വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രം മുവാറ്റുപുഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രം മുവാറ്റുപുഴ

കേരളത്തിലെ എറണാകുളം ജില്ലയിൽ മുവാറ്റുപുഴ നഗരത്തിൽ ഒരു ചെറിയ കുന്നിന്മുകളിൽ മൂവാറ്റുപുഴയാറിന്റെ സമീപം സ്ഥിതി ചെയ്യുന്ന മഹാദേവക്ഷേത്രമാണ് വെള്ളൂർക്കുന്നം മഹാദേവക്ഷേത്രം. പാർവ്വതീസമേതനായ പരമശിവനാണ് പ്രധാന പ്രതിഷ്ഠ. കൂടാതെ ഉപദേവതകളായി ഗണപതി, അയ്യപ്പൻ, ശ്രീകൃഷ്ണൻ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. പുരാതനകേരളത്തിലെ നൂറ്റെട്ട് ശിവാലയങ്ങളിലൊന്നായ ഇവിടം ശബരിമല തീർത്ഥാടകർക്കുള്ള ഒരു ഇടത്താവളം കൂടിയാണ്. മണ്ഡലകാലത്ത് ധാരാളം അയ്യപ്പഭക്തർ എത്തിച്ചേരാറുള്ള ഇവിടെ അവർക്കുള്ള സൗകര്യങ്ങൾ ക്ഷേത്രം ഭാരവാഹികൾ ചെയ്യാറുണ്ട്. ധനുമാസത്തിലെ തിരുവാതിര ആറാട്ടായി നടത്തപ്പെടുന്ന പത്തുദിവസത്തെ കൊടിയേറ്റുത്സവം, കുംഭമാസത്തിലെ ശിവരാത്രി, മേടമാസത്തിലെ വിഷു, എല്ലാമാസത്തിലെയും അമാവാസി തുടങ്ങിയവയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. ശിവരാത്രിനാളിൽ ആളുകൾ ഇവിടെ ബലി തർപ്പണം ചെയ്യുന്നതിനായി എത്തിച്ചേരുന്നു. ക്ഷേത്രത്തിനടുത്തുകൂടെ ഒഴുകുന്ന മൂവാറ്റുപുഴയാറിനോടുചേർന്ന് ബലിത്തറയും മണ്ഡപവും പണിതിട്ടുണ്ട്. ഭക്തജനങ്ങളുടെ നേതൃത്വത്തിലുള്ള ഒരു ട്രസ്റ്റാണ് ക്ഷേത്രഭരണം നടത്തിപ്പോരുന്നത്.