരി മിയാൻ എന്ന് വിളിച്ചാണ് അഭിവാദ്യം ചെയ്തത്. ‘ശ്രേഷ്ഠ ഗുരുവര്യന്മാർക്ക് അല്ലാഹു നൽകിയ ഉന്നതനായ പിന്മുറക്കാരനാണ്’ എന്ന് പറഞ്ഞാണ് അവിടുത്തെ വിശേഷിപ്പിച്ചിരുന്നത്.

ദാറുൽ ഉലൂം മൻസിറേ ഇസ്‌ലാമിൽ നിന്ന് പ്രാഥമിക പഠനം കഴിഞ്ഞ് ശൈഖ് ഉപരിപഠനാർത്ഥം ജാമിഅ അസ്ഹറിലെത്തി. അസ്ഹറിലെ എല്ലാ പരീക്ഷകളിലും ശൈഖ് ഒന്നാം സ്ഥാനം നേടി. ഉയർന്ന മാർക്കോടെ ബിരുദം വാങ്ങിയപ്പോൾ അസ്ഹറിലെ മാഗസിൻ ശൈഖിനെ പേരെടുത്ത് പ്രശംസിച്ചു.

വിജ്ഞാനത്തിന്റെ വിശാലതകൊണ്ടും ഹദീസ് വിജ്ഞാനത്തിലുള്ള അവഗാഹം കൊണ്ടും ശൈഖിന് പ്രത്യേകമായി പ്രസിഡന്റ് ജമാൽ അബ്ദുൽ നാസർ അൽ അസ്ഹർ അവാർഡ് സമ്മാനിച്ചു. അതോടൊപ്പം ഹദീസിലെ പ്രത്യേക പരിജ്ഞാനത്തിന് പ്രശസ്തി പത്രവും നൽകി. 24 വയസ്സായപ്പോൾ അൽ അസ്ഹറിലെ ബിരുദ പഠനം പൂർത്തിയാക്കി ശൈഖ് വീട്ടിൽ മടങ്ങിയെത്തി. വന്ന ദിവസം നാട്ടിൽ എല്ലാവർക്കും അതൊരു ആഘോഷമായിരുന്നു. ജന നിബിഢമായ റെയിൽവേ സ്‌റ്റേഷനിലെ സ്വീകരണങ്ങളുടെ ആരവങ്ങളിലേക്കാണ് ശൈഖ് എത്തിച്ചേർന്നത്. ശൈഖ് അഹ്മദ് രിളാഖാന്റെ ഒരു പിൻഗാമി ലോകത്തറിയപ്പെട്ട ഒരുന്നത പണ്ഡിതനായതിന്റെ എല്ലാ ആവേശവും സ്വീകരണത്തിനുണ്ടായിരുന്നു. പഠനം കഴിഞ്ഞ് മടങ്ങിയെത്തിയ ശൈഖ് 1968 നവംബർ മൂന്നിന് മൗലാനാ ഹസനൈൻ രിളായുടെ മകളെ വിവാഹം ചെയ്തു. ആ ദാമ്പത്യ വല്ലരിയിൽ അഞ്ചു പെൺകുട്ടികളും ഒരാൺകുഞ്ഞും പിറന്നു. അസ്ജദ് മിയ എന്ന പേരിൽ മകൻ ഇന്ന് വൈജ്ഞാനിക രംഗത്തുണ്ട്. 1967ൽ ഇരുപത്തഞ്ചാമത്തെ വയസ്സിൽ ദാറുൽ ഉലൂം മൻസിറേ ഇസ്‌ലാമിൽ അധ്യാപകനായി പ്രവേശിച്ചു. 1968ൽ അവിടെ പ്രിൻസിപ്പലായി നിയുക്തനായി. ദാറുൽ അസ്ഹരിയ്യ വൈജ്ഞാനിക കേന്ദ്രത്തിലെ ഫത്‌വകളുടെ തലവനായും നിയോഗിക്കപ്പെട്ടു. അഭിമാനകരമായിരുന്നു ആ 12 വർഷം. ദാറുൽ ഇഫ്തയും മൻസിറേ ഇസ്‌ലാമും ആ നേതൃസാന്നിധ്യത്തിൽ പുളകം കൊണ്ടു. അതിനിടയിൽ ധാരാളം പ്രബോധനയാത്രകൾ. വിദേശികളായ നിരവധി പണ്ഡിതന്മാരും വിദ്യാർത്ഥികളും അവിടുത്തെ സൗഹൃദ വലയത്തിലും ശിഷ്യശ്രേണിയിലുമെത്തി. 1986-87ൽ പ്രൗഢഗംഭീരമായ ഖത്മുൽ ബുഖാരി റാംപൂരിൽ വെച്ച് നടന്നു. പാണ്ഡിത്യത്തിൽ ശൈഖ് സമുന്നത ശീർഷനായി. ശൈഖിന്റെ സ്വഹീഹുൽ ബുഖാരി ദർസ് പണ്ഡിതന്മാരും വിദ്യാർത്ഥികളും നിറഞ്ഞ സദസ്സായി മാറി. അറബിയിലും ഇംഗ്ലീഷിലും ഉറുദുവിലുമായി ആ ക്ലാസുകൾ ജ്ഞാന കുതുകികളെ ആകർഷിച്ചു. ചെറിയ പ്രായത്തിൽ തന്നെ ദാറുൽ ഇഫ്താഇന്റെ മേധാവിയായി മാറിയ ശൈഖ് ആധുനിക കാലത്തെ മതവീക്ഷണങ്ങൾ അവതരിപ്പിക്കുന്നതിൽ ശ്രദ്ധേയനായിരുന്നു. അവിടുന്ന് നൽകിയിരുന്ന ഓരോ ഫത്‌വകൾക്കും പിന്നിൽ ഉന്നതരായ പിൻഗാമികളുടെ ആത്മീയ പിന്തുണയും ബലവും ഉണ്ടായിരുന്നു. നൂറ്റി അറുപത്തിമൂന്ന് വർഷത്തെ ഫത്‌വാ വൈജ്ഞാനിക പാരമ്പര്യം ബറേൽവിയിൽ നിന്ന് വായിച്ചെടുത്താൽ 1831 മുതൽ 1865 വരെ ഹസ്‌റത്ത് മൗലാനാ അലിഖാൻ, 1869 മുതൽ 1921 വരെ അഅ്‌ലാ ഹസ്‌റത്ത് ഇമാം അഹ്മദ് രിളാഖാൻ, 1895 മുതൽ 1942 വരെ ഹസ്‌റത്ത് മൗലാനാ ഹാമിദ് രിളാഖാൻ, 1910 മുതൽ 1981 വരെ മുസ്തഫ രിളാഖാൻ തുടങ്ങിയവരിലൂടെയാണ് കടന്ന്‌പോകുന്നത്. ഇവർക്കു ശേഷം ഈ വൈജ്ഞാനിക പാരമ്പര്യത്തിലെ ഏറ്റവും ശ്രദ്ധേയനായ വ്യക്തിയായി കടന്നുവന്നത് അക്തർ രിളാഖാൻ ശൈഖായിരുന്നു.

ശൈഖിന്റെ മേൽനോട്ടത്തിൽ ആയിരക്കണക്കിന് ഫത്‌വകളാണ് ദാറുൽ ഇഫ്താഇൽ അസ്ഹരിയ്യയിൽ നിന്ന് പുറത്തുവന്നത്. മുപ്പത് വർഷത്തെ ഫത്‌വാ സമാഹാരത്തിൽ ശ്രദ്ധേയമായ അയ്യായിരം ഫത്‌വകൾ ശൈഖിന്റെ ഒപ്പോട് കൂടി ദാറുൽ ഇഫ്താഇൽ നിന്ന് പുറത്തുവന്നിട്ടുണ്ട്.

1984 ഓഗസറ്റ് 18ന് താജുൽ ഇസ്‌ലാം എന്ന് ആദരിക്കപ്പെട്ട ശൈഖ് ഫഖീഹുൽ ഇസ്‌ലാം, താജുശ്ശരീഅഃ, മൻജഉൽ ഉലമ തുടങ്ങി വിവിധ അപരനാമങ്ങളിൽ അറിയപ്പെട്ടു. 1983ലാണ് ആദ്യത്തെ ഹജ്ജ് കർമത്തിന് വേണ്ടി പുറപ്പെടുന്നത്. പിന്നീട് 1986ലും ഹജ്ജ് നിർവഹിച്ചിട്ടുണ്ട്. 1986ലെ യാത്രയിൽ ആദർശപരമായി ശൈഖിനോട് വിയോജിപ്പുള്ള ആളുകൾ സഊദി ഗവൺമെന്റിൽ തെറ്റിദ്ധാരണ ഉണ്ടാക്കുകയും ശൈഖ് അറസ്റ്റ് ചെയ്യപ്പെടുകയുമുണ്ടായി. 1986 ഓഗസ്റ്റ് 31 രാത്രിയിൽ മദീനയിലെ താമസസ്ഥലത്ത് വെളുപ്പിന് മൂന്ന് മണിക്ക് ഉദ്യോഗസ്ഥർ റൂമിലേക്ക് കടന്നുവന്നുകൊണ്ടായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ശൈഖ് തന്നെ ആ അനുഭവം പങ്കുവെക്കുന്നുണ്ട്. ‘ഞാനും ഭാര്യയും ഒപ്പമുള്ളവരുമായി മദീനയിലെ റൂമിൽ കഴിയുകയാണ്. സുബ്ഹിക്ക് മുമ്പ് ഒരു മൂന്ന് മണിയായിട്ടുണ്ടാകും. എന്റെ കൂടെയുള്ളത് മുഹമ്മദ് അലവി മാലികിയുടെ ഗ്രന്ഥങ്ങളും ശൈഖ് അഹ്മദ് രിളാഖാന്റെ രചനകളും ദലാഇലുൽ ഖൈറാത്ത് എന്ന സ്വലാത്തിന്റെ ഏടുമായിരുന്നു. കടന്നുവന്ന പോലീസുകാർ ഉടനെ ലഗേജുകൾ പരിശോധിക്കാൻ ആരംഭിച്ചു. ഞാൻ ഭാര്യയോട് ബുർഖയിട്ട് ബാത്ത്‌റൂമിന്റെ ഭാഗത്തേക്ക് മാറി നിൽക്കാൻ പറഞ്ഞു. റൂമിൽ തന്നെ പല ചോദ്യോത്തരങ്ങളും നടന്നു. തീർത്തും തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു അത്. ബറേൽവി എന്ന ഒരു മതവിഭാഗത്തിന്റെ നേതാവായാണ് എന്നെ അവിടെ പരിചയപ്പെടുത്തപ്പെട്ടിരുന്നത്. ഞാൻ പറഞ്ഞു: ‘ബറേൽവി എന്നത് ഒരു മതവിഭാഗമല്ല. സുന്നി വിശ്വാസാചാരങ്ങളിലൂടെയാണ് ഞങ്ങൾ നീങ്ങുന്നത്. റസൂലും അടുത്ത നൂറ്റാണ്ടിലുള്ളവരും ഏതൊരു മാർഗ്ഗമാണോ പഠിപ്പിച്ചത് അതാണ് ഞങ്ങളുടെയും മാർഗം. പിന്നീട് വാഗ്വാദങ്ങളുടെ പതിനൊന്ന് നാളുകൾ ജയിലിൽ കഴിഞ്ഞു. അതിനിടയിൽ വിശ്വാസപരമായ കാര്യങ്ങൾ, ഇന്ത്യയിലെ വ്യത്യസ്ത മതവിഭാഗങ്ങൾ, തന്റെ വിദേശയാത്രകൾ എന്നിവയെല്ലാം ചോദ്യം ചെയ്യലിന് വിധേയമായി. എല്ലാത്തിനും കൃത്യമായി മറുപടി കൊടുത്തു. അവസാനം ഒരു പോലീസ് ഉദ്യോഗസ്ഥൻ, ‘ഞാൻ അക്തർ രിളാഖാൻ, ഞാൻ ഇന്ത്യയിലെ ബറേൽവി വിശ്വാസക്കാരുടെ നേതാവാണ്’ എന്ന് എഴുതിക്കൊണ്ട് വന്നിട്ട് എന്നോട് അതിൽ ഒപ്പുവെക്കാൻ പറഞ്ഞു. ഞാൻ ഒപ്പുവെച്ചില്ല. അവരോട് ഞാൻ പറഞ്ഞു: അങ്ങനെയൊരു മതവിഭാഗമില്ല. വീണ്ടും വിശദീകരണങ്ങൾ നൽകി. അവസാനം പതിനൊന്ന് ദിവസങ്ങൾക്കു ശേഷം ഒരുന്നത ഉദ്യോഗസ്ഥൻ ‘നിങ്ങളുടെ വിജ്ഞാനത്തെയും നിങ്ങൾക്ക് ജനങ്ങൾക്കിടയിലുള്ള സ്വീകാര്യതയെയും ഞാനംഗീകരിക്കുന്നു’ എന്ന് പറഞ്ഞു മദീനാ സന്ദർശനത്തിനും, അന്നത്തെ ളുഹ്ർ നിസ്‌കാരത്തിനു പോലും സൗകര്യം നൽകാതെ നേരെ ജിദ്ദാ എയർപോർട്ടിലെത്തിച്ചു. അതിനിടയിലും സംഭാഷണങ്ങൾ നടന്നിരുന്നു. പിന്നെ നേരെ നാട്ടിലേക്കും.’

അക്തർ രിളാഖാൻ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു എന്നറിഞ്ഞപ്പോൾ തന്നെ പതിനായിരക്കണക്കിനാളുകൾ സംബന്ധിച്ച പ്രതിഷേധങ്ങൾ ഇന്ത്യയിൽ നടന്നിരുന്നു. ബോംബെയിലും ഡൽഹിയിലുമായി പ്രതിഷേധങ്ങളും എംബസി ഓഫീസുകൾക്ക് മുമ്പിൽ സമരങ്ങളും നടന്നു.

പതിനൊന്ന് ദിവസത്തെ ജയിൽവാസത്തിന് ശേഷം നാട്ടിലേക്ക് വന്ന അക്തർ രിളാഖാന് ലഭിച്ചത് വൻ ജനാവലിയുടെ സ്വീകരണമായിരുന്നു. ഇതേ തുടർന്ന് ഏതൊരാശയത്തിലാണ് അക്തർ രിളാഖാൻ നിലകൊള്ളുന്നതെന്നും ഇങ്ങനെ ലോകത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന വിശ്വാസികളെ ദ്രോഹിക്കുന്ന നടപടികൾ ശരിയല്ലെന്നും അറിയിച്ചുകൊണ്ട് അന്നത്തെ സഊദി ഭരണാധികാരിയായിരുന്ന ഫഹദ് ബിൻ അബ്ദുൽ അസീസിനും തുർക്കി ബിൻ അബ്ദുൽ അസീസിനും ലണ്ടനിലെ മുസ്‌ലിം സഹോദരങ്ങളും ഇന്ത്യയിൽ നിന്നുള്ള പണ്ഡിതന്മാരും അറബിയിൽ എഴുത്തുകളയച്ചു കൊടുത്തു. അതേ തുടർന്നാണ് ഫഹദ് ബിൻ അബ്ദുൽ അസീസ് രാജാവിന്റെ ‘Muslims from all walks of lite will be allowed to make ibadah on their way in Saudi Arabia’ എന്ന പ്രസ്താവന വന്നത്. അതിനുശേഷം അക്തർ രിളാഖാൻ തങ്ങളുടെ സ്ഥാനപദവികൾ അറിയുകയും വേൾഡ് ഇസ്‌ലാമിക് മിഷൻ ലണ്ടനിൽ നിന്ന് തെറ്റിദ്ധാരണകൾ തീർക്കുന്ന രൂപത്തിലുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തപ്പോൾ 1987 മെയ് 21ന് താജുശ്ശരീഅഃ ശൈഖ് അക്തർ രിളാഖാന് ഡൽഹി എംബസിയിൽ നിന്ന് ഒരു ഫോൺ വന്നു. മക്കയും മദീനയും സന്ദർശിക്കാനും ആരാധനകൾ നിർവഹിക്കാനുമുള്ള സൗകര്യമൊരുക്കിക്കൊണ്ട് സഊദി ഗവൺമെന്റ് നൽകിയ സ്‌പെഷ്യൽ വിസാ അറിയിപ്പായിരുന്നു അത്. സന്തോഷത്തോടെയും ആനന്ദത്തോടെയും 1987 മെയ് 27ന് ശൈഖ് സഊദി അംബാസിഡറുടെ പ്രത്യേക ബഹുമതിയോടു കൂടി പതിനാറ് ദിവസത്തെ മക്കാ-മദീന സന്ദർശനത്തിലേർപ്പെട്ടു. കർമങ്ങൾ നിർവഹിച്ച് നാട്ടിലേക്ക് മടങ്ങിവന്നപ്പോൾ ആഘോഷത്തിന്റെ ആരവങ്ങളായിരുന്നു.

ഖാദിരി ത്വരീഖത്തിന്റെ മഹനീയമായ ആത്മീയ വഴിയിൽ ശൈഖിന് ലക്ഷക്കണക്കിന് മുരീദുമാരുണ്ട്, ഇറാഖ്, പാകിസ്താൻ, ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, മൗറീഷ്യസ്, യു കെ, ഹോളണ്ട്, സൗത്ത് ആഫ്രിക്ക, അമേരിക്ക, ഇറാൻ, തുർക്കി, മലാവി, സഊദി തുടങ്ങിയ രാഷ്ട്രങ്ങളിൽ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വൈജ്ഞാനിക സഭകൾ തുടങ്ങിയ നിരവധി സംരംഭങ്ങളുടെ അമരത്ത് അദ്ദേഹമുണ്ടായിരുന്നു. ദാറുൽ ഇഫ്താഅ് ബറേലി ശരീഫ്, മനാമ സുന്നി ദുനിയാ മാഗസിൻ, അക്തർ രിളാ ലൈബ്രറി ലാഹോർ, മർകസി ദാറുൽ ഇഫ്ത ഹോളണ്ട്, ജാമിഅ മദീനത്തുൽ ഇസ്‌ലാം ഹോളണ്ട്, അൽ ജാമിഅത്തുൽ ഇസ്‌ലാമിയ്യ റാംപൂർ, അൽ ജാമിഅത്തുന്നൂരിയ്യ, അൽ ജാമിഅത്തുറള്‌വിയ്യ ബീഹാർ, മദ്‌റസ അറബിയ്യ ഗൗസിയ്യ ബൂർഹാൻപൂർ, മദ്‌റസ ഗൗസിയ്യ ഗുജറാത്ത്, മദ്‌റസ അഹ്‌ലുസ്സുന്നത്ത് ഗുൽഷന്റള ബീഹാർ, ദാറുൽ ഉലൂം ബോംബെ, മദ്‌റസ തൻസീമുൽ മുസ്‌ലിമീൻ ബീഹാർ, ഇമാം അഹ്മദ് രിളാ അക്കാദമി സൗത്ത് ആഫ്രിക്ക, മുഹിബ്ബനേ രിളാ-ഇ-മുസ്തഫ സൗത്ത് ആഫ്രിക്ക തുടങ്ങിയ ഒട്ടേറെ സംരംഭങ്ങളുടെ പ്രധാന നേതൃത്വമായിരുന്നു. അതോടൊപ്പം ശരീഅഃ ബോർഡ്, യു പി മുസ്‌ലിം പേഴ്‌സണൽ ലോ കൗൺസിൽ, ആൾ ഇന്ത്യ ജംഇയ്യത്തുൽ ഉലമ തുടങ്ങിയ വൈജ്ഞാനിക-പണ്ഡിത സഭകളുടെ അധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

രചനാ രംഗത്തും ഉയർന്ന സേവനങ്ങളുണ്ട്. അമ്പതോളം പ്രൗഢമായ കൃതികൾ അറബിയിലും ഉറുദുവിലും രചിച്ചിട്ടുണ്ട്. പല കൃതികളുടേയും ഇംഗ്ലീഷ് വിവർത്തനവും ലഭ്യമാണ്. പ്രധാനമായും സ്വഹീഹുൽ ബുഖാരിയുടെ പ്രൗഢമായ വ്യാഖ്യാനം രചനയിലുണ്ട്. വ്യാഖ്യാനിച്ചെഴുതിയ അൽ ഫർദ അറബ് ലോകത്ത് പ്രശംസ പിടിച്ചുപറ്റിയ മനോഹരമായ ഗ്രന്ഥമാണ്. ആധുനിക കർമശാസ്ത്ര വീക്ഷണങ്ങളവതരിപ്പിച്ചുകൊണ്ട് രചിച്ച ഫത്‌വ ഗ്രന്ഥങ്ങളും പ്രസിദ്ധീകൃതമായിട്ടുണ്ട്.

റസൂലിനോടുള്ള(സ്വ) ഇഷ്ടങ്ങൾ നിറഞ്ഞ് നിൽക്കുന്ന നഅ്ത് ശരീഫുകളുടെ വലിയൊരു സമാഹാരം തന്നെ രചനയായി നമുക്ക് വായിക്കാനുണ്ട്. മദീനയെ പ്രകീർത്തിച്ചുകൊണ്ടും നബിയോടുള്ള(സ) സ്‌നേഹത്തിന്റെ പ്രാധാന്യമവതരിപ്പിച്ചുകൊണ്ടും അനുരാഗിയുടെ ഹൃദയത്തിൽ നിന്ന് വരുന്ന നഅ്ത് ശരീഫുകൾ നമുക്കാ സമാഹാരത്തിൽ നിന്ന് വായിച്ചെടുക്കാൻ കഴിയും.