Jump to content

വേരിയലേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു രോഗിയിൽ നിന്നോ അടുത്തിടെ വേരിയലെറ്റ് ചെയ്ത വ്യക്തിയിൽ നിന്നോ എടുത്ത വസ്തുക്കൾ ഉപയോഗിച്ച് അതുവരെ രോഗം വരാത്ത ഒരു വ്യക്തിക്ക് വസൂരിക്കെതിരെ (വേരിയോള) പ്രതിരോധമുണ്ടാക്കാൻ ഉപയോഗിച്ചിരുന്ന ആദ്യകാല പ്രതിരോധ കുത്തിവയ്പ്പ് രീതിയാണ് വേരിയലേഷൻ.

ചർമ്മ ഉപരിതലത്തിൽ ഉണ്ടാക്കിയ പോറലുകളിലേക്ക് വസൂരി ചുണങ്ങുകളുടെ പൊടിയോ കുമിളകളിൽ നിന്നുള്ള ദ്രാവകമോ കടത്തിയാണ് ഈ നടപടിക്രമം സാധാരണയായി നടത്തുന്നത്. വൈറസ് സാധാരണയായി വായുവിലൂടെ പടരുന്നു. ആദ്യം വായ, മൂക്ക് അല്ലെങ്കിൽ റെസ്പിരേറ്ററി ട്രാക്റ്റ് എന്നിവയെ ബാധിച്ച് ലിംഫറ്റിക് സിസ്റ്റത്തിലൂടെ ശരീരത്തിലുടനീളം വ്യാപിക്കും. നേരെമറിച്ച്, ചർമ്മത്തിലെ അണുബാധ സാധാരണയായി സൗമ്യമാണ്. എന്നിരുന്നാലും, വൈറസിനുള്ള പ്രതിരോധശേഷി അപ്പോഴും ലഭ്യമാകും. സ്വാഭാവികമായി ഉണ്ടാകുന്ന വസൂരി മൂലമുണ്ടാകുന്ന കുരുക്കൾ രോഗിയുടേശരീരത്തിൽ വികസിക്കും. ഒടുവിൽ, ഏകദേശം രണ്ടോ നാലോ ആഴ്ചകൾക്ക് ശേഷം ഈ ലക്ഷണങ്ങൾ കുറയും.

ചൈന, ഇന്ത്യ, ആഫ്രിക്കയുടെ ചില ഭാഗങ്ങൾ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ ആദ്യകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന ഈ രീതി 1720-കളിൽ ഇംഗ്ലണ്ടിലും വടക്കേ അമേരിക്കയിലും പ്രചാരത്തിലെത്തി. സുരക്ഷിത ബദലായ വസൂരി വാക്സിൻ പകരം വന്നതോടെ ഈ രീതി ഇന്ന് ഉപയോഗിക്കപ്പെടുന്നില്ല. എന്നിരുന്നാലും മറ്റ് രോഗങ്ങൾക്കെതിരെ ഇപ്പോൾ ലഭ്യമായ വാക്സിനുകൾ വികസിപ്പിക്കുന്നതിലേക്ക് നയിച്ചത് വേരിയലേഷൻ രീതിയാണ്.

ടെർമിനോളജി[തിരുത്തുക]

വസൂരി പ്രതിരോധത്തെ വിവരിക്കാൻ ഉപയോഗിക്കുന്ന പദങ്ങൾ ആശയക്കുഴപ്പം ഉണ്ടാക്കും. 18-ാം നൂറ്റാണ്ടിലെ മെഡിക്കൽ ടെർമിനോളജിയിൽ, ഇനോക്കുലേഷൻ എന്നത് വസൂരി കുത്തിവയ്പ്പിനെ സൂചിപ്പിക്കുന്നു. തെറ്റായ വിവർത്തനത്തിലൂടെയോ തെറ്റായ വ്യാഖ്യാനത്തിലൂടെയോ ഇനോക്കുലേഷനും വാക്സിനേഷനും പരസ്പരം മാറ്റുന്ന എഴുത്തുകാരാണ് ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. വേരിയലേഷൻ എന്ന പദം വസൂരി വൈറസ് കൊണ്ടുള്ള കുത്തിവയ്പ്പിനെ മാത്രമാണ് സൂചിപ്പിക്കുന്നത്, ഇത് വാക്സിനേഷനുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാലും പരസ്പരം മാറ്റാൻ കഴിയില്ല. 1800-ൽ എഡ്വേർഡ് ജെന്നർ വസൂരിയിൽ നിന്ന് വ്യത്യസ്തമായ ഒരു മൃഗരോഗമായ കൗപോക്സിൽ നിന്ന് വസൂരി വാക്സിൻ അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് പിന്നീടുള്ള പദം ആദ്യമായി ഉപയോഗിച്ചത്. വാക്സിനേഷനുമായുള്ള ആശയക്കുഴപ്പം ഒഴിവാക്കാൻ 19-ാം നൂറ്റാണ്ട് മുതൽ വേരിയലേഷൻ എന്ന പദം ഉപയോഗിച്ചു തുടങ്ങി. മിക്ക ആധുനിക എഴുത്തുകാരും ഇവിടെ ഉപയോഗിച്ചിരിക്കുന്നതുപോലെ, കാലഗണന പരിഗണിക്കാതെ വസൂരി കുത്തിവയ്പ്പിനെ വേരിയലേഷൻ ആയി പരാമർശിക്കുന്നു. 1891-ൽ ലൂയി പാസ്ചർ, ഏതെങ്കിലും പകർച്ചവ്യാധികൾക്കെതിരായ പ്രതിരോധശേഷി കൃത്രിമമായി പ്രേരിപ്പിക്കുന്നതിനെ സൂചിപ്പിക്കാൻ വാക്സിൻ/വാക്സിനേഷൻ എന്നീ പദങ്ങൾ വിപുലീകരിച്ചുകൊണ്ട് ജെന്നറെ ആദരിച്ചത് കൂടുതൽ ആശയക്കുഴപ്പത്തിന് കാരണമായി. ഒരു വ്യക്തിയെ മനപ്പൂർവ്വം വൈറസ്, ബാക്ടീരിയ, മറ്റ് രോഗകാരികൾ അല്ലെങ്കിൽ കൃത്രിമ വാക്സിൻ എന്നിവയ്ക്ക് വിധേയമാക്കുന്നതിനെയാണ് ഇനോക്കുലേഷൻ സൂചിപ്പിക്കുന്നത്, ഇത് സജീവമായ പ്രതിരോധശേഷി ഉണ്ടാക്കാം, കൂടാതെ ഏതെങ്കിലും അനുയോജ്യമായ അഡ്മിനിസ്ട്രേഷൻ രീതി വഴി കുത്തിവയ്പ്പ് നടത്താം. പരിചിതമായ പല വാക്സിനുകളും ഇൻട്രാമസ്കുലറായി കുത്തിവയ്ക്കുകയോ വിഴുങ്ങുകയോ ചെയ്യുന്നു.

ഉത്ഭവം[തിരുത്തുക]

ചൈന[തിരുത്തുക]

വേരിയലേഷന്റെ ഏറ്റവും പഴയ രേഖപ്പെടുത്തിയ ഉപയോഗം പതിനഞ്ചാം നൂറ്റാണ്ട് മുതൽ ചൈനക്കാർ പരിശീലിച്ചിരുന്ന രീതിയാണ്. പൊടിച്ച വസൂരി പദാർത്ഥങ്ങൾ, സാധാരണയായി ചുണങ്ങു, മൂക്കിലൂടെ ഊതിക്കൊണ്ട് "നാസൽ ഇൻസുഫ്ലേഷൻ" എന്ന രീതി അവർ നടപ്പിലാക്കി. പതിനാറാം നൂറ്റാണ്ടിലും പതിനേഴാം നൂറ്റാണ്ടിലും ചൈനയ്ക്കുള്ളിൽ വിവിധ ഇൻസുഫ്ലേഷൻ ടെക്നിക്കുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.[1] :60 അത്തരം ഡോക്യുമെന്റേഷൻ അനുസരിച്ച്, ഗുരുതരമായ ആക്രമണം തടയുന്നതിനായി ചെറിയ വസൂരി രോഗികളെ ദാതാക്കളായി തിരഞ്ഞെടുത്തു. കുറച്ചു നാൾ ഉണങ്ങാൻ വച്ച ചുണങ്ങാണ് ഈ വിദ്യക്ക് ഉപയോഗിച്ചിരുന്നത്. പുതിയ ചുണങ്ങു പൂർണ്ണമായ അണുബാധയിലേക്ക് നയിക്കാനുള്ള സാധ്യത കൂടുതലാണ് എന്നതാണ് അതിന് കാരണം. മൂന്നോ നാലോ ചുണങ്ങു പൊടിച്ച് കസ്തൂരി തരി കലർത്തി പഞ്ഞിയിൽ കെട്ടി ഒരു പൈപ്പിലൂടെ രോഗിക്ക് മൂക്കിലൂടെ വലിക്കാൻ നൽകുന്നു. വേരിയലേഷൻ എന്ന സമ്പ്രദായം ചൈനക്കാർ അനുഷ്ഠിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു. നടപടിക്രമത്തിന് ഉപയോഗിക്കുന്ന ഊതുന്ന പൈപ്പ് വെള്ളി കൊണ്ടാണ് നിർമ്മിച്ചിരുന്നത്. വലത് നാസാരന്ധം ആൺകുട്ടികൾക്കും ഇടത് പെൺകുട്ടികൾക്കും ഉപയോഗിക്കുന്നു. [2] :45 സ്വാഭാവികമായി രോഗം പിടിപെട്ടവരെ പോലെ തന്നെ പകർച്ചവ്യാധികൾ ഉള്ളതുപോലെയാണ് വേരിയലേറ്റഡ് കേസുകളും കൈകാര്യം ചെയ്യുന്നത്. ചുണങ്ങു മാറുന്നതുവരെ ഈ രോഗികളെ മറ്റുള്ളവരിൽ നിന്ന് മാറ്റിനിർത്തിയിരുന്നു. 1700-ൽ ലണ്ടനിലെ റോയൽ സൊസൈറ്റിക്ക് ചൈനീസ് ആചാരത്തെക്കുറിച്ചുള്ള രണ്ട് റിപ്പോർട്ടുകൾ ലഭിച്ചു. ഒന്ന് ചൈനയിൽ നിലയുറപ്പിച്ചിരിക്കുന്ന ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ ഒരു ജീവനക്കാരന്റെ റിപ്പോർട്ട് ലഭിച്ച ഡോ. മാർട്ടിൻ ലിസ്റ്ററിന്റേതും മറ്റൊന്ന് ഫിസിഷ്യൻ ക്ലോപ്‌ടൺ ഹാവേഴ്‌സിന്റെയും ആയിരുന്നു. റിപ്പോർട്ട് ലഭിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.[3]

ഇന്ത്യ[തിരുത്തുക]

വേരിയലേഷൻ രീതി ഉത്ഭവിച്ചതും, യൂറോപ്പിലേക്ക്, പ്രത്യേകിച്ച് ഓട്ടോമൻ സാമ്രാജ്യത്തിലേക്കും വെയിൽസിലേക്കും ഈ രീതി വ്യാപിച്ചതും ഇന്ത്യയിൽ നിന്നാണെന്നാണ് മറ്റൊരു വിശ്വാസം.[4] പതിനെട്ടാം നൂറ്റാണ്ടിൽ സഞ്ചാരികളായ ബ്രാഹ്മണർ കുത്തിവയ്പ്പ് നടത്തിയതിന് രണ്ട് വിവരണങ്ങളുണ്ട്: 1731-ൽ ഒലിവർ കോൾട്ട് എഴുതിയത് ആ സമയത്തിന് ഏകദേശം 150 വർഷങ്ങൾക്ക് മുമ്പ് "ചമ്പാനഗറിലെ ഭിഷഗ്വരനായ ഡുനന്ററിയാണ് (ധന്വന്തരി വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട ഹിന്ദു ദൈവത്തിന്റെ പേരാണ്, കൂടാതെ ഫിസിഷ്യൻമാർക്കിടയിലെ ഒരു പൊതു നാമം കൂടിയാണിത്) ഇത് ആദ്യമായി നടത്തിയത്" എന്നാണ്, കൂടാതെ ജോൺ സെഫാനിയ ഹോൾവെൽ 1768-ൽ ഇത് നൂറുകണക്കിന് വർഷങ്ങളായി പരിശീലിക്കുന്നതിനെക്കുറിച്ച് എഴുതി. ഈ അവകാശങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്, എന്നാൽ 1768 ആയപ്പോഴേക്കും ബംഗാളിൽ കുത്തിവയ്പ്പ് പ്രയോഗിച്ചു തുടങ്ങിയതായി റിപ്പോർട്ടുണ്ട്. [4] ഈ നടപടിക്രമം നടത്തിയ ഡോക്ടർമാർ തികാദർ എന്നാണ് അറിയപ്പെട്ടിരുന്നത്. പല ഇന്ത്യൻ ഭാഷകളിലും 'വാക്സിനേഷൻ' എന്ന അർത്ഥത്തിൽ ടിക്ക എന്ന പദം ഇപ്പോഴും ഉപയോഗത്തിലുണ്ട്.

സുഡാൻ[തിരുത്തുക]

മിഡിൽ ഈസ്റ്റിലും ആഫ്രിക്കയിലും സമാനമായ രീതികൾ പ്രചാരത്തിലുണ്ടായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലും പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും സമാനമായ രണ്ട് രീതികൾ സുഡാനിൽ വിവരിച്ചിട്ടുണ്ട്. രണ്ടും വളരെക്കാലമായി സ്ഥാപിക്കപ്പെട്ടതും അറബി സമ്പ്രദായങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞതുമാണ്. തിശ്തെരീ എൽ ജിദ്ദെരി ('വസൂരി വാങ്ങുന്നത്') കേന്ദ്ര സുഡാനിലെ സെന്നാർ ഭാഗത്തെ സ്ത്രീകൾക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്നു. [1] :61 വസൂരി ബാധിച്ചിട്ടില്ലാത്ത ഒരു കുട്ടിയുടെ അമ്മ, പുതുതായി രോഗം ബാധിച്ച ഒരു കുട്ടിയുടെ വീട് സന്ദർശിക്കുകയും രോഗിയായ കുട്ടിയുടെ കൈയിൽ ഒരു കോട്ടൺ തുണി കെട്ടും. പിന്നീട് ഓരോ കുരുവിന്റെയും വിലയെക്കുറിച്ച് അവൾ കുട്ടിയുടെ അമ്മയുമായി വിലപേശും. ഒരു വില തീരുമാനമായാൽ, സ്ത്രീ വീട്ടിലേക്ക് മടങ്ങുകയും സ്വന്തം കുട്ടിയുടെ കൈയിൽ തുണി കെട്ടുകയും ചെയ്യും. ഈ സമ്പ്രദായത്തിന്റെ വ്യതിയാനങ്ങളിൽ ദാതാവിന് സമ്മാനങ്ങൾ കൊണ്ടുവരുന്നതും ഉൾപ്പെടുന്നു. രണ്ടാമത്തെ രീതി ഡാക് എൽ ജെഡ്രി ('വസൂരി അടിക്കുന്നത്') എന്നാണ് അറിയപ്പെട്ടിരുന്നത്,[1] :61 ഈ രീതി ഓട്ടോമൻ സാമ്രാജ്യത്തിൽ ഉപയോഗത്തിലുണ്ടായിരുന്നതും, ഒടുവിൽ ഇംഗ്ലണ്ടിലേക്ക് എത്തിയതുമാണ്. വസൂരി വ്രണത്തിൽ നിന്ന് ദ്രാവകം ശേഖരിച്ച് രോഗിയുടെ ചർമ്മത്തിൽ മുറിവുണ്ടാക്കി അതിൽ പുരട്ടുന്നു. ഈ സമ്പ്രദായം ആഫ്രിക്കയിൽ കൂടുതൽ വ്യാപിച്ചു. തുർക്കി, ഗ്രീസ് എന്നിവിടങ്ങളിലേക്കുള്ള വ്യാപാരികളോടും തീർഥാടകരോടും ഒപ്പം മധ്യ-കിഴക്കൻ കാരവൻ റൂട്ടുകളിലൂടെ ഇത് പ്രചരിച്ചിരിക്കാം.[5] :15

പടിഞ്ഞാറൻ യൂറോപ്പിലേക്കുള്ള വ്യാപനം[തിരുത്തുക]

അവതരണം[തിരുത്തുക]

1722 ൽ പ്രസിദ്ധീകരിച്ച വെയിൽസിലെ വൈദ്യന്മാരുടെ കത്തുകൾ ഹാവെർഫോർഡ്വെസ്റ്റിലെ വെൽഷ് പോർട്ടിന് സമീപം 1600 മുതൽ വേരിയലേഷന്റെ പ്രാദേശിക ഉപയോഗം ഉണ്ടായിരുന്നുവെന്ന് സൂചിപ്പിക്കുന്നു.[6] 1675-ൽ തോമസ് ബാർത്തോലിൻ എഴുതിയതാണ് വേരിയലേഷനെക്കുറിച്ചുള്ള മറ്റൊരു പരാമർശം.[7]

കോൺസ്റ്റാന്റിനോപ്പിളിലെ പ്രാക്ടീസ് കണ്ടതിനുശേഷം, ഗ്രേറ്റ് ബ്രിട്ടന്റെ തുർക്കിയിലെ അംബാസഡറായിരുന്ന ഇറ്റാലിയൻ ഫിസിഷ്യൻ ഇമ്മാനുവൽ ടിമോണി ഈ രീതി വിശദമായി വിവരിച്ചുകൊണ്ട് ഒരു കത്ത് എഴുതി, അത് പിന്നീട് 1714-ന്റെ തുടക്കത്തിൽ ഫിലോസഫിക്കൽ ട്രാൻസാക്ഷൻസിൽ [8] :77 പ്രസിദ്ധീകരിച്ചു. യൂറോപ്പിൽ പ്രത്യക്ഷപ്പെടുന്ന വേരിയലേഷനെക്കുറിച്ചുള്ള ആദ്യത്തെ മെഡിക്കൽ ലേഖനമാണിത്. ലേഖനം വ്യാപകമായ പ്രസിദ്ധി നേടിയില്ലെങ്കിലും, ഈ റിപ്പോർട്ട് ഒരു ബോസ്റ്റോണിയൻ മന്ത്രി, കോട്ടൺ മാത്തറിന്റെ ശ്രദ്ധ പിടിച്ചുപറ്റി. വസൂരിയിൽ നിന്ന് എന്നെന്നേക്കുമായി സംരക്ഷിക്കുന്ന ഒരു ഓപ്പറേഷൻ സമ്പ്രദായം ഒനേസിമസിന്റെ സമൂഹത്തിന് ഇതിനകം അറിയാമായിരുന്നെന്ന് മാത്തർ പറഞ്ഞു.കൂടാതെ, ഒരു മന്ത്രി കൂടിയായ ബെഞ്ചമിൻ കോൾമാൻ ആഫ്രിക്കയിൽ നിന്നുള്ള കുത്തിവയ്പ്പ് രീതികളെക്കുറിച്ച് പരാമർശിക്കുന്നു. അതേ കാലഘട്ടത്തിൽ, ഒരു ബ്രിട്ടീഷ് നയതന്ത്രജ്ഞന്റെ ഭാര്യ ലേഡി മേരി മൊണ്ടാഗു ഒട്ടോമൻ സാമ്രാജ്യത്തിൽ വേരിയലേഷന്റെ ഉപയോഗം ഉണ്ടായിരുന്നുവെന്ന് സൂചിപ്പിക്കുന്നു.[6][9]

ലേഡി മേരി വോർട്ട്ലി മൊണ്ടാഗു[തിരുത്തുക]

ലേഡി മേരി വോർട്ട്‌ലി മൊണ്ടേഗുവിന് തന്റെ സഹോദരനെ വസൂരി മൂലം 1713-ൽ നഷ്ടപ്പെട്ടു. 1715-ൽ അവർക്ക് തന്നെ രോഗം പിടിപെട്ടു. അവർ അതിജീവിച്ചെങ്കിലും മുഖത്ത് ഗുരുതരമായ പാടുകൾ അവശേഷിച്ചു. തുർക്കിയിലായിരിക്കുമ്പോൾ അവർ വേരിയലേഷനെക്കുറിച്ച് അറിഞ്ഞു. ഇമ്മാനുവൽ ടിമോണി, യാക്കോബ് പൈലാരിനോ എന്നീ രണ്ട് ഡോക്ടർമാരാണ് കോൺസ്റ്റാന്റിനോപ്പിളിൽ ഇത് അവതരിപ്പിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തത്. [10] 1717 ഏപ്രിലിൽ തന്റെ സുഹൃത്തായ സാറാ ചിസ്‌വെല്ലിന് എഴുതിയ പ്രസിദ്ധമായ കത്തിലാണ് അവർ ആദ്യമായി വേരിയലേഷനെക്കുറിച്ച് പരാമർശിച്ചത്. [11] :55 കോൺസ്റ്റാന്റിനോപ്പിളിൽ അനുഭവപരിചയമുള്ള പ്രായമായ സ്ത്രീകൾ കൈകാര്യം ചെയ്തിരുന്ന ആ പ്രക്രിയയെ അവർ ആവേശത്തോടെ വിവരിച്ചത്. 1718-ൽ, അവരുടെ അഞ്ച് വയസ്സുള്ള മകൻ എഡ്വേർഡ് മൊണ്ടേഗുവിൽ ഈ നടപടിക്രമം നടത്തി. എംബസി ഡോക്ടർ ചാൾസ് മൈറ്റ്‌ലാൻഡിന്റെ മേൽനോട്ടത്തിലായിരുന്നു നടപടിക്രമങ്ങൾ. ഇംഗ്ലണ്ടിലേക്ക് മടങ്ങിയെത്തിയ അവർ, 1721-ൽ റോയൽ കോർട്ടിലെ ഫിസിഷ്യൻമാരുടെ സാന്നിധ്യത്തിൽ തന്റെ നാലുവയസ്സുള്ള മകളെ വേരിയലേഷന് വിധേയമാക്കി. [1] :90രണ്ട് വേരിയലേഷൻ പ്രക്രീയകളും വിജയിച്ചു. പിന്നീട് ആ വർഷം ലണ്ടനിലെ ന്യൂഗേറ്റ് ജയിലിൽ മൈറ്റ്‌ലാൻഡ്, ഒരു പരീക്ഷണമെന്ന നിലയിൽ ആറ് തടവുകാരിൽ വേരിയലേഷൻ നടത്തി. പരീക്ഷണത്തിന് സമ്മതിച്ച ശിക്ഷിക്കപ്പെട്ട ആറ് തടവുകാരെ വേറിയലേഷന് വിധേയമാക്കുകയും പിന്നീട് വസൂരി അണുക്കളോട് സമ്പർക്കത്തിലാകാൻ അനുവദിക്കുകയും ചെയ്തു, അവർ അതിജീവിച്ചാൽ സ്വാതന്ത്ര്യം വാഗ്ദാനം ചെയ്തിരുന്നു. [2] :45 പരീക്ഷണം വിജയകരമായതിനെത്തുടർന്ന് വേരിയലേഷൻ രീതി രാജകുടുംബത്തിൽ നിന്ന് ശ്രദ്ധ ആകർഷിച്ചു, അവർ ഇംഗ്ലണ്ടിലുടനീളം നടപടിക്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് സഹായിച്ചു. എന്നിരുന്നാലും, 1783-ൽ വേരിയലേഷൻ ഒക്ടാവിയസ് രാജകുമാരന്റെ മരണത്തിന് കാരണമായി. [12]

സർ ഗോഡ്ഫ്രെ നെല്ലറുടെ ഛായാചിത്രത്തെഅടിസ്ഥാനമാക്കി സാമുവൽ ഫ്രീമാൻ നിർമ്മിച്ച ലേഡി മേരി വോർട്ട്ലി മൊണ്ടാഗുവിന്റെ കൊത്തുപണി

എതിർപ്പുകൾ ഉണ്ടായിരുന്നിട്ടും, ഇംഗ്ലണ്ടിലെ ഒരു മുഖ്യധാരാ ചികിത്സയായി വേരിയലേഷൻ മാറി. സ്ഥിതിവിവരക്കണക്ക് നിരീക്ഷണത്തിൽ അതിന്റെ വിജയം സ്ഥാപിതമായിരുന്നു. ഇത് സ്വാഭാവികമായും വസൂരി പിടിപെടുന്നതിനുള്ള സുരക്ഷിതമായ ബദലാണെന്ന് സ്ഥിരീകരിക്കപ്പെടുകയും ജീവിതകാലം മുഴുവൻ രോഗത്തിൽ നിന്ന് സംരക്ഷിക്കുമെന്ന അനുമാനത്താൽ വേഗത്തിൽ പ്രചരിക്കുകയും ചെയ്തു.

സട്ടോണിയൻ രീതി[തിരുത്തുക]

ഇംഗ്ലീഷ് വേരിയലേഷൻ പ്രസ്ഥാനത്തിന്റെ പ്രധാന വക്താക്കൾ ഈ സമ്പ്രദായത്തിൽ വിപ്ലവം സൃഷ്ടിച്ച വൈദ്യ കുടുംബമായ സട്ടൺസ് ആയിരുന്നു. ഗോത്രപിതാവ്, റോബർട്ട് സട്ടൺ, സഫോക്കിൽ നിന്നുള്ള ഒരു സർജനായിരുന്നു. 1757-ൽ അദ്ദേഹത്തിന്റെ ഒരു മകനിൽ ചെയ്ത ഒരു നടപടിക്രമം പരാജയപ്പെട്ടു. [5] :20നടപടിക്രമം കഴിയുന്നത്ര സൗമ്യമാക്കി മാറ്റുന്ന ഒരു പുതിയ രീതി അദ്ദേഹം തേടി. 1762-ഓടെ അദ്ദേഹം "വസൂരിക്ക് കുത്തിവയ്പ്പിനുള്ള ഒരു പുതിയ രീതി" പരസ്യം ചെയ്യാൻ തുടങ്ങി. സട്ടൺ തന്റെ രീതി രഹസ്യമായി സൂക്ഷിക്കുകയും അത് തന്റെ മൂന്ന് ആൺമക്കളുമായി മാത്രം പങ്കിടുകയും ചെയ്തു. ഈ പുതിയ രീതിക്ക് പിന്നിലെ നിഗൂഢതയും ഫലപ്രാപ്തിയും അവരുടെ ബിസിനസ്സ് പ്രോത്സാഹിപ്പിക്കുന്നതിന് സഹായിച്ചു, അത് വളരെ വേഗം വിജയിച്ചു. അവർ വേരിയലേഷൻ ഹൗസുകളുടെയും ക്ലിനിക്കുകളുടെയും ഒരു ശൃംഖല സ്ഥാപിക്കുകയും രഹസ്യം വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയിൽ ലാഭ വിഹിതം പങ്ക് വെച്ച് മറ്റ് വേരിയളേറ്റർമാർക്ക് ഫ്രാഞ്ചൈസികൾ വാഗ്ദാനം ചെയ്യുകയും ചെയ്തു. 1770 ആയപ്പോഴേക്കും സട്ടൺസിന് 300,000 സംതൃപ്തരായ ഉപഭോക്താക്കളൂണ്ടായിരുന്നു. [1] :94സട്ടൺ മക്കളിൽ മൂത്തവനായ ഡാനിയൽ 1796-ൽ പ്രസിദ്ധീകരിച്ച തന്റെ പുസ്തകമായ ദി ഇനോക്കുലേറ്ററിൽ [5] :22അവരുടെ രീതിയുടെ വിജയം ഒരു ആഴമില്ലാത്ത പോറൽ, നേരിയ തോതിൽ ബാധിച്ച ദാതാക്കളെ മാത്രം ശ്രദ്ധാപൂർവം തിരഞ്ഞെടുക്കൽ, രക്തസ്രാവമോ തീവ്രമായ ശുദ്ധീകരണമോ ഇല്ല എന്നിവ ആണെന്ന് വെളിപ്പെടുത്തി. ഈ വെളിപ്പെടുത്തലിനുശേഷം സട്ടണുകളുടെ പ്രശസ്തി ക്രമേണ മങ്ങിയെങ്കിലും, കുടുംബത്തിന്റെ ശാശ്വതമായ മതിപ്പ് തലമുറകളോളം നിലനിന്നു.

തോമസ് നെറ്റിൽടൺ (1683–1748) സട്ടൺസിന്റെ ഒരു മുൻഗാമിയായിരുന്നു.

ജോണി നോഷൻസ്[തിരുത്തുക]

18-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഷെറ്റ്‌ലൻഡിലെ ആയിരക്കണക്കിന് രോഗികൾക്ക് വസൂരിയുടെ ഒരു വേരിയലേഷൻ രീതി സ്വതന്ത്രമായി വികസിപ്പിക്കുകയും വിജയകരമായി നൽകുകയും ചെയ്ത സ്കോട്ട്‌ലൻഡിലെ ഷെറ്റ്‌ലാന്റിൽ നിന്നുള്ള വൈദ്യൻ ആയിരുന്നു ജോണി നോഷൻസ് എന്ന വിളിപ്പേരിൽ കൂടുതലായി അറിയപ്പെടുന്ന ജോൺ വില്യംസൺ. [13] :571 പ്രാഥമിക വിദ്യാഭ്യാസവും ഔപചാരികമായ മെഡിക്കൽ പശ്ചാത്തലവുമില്ലാതെ സ്വയം പഠിച്ച വ്യക്തിയായിരുന്നിട്ടും, [14] :208അദ്ദേഹം ആവിഷ്കരിച്ച ചികിത്സയുടെ ഫലപ്രാപ്തി വളരെ ഉയർന്നതായിരുന്നു. ഏകദേശം 3,000 പേർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാനും നിരവധി ജീവൻ രക്ഷിക്കാനും ഇത് കാരണമായി, ഇത് ഷെറ്റ്ലാൻഡ് ജനസംഖ്യയുടെ അക്കാലത്തെ ജനസംഖ്യാശാസ്ത്രത്തിൽ കാര്യമായ സ്വാധീനം ചെലുത്തി. [15] :402ഒരു രോഗിക്ക്പോലും ജീവൻ നഷ്ടമായിട്ടില്ലെന്നതിന്റെ പേരിൽ അദ്ദേഹം അറിയപ്പെടുന്നു. [13] :571

നോഷൻസ് ആദ്യം വസൂരി പഴുപ്പ് ശേഖരിക്കും. എന്നിട്ട്പീറ്റ് സ്മോക്ക് ഉപയോഗിച്ച് അദ്ദേഹം അത് ഉണക്കും (ഇത് വൈറസിന്റെ ശക്തി (വിറുലൻസ്) കുറയ്ക്കുമെന്ന് വിശ്വസിക്കുന്നു), [15] :401 പിന്നീട് അത് കർപ്പൂരമിട്ട് നിലത്ത് കത്തിക്കും. [13] :571(ആന്റി ബാക്ടീരിയൽ പ്രോപ്പർട്ടികൾ ഉള്ളതിനാൽ ഇത് ദ്രവ്യത്തെ വിഘടിപ്പിക്കുന്നത് തടയുന്നു). [15] :401കത്തിക്കുന്നതിന് മുമ്പ് ഗ്ലാസ് ഷീറ്റുകൾക്കിടയിൽ ഈ പദാർത്ഥം പരത്തുമെന്ന് വാക്കാലുള്ള ചരിത്രം സൂചിപ്പിക്കുന്നു. ഒരു രോഗിക്ക് നൽകുന്നതിനുമുമ്പ് വൈറസിന്റെ ശക്തി കുറയ്ക്കുന്നതിന് ഏഴോ എട്ടോ വർഷം വരെ ഈ അവസ്ഥയിൽ സൂക്ഷിക്കും. [13] :571 നോഷൻസ് സ്വയം ഉണ്ടാക്കിയ ഒരു കത്തി ഉപയോഗിച്ച് അദ്ദേഹം രോഗിയുടെ കയ്യിൽ ചെറിയ മുറിവുണ്ടാക്കി അതിൽ താൻ തയ്യാറാക്കിയ വസ്തു കടത്തി മുറിവ് ത്വക്ക് കൊണ്ട് അടച്ച് കാബേജ് ഇല വെച്ച് പ്ലാസ്റ്റർ ചെയ്യും. [13] :571സമകാലികരായ ക്വാക്ക് ഡോക്ടർമാരിൽ നിന്ന് വ്യത്യസ്തമായി, നോഷൻസ് പ്രത്യേക വിശ്രമ സാഹചര്യങ്ങളൊന്നും (രോഗിയെ തീയുടെ മുന്നിൽ നിർത്തുക, പുതപ്പ് കൊണ്ട് മൂടുക, ശുദ്ധവായു അനുവദിക്കാതിരിക്കുക എന്നിവപോലുള്ള "ചൂട് ചികിത്സ") നിർദ്ദേശിക്കാറില്ലായിരുന്നു. [15] :398 അണുബാധയുടെ സമയത്തും സുഖം പ്രാപിക്കുന്ന സമയത്തും അദ്ദേഹം മറ്റ് മരുന്നുകളൊന്നും നൽകാറില്ല. [13] :571

നോഷൻസിന്റെ രീതി സുട്ടോണിയൻ രീതിയുമായി ശക്തമായ സാമ്യം പുലർത്തുന്നു എങ്കിലും ഈ വേരിയലേഷൻ രീതിയെക്കുറിച്ച് നോഷൻസ് എങ്ങനെ തിരിച്ചറിഞ്ഞു എന്നത് വ്യക്തമല്ല - ഇത് രേഖാമൂലമുള്ള വിവരണത്തിലൂടെയോ അല്ലെങ്കിൽ ഈ സാങ്കേതിക വിദ്യയെക്കുറിച്ച് അറിയാവുന്ന മറ്റൊരു ഫിസിഷ്യനോ വൈദികസംഘത്തിലെ അംഗമോ പോലുള്ള മറ്റാരെങ്കിലുമായുള്ള ചർച്ചയിലൂടെയോ ആകാം എന്ന് കരുതപ്പെടുന്നു. [15] :401

വ്യാപകമായ അംഗീകാരം[തിരുത്തുക]

1738-ൽ, ചേമ്പേഴ്‌സ് സൈക്ലോപീഡിയയുടെ രണ്ടാം പതിപ്പിൽ വേരിയലേഷൻ ചേർത്തു. പിന്നീട് 1754-ൽ, റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസിന്റെ അനുമതി വേരിയലേഷന് ലഭിച്ചു. [2] :47 ഇതെല്ലാം ഇംഗ്ലണ്ടിനെ വേരിയലേഷന്റെ അന്തർദേശീയ കേന്ദ്രമാക്കി മാറ്റി. ഈ "പുതിയ" പ്രതിരോധ മാർഗ്ഗം പര്യവേക്ഷണം ചെയ്യാൻ ലോകമെമ്പാടുമുള്ള സന്ദർശകർ ഇംഗ്ലണ്ടിലെത്തി. വേരിയലേഷന്റെ ഗുണഫലങ്ങൾ സ്വന്തം രാജ്യങ്ങളിൽ പരിചയപ്പെടുത്താൻ ശ്രമിക്കുന്നവർക്കുള്ള ഇടമായും അവിടം മാറി. ഇതിന്റെ ശ്രദ്ധേയമായ ഉദാഹരണമാണ് റഷ്യയിലേക്കുള്ള വേരിയലേഷൻ രീതിയുടെ അവതരണം. പ്രമുഖ ബാങ്കറും രാഷ്ട്രീയക്കാരനും ഭിഷഗ്വരനുമായ തോമസ് ഡിംസ്‌ഡേലിനെ കാതറിൻ ഗ്രേറ്റിനെ വേരിയലേറ്റ് ചെയ്യുന്നതിനായി സെന്റ് പീറ്റേഴ്‌സ്ബർഗ് സന്ദർശിക്കാൻ ക്ഷണിച്ചു. 1769-ൽ അദ്ദേഹം കാതറിൻ, അവരുടെ 14 വയസ്സുള്ള മകൻ ഗ്രാൻഡ് ഡ്യൂക്ക് പോൾ, രാജ സഭയിലെ 140-ലധികം പ്രമുഖ അംഗങ്ങൾ എന്നിവരെ വേരിയലേറ്റ് ചെയ്തു. ഫലങ്ങൾ വിജയകരമായിരുന്നു.

വാക്സിനേഷനിലേക്കുള്ള മാറ്റം[തിരുത്തുക]

വേരിയലേഷന്റെ വിജയം മെഡിക്കൽ പ്രൊഫഷണലുകൾ ഉൾപ്പെടെ പലരെയും അതിന്റെ പോരായ്മകൾ അവഗണിക്കാൻ പ്രേരിപ്പിച്ചു. ജീവിതകാലം മുഴുവൻ വസൂരിയിൽ നിന്ന് സംരക്ഷിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് വേരിയലേഷൻ ചെയ്യുന്നത്.

1760-കൾ മുതൽ, ജോൺ ഫ്യൂസ്റ്റർ, പീറ്റർ പ്ലെറ്റ്, ബെഞ്ചമിൻ ജെസ്റ്റി, എഡ്വേർഡ് ജെന്നർ എന്നിവരുൾപ്പെടെ നിരവധി വ്യക്തികൾ, വസൂരിയിൽ നിന്ന് സംരക്ഷിക്കുന്നതിനായി മൃഗങ്ങളുടെ അണുബാധയായ കൗപോക്സിൽ നിന്നുള്ള വസ്തുക്കൾ ഉപയോഗിക്കുന്നതിൽ താൽപ്പര്യം കാണിച്ചു. [16] [17] 1796-ൽ ജെന്നർ ജെയിംസ് ഫിപ്‌സിന് വാക്‌സിനേഷൻ നൽകി. 1798-ൽ കൂടുതൽ വാക്‌സിനേഷനുകൾ നടത്തി, വസൂരിയിൽ നിന്ന് സംരക്ഷണംനൽകുന്നതിൽ ഗോവസൂരി വസൂരി അണുക്കൾ ഉപയോഗിച്ചുള്ള വേരിയലേഷനെക്കാൾ സുരക്ഷിതമാണെന്നും അദ്ദേഹത്തിന്റെ വാക്‌സിൻ കൈകളിലേക്ക് കൈമാറ്റം ചെയ്യാമെന്നുമുള്ളതിനുള്ള തെളിവുകൾ ആദ്യമായി പ്രസിദ്ധീകരിച്ചു. [18] വസൂരി വാക്സിൻ വ്യാപകമായി ഉപയോഗിക്കപ്പെടുകയും അതിന്റെ ഗുണങ്ങൾ വിലമതിക്കുകയും ചെയ്തതോടെ വേരിയളേഷന്റെ ഉപയോഗം കുറയാൻ തുടങ്ങി. 1805-ൽ റഷ്യയിൽ തുടങ്ങി വിവിധ രാജ്യങ്ങൾ വേരിയലേഷൻ നിയമവിരുദ്ധമാക്കി. [11] :246

വേരിയലേഷൻ ക്രമേണ നിരസിക്കുകയോ ചില രാജ്യങ്ങളിൽ നിരോധിക്കുകയോ ചെയ്‌തെങ്കിലും, മറ്റു രാജ്യങ്ങളിൽ അത് പ്രചാരത്തിലുണ്ടായിരുന്നു. "വസൂരി വാങ്ങൽ" രീതി പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം വരെ സുഡാനിൽ തുടർന്നിരുന്നു. [1] :159 ലോകാരോഗ്യ സംഘടനയുടെ വസൂരി നിർമ്മാർജ്ജന കാമ്പെയ്‌നിനിടെ, വാക്‌സിനേഷൻ ടീമുകൾ പാക്കിസ്ഥാന്റെയും അഫ്ഗാനിസ്ഥാന്റെയും വിദൂര പ്രദേശങ്ങളിൽ വേരിയലേറ്റർമാരെ കണ്ടെത്തുകയും അവരുടെ സാമ്പിളുകൾ കണ്ടുകെട്ടുകയും ചെയ്തു.

മറ്റ് രോഗങ്ങൾ[തിരുത്തുക]

വേരിയലേഷൻ രീതിയുടെ പ്രചാരം ഏതാണ്ട് അവസാനിച്ചിട്ടുണ്ടെങ്കിലും, പ്രതിരോധശേഷി നേടാനുള്ള ശ്രമത്തിൽ, ചിക്കൻപോക്‌സ്, മീസിൽസ്, റുബെല്ല തുടങ്ങിയ രോഗങ്ങൾക്ക് കുട്ടികളെ മനഃപൂർവം വിധേയമാക്കുന്ന "പോക്‌സ് പാർട്ടികൾ " പോലുള്ള മറ്റ് പരമ്പരാഗത രീതികളുടെ ആശയത്തെ ഇത് സ്വാധീനിച്ചതായി കരുതുന്നു. പബ്ലിക് ഹെൽത്ത് ഉദ്യോഗസ്ഥർ ശക്തമായി നിരുത്സാഹപ്പെടുത്തിയെങ്കിലും, ഈ രീതി ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നു. [19] :73

അപകടസാധ്യതകൾ കാരണം കോവിഡ്-19 നെ ചെറുക്കുന്നതിനുള്ള ഒരു തന്ത്രമായി കൊറോണ അണുബാധ മനഃപൂർവ്വം നേടാൻ ശ്രമിക്കുന്നത് നിരുൽസാഹപ്പെടുത്തുന്നുണ്ടെങ്കിലും, മുഖാവരണം സാർവത്രികമായി ഉപയോഗിക്കുന്നത് മൂലം ധരിക്കുന്നയാൾ പുറന്തള്ളുന്നതോ സ്വീകരിക്കുന്നതോ ആയ വൈറൽ കണങ്ങളുടെ അളവ് കുറയുന്നത് ലക്ഷണമില്ലാത്തതോ താരതമ്യേന നേരിയതോ ആയ അണുബാധകളുടെ ഉയർന്ന അനുപാതവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന ഒരു സിദ്ധാന്തവുമുണ്ട്. [20]

അവലംബങ്ങൾ[തിരുത്തുക]

 1. 1.0 1.1 1.2 1.3 1.4 1.5 Williams, Gareth (2010). Angel of Death. Basingstoke: Palgrave Macmillan. ISBN 978-0230274716.
 2. 2.0 2.1 2.2 Henderson, Donald (2009). Smallpox: The Death of a Disease. New York: Prometheus Books. ISBN 978-1591027225.
 3. Silverstein, Arthur M. (2009). A History of Immunology (2nd ed.). Academic Press. p. 293. ISBN 9780080919461.
 4. 4.0 4.1 Boylston, Arthur (28 July 2012). "The origins of inoculation". Journal of the Royal Society of Medicine. 105 (7): 309–313. doi:10.1258/jrsm.2012.12k044. PMC 3407399. PMID 22843649.
 5. 5.0 5.1 5.2 Razzell, Peter (1977). The Conquest of Smallpox. Caliban. ISBN 9781850660453.
 6. 6.0 6.1 Boylston, Arthur (July 2012). "The origins of inoculation". Journal of the Royal Society of Medicine. 105 (7): 309–313. doi:10.1258/jrsm.2012.12k044. PMC 3407399. PMID 22843649.
 7. Irwin W. Sherman (2006), The power of plagues, Wiley-Blackwell, New York, p. 200
 8. Adler, Robert (2004). Medical Firsts. Hoboken: John Wiley & Sons. ISBN 978-0471401759.
 9. Eriksen, Anne (2020-03-24). "Smallpox inoculation: translation, transference and transformation". Palgrave Communications (in ഇംഗ്ലീഷ്). 6 (1): 1–9. doi:10.1057/s41599-020-0431-6. ISSN 2055-1045.
 10. Jacalyn Duffin (1999). History of Medicine: A Scandalously Short Introduction. University of Toronto Press. p. 154. ISBN 0802095569.
 11. 11.0 11.1 Fenner, F.; Henderson, D.A.; Arita, I.; Jezek, Z.; Ladnyi, I.D. (1988). Smallpox and its Eradication. Geneva: World Health Organization. ISBN 92-4-156110-6.
 12. Baxby, Derrick (1984). "A Death from Inoculated Smallpox in the English Royal Family". Med Hist. 28 (3): 303–07. doi:10.1017/s0025727300035961. PMC 1139449. PMID 6390027.
 13. 13.0 13.1 13.2 13.3 13.4 13.5 Dishington, Andrew (1999) [1792]. Sinclair, Sir John (ed.). "United Parishes of Mid and South Yell". The Statistical Account of Scotland Drawn up from the Communications of the Ministers of the Different Parishes. University of Edinburgh, University of Glasgow: Edinburgh: William Creech. 2 (50): 569–571. OCLC 1045293275. Retrieved 2019-10-10.
 14. Conacher, Ian D. (2001). "The enigma of Johnnie "Notions" Williamson". Journal of Medical Biography. 9 (4): 208–212. doi:10.1177/096777200100900403. PMID 11595947.
 15. 15.0 15.1 15.2 15.3 15.4 Smith, Brian (July 1998). "Camphor, Cabbage Leaves and Vaccination: the Career of Johnie 'Notions' Williamson of Hamnavoe, Eshaness, Shetland" (PDF). Proceedings of the Royal College of Physicians of Edinburgh. Royal College of Physicians of Edinburgh. 28 (3): 395–406. PMID 11620446. Retrieved 2019-10-12.
 16. Plett, Peter C. (2006). "Übringen Entdecker der Kuhpockenimpfung vor Edward Jenner". Sudhoffs Arch. 90 (2): 219–32. PMID 17338405.
 17. Pead, Patrick (2003). "Benjamin Jesty; new light in the dawn of vaccination". Lancet. 362 (9401): 2104–09. doi:10.1016/s0140-6736(03)15111-2. PMID 14697816.
 18. Baxby, Derrick (1999). "Edward Jenner's Inquiry; a bicentenary analysis". Vaccine. 17 (4): 301–07. doi:10.1016/s0264-410x(98)00207-2. PMID 9987167.
 19. Young, Leslie (2010). The Everything Parent's Guide to Vaccines: Balanced, Professional Advice to Help You Make the Best Decision for Your Child. Adams Media. ISBN 978-1605503660.
 20. Monica Gandhi, M.D., M.P.H.; George W. Rutherford, M.D. (2020). "Facial Masking for Covid-19 — Potential for "Variolation" as We Await a Vaccine". New England Journal of Medicine. Massachusetts Medical Society. doi:10.1056/NEJMp2026913. PMID 32897661. Retrieved 17 September 2020. If this hypothesis is borne out, universal masking could become a form of "variolation" that would generate immunity and thereby slow the spread of the virus in the United States and elsewhere, as we await a vaccine.{{cite journal}}: CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=വേരിയലേഷൻ&oldid=3999077" എന്ന താളിൽനിന്ന് ശേഖരിച്ചത്