ശുദ്ധ വികൃതസ്വരങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ശുദ്ധ സപ്തകം 22 ശ്രുതികളിൽ 4, 7, 9,13,17,20,22 എന്നീ ശ്രുതികളിൽ നിലകൊള്ളുന്നു. ശേഷിച്ച ശ്രുതികളിൽ ഉടലെടുത്ത സ്വരങ്ങളെ വികൃതസ്വരങ്ങൾ എന്നു വിളിക്കാൻ തുടങ്ങി. നിയത സ്ഥാനത്തു നിന്നും വ്യതിചലിക്കുന്ന സ്വരങ്ങളെയാണ് വികൃതസ്വരങ്ങൾ എന്നു പറഞ്ഞിരുന്നത്. ഹിന്ദുസ്താനി സംഗീതപദ്ധതിയിലും കർണ്ണാടക സംഗീതപദ്ധതിയിലും ശുദ്ധ വികൃതസ്വരങ്ങൾ വ്യത്യസ്തങ്ങളാണ്. ഹിന്ദുസ്താനി സംഗീതപദ്ധതിയിലെ ശുദ്ധ സപ്തകം ശങ്കരാഭരണരാഗത്തിന് തുല്യമാണ്. അതിനെ ബിലാവൽ രാഗമെന്നു പറയുന്നു. 72 മേളകർത്താപദ്ധതിയിലെ ആദ്യത്തെ രാഗമായ കനകാംഗിയാണ് കർണ്ണാടക സംഗീതത്തിലെ ശുദ്ധ സപ്തകം. ഇതിലെ സ. പ സ്വരങ്ങൾ ഒഴികെ മറ്റെല്ലാം ശുദ്ധസ്വരങ്ങൾ ആണ്. മാത്രമല്ല ഇതൊരു വിവാദിമേളയുമാണ്. എന്നാൽ ഇതിലെ ശുദ്ധ ഗാന്ധാരം, ശുദ്ധ നിഷാദം എന്നിവ ഷഡ്ജ ഗ്രാമത്തിലെ ഗാന്ധാര, നിഷാദ സ്വരങ്ങളിൽ നിന്നും വ്യത്യസ്തമാണ്. ഹിന്ദുസ്താനി സംഗീതത്തിൽ ഷഡ്ജ-പഞ്ചമം ഒഴികെ ശേഷിച്ച അഞ്ച് സ്വരങ്ങൾ (ബിലാവൽ) അവയുടെ നിശ്ചിതസ്ഥാനത്തു നിന്ന് വ്യതിചലിക്കുമ്പോൾ ആ വക സ്വരങ്ങളെ വികൃതസ്വരങ്ങൾ എന്നു പറയുന്നു.

വികൃതസ്വരങ്ങളിൽത്തന്നെ കോമളവികൃതം, തീവ്രവികൃതം എന്നിങ്ങനെ രണ്ടുതരമുണ്ട്. ശുദ്ധ സപ്തകത്തിലെ (ബിലാവൽ) രി,ഗ,ധ,നി എന്നീ ശുദ്ധസ്വരങ്ങൾ നിയതസ്ഥാനത്തുനിന്നും കീഴോട്ട് ചലിക്കുമ്പോൾ അവ കോമള വികൃതസ്വരങ്ങൾ എന്നുപറയുന്നു.(കോമള ഋഷഭം, കോമള ഗാന്ധാരം, കോമള ധൈവതം, കോമള നിഷാദം). ശുദ്ധമദ്ധ്യമസ്വരം നിയതസ്ഥാനത്തുനിന്നും മേലോട്ട് വ്യതിചലിക്കുമ്പോൾ അതിനെ തീവ്രമദ്ധ്യമ സ്വരമെന്നും പറയുന്നു. കർണ്ണാടക സംഗീതത്തിൽ ഏറ്റവും കുറഞ്ഞ ശ്രുതിമൂല്യങ്ങളുള്ള സ്വരങ്ങളെയാണ് സാധാരണ ശുദ്ധസ്വരങ്ങൾ എന്നു പറയുന്നത്. ഷഡ്ശ്രുതി ഋഷഭം, ചതുശ്രുതി ഋഷഭം, ശുദ്ധ ഋഷഭം എന്നീ സ്വരങ്ങളിൽ കുറഞ്ഞ ഫ്രീക്വൻസിയിലുള്ള സ്വരമാണ് ശുദ്ധ ഋഷഭം(രി2). അതുപോലെ അന്തര ഗാന്ധാരം, സാധാരണ ഗാന്ധാരം, ശുദ്ധ ഗാന്ധാരം എന്നീ സ്വരങ്ങളിൽ കുറഞ്ഞ ഫ്രീക്വൻസിയിലുള്ള സ്വരം ശുദ്ധ ഗാന്ധാരം ആണ്. പ്രതിമദ്ധ്യമത്തിനെ അപേക്ഷിച്ച് താഴ്ന്ന ശ്രുതിയിലുള്ളതാണ് ശുദ്ധമദ്ധ്യമസ്വരം. ഷഡ്ജ ശ്രുതി ധൈവതം, ചതുശ്രുതി ധൈവതം, ശുദ്ധ ധൈവതം എന്നീ സ്വരങ്ങളിൽ താഴ്ന്ന ശ്രുതിയിലുള്ളതാണ് ശുദ്ധ ധൈവതം.(ധ2). കാകളി നിഷാദം, കൈശികി നിഷാദം, ശുദ്ധ നിഷാദം എന്നീ സ്വരങ്ങളിൽ കുറഞ്ഞ ശ്രുതിയിലുള്ളതാണ് ശുദ്ധ നിഷാദം.

കർണ്ണാടക സംഗീതത്തിൽ സ്വരനാമങ്ങളിൽ ആദ്യം 'ശുദ്ധ'മെന്ന് കണ്ടാൽ അത് മറ്റു സ്വരങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ഫ്രീക്വൻസിയിലുള്ള സ്വരങ്ങളാണെന്ന് മനസ്സിലാക്കാം.എന്നാൽ ഹിന്ദുസ്താനി സംഗീതത്തിൽ ശുദ്ധമദ്ധ്യമസ്വരങ്ങളൊഴിച്ച് മറ്റു സ്വരങ്ങളിൽ 'ശുദ്ധ'മെന്ന് കണ്ടാൽ അവ തീവ്രസ്വരങ്ങളായിരിക്കും. ശുദ്ധ് 'രി', ശുദ്ധ് 'ഗ', ശുദ്ധ് 'ധ', ശുദ്ധ് 'നി' ഇവ യഥാക്രമം ചതുശ്രുതി ഋഷഭം, അന്തര ഗാന്ധാരം, ചതുശ്രുതി ധൈവതം, കാകളി നിഷാദ സ്വരങ്ങൾക്ക് സമാനമാണ്.

കുറഞ്ഞ ശ്രുതിയെ സൂചിപ്പിക്കുന്നതിന് ശുദ്ധമെന്ന് സ്വരങ്ങളോട് ചേർത്തു പറയുന്നതു പോലെ കൂടിയ ശ്രുതികളുള്ള സ്വരങ്ങളെ സൂചിപ്പിക്കുന്നതിന് സ്വരങ്ങൾക്കുമുമ്പ് ത്രിശ്രുതി, ചതുശ്രുതി, ഷഡ്ശ്രുതി, സാധാരണ, അന്തര, കൈശികി, കാകളി എന്നിങ്ങനെ ഉപസർഗ്ഗങ്ങൾ ചേർക്കുന്നു. ഇവ കർണ്ണാടക സംഗീതത്തിലെ വികൃതസ്വരങ്ങൾ ആണ്.

  • രി - ത്രിശ്രുതി ഋഷഭം, ചതുശ്രുതി ഋഷഭം, ഷഡ്ശ്രുതി ഋഷഭം.
  • ഗ - സാധാരണ ഗാന്ധാരം, അന്തര ഗാന്ധാരം.
  • മ - പ്രതിമദ്ധ്യമം.
  • ധ - ചതുശ്രുതി ധൈവതം, ഷഡ്ശ്രുതി ധൈവതം
  • നി - കൈശികി നിഷാദം, കാകളി നിഷാദം.

ഹിന്ദുസ്താനി സംഗീതത്തിലെ വികൃതസ്വരങ്ങളുടെ സ്ഥാപനരീതി അറിയാൻ ഒരുഎളുപ്പമാർഗ്ഗമുണ്ട്. അതായ് ശുദ്ധസപ്തകമായ ബിലാവൽ ഥാട്ടിലെ ഓരോ സ്വരങ്ങളിലും ഈ രണ്ട് ശ്രുതികൾ വീതം കൂട്ടിയാൽ വികൃതസ്വരങ്ങളും അവയുടെ ക്രമസംഖ്യയും ലഭിക്കും. അതായത് ശുദ്ധസപ്തകത്തിലെ ഒന്നാമത്തെ ഷഡ്ജത്തിന് രണ്ട് ശ്രുതി കൂട്ടിയാൽ മൂന്നാമത്തെ ശ്രുതിയിലുള്ള കോമള ഋഷഭം ലഭിക്കും.അതുപോലെ അഞ്ചാമത്തെ ശ്രുതിയിലുള്ള (ദയാവതി) ശുദ്ധ ഋഷഭത്തിൽ രണ്ട് ശ്രുതികൾ ഉൾപ്പെടുത്തിയാൽ 7-ാമത്തെ ശ്രുതിയിലുള്ള കോമൾ ഗാന്ധാർ സ്വരം ലഭിയ്ക്കും.അപ്രകാരം മറ്റു വികൃതസ്വരങ്ങളും അവയുടെ ക്രമസംഖ്യകളും ലഭിക്കും.[1]

അവലംബം[തിരുത്തുക]

  1. ദക്ഷിണേന്ത്യൻ സംഗീതം, ഏ. കെ. രവീന്ദ്രനാഥ്, സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്, കേരളസർക്കാർ.ISBN-8188087-04-1
"https://ml.wikipedia.org/w/index.php?title=ശുദ്ധ_വികൃതസ്വരങ്ങൾ&oldid=2794014" എന്ന താളിൽനിന്ന് ശേഖരിച്ചത്