ശങ്കരനാഥ് ജോഷീർ
പ്രശസ്തനായ മലയാളിയും, പണ്ഡിതനും, കോട്-കാംഗ്രായിലെ ജ്യോതിഷിയും, ലാഹോർ മഹാരാജാ രഞ്ജിത് സിങ്ങിൻെറ മന്ത്രിയും, കാശിയിലെ മഠാധിപതിയും ആയിരുന്നു ശങ്കരനാഥ് ഉണിത്തിരി.[1]
ജനനം
[തിരുത്തുക]തലശ്ശേരിക്കടുത്ത് കരിവെള്ളൂരിൽ വെങ്ങാട്ടു മഠത്തിൽ പാർവ്വതി പിള്ളയാർതിരി അമ്മയുടെയും പട്രോടം അഗ്നിശർമ്മൻ നമ്പൂതിരിയുടെയും മകനായി 1789-ൽ ജനിച്ചു. മൈസൂർ പടയോട്ടക്കാലത്ത് കുടുംബം തിരുവിതാംകൂറിലേക്കു പലായനം ചെയ്തപ്പോൾ വഴിയിൽവെച്ചാണ് ജനിച്ചത്. തിരുവനന്തപുരത്ത് താമസിച്ചു ബാല്യം കഴിച്ചു. പടയോട്ടത്തിനുശേഷം മലബാറിലേക്കു മടങ്ങി.
വിദ്യാഭ്യാസം
[തിരുത്തുക]കുട്ടിക്കാലത്ത് കളിച്ചു നടന്ന് പഠനത്തിൽ ഒരു ശ്രദ്ധയും കൊടുത്തില്ല. അത് കണ്ട് അമ്മയ്ക് വളരെ വേദനയുണ്ടായി. വളരെ വിദുഷിയായിരുന്നു അവർ. അവർ മകനോട് കുതിരയുടെ വയറ്റിൽ ഒരു കഴുത പിറക്കാറില്ല എന്നു പറഞ്ഞു വളരെ ശകാരിച്ചു. അതിൽ മനസ്സു വേദനിച്ച് ശങ്കരനാഥൻ നാടുവിട്ടു.
കാഞ്ചീപുരം
[തിരുത്തുക]കരിവെള്ളൂരിൽനിന്നും ലക്ഷ്യമില്ലാതെ നടന്ന് നീലഗിരി കാട്ടിലെത്തി. വഴിയിൽ വരാഹാചാര്യൻ എന്ന ഒരു സാധുവിനെ കാണുകയും ഗുരുവായി വരിക്കുകയും ചെയ്തു. അദ്ദേഹത്തിൽനിന്നും ചില അടിസ്ഥാനവിദ്യാഭ്യാസം നേടി. ഗുരൂപദേശം മാനിച്ചുകൊണ്ട് കാഞ്ചിയിൽ പോയി മീനാക്ഷി കോവിലിൽ ഭജനമിരുന്നു.
ഒരു സാധുവായ ദേവദാസിക്ക് ശങ്കരനാഥനിൽ അലിവു തോന്നുകയും നിത്യേന അവർക്കു ക്ഷേത്രത്തിൽനിന്നു കിട്ടുന്ന പ്രസാദത്തിൽനിന്നും ഒരു പങ്ക് നല്കിവരികയും ചെയ്തു. പിത്ക്കാലത്ത് സാമ്പത്തികമായി ഉയർന്നപ്പോൾ ശങ്കരനാഥൻ ഈ ദേവദാസിക്ക് പണം അയച്ചുകൊടുത്തിരുന്നുവെന്നാണ് പറയുന്നത്.
ഒരു ദിവസം കുളിക്കാനായി നദിയിലിറങ്ങിയപ്പോൾ ശങ്കരനാഥൻെറ കാലിൽ എന്തോ തടഞ്ഞു. ഒരു കാമാക്ഷീവിഗ്രഹമായിരുന്നു അത്. അദ്ദേഹം അത് നിത്യകർമ്മങ്ങൾക്കായി ഉപയോഗിക്കുകയും വളരെ കാലത്തിനുശേഷം കരിവെള്ളൂരിൽ ഒരു ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠിക്കുകയും ചെയ്ചു.
കാശിയും കോട് കാംഗ്രായും
[തിരുത്തുക]പിന്നീട് ശങ്കരനാഥൻ കാശിയിലേക്കു പോയി. അവിടെ താമസിച്ച് വിദ്യാഭ്യാസം പൂർത്തിയാക്കി. കാശിയിലെ മണികർണ്ണികയിൽ ഒരു മഠം പണികഴിപ്പിച്ച് പ്രശസ്തനായിത്തീർന്നു.
അക്കാലത്ത് കോട്-കാംഗ്രായിലെ രാജാവായ സംസാരചന്ദ് കാശിയിൽവന്നു. അനപത്യദുഃഖമനുഭവിച്ചിരുന്ന രാജാവ്, ശങ്കരനാഥനെ കണ്ട് ഉപദേശം സ്വീകരിച്ചു. തിരിച്ചുപോയി താമസിയാതെ രാജ്ഞി ഗർഭവതിയാവുകയും ആണ്കുട്ടി ജനിക്കുകയും ചെയ്തു. ഇതിൽ സന്തുഷ്ടനായ സംസാരചന്ദ് മഹാരാജാവ് ശങ്കരനാഥനെ കോട്-കാംഗ്രയിലേക്കു ക്ഷണിക്കുകയും അവിടെ മന്ത്രിയാക്കുകയും ചെയ്തു.
കാംഗ്രയിലെ സംസാരചന്ദിൻെറ സുഹൃത്തായിരുന്നു മഹാരാജാ രഞ്ജിത് സിങ്. ഒരിയ്കൽ കാംഗ്രയിൽവെച്ച് പരിചയപ്പെട്ടപ്പോൾ മഹാരാജാ രഞ്ജിത് സിങ് ശങ്കരനാഥനെ ലാഹൂറിലേക്കു ക്ഷണിച്ചു. അവിടെ മന്ത്രിയായി അവരോധിക്കുകയും ചെയ്തു.
സിഖ് സാമ്രാജ്യത്തിൻെറ ഏറ്റവും ശക്തമായിരുന്ന കാലമായിരുന്നു അത്. സിഖ് രാഷ്ട്രത്തിലെ അന്തഃഛിദ്രങ്ങൾ ഒതുക്കാൻ രഞ്ജിത് സിങിൻെറ ഭരണത്തിനു സാധിക്കയും ചെയ്തു. ഏറ്റവും ശക്തനായ മഹാരാജാവിനു പ്രിയപ്പെട്ടവൻ എന്ന നിലയിൽ ശങ്കരനാഥന് വളരെ പദവിയും ആദരവും ലഭിക്കുകയും ചെയ്തു.
ഇക്കാലത്ത് ബ്രിട്ടീഷ് ഭരണം ഇന്ത്യയാകെ പടർന്നു. വില്യം ബെൻറിക്കുമായി പരിചയപ്പെട്ട ശങ്കരനാഥൻ കമ്പനിയുമായി നല്ല ബന്ധം തുടരുന്നതാണ് നല്ലതെന്നു രഞ്ജിത് സിങിനെ പറഞ്ഞു മനസ്സിലാക്കാൻ ശങ്കരനാഥനു കഴിഞ്ഞു. ഇക്കാലത്തു നടന്ന അഫ്ഘാൻ യുദ്ധത്തിൽ പങ്കെടുത്ത ശങ്കരനാഥന് പരിക്കുപറ്റുകയുണ്ടായി. ആകെ ഒമ്പതു വർഷമായിരുന്നു ശങ്കരനാഥൻ ലാഹൂറിൽ കഴിഞ്ഞത്.
സ്വാതിതിരുനാളിൻെറ കാലത്ത് ജഡ്ജിയാവുന്നു
[തിരുത്തുക]തിരുവനന്തപുരത്ത് തിരിച്ചെത്തി ശങ്കർനാഥ് സ്വാതിതിരുനാളിനെ കണ്ടു. അദ്ദേഹത്തിൻെറ കീഴിൽ ഫൌജ്ദാരി കമ്മീഷണറായി ജോലിചെയ്ചു.
1859-ൽ ശങ്കർനാഥ് അന്തരിച്ചു. അദ്ദേഹത്തിന് ഒരു മകനും മകളുമുണ്ടായിരുന്നു.
അവലംബം
[തിരുത്തുക]- ↑ S. Rajendu, Travancore, Malabar, and Lahore: An aide-memoire by Shankarnath Josheer to the East India Company, Kottayam, 2025. ISBN: 978-9-39209-448-4