വെള്ളൂട ശ്രീ ദുർഗ ഭഗവതി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വെള്ളൂട ക്ഷേത്രം
വെള്ളൂട ദേവി
വെള്ളൂട പൊങ്കാല

കാസർഗോഡ്‌ ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിൽ കാഞ്ഞങ്ങാടിനടുത്ത് അമ്പലത്തറ വില്ലേജിൽ മടിക്കൈ ഗ്രാമ പഞ്ചായത്തിലെ വെള്ളൂട എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ദേവി ക്ഷേത്രമാണ് വെള്ളൂട ശ്രീ ദുർഗ ഭഗവതി ക്ഷേത്രം. ആദി പരാശക്തിയായ "ദുർഗ്ഗാദേവിയാണ്" പ്രതിഷ്ഠ. കാലങ്ങളോളം കാട് മൂടിക്കിടന്ന ഈ ക്ഷേത്രം 2005-2006 കാലത്ത് നാട്ടുകാരുടെ സഹകരണത്തോടെ പുനർനിർമ്മാണം നടത്തി ആരാധിച്ചു വരുന്നു. 2020 മാർച്ച് 6 മുതൽ 11 വരെ ക്ഷേത്രത്തിൽ അഷ്ടബന്ധ നവീകരണ ബ്രഹ്മകലശ മഹോൽസവം നടന്നു. ഇതോടനുബന്ധിച്ച് പുതുതായി നിർമ്മിച്ച സരസ്വതീമണ്ഡപം, അരയാൽത്തറ, നവീകരിച്ച ക്ഷേത്രക്കുളം എന്നിവ ഭക്തജനങ്ങളുടെ സഹായത്തോടെ ക്ഷേത്രത്തിൽ സമർപ്പിച്ചു.

ഐതിഹ്യം[തിരുത്തുക]

പാതിവ്രത്യത്തിൻറെ പ്രതീകമായ കണ്ണകിയുടെ അവതാരമാണ് വെള്ളൂട ദേവി എന്നും, കോവിലന്റെ ദേഹവിയോഗതാൽ പ്രതികാര ദുർഗയായ കണ്ണകി ദേവി മധുര ദഹനത്തിന് ശേഷം കോപ ശമനത്തിനായി കന്യാകുമാരിയിലൂടെ കേരളത്തിൽ പ്രവേശിച്ച് ആറ്റുകാലിൽ തങ്ങിയ ശേഷം കേരളത്തിലെ പതിമൂന്നു ശാക്തേയ ക്ഷേത്രങ്ങളും സന്ദർശിച്ചു വെള്ളൂട എന്ന ഈ പവിത്ര ഭൂമിയിൽ വിശ്രമിച്ച് തപസ്സനുഷ്ടിച്ച ശേഷം മംഗലാപുരത്തെ മംഗള ക്ഷേത്രം, കൊല്ലൂർ മൂകാംബിക ക്ഷേത്രം എന്നീ ക്ഷേത്രങ്ങൾ വഴി കൈലാസത്തിൽ എത്തിച്ചേർന്നു എന്നാണ് ഐതിഹ്യം.

ഉത്സവം[തിരുത്തുക]

ഈ ഐതിഹ്യത്തിന്റെ പാശ്ചാത്തലത്തിൽ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ദിവസമായ കുംഭ മാസത്തിലെ പൂരം നാളും പൗർണ്ണമിയും ചേരുന്ന ദിവസം പ്രസ്തുത മുഹൂർത്തത്തിൽ തന്നെ ഈ ക്ഷേത്രത്തിലും പൊങ്കാല മഹോത്സവം ആഘോഷിച്ചു വരുന്നു. വടക്കേ മലബാറിൽ ഈ കാരണം കൊണ്ട് തന്നെ ഈ ക്ഷേത്ത്രത്തിനു പ്രസിദ്ധിയാർജിക്കാനായിട്ടുണ്ട്. ഇവിടെ പൊങ്കാല സമർപ്പിച്ചാൽ ഉത്തരോരുത്തരം അഭിവൃദ്ധി പ്രാപിക്കുമെന്ന് വിശ്വസിച്ചു വരുന്നു. സ്ത്രീകൾക്ക് മാത്രമാണ് ഇവിടെ പൊങ്കാല അർപ്പിക്കാനുള്ള അവകാശം.

വിശ്വാസം[തിരുത്തുക]

സർവാഭീഷ്ടവരദായിനിയും ഭക്തജന സംരക്ഷകയുമായ ജഗദംബിക പല രൂപത്തിലും നാമത്തിലും അറിയപ്പെടുന്നു. ഭദ്രകാളി, പാർവതി, മഹാലക്ഷ്മി, സരസ്വതി, ചാമുണ്ഡി, അന്നപൂർണേശ്വരി എന്നൊക്കെ പല പേരുകളിൽ വിളിച്ചു വരുന്ന ആദിപരാശക്തിയായ മഹാമായ കലികല്മശനാശിനിയായ് ഭക്തജനങ്ങൾക്ക് അനുഗ്രഹം ചൊരിഞ്ഞു കൊണ്ട് സർവ്വമംഗളദായിനിയായി വെള്ളൂട ദുർഗ്ഗാഭഗവതി ക്ഷേത്രത്തിൽ കുടികൊള്ളുന്നു എന്നാണു വിശ്വാസം.