ശൂന്യത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദ്രവ്യമില്ലാത്ത സ്ഥലത്തെയാണ്‌ (space) ശൂന്യത (vacuum) എന്ന് പറയുന്നത്. എങ്കിലും പ്രായോഗികമായി ദ്രവ്യം തീരെയില്ലാത്ത സ്ഥലമില്ല. അതിനാൽ സാധാരണ ശൂന്യത എന്നതുകൊണ്ടുദ്ദേശിക്കുന്നത് ദ്രവ്യത്തിന്റെ അളവ് വളരെക്കുറച്ചായതിനാൽ മർദ്ദം അന്തരീക്ഷമർദ്ദത്തെക്കാൾ വളരെക്കുറച്ചായ സ്ഥലത്തെയാണ്‌. സിദ്ധാന്തരൂപവത്കരണത്തിനുപയോഗിക്കുന്ന ദ്രവ്യം തീരെയില്ലാത്ത ശൂന്യതയെ പൂർണ്ണശൂന്യത (perfect vacuum) എന്നും പ്രായോഗികമായി ലഭ്യമാകുന്ന ശൂന്യതയെ ഭാഗികശൂന്യത (partial vacuum) എന്നും വിളിക്കുന്നു

പൂർണ്ണശൂന്യതയ്ക്ക് എത്രത്തോളം അടുത്തുനിൽക്കുന്നു എന്നതാണ്‌ ശൂന്യതയുടെ ഗുണം എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. സ്ഥലത്തിൽ ബാക്കിയുള്ള വാതകങ്ങളുടെ മർദ്ദം ശൂന്യതയുടെ ഗുണത്തെ സൂചിപ്പിക്കുന്നു. ടോർ എന്ന ഏകകമാണ്‌ ശൂന്യതയുമായി ബന്ധപ്പെട്ട വാതകമർദ്ദമളക്കാൻ സാധാരണയായി ഉപയോഗിക്കുന്നത്. താഴ്ന്ന മർദ്ദം കൂടുതൽ നല്ല ശൂന്യതയെ സൂചിപ്പിക്കുന്നുവെങ്കിലും കൃത്യമായ വിശകലനത്തിന്‌ മറ്റു ഘടകങ്ങൾ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ക്വാണ്ടം ഭൗതികത്തിലെ സിദ്ധാന്തങ്ങൾ സ്ഥലത്തിലെ ഒരു ഭാഗവും പൂർണ്ണമായി ശൂന്യമായിരിക്കുകയില്ല എന്ന് പറയുന്നതിനാൽ ശൂന്യതയുടെ ഗുണത്തിന്‌ സൈദ്ധാന്തികമായും പരിധിയുണ്ട്. ബഹിരാകാശവും നക്ഷത്രാന്തരമാധ്യമവും പ്രകൃതിയിലെ ഗുണമേറിയ ശൂന്യതകളാണ്‌. ഇന്നത്തെ ഏറ്റവും മികച്ച സാങ്കേതികവിദ്യയിലൂടെ സാധിക്കുന്നത്തിലും വളരെ നല്ല ശൂന്യതയാണ്‌ ഇവ നൽകുന്നത്.

പുരാതന ഗ്രീസ് മുതലേ ശൂന്യത ദാർശനികമായ സം‌വാദങ്ങൾക്ക് വിഷയമായിരുന്നു. എന്നാൽ ശാസ്ത്രീയമായ പഠനമാരംഭിച്ചത് പതിനേഴാം നൂറ്റാണ്ടിൽ മാത്രമാണ്. 1643-ൽ ഇവാഞ്ചലിസ്റ്റ ടോറിസെല്ലി ആദ്യമായി പ്രയോഗശാലയിൽ ശൂന്യത സൃഷ്ടിച്ചു. അന്തരീക്ഷമർദ്ദത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കി കൂടുതൽ രീതികൾ വികസിപ്പിക്കപ്പെട്ടു. ഒരുഭാഗം അടഞ്ഞ നീണ്ട ഗ്ലാസ്സ് പാത്രത്തിൽ രസം നിറയ്ക്കുകയും അതിനെ മറ്റൊരു പാത്രത്തിലേക്ക് ഒഴിക്കുകയും ചെയ്തുകൊണ്ടാണ്‌ ടോറിസെല്ലി ശൂന്യത സൃഷ്ടിച്ചത്.

ബൾബുകൾ, വാക്വം ട്യൂബുകൾ എന്നിവയുടെ വരവോടെ ഇരുപതാം നൂറ്റാണ്ടായപ്പോഴേക്കും ശൂന്യതയ്ക്ക് വമ്പിച്ച വ്യാവസായികപ്രാധാന്യം കൈവന്നു. ശൂന്യത സൃഷ്ടിക്കാനുള്ള അനേകം സാങ്കേതികവിദ്യകൾ ഇന്നുണ്ട്. മനുഷ്യൻ ബഹിരാകാശയാത്ര തുടങ്ങിയതോടെ ശൂന്യത മനുഷ്യന്റെയും മറ്റ് ജീവജാലങ്ങളുടെയും ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നറിയാനും ശ്രമങ്ങളുണ്ടായിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=ശൂന്യത&oldid=1717053" എന്ന താളിൽനിന്ന് ശേഖരിച്ചത്