വൈഖരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭാഷയുടെ ജാഗ്രദവസ്ഥയാണ് വൈഖരി. ഉച്ചസ്വരത്തിൽ പുറത്തുവരുന്ന ചിന്ത അഥവാ ചിന്തയുടെ ശബ്ദരൂപമാണ് വൈഖരി. ധ്വനിരൂപത്തിലുള്ള ഭാഷാവ്യവഹാരത്തെയാണ് വൈഖരി എന്നതു കൊണ്ട്‌ അർത്ഥമാക്കുന്നത്‌...

യോഗശാസ്ത്ര പ്രകാരം ഒരു ചിന്ത വാക്കായി മാറുന്നതിനെ നാലായി തിരിച്ചിരിക്കുന്നു.

  1. പരാ: ചിന്തയുടെ ഏറ്റവും ആദ്യത്തെ പ്രകടമല്ലാത്ത അവസ്ഥയെയാണ്‌ ഇതു കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌.
  2. പശ്യന്തി: പശ്യന്തി എന്ന വാക്കിനർത്ഥം കാണുന്നു എന്നാണ്‌. മനസ്സിലങ്കുരിച്ച ചിന്തയെ തിരിച്ചറിയുന്നതിനെയാണ്‌ ഇവിടെ ഈ വാക്കു കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌.
  3. മധ്യമാ: മനസ്സിലങ്കുരിച്ച ചിന്ത ഈ അവസരത്തിൽ ഒരു മാധ്യമം അവലംബിക്കുന്നു.
  4. വൈഖരി: നാലാമതായി ഈ ചിന്ത വാക്കായി പുറത്തുവരുന്നു.

പരാവാങ്മൂലചക്രസ്ഥാ
പശ്യന്തീ നാഭിസംസ്ഥിതാ
ഹൃദിസ്ഥാ മധ്യമാ ജ്ഞേയാ
വൈഖരീ കണ്ഠദേശഗാ

ഭാഷയ്ക്ക്, പരാ (മൂലാധാരത്തിൽ ശബ്ദശക്തി കേന്ദ്രീകൃതമാവുമ്പോൾ ഉള്ള അവസ്ഥ), പശ്യന്തീ (നാഭിദേശത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിയ്ക്കുമ്പോൾ തെളിയുന്ന അവസ്ഥ), മധ്യമാ (അവനവനു മനസ്സിൽ ശ്രദ്ധകേന്ദ്രീകരിച്ചാൽ തെളിയുന്ന ഭാഷയുടെ അവസ്ഥ), വൈഖരീ (പരശ്രവണഗോചരമായ ശബ്ദം - പറയാനും കേൾക്കാനും സാധിയ്ക്കുന്ന ഭാഷയുടെ അവസ്ഥ) എന്നീ നാല് അവസ്ഥകൾ നിർവ്വചിക്കപെട്ടിരിക്കുന്നു.

മാണ്ഡൂക്യോപനിഷത് അനുസരിച്ച് 'വൈഖരി' ജാഗരിതസ്ഥാനവും 'മധ്യമ' സ്വപ്നസ്ഥാനവും 'പശ്യന്തി' സുഷുപ്തിസ്ഥാനവും 'പരാ' അനന്തതയിൽ ലയിക്കുന്ന തുരീയസ്ഥാനവുമത്രേ. ഓം എന്ന ശബ്ദം കൊണ്ടാണ് ഇവ പ്രതിനിധാനം ചെയ്യപ്പെടുന്നത്. "അ" ജാഗരിതസ്ഥാനമായ വൈഖരി, "ഉ" സ്വപ്നസ്ഥാനമായ മാധ്യമ, "മ" സുഷുപ്തിസ്ഥാനമായ പശ്യന്തി. അവസാനത്തെ അനിർവചനീയമായ മുഴക്കം പരാതത്വം.

"https://ml.wikipedia.org/w/index.php?title=വൈഖരി&oldid=1403450" എന്ന താളിൽനിന്ന് ശേഖരിച്ചത്