വൈറ്റില ശിവ-സുബ്രഹ്മണ്യക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എറണാകുളം ജില്ലയിൽ എറണാകുളം നഗരത്തിന്റെ തിരക്കേറിയ പ്രാന്തപ്രദേശമായ വൈറ്റിലയിൽ, ദേശീയപാത 966-നും എറണാകുളം-ഏറ്റുമാനൂർ സംസ്ഥാനപാതയ്ക്കും ഇടയിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് വൈറ്റില ശിവ-സുബ്രഹ്മണ്യ ക്ഷേത്രം. ഒരേ വളപ്പിൽ ശിവനും സുബ്രഹ്മണ്യനും പ്രധാനപ്രതിഷ്ഠകളായുള്ള രണ്ട് ക്ഷേത്രങ്ങളാണ് ഒറ്റ പേരിൽ അറിയപ്പെടുന്നത്. ഈ ക്ഷേത്രങ്ങളിലെ ശിവക്ഷേത്രം പുരാതനമായ നൂറ്റെട്ട് ശിവാലയങ്ങളിൽ ഉൾപ്പെടുന്നു. ഇവിടത്തെ സുബ്രഹ്മണ്യപ്രതിഷ്ഠ സ്വയംഭൂവാണ്. ഇരു ക്ഷേത്രങ്ങൾക്കും പ്രത്യേകമായി നാലമ്പലവും കൊടിമരവും ബലിക്കല്ലുമുണ്ടെന്നത് ഇരു പ്രതിഷ്ഠകൾക്കും തുല്യപ്രാധാന്യമാണെന്ന് സൂചിപ്പിയ്ക്കുന്നു. ഉപദേവതകളായി ഗണപതി, അയ്യപ്പൻ, ഭദ്രകാളി, നാഗദൈവങ്ങൾ എന്നിവർക്കും സന്നിധികൾ ഈ ക്ഷേത്രത്തിലുണ്ട്. മകരമാസത്തിലെ തൈപ്പൂയം ആറാട്ടായി എട്ടുദിവസം ഉത്സവം ഈ ക്ഷേത്രത്തിലുണ്ട്. കൂടാതെ കുംഭമാസത്തിൽ ശിവരാത്രി, ധനുമാസത്തിൽ തിരുവാതിര, തുലാമാസത്തിലെ സ്കന്ദഷഷ്ഠി എന്നിവയും ക്ഷേത്രത്തിലെ വിശേഷദിവസങ്ങളാണ്. കൊച്ചിൻ ദേവസ്വം ബോർഡാണ് ഈ മഹാക്ഷേത്രത്തിന്റെ ഭരണം നിർവ്വഹിയ്ക്കുന്നത്.