വെർട്ടിക്കൽ ലിമിറ്റ്
വെർട്ടിക്കൽ ലിമിറ്റ് | |
---|---|
പ്രമാണം:Vertical Limit.jpg | |
സംവിധാനം | Martin Campbell |
നിർമ്മാണം | Martin Campbell Robert King Marcia Nasatir Lloyd Phillips |
കഥ | Robert King |
തിരക്കഥ | Robert King Terry Hayes |
അഭിനേതാക്കൾ | Chris O'Donnell Bill Paxton Robin Tunney Scott Glenn Izabella Scorupco Temuera Morrison Stuart Wilson |
സംഗീതം | James Newton Howard |
ഛായാഗ്രഹണം | David Tattersall |
ചിത്രസംയോജനം | Thom Noble |
വിതരണം | Columbia Pictures |
റിലീസിങ് തീയതി | December 8, 2000 |
രാജ്യം | United States |
ഭാഷ | English |
ബജറ്റ് | $75 million[1] |
സമയദൈർഘ്യം | 124 minutes |
ആകെ | $215,663,859[2] |
മാർട്ടിൻ കാമ്പെൽ സംവിധാനം ചെയ്ത്, 2000 ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ത്രില്ലർ സിനിമയാണ് വെർട്ടിക്കൽ ലിമിറ്റ് (Vertical Limit) . ക്രിസ് ഒ ഡൊണൽ, ബിൽ പാക്സ്റ്റൺ, റോബിൻ റ്റണ്, സ്കോട്ട് ഗ്ലെൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മോണ്യൂമെന്റ് വാലി, ന്യൂസിലാന്റ്, കാശ്മീർ (പാകിസ്താൻ കൈവശപ്പെടുത്തി വച്ചിരിക്കുന്ന ഇന്ത്യയുടെ ഭാഗം) എന്നിവിടങ്ങളിൽ വച്ചാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. റോബർട്ട് കിങിന്റേതാണ് കഥയും തിരക്കഥയും.
കഥയുടെ രത്നച്ചുരുക്കം
[തിരുത്തുക]മോന്യുമെന്റ് വാലി പർവ്വതം കയറുന്നതിനിടെ സഹോദരങ്ങളായ പീറ്റർ (O'Donnell), ആനി ഗാരറ്റ് (Tunney) എന്നിവർക്ക് ഒരു അപകടത്തെത്തുടർന്ന് പിതാവായ റോയിസിനെ (Stuart Wilson) നഷ്ടപ്പെടുന്നു. വീഴ്ച്ചയിൽ കയറിൽ തൂങ്ങിക്കിടന്ന പീറ്ററിനേയു ആനിയെയും രക്ഷിക്കുന്നതിനായി തൊട്ടു താഴെ തന്നെ ബന്ധിച്ചിരുന്ന കയർ കത്തി കൊണ്ട് വിശ്ചേദിപ്പിക്കാൻ റോയിസ് പീറ്ററിനോട് ആവശ്യപ്പെടുന്നു. ഈ സംഭവത്തിനു ശേഷം പീറ്റർ പർവ്വതാരോഹണ സംരംഭങ്ങളിൽ നിന്നും പിൻവാങ്ങി ഒരു മുഴുവൻ സമയ വന്യജീവി ഫോട്ടോഗ്രാഫറായി ജോലി ചെയ്യുവാൻ തുടങ്ങി. ആനി നല്ലൊരു പർവ്വതാരോഹകയായി തുടർന്നു. ഈ സംഭവം സഹോദരങ്ങളുടെ ഇടയിൽ പലപ്പോഴും അസ്വാരസ്യങ്ങൾ സൃഷ്ടിച്ചു. റോയിസിന്റെ വാക്കുകൾ അനുസരിച്ചതിന് ആനി എപ്പോഴും പീറ്ററെ കുറ്റപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഉടനടി അനുസരിക്കുന്നതിനു പകരം ആനിയ്ക്കു കയർ സുരക്ഷിതമായി കെട്ടിയുറപ്പിക്കുന്നതിനുള്ള സമയം പീറ്റർ നല്കിയിരുന്നെങ്കിൽ പിതാവിനെയും രക്ഷപ്പെടുത്താൻ സാധിക്കുമായിരുന്നു എന്നാണ് ആനിയുടെ പക്ഷം. ഈ സംഭവം നടന്നു മൂന്നു വർഷങ്ങൾക്കു ശേഷം നാഷണൽ ജ്യോഗ്രാഫിക്കിനു വേണ്ടി വന്യജീവി ഫോട്ടോകൾ പകർത്തുന്നതിനിടെ ഹിമാലയത്തിന്റെ താഴ്വാരത്ത് വച്ച് പീറ്ററന്റെ സഹചാരിയ്ക്ക് അപകടം സംഭവിക്കുന്നു. അതിനിടെ ബെയ്സ് ക്യാമ്പിനടുത്തുവച്ച് ഗോഡ്വിൻ ആസ്റ്റിൻ (കെ.2) പർവ്വതാരോഹണ സംഘത്തിലുള്ള ആനിയെ പീറ്റർ വീണ്ടും കണ്ടുമുട്ടുന്നു. ലോകത്തിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ പർവ്വതവും ഏറ്റവും അപകടം പിടിച്ചതുമായ പർവ്വതമാണ് കെ.2. എലിയറ്റ വാഗ്ഗിൻ ((Paxton) എന്ന അതിസമ്പന്നനായ വ്യവസായിയാണ് പർവ്വതാരോഹണം സ്പോൺസർ ചെയ്തിരിക്കുന്നത്. അയാളും പർവ്വതാരോഹണ സംഘത്തിൽ ഒരു അംഗമാണ്. നേരത്തേ മറ്റൊരു സംഘത്തിന്റെ കൂടെ കെ.2 കീഴടക്കാനുള്ള അയാളുടെ മുൻ ഉദ്യമം ഒരു ദുരന്തത്തിൽ കലാശിച്ചിരുന്നു. അന്നു രക്ഷപ്പെട്ട ഏകയാൾ വാഗ്ഗിൻ ആയിരുന്നു. പ്രസിദ്ധനായ മറ്റുള്ള കയറ്റക്കാരോടൊപ്പം പർവ്വതാരോഹകൻ ടോം മക് ലാറൻ (Nicholas Lea), പാകിസ്താൻ പർവ്വതാരോഹകൻ അലി നസീർ എന്നവരുടെ പിന്തുണ കൂടി പുതിയ ഈ യാത്രയിലുണ്ടായിരുന്നു.
പർവ്വതാരോഹണം ആരംഭിക്കുന്നതിന് തലേദിവസം ബെയിസ് ക്യമ്പിലുള്ള എല്ലാവർക്കുമായി വാഗ്വിൻ ഒരു പ്രോത്സാഹന വിരുന്നു നടത്തിയത് ഏകാന്തവാസിയായ മുൻ പർവ്വതാരോഹകൻ മോണ്ട്ഗോമറി വിക്കിൽ (ഗ്ലെൻ- Glenn) അതൃപ്തിയുണ്ടാക്കി. ലോകത്തെ ഏറ്റവും മികച്ച പർവ്വതാരോഹകരിൽ ഒരാളാണ് വിക്ക്. പ്രത്യേകിച്ച് കെ.2. കയറുന്നതിൽ പ്രഗല്ഭനുമാണ് അദ്ദേഹം. വാഗ്വിനാണോ അനുഭവജ്ഞാനമുള്ള മക് ലാറൻ ആണോ ആരാകും പുതിയ സംഘത്തെ പർവ്വതാരോഹകരെ നയിക്കുകയും പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്യുന്നത് എന്ന വിക്കിന്റെ ചോദ്യത്തിന് അതു മക് ലാറൻ തന്നെയാകുമെന്ന് വാഗ്വിന് പറഞ്ഞു. എന്തെന്നാൽ ഒരു ടീമിനു രണ്ടു നായകർ പാടില്ലല്ലോ. വിക്ക് തനിക്കെതിരാണെന്നു വാഗ്വിൻ പിന്നീട് വെളിപ്പെടുത്തുന്നു. എന്തെന്നാൽ ഏതാനും വർഷങ്ങൾക്കു മുൻപ് നടന്ന ഉദ്യമത്തിൽ വിക്കിന്റെ ഭാര്യയായ ഷെർപ്പ ഗൈഡിനെയും കാണാതായിരുന്നു. ആ ഉദ്യമത്തിൽ അവർ ഒരു വലിയ കൊടുങ്കാറ്റൽപ്പെടുകയും മലനിരകളിലെവിടെയൊ വഴിതെറ്റുകയും ചെയ്തു. രക്ഷപ്പെട്ട വാഗ്വിൻ വിക്കിന്റെ ഭാര്യ താഴേയ്ക്കുള്ള യാത്രയുടെ ഇടയ്ക്കു് high-altitude pulmonary edema (HAPE) (ശ്വാസകോശത്തിൽ നീര് കെട്ടി നില്ക്കുന്ന രോഗാവസ്ഥ) പിടിപെട്ടു മരണപ്പെട്ടു എന്ന് അറിയിച്ചിരുന്നു. pulmonary edema പ്രതിരോധിക്കുന്നതിനുള്ള ഒരേയൊരു ഔഷധമായ Dexamethasone വിക്കിന്റെ ഭാര്യയുടെ കൈവശം ഇല്ലായിരുന്നു. പർവ്വതാരോഹകർ പൊതുവായി അടിയന്തരഘട്ടത്തിൽ ഉപയോഗിക്കുവാൻ ഇതു കയ്യിൽ കരുതാറുണ്ട്. വിക്ക് ഒരിക്കലും വാഗ്വിൻ പറഞ്ഞ കഥ വിശ്വസിച്ചിരുന്നില്ല, പകരം വർഷങ്ങളോളം ഭാര്യയുടെ മൃതദേഹം തേടി പർവ്വതനിരകളിൽ അലയുകയായിരുന്നു അയാൾ.
ബെയ്സ് ക്യാംപിൽ നിന്നും ക്യാംപ് ഡയറക്ടറായ സ്കിപ് ടെയ്ലറ്‍ ((Robert Taylor) ആസന്നമായ ഒരു കൊടുങ്കാറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പ് ആരോഹണസംഘത്തിനു റേഡിയോ വഴി നല്കി. എന്നാൽ ഈ മുന്നറിയിപ്പിനെ അവഗണിച്ചു മുന്നോട്ട് തന്നെ നീങ്ങാൻ വാഗ്വിൻ മക് ലാറനെ നിർബന്ധിച്ചു. കൊടുങ്കാറ്റ് സംഹാരതാണ്ഡവമാടിയതു വഴി മലനിരകളില് നിന്ന് ശക്തമായ ഹിമപ്രവാഹം (avalanche) ആരംഭിച്ചു. ആനി, വാഗ്വിൻ, മക് ലാറെൻ എന്നിവർ മഞ്ഞുകട്ടകളോടൊപ്പം ഹിമപ്പരപ്പിലുള്ള ആഴത്തിലുള്ള വിടവിലേയ്ക്കു (crevasse) പതിച്ചു. മറ്റ് പർവ്വതാരോഹകർ മരണത്തെ പുൽകി. സംഘവുമായി റേഡിയോ വഴിയുള്ള ബന്ധം നിലച്ചു. എന്നാൽ ആനി മോർസ് കോഡ് വഴിയുള്ള സന്ദേശത്തിൽ തങ്ങൾ ജീവിച്ചിരിപ്പുണ്ടെന്ന കാര്യം ബെയ്സ് ക്യാംപിൽ അറിയിച്ചു.
പെട്ടെന്നു തന്നെ അപകടത്തിൽപ്പെട്ടവരെ രക്ഷിക്കുന്നതിനായി ബെയ്സ് ക്യാപിൽ നിന്നുള്ള ഏതാനും പർവ്വതാരോഹകരെ ഉൾപ്പെടുത്തി ഒരു രക്ഷാസംഘം പീറ്ററിന്റെ നേതൃത്വത്തിൽ രൂപീകിരിക്കപ്പെട്ടു. ബെയ്സ് ക്യാംപ് ഡയറക്ടർ സ്കിപ് ടെയിലർ, പരിശീലനം സിദ്ധിച്ച പർവ്വതാരോഹകരായ സിറിൾ, മാൽക്കം (Le Marquand and Mendelsohn) എന്നീ സഹോദരന്മാർ, വഗ്വിന്റെ കമ്പനി പ്രഖ്യാപിച്ച പ്രതിഫലം മോഹിച്ച് എത്തിയ മോണിക് ഔബെർട്ടിൻ (Izabella Scorupco), അലിയുടെ കസിൻ കരീം നസീർ (Alexander Siddig) എന്നിവരായിരുന്നു രക്ഷാസംഘത്തിലുൾപ്പെട്ടിരുന്നത്. ഇതിനിടെ സ്കിപ്പും പീറ്ററും വിക്കിനെ സന്ദർശിച്ച് ഈ ദൌത്യത്തിന് സഹായം അഭ്യർത്ഥിച്ചു. അയാൾ രക്ഷാസംഘത്തെ സഹായിക്കാമെന്നേറ്റു.
സംഘം 2 പേർ വീതമുള്ള വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞു പർവ്വതാരോഹണം ചെയ്യുന്നതിനു തീരുമാനിച്ചു. ഓരോ സംഘത്തിലും ഒരു പരിചയസമ്പന്നനായ ഒരു ആരോഹകനും മറ്റൊരാളും വീതം തീരുമാനമായി. ഒരു ടീമിൽ മാൽക്കവും കരീമും അടുത്തതിൽ സിറിളും മോണിക്കും, അവസാനത്തെ ടീമിൽ വിക്കും പീറ്ററും. ദൌത്യത്തിന്റ വിജയത്തിനായി വിവിധ വഴികളിലൂടെ പിന്നീട് ടീമുകൾ ഒരിടത്തു സന്ധിക്കുവാനും തീരുമാനിച്ചു. ഒരോ സംഘവും പാകിസ്താനി ആർമി സംഭാവന ചെയ്ത Nitroglycerine ബാഗില് സൂക്ഷിച്ചിരുന്നു (മഞ്ഞിൽ സ്ഫോടനം നടത്താനും ഉപയോഗിക്കുന്നു). സാന്ദ്രത കൂടിയ രുപത്തിൽ ഇതു ലോകത്തലെ ഏറ്റവും ശക്തിയുള്ള ദ്രാവകരൂപത്തിലുള്ള സ്ഫോടക വസ്തുവാണ്. മഞ്ഞുമൂടിക്കിടക്കുന്ന പർവ്വതഗൌഹരത്തിന്റെ മുഖം തുറക്കുവാൻ ഇത് ഉപയോഗിക്കാമെന്ന് അവർ കണക്കു കൂട്ടി. കയറ്റത്തിനിയെ മോണിക്കും സിറിളും അപകടത്തില്പെട്ടു. കയറിൽ തൂങ്ങി നില്കവേ ബാഗലെ Nitroglycerine താഴേയ്ക്കു പതിച്ചു വൻസ്ഫോടനമുണ്ടായി. ഇതിന്റെ ഫലമായി ഒരു വലിയ ഹിമപ്രവാഹം ഉണ്ടാകുകയും അതില്പെട്ടു സിറിൾ ഒഴുകിപ്പോകുകയും ചെയ്തു. ഇതേസമയം ലീക്ക് ചെയ്ത Nitroglycerine പൊട്ടിത്തെറിച്ച് കരീം, മാൽക്കം എന്നിവർ കൊല്ലപ്പെട്ടു.
ഈ സമയം മഞ്ഞിനടിയിലുള്ള വിടവിൽ മക് ലാറന് ഗുരുതരമായി പരിക്കേറ്റിരുന്നു. വാരിയല്ലുകളും കാലുകൾക്കും പരിക്കു പറ്റയതു കൂടാതെ അയാളുടെ കൈവശമുണ്ടായിരുന്ന dexamethasone നഷ്ടപ്പെടുകയും ചെയ്തിരുന്നു. ആനി അവളുടെ കൈവശമുണ്ടായിരുന്ന ഡെക്സ് മക് ലാറനുമായി പങ്കുവച്ചുപയോഗിച്ചുവെങ്കിലും വാഗ്വിൻ ഇതിനെ എതിർത്തു. ആനി സാഹസികമായി അലിയുടെ ശവശരീരത്തിനു സമീപത്തുനിന്നുമുള്ള ബാഗിൽ നിന്നും തനിക്കും മക് ലാറനും വേണ്ടിയിരുന്ന ഡെക്സ് കരസ്ഥമാക്കി. പക്ഷേ മക് ലാരൻ രക്ഷപെടാൻ സാദ്ധ്യതയില്ലെന്ന് വാഗ്വിൻ വാദിച്ചു. അതിനാൽ ബാക്കിയുള്ള ഡെക്സ് തങ്ങൾക്കു രണ്ടുപേർക്കുമായി കരുതി വയ്ക്കുവാൻ നിർദ്ദേശിച്ചു.
നൈട്രൊയിൽ നിന്നുള്ള ശ്ക്തമായ സ്ഫോടനങ്ങളും മറ്റും പ്രദേശത്തെ മഞ്ഞിൽ വലിയ തോതിൽ ഇളക്കമുണ്ടാക്കി. ഇക്കാരണത്താൽ ഹമാനിയുടെ അടിയില് നിന്നും വിക്കിന്റെ ഭാര്യയുടെ ജഢം കണ്ടെത്തുവാൻ സാധിച്ചു. ജഢത്തോടൊപ്പമുണ്ടായിരുന്ന ഒഴിഞ്ഞ dex സൂക്ഷിച്ചിരുന്ന പെട്ടി വാഗ്വിൻ അവരുടെ dex മോഷ്ടിച്ചിരുന്നുവെന്നു വെളിവാക്കി. തന്റെ രക്ഷപെടൽ ഉറപ്പാക്കുന്നതിനായി വാഗ്വിൻ pulmonary edema ബാധിച്ച അവരുടെ dex മോഷ്ടിച്ച് അവരെ മരണത്തിനു വിട്ടു കൊടുക്കുകയായിരുന്നുവെന്ന് വിക്കിന് അതോടെ മനസ്സിലായി. അതിനിടെ മോണിക് പീറ്ററുമായി സന്ധിക്കുകയും ആ രാത്രി മൂന്നുപേരും അവിടെ ടെന്റിൽ കഴിച്ചു കൂട്ടുകയും ചെയ്തു. സഹോദരിയെ രക്ഷിക്കുന്നതിലും കൂടുതൽ തന്റെ പ്രതികാരം നിർവ്വഹിക്കുന്നതിലാണ് ഇപ്പോൾ വിക്കിന്റെ ശ്രദ്ധ എന്നു പീറ്ററിനു മനസ്സിലാകുന്നു.
ഈ സമയം മഞ്ഞിനുള്ളിലെ പാറയിടുക്കിൽ ആനി ഗഢനിദ്രയിലാണ്ട സമയം, വാഗ്വിൻ മക് ലാറനെ പൂർണ്ണമായി വായു നിറച്ച dex സിറിഞ്ച് ഉപയോഗിച്ചു കൊലപ്പെടുത്തി. ബാക്കിയുള്ള dex പൂർണ്ണമായും തന്റെ മാത്രം അതിജീവനത്തിന് ഉപയോഗിക്കുകയായിരുന്നു അയാളുടെ ലക്ഷ്യം.
ആനി വാഗ്വിനെ സംശയിച്ചുവെങ്കിലും pulmonary edema യാൽ ഇപ്പോൾത്തന്നെ ബുദ്ധിമുട്ടുന്ന താൻ ഒരു ഏറ്റുമുട്ടൽ ഒഴിവാക്കുന്നതാണു നല്ലതെന്നു തീരുമാനിച്ചു. ക്യാമ്പു ചെയ്തിരുന്നിടത്തു വിക്ക് ഉണർന്നപ്പോൾ പീറ്ററും മോണിക്കും തന്നെ പിന്നിലാക്കി അവരുടെ ലക്ഷ്യസ്ഥാനത്തേയ്ക്കു് പുറപ്പെട്ടതായി വിക്കിനു മനസ്സിലായി. അവർക്ക് ഇനി മേലിൽ വിക്കിനെ വിശ്വസിക്കുവാൻ തക്ക കാരണങ്ങൾ ഉണ്ടായിരുന്നില്ല. പീറ്റർ ആനിക്ക് തങ്ങൾ എത്തിയിരിക്കുന്ന സ്ഥാനത്തെക്കുറിച്ചുള്ള വ്യക്തമായ സൂചന നല്കി. വാഗ്വിൻ മലയിടുക്കിലെ തങ്ങളുടെ സ്ഥാനവും പീറ്ററന് കൈമാറി. പീറ്ററും മോണിക്കും nitroglycerin ഉപയോഗിച്ച് അവിടെ സ്ഫോടനം നടത്തി മലയിടുക്കിനുള്ളിലേയ്ക്ക് പ്രവേശനകവാടം ഒരുക്കി. ഇതിനിടെ വിക്ക് അവിടെ വന്നെത്തി. ആനിയെ രക്ഷിക്കുമെന്ന് അയാൾ പീറ്ററിനോട് വാഗ്ദാനം ചെയ്തു. വിക്ക് സാഹസികമായി ഗുഹയിലേയ്ക്കു കയറിൽ തൂങ്ങിയിറങ്ങി. ദുർബലനായിരുന്നിട്ടും കൂടി വാഗ്വിൻ വിക്കിനെആക്രമിക്കുവാൻ ശ്രമിച്ചു. പക്ഷേ വിക്ക് മുകളിലേയ്ക്കു കയറുവാന് വാഗ്വിനെ സഹായിക്കുകയാണു ചെയ്തത്. ആനിയെ ഗുഹയിൽ നിന്നും മുകളിലേയ്ക്കു കെട്ടിയുയർത്തുവാനുള്ള ശ്രമത്തിനിടെ ചവിട്ടി നിന്നിരുന്ന മഞ്ഞുഫലകം അടർന്നു വീഴുകയും എല്ലാവരും അപകടത്തിലാവുകയും ചെയ്തു. മോണിക് പിടിച്ചിരുന്ന കയറിൽപ്പിടിച്ചു ബാക്കിയുള്ളവർ താഴേയ്ക്കു തൂങ്ങിപ്പിടിച്ചു കിടന്നു. ആനിയെയും പീറ്ററിനേയും രക്ഷിക്കുന്നതിനായും വാഗ്വിനോടുള്ള തന്റെ പ്രതികാരം പൂർത്തീകരിക്കുന്നതിനും വേണ്ടി വിക്ക് തന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന കത്തിയെടുക്കുകയും ഒരു ബുദ്ധമത പ്രാർത്ഥന ചൊല്ലി താനും വാഗ്വിനും തൂങ്ങിക്കിടക്കുന്നതിനു തൊട്ടു മുകളിൽ വച്ച് കയർ അറുത്തുവിട്ട് താഴേയ്ക്കു പതിച്ച് മരണം വരിക്കുകയും ചെയ്തു. പിന്നീട് ബെയ്സ് ക്യാമ്പിൽആനി സുഖം പ്രാപിച്ചു വരുന്ന സമയം രണ്ടുപേരും രമ്യതയിലായി. കെ.2 വിലേയ്ക്കുള്ള ഉദ്യമത്തിൽ കൊല്ലപ്പെട്ടവരുടെ സ്മാരകത്തിൽ അവർ ആദരാഞ്ജലികൾ അർപ്പിച്ചു.
അഭിനേതാക്കൾ
[തിരുത്തുക]- ക്രിസ് ഒ ഡൊണെൽ - പീറ്റർ ഗാരെറ്റ്
- ബിൽ പാക്സ്റ്റൺ - എലിയട്ട് വാഗ്വിൻ
- റോബിൻ ടണ്ണി - ആനി ഗാരെറ്റ്
- സ്കോട്ട് ഗ്ലെൻ - മോണ്ട് ഗോമറി വിക്ക്
- ഇസബെല്ല സ്കോറൂപ്കൊ - മോണിക് അവ്ബെർട്ടിൻ
- റോബർട്ട് ടെയ്ലർ - സ്കിപ് ടെയ്ലറ്‍
- ടെമ്യൂറാ മോറിണൺ - മേജർ റസൂൽ
- സ്റ്റൂവാർട്ട് വിൽസൺ - റോയിസ് ഗാരെറ്റ്
- നിക്കോളാസ് ലീ - ടൊം മക് ലാറെൻ
- അലക്സാണ്ടർ സിദ്ദിഗ് - കരീം നസീർ
- ഡേവിഡ് ഹെയ്മാൻ - ഫ്രാന്ക് 'ചെയിൻസൊ' വില്യംസ്.
- ബെൻ മെൻഡെൽസോഹൻ - മാൽക്കം ബെൻജ്
- സ്റ്റീവ് ലാ മാർക്വാൻഡ് - സിറിൾ ബെൻജ്
- റോഷൻ സേത് - കേണൽ അമിർ സലിം
അവലംബം
[തിരുത്തുക]- ↑ 'Vertical Limit' (budget), Box Office Mojo. Retrieved April 16, 2015.
- ↑ "Vertical Limit box office statistics".