ശരറാന്തൽപ്പൂവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശരറാന്തൽപ്പൂവ്
ഗവി യിൽ
ശാസ്ത്രീയ വർഗ്ഗീകരണം
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Acanthaceae
Genus:
Thunbergia
Species:
mysorensis

അക്കാന്തേസീ കുടുംബത്തിൽ പെട്ട ഒരു പുഷ്പിതസസ്യം ആണ് ശരറാന്തൽ പൂവ് (ശാസ്ത്രീയനാമം: Thunbergia mysorensis). ദക്ഷിണേന്ത്യയിലെ പശ്ചിമഘട്ടകാടുകളിൽ കാണപ്പെടുന്ന ഒരു സസ്യമാണിത്[1]. mysorensis എന്ന സ്പീഷീസ് നാമം ദക്ഷിണേന്ത്യയിലെ മൈസൂരുമായുള്ള ബന്ധം കാണിക്കുന്നു. കാൾ ലിനേയസിന്റെ ശിഷ്യനും സ്വീഡിഷ് സസ്യശാസ്ത്രജ്ഞനുമeയിരുന്ന കാൾ പീറ്റർ തൻബെർഗിനോടുള്ള ആദരസൂചകമായിട്ടാണു ഈ സസ്യജനുസ്സിനു പേരു നൽകിയിരിക്കുന്നത്. 'മൈസൂരിൽ നിന്നുള്ളത്' എന്നാണു സ്പീഷീസ് പദത്തിനർത്ഥം. കുടക് ജില്ലയിലെ പല വീടുകളിലും ഇത് അലങ്കാരസസ്യമായി വളർത്തുന്നുണ്ട്. ഇന്ത്യയിലും ഒട്ടേറെ വിദേശരാജ്യങ്ങളിലും അലങ്കാരസസ്യമായി വളർത്താറുണ്ട്. brick & butter vine, lady's slipper vine, dolls' shoes എന്നീ പേരുകളിലും ഈ സസ്യം അറിയപ്പെടുന്നു. പുഷ്പങ്ങളുടെ സവിശേഷ ഘടനയാണ് ഇത്തരം പേരുകളുടെ കാരണം[2][3].

എറിബിഡേ കുടുംബത്തിൽപ്പെടുന്ന അമ്പിളിത്തെയ്യം എന്ന നിശാശലഭത്തിന്റെ ലാർവകളുടെ ഭക്ഷണസസ്യമാണിത്.

വിവരണം[തിരുത്തുക]

6 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു വള്ളിച്ചെടിയാണിത്. മറ്റു സസ്യങ്ങളിലേക്ക് പടർന്നുകയറുന്ന ചിരസ്ഥായിയായ ഒരു ആരോഹിസസ്യം. നിത്യഹരിതവനങ്ങളിലും അർദ്ധനിത്യഹരിതവനങ്ങളിലും വളരുന്നു. ഇളം പച്ച നിറത്തോടുകൂടിയ ഇലകൾക്ക് 10-14 സെ. മീറ്റർ നീളവും 4-8 സെ. മീറ്റർ വീതിയുമുണ്ടാകും. സമ്മുഖവിന്യാസം. ഇലഞെട്ടിനു 15 സെ. മീറ്റർ നീളം കാണും. പുഷ്പങ്ങൾ കുലകളായി കാണപ്പെടുന്നു. ഒരു കുലയിൽ തന്നെ ധാരാളം പൂക്കളുണ്ടാകും. പത്രകക്ഷങ്ങളിൽ നിന്ന് തൂങ്ങിനിൽക്കുന്ന പൂങ്കുലയ്ക്ക് 50 സെ. മീറ്റർ വരെ നീളമുണ്ടാകും. കടും വർണങ്ങളോടുകൂടിയ പൂക്കൾ, മധ്യഭാഗം സ്വർണ്ണമഞ്ഞനിറവും മറ്റുഭാഗങ്ങൾ കടും ചുകപ്പു നിറത്തിലുമാണ്. 15-20 സെ. മീറ്റർ നീളവും 5-12 സെ. മീറ്റർ വീതിയുമുള്ള പർണങ്ങൾക്ക് തവിട്ടുകലർന്ന ചുകപ്പുനിറവുമാണ്. വസന്തകാലം മുതൽ ശരത്കാലം വരെ ആണ് പൂക്കാലം[4]. ഫലത്തിന് 3 സെ. മീറ്റർ നീളമുണ്ടാകും.

കൃഷി[തിരുത്തുക]

പൂക്കളുടെ ആകർഷണീയത മൂലം ഈ സസ്യത്തെ ഒരു അലങ്കാരച്ചെടിയായി വളർത്തുന്നു. പൂന്തോട്ടങ്ങളിൽ കൃത്രിമ സാഹചര്യങ്ങളിൽ വളർത്താറുണ്ട്. പൂക്കളിലെ മാധുര്യമുള്ള തേൻ ഹമ്മിങ് ബേഡ് തുടങ്ങിയ പക്ഷികളെ ആകർഷിക്കുന്നു.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Univ. Connecticut plant treatment: Thunbergia mysorensis {Acanthaceae} Clock Vine . accessed 5.1.2011
  2. Thunbergia mysorensis (clock vine), Royal Botanic Gardens, Kew, മൂലതാളിൽ നിന്നും 2016-12-21-ന് ആർക്കൈവ് ചെയ്തത്, ശേഖരിച്ചത് 28 April 2015
  3. ., wtplive. "ശരറാന്തൽപ്പൂവ്". https://wtplive.in/Environment/balakrishnan-vc-about-sararanthalpoovu-1172. wtplive.in. ശേഖരിച്ചത് 17 നവംബർ 2020. {{cite web}}: External link in |website= (help)CS1 maint: numeric names: authors list (link)
  4. "RHS Plant Selector - Thunbergia mysorensis ". ശേഖരിച്ചത് 27 June 2013.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ശരറാന്തൽപ്പൂവ്&oldid=3645930" എന്ന താളിൽനിന്ന് ശേഖരിച്ചത്