വൈ.ഡി. ഗുണ്ടേവിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇരുപതാം നൂറ്റാണ്ടിലെ ഒരു ഇന്ത്യൻ നയതന്ത്രജ്ഞനും എഴുത്തുകാരനുമായിരുന്നു വൈ.ഡി. ഗുണ്ടേവിയ (Yezdezard Dinshaw Gundevia 1908-1986). 1930-ൽ ഇന്ത്യൻ സിവിൽ സർവീസിൽ ചേർന്ന ഗുണ്ടേവിയ, 1945 വരെ ഉത്തരപ്രവിശ്യയിലെ വിവിധ ജില്ലകളിൽ സേവനമനുഷ്ഠിച്ചു. സ്വാതന്ത്ര്യപ്രാപ്തിക്കു മുൻപുള്ള ഇടക്കാലഭരണത്തിൽ കീഴിൽ ബർമ്മയിലെ ഇന്ത്യൻ നയതന്ത്രകാര്യാലയത്തിലും തുടർന്ന് വിദേശകാര്യവകുപ്പിൽ ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ച ശേഷം അദ്ദേഹം, അന്നു റഷ്യയിലെ ഇന്ത്യൻ സ്ഥാനപതിയായിരുന്ന സർവപ്പിള്ളി രാധാകൃഷ്ണനു കീഴിൽ മോസ്കോയിലെ സ്ഥാനപതി-കാര്യാലയത്തിൽ കൗൺസലറായിരുന്നു. തുടർന്ന് അദ്ദേഹം സ്വിറ്റ്സർലണ്ട്, ശ്രീലങ്ക എന്നിവിടങ്ങളിലെ ഇന്ത്യൻ സ്ഥാനപതിയായും ബ്രിട്ടണിൽ ഇന്ത്യയുടെ ഉപസ്ഥാനപതിയായും പ്രവർത്തിച്ചു. ജവഹർലാൽ നെഹ്രുവിന്റെ അവസാനത്തെ വിദേശസചിവനും രാഷ്ട്രപതി സർവപ്പിള്ളി രാധാകൃഷ്ണന്റെ സെക്രട്ടറിയും ആയിരുന്ന ശേഷം ഗുണ്ടേവിയ 36 വർഷം സേവനമനുഷ്ഠിച്ച ഇന്ത്യൻ സിവിൽ സർവീസിൽ നിന്നു വിരമിച്ചു. തുടർന്ന് അദ്ദേഹം 1967 മുതൽ 1969 വരെ ഒരിക്കൽ കൂടി ശ്രീലങ്കയിലെ ഇന്ത്യൻ സ്ഥാനപതിയായിരുന്നു.[1]

അറിയപ്പെടുന്ന ഏതാനും ഗ്രന്ഥങ്ങളുടെ കർത്താവാണ് ഗുണ്ടേവിയ. ജവഹർലാൽ നെഹ്രുവുമായി അടുത്തു പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം നെഹ്രുയുഗത്തിന്റെ സ്മരണകൾ ചേർത്തു രചിച്ചതാണ് ഔട്ട്സൈഡ് ആർക്കൈവ്സ് എന്ന പുസ്തകം. നെഹ്രുവിനെ കേന്ദ്രമാക്കി രചിച്ചിട്ടുള്ള ഈ കൃതി രസകരമായ സംഭവവിവരണങ്ങളിലൂടെ നെഹ്രുവിന്റെ വ്യക്തിത്വത്തിലേക്കും ആദർശലോകത്തിലേക്കും വെളിച്ചം വീശാൻ ശ്രമിക്കുന്നു. നെഹ്രുവിനു പുറമേ മൗണ്ട്ബാറ്റൻ പ്രഭു, സ്റ്റാലിൻ, വി.കെ. കൃഷ്ണമേനോൻ തുടങ്ങിയ പ്രമുഖരെ സംബന്ധിച്ച ഗ്രന്ഥകാരന്റെ സ്മരണകളും ഇതിൽ വായിക്കാം.[2]

ബ്രിട്ടീഷ് ഇന്ത്യയുടെ അന്തിമദശകങ്ങളിൽ ഉത്തരപ്രവിശ്യയിലെ സർക്കാർ സേവനത്തിന്റെ അനുഭവങ്ങൾ വിവരിക്കുന്നതാണ്, ഇൻ ദ ഡിസ്ട്രിക്ട്സ് ഓഫ് ദ രാജ് എന്ന കൃതി. വാർ ആന്റ് പീസ് ഇൻ നാഗാലാൻഡ് എന്ന കൃതിയും അദ്ദേഹത്തിന്റേതാണ്. കശ്മീർ പ്രശ്നത്തിന്റെ പരിഹാരത്തിനായുള്ള ചർച്ചകളിൽ നെഹ്രുവിനെ പ്രതിനിധീകരിച്ചിട്ടുള്ള അദ്ദേഹം ദ ടെസ്റ്റമെന്റ് ഓഫ് ഷേയ്ക്ക് അബ്ദുള്ള എന്ന കൃതിയുടെ രചനയിൽ പങ്കുകാരനായിരുന്നിട്ടുമുണ്ട്.[3]

അവലംബം[തിരുത്തുക]

  1. കൊളൊംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ, മുൻഹൈക്കമ്മീഷണർമാരുടെ പട്ടിക
  2. Outside the Archives by Y.D. Gundevia, e-bay
  3. വൈ.ഡി. ഗുണ്ടേവിയ, "ഔട്ട്സൈഡ് ദ ആർക്കൈവ്സ്", പ്രസാധനം സംഗം ബുക്ക്സ്, ഹൈദരാബാദ്
"https://ml.wikipedia.org/w/index.php?title=വൈ.ഡി._ഗുണ്ടേവിയ&oldid=1561227" എന്ന താളിൽനിന്ന് ശേഖരിച്ചത്