വേങ്ങശ്ശേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കലാ - സാംസ്കാരിക സംശുദ്ധിയുടെ പ്രതീകമായ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ അമ്പലപ്പാറ പഞ്ചായത്തിലെ ഗ്രാമീണ ഭംഗി തുളുമ്പി നിൽക്കുന്ന നിഷ്കളങ്കമായ ഒരു കൊച്ചു ഗ്രാമം ആണ് വേങ്ങശ്ശേരി.

കിഴക്ക് തടുക്കശ്ശേരിയും ,തെക്ക് മുളഞ്ഞൂറും ,പടിഞ്ഞാറ് കണ്ണമംഗലവും , വടക്ക് വേട്ടേക്കരയും അതിരുകൾ. നെൽ വയലുകളും , നിളയിൽ ലയിക്കുവാനായി ആഹ്ലാദ തിമിർപ്പോടെ വടക്കു നിന്നും തെക്കോട്ടൊഴുകുന്ന തോടുമാണ് (നീരരുവി ) വേങ്ങശ്ശേരിയുടെ പ്രധാന ആകർഷണീയങ്ങൾ .

സമീപ ദേശമായ മുളഞ്ഞൂർ പഞ്ചായത്തിലെ ദേവിയായ മുളഞ്ഞൂർ മുത്തിയുടെ മക്കൾ കുടിയിരിക്കുന്ന പുതുക്കുളങ്ങര ഭഗവതി (ജല ദുർഗ) ക്ഷേത്രം , വയങ്കാവിൽ ഭഗവതി ക്ഷേത്രം എന്നീ ദേവീ ക്ഷേത്രങ്ങളും, തിമിലയിൽ ശിവ ക്ഷേത്രവും ആണ് വേങ്ങശ്ശേരിയിലെ പ്രധാനപ്പെട്ട ആരാധനാലയങ്ങൾ. അതിവിപുലമായി അയ്യപ്പൻ വിളക്ക് ആഘോഷിക്കുന്ന സ്വകാര്യ ക്ഷേത്രമായ കോണിയമ്പാറ അയ്യപ്പൻ ക്ഷേത്രവും വേങ്ങശ്ശേരിയുടെ പ്രൗഡികളിൽ ഒന്ന് തന്നെ. വേങ്ങശ്ശേരിയിലെ പ്രധാനപെട്ട വാണിജ്യകേന്ദ്രം "വേങ്ങശ്ശേരി സെന്റർ" ആണ് . അടുത്തുള്ള കൊച്ചു പട്ടണങ്ങൾ യഥാക്രമം അമ്പലപാല , മണ്ണൂർ , പാതിരിപ്പാല തുടങ്ങിയവയും വലിയ പട്ടണങ്ങൾ ഒറ്റപ്പാലവും പാലക്കാടുമാണ്.

എൽ.പി.സ്കൂൾ, വി.കെ.എം.യു.പി. സ്കൂൾ , എൻ .എസ്‌ .എസ് . ഹൈസ്കൂൾ എന്നിവയാണ് വേങ്ങശ്ശേരിയിലെ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ . പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന സഞ്ചാര സൗകുമാര്യത്തിൽ പ്രതീകമായ അകവണ്ട പാലം വേങ്ങശ്ശേരിയുടെ ചരിത്ര അടയാളങ്ങളിൽ ഒന്നാണ് . അടുത്ത സിനിമ ശാലകൾ ലക്കിടി ലാഡെൻ , ഒറ്റപാലം ലക്ഷ്മി , ജാസ് തുടങ്ങിയവയാണ് . അടുത്തുളള സർക്കാർ നിയന്ത്രണത്തിലുള്ള ആരോഗ്യ കേന്ദ്രങ്ങൾ അമ്പലപ്പാറ പ്രാഥമീകാരോഗ്യ കേന്ദ്രവും , ഒറ്റപ്പാലം സർക്കാർ ആശുപത്രിയുമാണ്. കൂടാതെ വള്ളുവനാട് ആശുപത്രിയും കണ്ണിയംപുറം ആശുപത്രിയും സ്വകാര്യ മേഖലയിലെ പ്രധാനപെട്ട ആരോഗ്യ കേന്ദ്രങ്ങൾ .

പ്രശസ്തമായ പാന്തേഴ്സ് ആർട്സ് ആൻറ് സ്പോർട്സ് ക്ലബും , കോരപ്പത്ത് ദേവദാസ് സ്മാരക വായന ശാലയും വേങ്ങശ്ശേരിയിലെ പ്രധാന യുവജന സാംസ്കാരിക വേദികളാണ് . അമ്പലപ്പാറ സർവീസ് സഹകരണ ബാങ്കിന്റെ ശാഖയാണ് വെങ്ങാശ്ശേരിയിലെ ഏക ധനകാര്യ സ്ഥാപനം .അമ്പലപ്പാറയിലെ പഞ്ചാബ് നാഷനൽ ബാങ്ക് ആണ് അടുത്തുള്ള ഏക ദേശസാൽകൃത ബാങ്ക്. വേങ്ങശ്ശേരിയിലെ സെൻ്ററിൽ സ്റ്റേറ്റ് ബാങ്ക് എടിഎം ഉണ്ട്.

ഏഴു ദിവസം നീണ്ടു നിൽക്കുന്ന കലാസന്ധ്യകളോടെയുള്ള കൂത്ത് ദിനങ്ങൾക്ക് ശേഷം നാലു ദിക്കിൽ നിന്നും ഗജവീരന്മാരുടെ അകമ്പടിയായി മേളക്കൊഴുപ്പോടെ ഒഴുകിയെത്തുന്ന വയങ്കാവിലെ പൂര മഹോത്സവമാണ് വേങ്ങശ്ശേരിയുടെ വർണ്ണ പൊലിമയുള്ള ജനകീയ ആഘോഷങ്ങളിലും പ്രധാനം .

ഒറ്റപാലത്ത് നിന്നും അമ്പലപാറ വഴി ഏകദേശം 15 കിലോമീറ്ററും, പാലക്കാട്ടു നിന്നും പത്തിരിപാല വഴി ഏകദേശം 25 കിലൊമീറ്ററും സഞ്ചരിച്ചാൽ വേങ്ങശ്ശേരിയിൽ എത്തിച്ചേരാം. തൊട്ടടുത്ത റയിൽവെ സ്റ്റേഷൻ ഒറ്റപ്പാലം റയിൽവെ സ്റ്റേഷനും അടുത്ത എയർപോർട്ട് കോയമ്പത്തൂർ എയർപോർട്ടും ആണ്.

"https://ml.wikipedia.org/w/index.php?title=വേങ്ങശ്ശേരി&oldid=4022648" എന്ന താളിൽനിന്ന് ശേഖരിച്ചത്