വൈപ്പർ ദ്വീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വൈപ്പർ ദ്വീപ്
വൈപ്പർ ദ്വീപ് is located in Andaman and Nicobar Islands
വൈപ്പർ ദ്വീപ്
വൈപ്പർ ദ്വീപ്
വൈപ്പർ ദ്വീപിന്റെ സ്ഥാനം
Etymologyഈ ദ്വീപിനു സമീപം തകരാറിലായ എച്ച്.എം.എസ്. വൈപ്പർ കപ്പലിന്റെ പേര്
Geography
Locationബംഗാൾ ഉൾക്കടൽ
Coordinates11°39′40″N 92°41′49″E / 11.661°N 92.697°E / 11.661; 92.697Coordinates: 11°39′40″N 92°41′49″E / 11.661°N 92.697°E / 11.661; 92.697
Archipelagoആൻഡമാൻ നിക്കോബാർ ദ്വീപുകൾ
Adjacent bodies of waterഇന്ത്യൻ മഹാസമുദ്രം
Administration
Demographics
Population0
Additional information
Time zone
PIN744202[1]
Telephone code031927 [2]
ISO codeIN-AN-00[3]
Official websitewww.and.nic.in

ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ സൗത്ത് ആൻഡമാൻ ജില്ലയിലുള്ള ഒരു ദ്വീപാണ് വൈപ്പർ ദ്വീപ് (ഇംഗ്ലീഷ്: Viper Island).[6] തലസ്ഥാനമായ പോർട്ട് ബ്ലെയറിൽ നിന്ന് 4 കിലോമീറ്റർ അകലെയാണ് ഈ ദ്വീപ് സ്ഥിതിചെയ്യുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് രാഷ്ട്രീയ തടവുകാരെയും കുറ്റവാളികളെയും പാർപ്പിക്കുന്നതിനായി വൈപ്പർ ദ്വീപിൽ ഒരു ജയിലുണ്ടായിരുന്നു. 1906-ൽ പോർട്ട് ബ്ലെയറിൽ സെല്ലുലാർ ജയിൽ പ്രവർത്തനം ആരംഭിച്ചതോടെ തടവുകാരെ അങ്ങോട്ടേക്കു മാറ്റി.

ചരിത്രം[തിരുത്തുക]

1789-ൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെത്തിയ ലെഫ്റ്റണന്റ് ആർക്കിബാൾഡ് ബ്ലെയർ സഞ്ചരിച്ചിരുന്ന എച്ച്.എം.എസ്. വൈപ്പർ എന്ന കപ്പലിന്റെ പേരിൽ നിന്നാണ് ഈ ദ്വീപിന് 'വൈപ്പർ' എന്ന പേരു ലഭിച്ചത്. ഇവിടെ വച്ച് എച്ച്.എം.എസ്. വൈപ്പർ അപകടത്തിൽപ്പെട്ടുവെന്നും കപ്പലിന്റെ അവശിഷ്ടങ്ങൾ വൈപ്പർ ദ്വീപിനു സമീപം കണ്ടെത്തിയെന്നും പറയപ്പെടുന്നു.

ബ്രിട്ടീഷ് ഭരണകാലത്ത്[തിരുത്തുക]

ബ്രിട്ടീഷുകാർ ഇന്ത്യ ഭരിക്കുന്ന കാലത്ത് രാഷ്ട്രീയ തടവുകാരെയും കുറ്റവാളികളെയും തടവിലാക്കുന്നതിനായി വൈപ്പർ ദ്വീപിൽ ഒരു ജയിൽ സ്ഥാപിച്ചിരുന്നു. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിക്കുന്നതിനായി പോരാടിയ വിപ്ലവകാരികളെയും സ്വാതന്ത്ര്യസമരസേനാനികളെയും ക്രൂരമായി പീഡിപ്പിക്കുന്നതിനും കൊലപ്പെടുത്തുന്നതിനുമാണ് ബ്രിട്ടീഷുകാർ ഈ ജയിൽ ഉപയോഗിച്ചിരുന്നത്. ഇവിടെ ഒരു കുന്നിൻമുകളിൽ പഴയ തൂക്കുമരത്തിന്റെ അവശേഷിപ്പുകളുണ്ട്. 1906-ൽ സെല്ലുലാർ ജയിൽ പണികഴിപ്പിച്ചതോടെ വൈപ്പർ ദ്വീപിലെ ജയിലിന്റെ പ്രവർത്തനം അവസാനിപ്പിച്ചു.

വൈപ്പർ ദ്വീപിലെ ജയിൽ[തിരുത്തുക]

1857-ലെ വിപ്ലവത്തിൽ പങ്കെടുത്തവരെ നാടുകടത്തുന്നതിനും ക്രൂരമായി ശിക്ഷിക്കുന്നതിനും വേണ്ടി പോർട്ട് ബ്ലെയറിൽ ഒരു ജയിൽ തുടങ്ങണമെന്ന് ബ്രിട്ടീഷുകാർ തീരുമാനിച്ചു. 1864-67 കാലഘട്ടത്തിൽ വൈപ്പർ ജയിലിന്റെ നിർമ്മാണം ആരംഭിച്ചു. ജയിൽ സൂപ്രണ്ടായ ലെഫ്റ്റണന്റ് കേണൽ ബാർനെറ്റ് ഫോർഡിനായിരുന്നു നിർമ്മാണത്തിന്റെ മേൽനോട്ടച്ചുമതല. ഒരു പോലീസ് ഇൻസ്പെക്ടർ, ഒരു ഹെഡ് കോൺസ്റ്റബിൾ, രണ്ടു സർജന്റുമാർ, നാല് ക്ലാസ് വൺ കോൺസ്റ്റബിൾമാർ, 30 ക്ലാസ് ടു കോൺസ്റ്റബിൾമാർ എന്നിവരെയാണ് ഇവിടെ ആദ്യം നിയമിച്ചത്. പിന്നീട് ഉദ്യോഗസ്ഥരുടെ എണ്ണം വർദ്ധിപ്പിച്ചുകൊണ്ടിരുന്നു. ഒരാളെ മാത്രം തടവിലിടാനുള്ള അറ, ലോക്കപ്പുകൾ, ചാട്ടവാറുകൊണ്ട് അടിക്കുന്നതിനുള്ള സ്ഥലം, ആയുധസംഭരണശാല എന്നിങ്ങനെ എല്ലാവിധ സൗകര്യങ്ങളും ജയിലിൽ ഒരുക്കിയിരുന്നു. സ്ത്രീ തടവുകാരെയും ഇവിടെ പാർപ്പിച്ചിട്ടുണ്ട്.

വൈപ്പർ ജയിലും ഇന്ത്യൻ സ്വാതന്ത്ര്യസമരവും[തിരുത്തുക]

വൈപ്പർ ദ്വീപിലെ തൂക്കുമരം

ബ്രിട്ടീഷ് ഭരണത്തെ വിമർശിക്കുന്നവരെ നിരനിരയായി നിർത്തി അവരുടെ കാലുകളെ തമ്മിൽ ചങ്ങല കൊണ്ട് ബന്ധിപ്പിച്ച് തടവിലിട്ടിരുന്നതിനാൽ വൈപ്പർ ചെയിൻ ഗാങ് ജയിൽ എന്ന പേരിലും ഈ ജയിൽ അറിയപ്പെട്ടിരുന്നു. ഇങ്ങനെ ചങ്ങല കൊണ്ട് ബന്ധിച്ച തടവുകാരെക്കൊണ്ട് കഠിനജോലികൾ ചെയ്യിപ്പിച്ചിരുന്നു. പുരിയിലെ മഹാരാജാ ജഗന്നാഥ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ബ്രിജ് കിഷോർ സിംഗ് ദിയോ തടവിൽ കഴിഞ്ഞതും 1879-ൽ മരണമടഞ്ഞതും വൈപ്പർ ജയിലിൽ വച്ചായിരുന്നു.

1872 ഫെബ്രുവരി 8-ന് ഹോപ്പ് ടൗൺ ജെട്ടിയിൽ വച്ച് ഇന്ത്യയുടെ വൈസ്രോയി മേയോ പ്രഭുവിനെ പെഷവാറിൽ നിന്നുള്ള ഷേർ അലി എന്ന പത്താൻ വംശജൻ കൊലപ്പെടുത്തി. ഷേർ അലിയെ തൂക്കിലേറ്റിയ സ്ഥലമായതിനാൽ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഒരു സുപ്രധാന സ്ഥലമായി വൈപ്പർ ജയിലിനെ കണക്കാക്കുന്നു. 1906-ൽ സെല്ലുലാർ ജയിൽ പണികഴിപ്പിച്ചതോടെ വൈപ്പർ ജയിലിന്റെ പ്രാധാന്യം കുറഞ്ഞുവന്നു.[7] വൈപ്പർ ജയിലിന്റെ രണ്ടു നിലകളും ഇപ്പോൾ നിലംപതിച്ചിരിക്കുന്നു. ഇടിഞ്ഞുപൊളിഞ്ഞ ഒരു മതിലും മേൽക്കൂരയുടെ അവശിഷ്ടങ്ങളും മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്.

ഭൂപ്രകൃതി[തിരുത്തുക]

നേവി ഉൾക്കടലിന്റെ മധ്യത്തായി പോർട്ട് ബ്ലെയർ ദ്വീപുകളിലാണ് വൈപ്പർ ദ്വീപ് സ്ഥിതിചെയ്യുന്നത്. വൈപ്പർ (അണലി) പോലുള്ള പാമ്പുകൾ ഈ ദ്വീപിലുണ്ട്. പോർട്ട് ബ്ലെയർ താലൂക്കിനു കീഴിലാണ് വൈപ്പർ ദ്വീപിലെ ഭരണകാര്യങ്ങൾ നടക്കുന്നത്.[8]

വിനോദസഞ്ചാരം[തിരുത്തുക]

പോർട്ട് ബ്ലെയർ തുറമുഖത്തിനു സമീപമുള്ള ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് വൈപ്പർ ദ്വീപ്. ഫീനിക്സ് ബേ ജെട്ടിയിൽ നിന്ന് 20 മിനിറ്റ് യാത്ര ചെയ്താൽ വൈപ്പർ ദ്വീപിൽ എത്തിച്ചേരാം. ചരിത്രപരമായ പ്രാധാന്യം കൊണ്ടും പ്രകൃതി മനോഹാരിത കൊണ്ടും വിനോദസഞ്ചാരികൾ ഇവിടേക്ക് ആകർഷിക്കപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. "A&N Islands - Pincodes". 22 September 2016. മൂലതാളിൽ നിന്നും 23 March 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 September 2016. Unknown parameter |deadurl= ignored (|url-status= suggested) (help)
  2. "STD Codes of Andaman and Nicobar". allcodesindia.in. ശേഖരിച്ചത് 2016-09-23.
  3. Registration Plate Numbers added to ISO Code
  4. "Islandwise Area and Population - 2011 Census" (PDF). Government of Andaman.
  5. "Sailing Directions (enroute) | India and the Bay of Bengal" (PDF) (173). National Geospatial-intelligence Agency, United States Government. 2014. ശേഖരിച്ചത് 2016-09-23. Cite journal requires |journal= (help)
  6. "Village Code Directory: Andaman & Nicobar Islands" (PDF). Census of India. ശേഖരിച്ചത് 2011-01-16.
  7. [1]
  8. "DEMOGRAPHIC – A&N ISLANDS" (PDF). andssw1.and.nic.in. ശേഖരിച്ചത് 2016-09-23.
"https://ml.wikipedia.org/w/index.php?title=വൈപ്പർ_ദ്വീപ്&oldid=2861519" എന്ന താളിൽനിന്ന് ശേഖരിച്ചത്