ശവപ്പെട്ടി കുംഭകോണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


1999-ലെ കാർഗിൽ യുദ്ധവുമായി ബന്ധപ്പെട്ട് എ.ബി. വാജ്പേയിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ. സർക്കാരിനു നേരിടേണ്ടി വന്ന ഒരു അഴിമതിക്കേസാണ് ശവപ്പെട്ടി കുംഭകോണം.[1] കാർഗിൽ യുദ്ധകാലത്ത് സൈനികരുടെ മൃതദേഹങ്ങൾ കൊണ്ടുപോകാൻ അമേരിക്കയിൽ നിന്ന് ഗുണമേന്മ കുറഞ്ഞ 500 അലൂമിനിയം പെട്ടികൾ വാങ്ങിയതിൽ വ്യാപകമായ അഴിമതി നടന്നുവെന്നാണ് കേസ്.[1][2] 2001-ൽ കൺട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ (സി.എ.ജി.) സമർപ്പിച്ച റിപ്പോർട്ടിൽ  1 കോടി 47ലക്ഷം രൂപയുടെ അഴിമതിയാണ് രേഖപ്പെടുത്തിയിരുന്നത്.[3] 

2005-ൽ യു.പി.എ. സർക്കാർ ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുവാൻ സി.ബി.ഐ.യോടു നിർദ്ദേശിച്ചു. ശവപ്പെട്ടി വാങ്ങിയതിൽ അഴിമതി നടന്നുവെന്ന് സി.ബി.ഐ. കണ്ടെത്തുകയും 2006-ൽ കേസെടുക്കുകയും ചെയ്തു.[1]

അമേരിക്കൻ പൗരൻ വിക്ടർ ബൈസയായിരുന്നു ശവപ്പെട്ടികളുടെ ഇടനിലക്കാരൻ. ഇയാൾക്കും മൂന്ന് സൈനികോദ്യോഗസ്ഥർക്കുമെതിരെ വഞ്ചന, ക്രിമിനൽ ഗൂഢാലോചന, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ എന്നീ കുറ്റങ്ങൾ ചുമത്തി 2009-ൽ സി.ബി.ഐ. കേസിന്റെ കുറ്റപത്രം സമർപ്പിച്ചു. കാർഗിൽ യുദ്ധസമയത്തെ ഇന്ത്യൻ പ്രതിരോധ മന്ത്രി ജോർജ് ഫെർണാണ്ടസിനെതിരെയും അഴിമതിയാരോപണം ഉയർന്നെങ്കിലും അദ്ദേഹത്തെ സി.ബി.ഐ. പ്രതിചേർത്തിരുന്നില്ല.[1]

കേസിലെ പ്രതിപ്പട്ടികയിലുണ്ടായിരുന്ന റിട്ട. മേജർ ജനറൽ അരുൺ റോയ്, റിട്ട. കേണൽ എസ്. കെ. മാലിക്, എഫ്.ബി. സിംഗ് എന്നിവർക്കു വിക്ടർ ബൈസയുമായി ബന്ധമുണ്ടെന്നു തെളിയിക്കുവാൻ സി.ബി.ഐ.ക്കു കഴിഞ്ഞില്ല. തുടർന്ന് 2013 ഡിസംബറിൽ സി.ബി.ഐ. പ്രത്യേക കോടതി ഇവരെ വെറുതേവിട്ടയച്ചു.[1] ഇതിനെതിരെ സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ട പൊതുതാൽപര്യ ഹർജി 2015 ഒക്ടോബർ 13-ന് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂർ അധ്യക്ഷനായ ബെഞ്ച് തള്ളുകയും കുറ്റാരോപിതരെയെല്ലാം വെറുതേവിട്ടുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.[4]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 "ശവപ്പെട്ടി കുംഭകോണം: മൂന്നു സൈനിക ഉദ്യോഗസ്ഥരെ വെറുതെവിട്ടു,". ദീപിക ദിനപത്രം. 2013-12-11. Archived from the original on 2018-02-11. Retrieved 2018-02-11.
  2. "ശവപ്പെട്ടി കുംഭകോണം: പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അന്വേഷിക്കണമെന്ന്". ദീപിക ദിനപത്രം. 2017-08-12. Archived from the original on 2017-08-15. Retrieved 2018-02-11.{{cite web}}: CS1 maint: bot: original URL status unknown (link)
  3. "അഴിമതിയിൽ നീരാടുന്ന ആർ.എസ്.എസ് ഭരണം". ചിന്ത വാരിക. Archived from the original on 2018-02-11. Retrieved 2018-02-11.
  4. "SC gives previous NDA govt a clean chit in Kargil coffin scam". Hindustan Times. 2015-10-13. Archived from the original on 2018-02-11. Retrieved 2018-02-11.
"https://ml.wikipedia.org/w/index.php?title=ശവപ്പെട്ടി_കുംഭകോണം&oldid=3966991" എന്ന താളിൽനിന്ന് ശേഖരിച്ചത്