ശൂൽപനേശ്വർ വന്യജീവി സങ്കേതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സർവാണി വെള്ളച്ചാട്ടം, ശൂൽപനേശ്വർ

ഗുജറാത്ത് സംസ്ഥാനത്ത്, നർമ്മദ നദിയുടെ തീരത്തായി സത്പുര മലനിരകളിൽ സ്ഥിതിചെയ്യുന്ന 607.7 കിലോമീറ്റർ 2 (234.6 ചതുരശ്ര മൈൽ) വലിപ്പമുള്ള ഒരു സംരക്ഷിത പ്രദേശമാണ് ശൂൽപനേശ്വർ വന്യജീവി സങ്കേതം. മധ്യപ്രദേശുമായും മഹാരാഷ്ട്രയുമായും ഇത് ഒരു പൊതു അതിർത്തി പങ്കിടുന്നു. മിശ്രിത വരണ്ട ഇലപൊഴിയും വനം, നദീതീര വനം, ഈർപ്പമുള്ള തേക്ക് വനത്തിന്റെ കുറച്ച് ഭാഗങ്ങൾ, കാർഷിക മേഖലകൾ, രണ്ട് ജലസംഭരണികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു[1][2]. 1982 ലാണ് ഇത് സ്ഥാപിതമായത്.[3]

ഭൂമിശാസ്ത്രം[തിരുത്തുക]

രാജ്പിപ്ല കുന്നുകളാണ് ഈ പ്രദേശത്തെ ഭൂപ്രകൃതിയിലെ പ്രധാന ഘടകം. 882 മീറ്റർ ഉയരമുള്ള ധമന്മാൽഈ മേഖലയിലെ ഏറ്റവും ഉയർന്ന കൊടുമുടിയാണ്. ഈ മേഖലയുടെ പൊതുവായ ചരിവ് പടിഞ്ഞാറ് ദിക്കിലേക്കാണ്. എല്ലാ ഋതുക്കളിലും സമൃദ്ധമായ പച്ചപ്പ്, ഉയരമുള്ള മേലാപ്പ്, ആഴത്തിലുള്ള താഴ്വരകൾ, പാറക്കെട്ടുകൾ, ചെറു അരുവികൾ, വെള്ളച്ചാട്ടങ്ങൾ എന്നിവ ഈ സങ്കേതത്തിലുണ്ട്.

സസ്യജാലം[തിരുത്തുക]

ഇവിടെയുള്ള മരങ്ങളിൽ തേക്ക് ആണ് പ്രധാന ഇനം. പടിഞ്ഞാറ്, വടക്ക്-പടിഞ്ഞാറ് ഭാഗങ്ങളിൽ മുളങ്കാടുകൾ ആധിപത്യം പുലർത്തുന്നു. ഒരു പഠനം ഈ വന്യജീവി സങ്കേതത്തിൽ 575 ഇനം പൂച്ചെടികൾ ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്.

ജന്തുജാലം[തിരുത്തുക]

സ്ലോത്ത് കരടിയുടെ സംരക്ഷണത്തിനായാണ് ഈ സങ്കേതം തുടക്കത്തിൽ സ്ഥാപിക്കപ്പെട്ടത്. 1991 ൽ ഇവിടെ തുരുമ്പൻപൂച്ചയെ കണ്ടെത്തി.

വിവിധതരം ആമകൾ, ഉടുമ്പ്, മലമ്പാമ്പ്, വലിയ മണ്ണൂലി(Red Sand Boa), വെള്ളിക്കെട്ടൻ, ചേനത്തണ്ടൻ, കൂടാതെ വിവിധയിനം പല്ലികൾ എന്നിവ ഇവിടെ കാണപ്പെടുന്നു. എണ്ണത്തിൽ കുറവാണെങ്കിലും മഗ്ഗർ മുതലയും ഇവിടയുണ്ട്. തവളകളിൽ രാമനെല്ല സ്പീഷീസ്, ഏഷ്യൻ കോമൺ ടോഡ്, മാർബിൾഡ് ടോഡ്, ഇന്ത്യൻ സ്കിപ്പിംഗ് ഫ്രോഗ്, ഇന്ത്യൻ ട്രീ ഫ്രോഗ്, ഗ്രീൻ പോണ്ട് ഫ്രോഗ്, ഇന്ത്യൻ ബുൾഫ്രോഗ്, ക്രിക്കറ്റ് ഫ്രോഗ് മുതലായവ ഇവിടെ കണ്ടെത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. 2017-ൽ ഇവിടെ ചെന്നായയുടെ(Indian Grey Wolf) സാന്നിധ്യവും അപ്രതീക്ഷിതമായി കണ്ടെത്തി.[4]

ഇവിടെ കണ്ടുവരുന്ന സസ്തനികളിൽ പുള്ളിപ്പുലി, പുലിപ്പൂച്ച, റീസസ് കുരങ്ങ്, ഉല്ലമാൻ, കേഴമാൻ, ഈനാമ്പേച്ചി, മരപ്പട്ടി, കാട്ടുനായ്ക്കൾ എന്നിവ ഉൾപ്പെടുന്നു. മലയണ്ണാൻ, കടുവ മുതലായവ പ്രാദേശികമായി വംശനാശം സംഭവിച്ച സസ്തന ജീവികളാണ്.

വൻതത്ത, കാട്ടുകോഴി, ചുവന്ന കാട്ടുകോഴി, ചുട്ടിപ്പരുന്ത്, പ്രാപ്പിടിയൻ, കുരുവികൾ, മൂങ്ങ, നാട്ടുവേഴാമ്പൽ എന്നിവ ഉൾപ്പെടെയുള്ള പക്ഷികൾ ഇവിടെ കാണപ്പെടുന്നു.

ഗതാഗതം[തിരുത്തുക]

രാജ്പിപ്ല, ചാനോദ്, ദാഭോയ് എന്നിവിടങ്ങളിലേക്ക് ബസ്സുകൾ ലഭ്യമാണ്. സർദാർ സരോവർ ഡാം പ്രദേശത്തേക്ക് സ്വകാര്യ വാഹനത്തിൽ എത്തിച്ചേരാം. വന്യജീവിസങ്കേതത്തിനുള്ളിലേക്ക് പൊതുജനങ്ങൾക്കായി ടിക്കറ്റ് നിരക്കിൽ ചെറിയ ബസ്സുകൾ ഉണ്ട്. ചെക്ക്പോസ്റ്റിൽ പണമടച്ച് സ്വകാര്യ വാഹനങ്ങൾക്കും വനത്തിനുള്ളിൽ പ്രവേശിക്കാം.

റെയിൽ മാർഗം: ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനാണ് ഭാറൂച്ച്.

വിമാനമാർഗ്ഗം: ഏറ്റവും അടുത്തുള്ള വിമാനത്താവളം വഡോദരയിലാണ്.[5]അവലംബം[തിരുത്തുക]

  1. Vyas, R. (2011). "Reptilian diversity in and around the Shoolpaneshwar Wildlife Sanctuary, Gujarat, India". Reptile Rap 11: 5−15.
  2. Vyas, R. (2012). "Frogs of Shoolpaneswr Wildlife Sanctuary, Gujarat, India". FrogLog (101): 54−56.
  3. Vyas, R. (2007). "Present conservation scenario of reptile fauna in Gujarat State, India" (PDF). Indian Forester: 1381−1394.
  4. https://timesofindia.indiatimes.com/city/ahmedabad/wolf-sighted-in-shoolpaneshwar/articleshow/57336901.cms
  5. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2019-12-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-12-04.