വ്യഞ്ജന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശബ്ദത്തിന്റെ അർഥജനകമായ മൂന്നു വ്യാപാരങ്ങളിൽ ഒന്നാണ് വ്യഞ്ജന. ഭാരതീയാർഥവിജ്ഞാനമനുസരിച്ച്, വാച്യാർഥം അഥവാ രൂഢാർഥം വെളിപ്പെടുത്തുന്ന 'അഭിധ', ലാക്ഷണികാർഥം ദ്യോതിപ്പിക്കുന്ന 'ലക്ഷണ', വ്യംഗ്യാർഥം അഭിവ്യഞ്ജിപ്പിക്കുന്ന 'വ്യഞ്ജന' എന്നീ മൂന്ന് ശബ്ദവ്യാപാരങ്ങളാണുള്ളത്. ലക്ഷണാവ്യാപാരവും വ്യഞ്ജനാവ്യാപാരവും ശബ്ദത്തിന് വാച്യാതീതമായ അർഥദ്യോതനശേഷിയും സൗകുമാര്യവും നൽകുന്നു.

വ്യഞ്ജനാവ്യാപാരം[തിരുത്തുക]

ശബ്ദത്തിന് അഥവാ വാചകത്തിന് അഭിധ, ലക്ഷണ, വ്യഞ്ജന എന്ന് മൂന്ന് വ്യാപാരങ്ങളാണ് പ്രസിദ്ധമായുള്ളത്. ഒരു പദത്തിന്റെ നിയതമായ അർഥത്തെ സ്വീകരിച്ചുലഭിക്കുന്ന അർഥമാണ് അഭിധ. കാവ്യഭിന്നമായ വ്യവഹാരങ്ങളിലെല്ലാം വാച്യാർഥത്തെ അനാവരണം ചെയ്യുന്ന വ്യാപാരമാണിത്. അഭിധാവ്യാപാരം അസംഗതമാകുന്ന ചില ശബ്ദപ്രയോഗങ്ങൾ ലക്ഷണാവ്യാപാരത്തിന് സാംഗത്യമേകുന്നു. 'ഗംഗയിലെ കുടിൽ' എന്ന പ്രയോഗത്തെ ലക്ഷണാവ്യാപാരം മുഖേന അർഥം ലഭിക്കേണ്ട ഒരു പ്രയോഗമായി ആലങ്കാരികന്മാർ അവതരിപ്പിക്കുന്നു. ഗംഗയിൽ കുടിൽ അസംഗതമാവുകയും ഗംഗാതീരത്തെ കുടിൽ എന്നാണ് ലക്ഷ്യമെന്നറിയുകയും ചെയ്യുന്നു. ഇത് ലാക്ഷണികാർഥമാണ്. ഗംഗാതീരത്തെ കുടിൽ എന്നു പറയാതെ ഗംഗയിലെ കുടിൽ എന്നു പറഞ്ഞത് അവിടത്തെ ശീതളിമ, പാവനത്വം തുടങ്ങിയവ വ്യഞ്ജിപ്പിക്കുന്നതിനാണെങ്കിൽ വ്യംഗ്യാർഥമായി ഇതുകൂടി ലഭിക്കുന്നു. വാച്യമായി പറയാതെ ഒരു ആശയം വ്യഞ്ജനാവ്യാപാരംവഴി ലഭിക്കുന്നതിന് ഉദാഹരണമാണിത്. ഇതുപോലെ അലങ്കാരവും രസം, ഭാവം തുടങ്ങിയവയും വ്യഞ്ജനാവ്യാപാരംവഴി ലഭ്യമാണ്. രസാവിഷ്കരണത്തിന് വ്യഞ്ജനാവ്യാപാരം അനുപേക്ഷണീയവുമാണ്.

കുമാരസംഭവത്തിൽ പരമശിവന്റെ ഗുണഗണങ്ങൾ നാരദൻ ഹിമവാനോടു പറയുന്നതു കേട്ടുനില്ക്കുന്ന പാർവതി നമ്രമുഖിയായി കയ്യിലിരുന്ന താമരയുടെ ഇതളുകൾ എണ്ണിക്കൊണ്ടിരുന്നു എന്ന പ്രസിദ്ധമായ പദ്യം പാർവതിയുടെ ലജ്ജയെ വ്യഞ്ജിപ്പിക്കുന്നു. 'ഏവം വാദിനി ദേവർഷൗ പാർശ്വേപിതുരധോമുഖീ ലീലാകമലപത്രാണിഗണയാമാസ പാർവതീ'. ഈ രീതിയിൽ ഭാവാവിഷ്കരണത്തിനും രസാവിഷ്കരണത്തിനും മഹാകവികൾ സ്വീകരിക്കുന്നത് വ്യഞ്ജനാവ്യാപാരത്തെയാണ്. വാച്യാർഥമായി ഭാവവും രസവും മനോഹരമായി ആവിഷ്കരിക്കാൻ സാധിക്കില്ല എന്നും കവികൾ മനസ്സിലാക്കിയിരുന്നു. ഇവിടെ അഭിധ അഥവാ വാക്യാർഥം മറ്റൊരു മനോഹരമായ അർഥത്തെ (ഭാവത്തെ) വ്യഞ്ജിപ്പിക്കുന്നതിനാൽ അഭിധാമൂലധ്വനി എന്നറിയപ്പെടുന്നു. ഗംഗയിൽ കുടിൽ എന്ന വാക്യത്തിൽ ലാക്ഷണികാർഥം വ്യഞ്ജകമായി മാറുന്നത് ലക്ഷണാമൂലധ്വനി എന്നും അറിയപ്പെടുന്നു.

ദശരൂപകകർത്താവായ ധനഞ്ജയനും ദശരൂപകവ്യാഖ്യാതാവായ ധനികനും അഭിധയെയും അതിന്റെ തുടർച്ചയായി ലഭിച്ച ലക്ഷണാവ്യാപാരത്തെയും വ്യഞ്ജനാവ്യാപാരത്തെയും അഭിധയായിത്തന്നെ അഥവാ അഭിധയുടെ അർഥവ്യാപ്തി മാത്രമായി പരിഗണിക്കുന്നു. ഇതിന് താത്പര്യാർഥം എന്ന് ഇവർ പേരു നല്കുന്നു. അഭിധയെയും ലക്ഷണയെയും വ്യഞ്ജനയെയും അഭിധായകത്വം എന്ന ശബ്ദവ്യാപാരമായി പരിഗണിക്കുന്ന ഭട്ടനായകനാകട്ടെ, സാധാരണീകരണത്തിനു സഹായകമായി ഭാവകത്വ വ്യാപാരത്തെയും രസാസ്വാദത്തിനു സഹായകമായി ഭോജകത്വ വ്യാപാരത്തെയും പ്രത്യേകം ശബ്ദവ്യാപാരങ്ങളായി വിശദീകരിക്കുന്നു.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ധ്വനി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=വ്യഞ്ജന&oldid=1403421" എന്ന താളിൽനിന്ന് ശേഖരിച്ചത്