വെഞ്ചാമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഉയർത്തിപ്പിടിച്ചിരിക്കുന്ന വെൺചാമരങ്ങൾ

ക്ഷേത്രോത്സവങ്ങളിൽ ഉപയോഗിച്ചുവരുന്ന ഒരു അലങ്കാരസാമഗ്രിയാണു് വെൺചാമരം (വെഞ്ചാമരം). പ്രധാനമായും ആനയെഴുന്നള്ളിപ്പിനാണ് ഇത് അവിഭാജ്യഘടകമായി ഉപയോഗിക്കുന്നത്. ചമരിമാനിന്റെ രോമം കൊണ്ടാണു് വെൺചാമരം നിർമ്മിച്ചിരുന്നതു്. ഹിമപ്രദേശങ്ങളിൽ വളരുന്ന ജീവിയാണ് ചമരിമാൻ അഥവാ യാക്ക്. സാധാരണയായി ഹിമാലയത്തിൽ നിന്നാണ് ഇവയുടെ രോമം കേരളത്തിലെ ഉത്സവങ്ങൾക്ക് കൊണ്ടുവരുന്നത്. അപൂർവമായ ചെമരി രോമം കൊണ്ടുണ്ടാക്കുന്നതിനാൽ വെൺചാമരങ്ങൾക്ക് വൻവിലയാണുള്ളത്. അതിനാൽത്തന്നെ ഉത്സവങ്ങൾക്ക് ഇവ വാടകയ്ക്കെടുക്കുകയാണ് പതിവ്. എന്നാൽ തൃശൂർ പൂരത്തിന് ഉപയോഗിക്കുന്ന വെൺചാമരങ്ങൾ ഓരോ വർഷവും ഉണ്ടാക്കുന്നവയാണ്. പാറമേക്കാവ്, തിരുവന്പാടി ദേവസ്യങ്ങളുടെ അണിയറയിൽ പൂരത്തിന് മാസങ്ങൾക്കു മുന്പേ വെഞ്ചാമരങ്ങളുടെ നിർമ്മാണം തുടങ്ങാറുണ്ട്. വൃത്തിയായി ഒതുക്കിക്കെട്ടിയ വെളുത്തു മൃദുലമായ ഒരു കെട്ട് ചമരിരോമമാണു് ഏകദേശം ഒരു കിലോഗ്രാമിൽ താഴെ മാത്രം വരുന്ന വെൺചാമരം. ലോഹംകൊണ്ടുണ്ടാക്കിയ കൈപ്പിടിയ്ക്ക് ഏകദേശം ഒരടി നീളമുണ്ടായിരിക്കും.

പൂരങ്ങളിൽ എഴുന്നള്ളിക്കുന്ന ഓരോ ആനകളുടേയും പുറത്ത് ഒരു ജോടി വെഞ്ചാമരവും ഒരു ജോടി ആലവട്ടവും ഒരു കുടയും പതിവുണ്ടു്. ഇവ ഓരോ ഇനവും കൈകാര്യം ചെയ്യുവാൻ ഓരോ ആളുകൾ ആനപ്പുറത്ത് ഇരിയ്ക്കണം. (ഇതിനു പുറമേ തിടമ്പേറ്റിയ ആനയ്ക്ക് തിടമ്പ് (കോലം) പിടിക്കുവാൻ ഒരാൾ കൂടി ഉണ്ടാവും.) ഇതിൽ ഏറ്റവും പിന്നിലാണു് വെൺചാമരത്തിന്റെ സ്ഥാനം. വാദ്യമേളം കാലം (താളം) മാറി കൊട്ടിക്കയറുമ്പോൾ അതിനൊപ്പം ഈ ആളുകളും ആലവട്ടവും വെൺചാമരവും തലയ്ക്കുമീതെ ഉയർത്തിപ്പിടിച്ച് നിൽക്കുന്നു. നിശ്ചലമായി ഉയർത്തിനിൽക്കുന്ന ആലവട്ടങ്ങളിൽനിന്നു വ്യത്യസ്തമായി വെൺചാമരങ്ങൾ രണ്ടു കയ്യുകളുമുയർത്തി നീട്ടി വീശുന്നു.

Wiktionary-logo-ml.svg
വെഞ്ചാമരം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=വെഞ്ചാമരം&oldid=2429552" എന്ന താളിൽനിന്ന് ശേഖരിച്ചത്