വൃക്കയുടെ പ്രവർത്തനപരിശോധന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചിത്രം വൃക്കകളുടെ നിർമാണ ഘടകങ്ങളായ നെഫ്രോണിനേയും മൂത്രരൂപീകരണത്തിലെ വിവിധഘട്ടങ്ങളേയും സൂചിപ്പിക്കുന്നു.

വൃക്കകളുടെ ആരോഗ്യകരമായ പ്രവർത്തനങ്ങളെ വിശകലനം ചെയ്യുന്നത് ശാരീരിക ലക്ഷണങ്ങൾ, മൂത്രപരിശോധന, രക്തപരിശോധന, ഇമേജിംഗ്(സ്കാനിംഗ്) എന്നിവയിലൂടെയാണ്. ശരീരത്തിലെ ദ്രവങ്ങളിൽ പദാർത്ഥങ്ങളുടെ അളവ് മാറ്റമില്ലാതെ നിലനിർത്തുക എന്ന മുഖ്യധർമ്മമാണ് വൃക്കകൾക്കുള്ളത്. ഒപ്പം അമ്ള-ക്ഷാര അളവ്, സോഡിയം, പൊട്ടാസ്യം എന്നീ ഇലക്ട്രോലൈറ്റുകളുടെ അളവ് എന്നിവ തുലനാവസ്ഥയിൽ നിലനിർത്തുക, രക്തസമ്മർദ്ദം നിയന്ത്രിക്കുക, ഹോർമോണുകളുടേയും ജീവകങ്ങളുടേയും പ്രവർത്തനത്തെ നിയന്ത്രിക്കുക എന്നിവയാണ് വൃക്കകളുടെ മുഖ്യധർമ്മങ്ങൾ. ഈ പ്രവർത്തനത്തിൽ ഏതെങ്കിലും തകരാറുണ്ടെങ്കിൽ വൃക്കകളുമായി ബന്ധപ്പെട്ടാണോ വൈകല്യങ്ങൾ എന്ന് തിരിച്ചറിയാനാണ് വൃക്കകളുടെ പ്രവർത്തന പരിശോധന (റീനൽ ഫങ്ഷൻ ടെസ്റ്റ്) നടത്തുന്നത്.[1]

വൃക്കകളുടെ നിർമാണഘടകങ്ങളായി അറിയപ്പെടുന്നത് സൂക്ഷ്മനളികകളായ നെഫ്രോണുകളാണ്. ലക്ഷക്കണക്കിന് നെഫ്രോണുകളുടെ (വൃക്കാനളികകൾ) കൂട്ടമാണ് വൃക്കകൾ. രക്തത്തെ അരിച്ച് അനാവശ്യവസ്തുക്കളെ മൂത്രത്തിലൂടെ പുറന്തള്ളുക എന്ന ധർമ്മമാണ് നെഫ്രോണുകൾക്കുള്ളത്. നെഫ്രോണിന്റെ കപ്പുപോലുള്ള ആരംഭഭാഗത്തെത്തുന്ന രക്തലോമികകളിൽ നിന്ന് രക്തം നെഫ്രോണിലേയ്ക്ക് അരിച്ചിറങ്ങുന്നു. ഇതിൽ നിന്നും ആവശ്യമായ പദാർത്ഥങ്ങളെ രക്തത്തിലേയ്ക്ക് ആഗിരണം ചെയ്യുന്നു. ചില മാലിന്യങ്ങളെ രക്തത്തിൽ നിന്നുും നെഫ്രോൺ കുഴലിലേയ്ക്ക് സ്രവിക്കുകയും ചെയ്യുന്നു. ഇങ്ങനെ രൂപപ്പെടുന്ന ദ്രാവകമാണ് മൂത്രം. അതിനാൽ മൂത്രഘടകങ്ങളിലെ അളവിലെ വ്യതിയാനങ്ങൾ വൃക്കകളുടെ പ്രവർത്തനത്തിലെ വൈകല്യങ്ങളേയും സൂചിപ്പിക്കുന്നു.

രക്തത്തിൽ നിന്ന് മാലിന്യങ്ങളെ അരിച്ചുമാറ്റുന്ന പ്രവർത്തനത്തെ ഗ്ലോമറൂലാർ ഫിൽട്രേഷൻ എന്നുവിളിക്കുന്നു. ഈ അരിക്കൽ പ്രക്രിയയുടെ നിരക്കുപരിശോധിക്കുന്നതിലൂടെയും വൃക്കകളുടെ പ്രവർത്തനവ്യതിയാനങ്ങൾ തിരിച്ചറിയാൻ കഴിയുന്നു.

ക്നിനിക്കൽ പരിശോധന[തിരുത്തുക]

ചില ക്ലിനിക്കൽ പരിശോധനകൾ വൃക്കകളുടെ പ്രവർത്തനത്തെക്കുറിച്ച് ധാരണ നൽകുന്നു. ഉദാഹരണമായി, ഏറെക്കാലമായി നിലനിൽക്കുന്ന വൃക്കാവൈകല്യങ്ങളിൽ ശരീരഭാഗങ്ങളിൽ നീരുണ്ടാകാനിടയുണ്ട്. ഇത് ശരീരത്തിലെ ജലത്തിന്റെ അളവിനെ സാധാരണനിലയിൽ നിർത്താൻ വൃക്കകൾക്ക് കഴിയാതിരിക്കുന്ന അവസ്ഥയെ സൂചിപ്പിക്കുന്നു. കൂടാതെ, കൃത്യമായ അളവിൽ യൂറിയ എന്ന രാസഘകടത്തെ മൂത്രത്തിലൂടെ പുറന്തള്ളാനാകാത്ത അവസ്ഥയിൽ ശരീരമെമ്പാടും ചൊറിഞ്ഞുതടിക്കാനിടയുണ്ട്.

മൂത്രപരിശോധന[തിരുത്തുക]

വൃക്കകളുടെ പ്രവർത്തനം പരിശോധിക്കുന്ന മുഖ്യടെസ്റ്റുകളിലൊന്ന് മൂത്രഘടകങ്ങളുടെ അളവ് പരിശോധിക്കുകയാണ്. യൂറിനാലിസിസ് എന്ന് ഇതറിയപ്പെടുന്നു. ചില അസാധാരണമായ വൃക്കാവൈകല്യങ്ങളിൽ മൂത്രത്തിന്റെ ഉത്പാദനം നിലക്കുകയോ അളവ് വളരെക്കുറയുകയോ ചെയ്യുന്നു. മൂത്രത്തിലൂടെ പുറന്തള്ളുന്ന ആൽബുമിൻ പോലുള്ള പ്രോട്ടീനുകളുടെ അളവിലെ വ്യത്യാസവും ഒരു നിശ്ചിത സമയത്തോ 24 മണിക്കൂറിലെ വിവിധ സമയങ്ങളിലോ പരിശോധിച്ച് വൃക്കകളുടെ പ്രവർത്തനക്ഷമത നിർണയിക്കാം.

സാധാരണയായി ഒരാൾക്ക് 1.5 ലിറ്റർ മൂത്രം പ്രതിദിനം ഉത്പാദിപ്പിക്കപ്പെടണമെന്നാണ് കണക്ക്. മൂത്രത്തിന് വയ്ക്കോലിന്റെ നിറവും 4.6 മുതൽ 8 വരെ പി.എച്ചും ഉണ്ടായിരിക്കണം. 1.001 മുതൽ 1.035 വരെയാണ് സ്പെസിഫിക് ഗ്രാവിറ്റി ഉണ്ടാകേണ്ടത്. ആൽബുമിൻ, ഗ്ലൂക്കോസ്, ചുവന്ന രക്താണുക്കൾ, വെളുത്ത രക്തകോശങ്ങൾ, കീറ്റോൺ വസ്തുക്കൾ, ബാക്ടീരിയ പോലുള്ള സൂക്ഷ്മജീവികൾ എന്നിവയുടെ സാന്നിധ്യവും മൂത്രപരിശോധനയിലൂടെ തിരിച്ചറിയാം. 24 മണിക്കൂർ നേരത്തേയ്ക്ക് മൂത്രം ശേഖരിച്ചുവച്ചശേഷം ഒരു ലിറ്റർ ജലം ചേർക്കുമ്പോൾ സാമ്പിളിന്റെ സ്പെസിഫിക് ഗ്രാവിറ്റി 1.010 ആണെങ്കിൽ വൃക്കകൾക്ക് വൈകല്യമുണ്ടെന്ന് കണക്കാക്കുന്നു.

രക്തപരിശോധന[തിരുത്തുക]

വൃക്കാപ്രവർത്തനത്തെ നിരീക്ഷിക്കുന്നതിന് രക്തപരിശോധനയും പ്രധാനമാണ്. ഇതിലൂടെ വൃക്കകളുടെ ക്ഷമതയെ നേരിട്ട് മനസിലാക്കാൻ കഴിയുന്നു. ഇതിന് ഏറ്റവും ഉപയുക്തമായ പരിശോധനയാണ് ഗ്ലോമറൂലാർ ഫിൽട്രേഷൻ റേറ്റ് (GFR level) പരിശോധന.

ഗ്ലോമറൂലാർ ഫിൽട്രേഷൻ റേറ്റ് പരിശോധന[തിരുത്തുക]

നെഫ്രോണിലെ ബോമാൻസ് ക്യാപ്സ്യൂളിലെ ക്യാപില്ലറി സ്പേയ്സിലേയ്ക്ക് രക്തലോമികകളിലെ രക്തത്തിൽ നിന്ന് ദ്രാവകത്തെ എത്തിക്കുന്ന അരിക്കൽ പ്രക്രിയയുടെ നിരക്കാണിത്. രക്തത്തിൽ നിന്ന് ക്രിയാറ്റിനിൻ എന്ന മാലിന്യത്തെ പുറന്തള്ളുന്ന നിരക്ക് (യൂണിറ്റ് സമയത്തിൽ എത്ര ക്രിയാറ്റിനിൻ എന്നത്. ഉദാ- milliliters per minute (mL/min)) ഗ്ലോമറൂലാർ ഫിൽട്രേഷൻ റേറ്റ് പരിശോധനയിലെ മുഖ്യഅളവാണ്. സാധാരണയായി 40 വയസിനുമുകളിൽ പ്രായമുള്ള പുരുഷൻമാരിൽ 125 mL/min/1.73m2 in ഉം സ്ത്രീകളിൽ 90–120 ml/min/1.73m2 ഉം ആണ്.

സ്ഥായിയായ വൃക്കാതകരാറുകളിൽ (ക്രോണിക് കിഡ്നി ഡിസീസ്- CKD stage) ഗ്ലോമറൂലാർ ഫിൽട്രേഷൻ നിരക്ക് പരിശോധിക്കുന്നതിലൂടെ വൃക്കാവൈകല്യങ്ങളുടെ വിവിധ ഘട്ടങ്ങൾ കണ്ടെത്താം.[2]

CKD stage GFR level (mL/min/1.73 m2)
ഘട്ടം 1 ≥ 90
ഘട്ടം 2 60–89
ഘട്ടം 3 30–59
ഘട്ടം 4 15–29
ഘട്ടം 5 < 15

മെഡിക്കൽ ഇമേജിംഗ്[തിരുത്തുക]

വൃക്കകളുടെ അൾട്രാസൗണ്ട് സ്കാൻ, സി.ടി. സ്കാൻ, എം.ആർ.ഐ സ്കാൻ എന്നിവ വഴി വൃക്കകളുടെ ഘടനാപരമായ മാറ്റം പരിശോധിക്കാൻ കഴിയുന്നു. കൂടാതെ ചില സ്കാനിങ്ങിൽ റേഡിയോആക്ടീവ് വസ്തുക്കൾ ചേർത്തും വൃക്കാപ്രവർത്തനത്തെ വിലയിരുത്താറുണ്ട്. ഹൈഡ്രോനെഫ്രോസിസ്, പോളിസിസ്റ്റിക് വൃക്ക, വൃക്കകളിലെ ട്യൂമറുകൾ എന്നിവ തിരിച്ചറിയാൻ സ്കാനിംഗ് സഹായിക്കുന്നു.

ഇൻട്രാവീനസ് പൈലോഗ്രാഫി[തിരുത്തുക]

രക്തക്കുഴലിലേയ്ക്ക് ഒരു റേഡിയോ ഒപേക് ആയ രാസഘടകത്തെ കുത്തിവയ്ക്കുന്നു. 5, 10, 15, 25 മിനിറ്റുകളിൽ എക്സ് റേ ചിത്രമെടുക്കുമ്പോൾ വൃക്കകളിൽ ഈ രാസഘടകങ്ങൾ നൽകുന്ന ചായം പോകുന്ന കാലിക്സ്, പെൽവിസ് പോലുള്ള വൃക്കാഭാഗങ്ങളേയും മൂത്രമൊഴിക്കലിന്റെ വിവിധഘട്ടങ്ങളേയും തിരിച്ചറിയാനാകുന്നു.

സിസ്റ്റോസ്കോപ്പി[തിരുത്തുക]

മൂത്രസഞ്ചിയുടെ ഉൾഭാഗത്തുണ്ടാകാവുന്ന തകരാറുകൾ തിിരിച്ചറിയാൻ ഇൻഡോകാർമൈൻ എന്ന ചായം സിരകളിലൂടെ കുത്തിവച്ചശേഷം സിസ്റ്റോസ്കോപ്പിലൂടെ പരിശോധിക്കുന്നു. ഇന്റർസ്റ്റീഷ്യൽ സിസ്റ്റൈറ്റിസ്, ‍ട്യൂമർ എന്നിവ നിരീക്ഷിക്കാനും ബയോപ്സിക്കായി കോശങ്ങൾ ശേഖരിക്കാനും ഈ പ്രക്രിയ സഹായിക്കുന്നു.

മറ്റ് പരിശോധനകൾ[തിരുത്തുക]

സിസ്റ്റോഗ്രാഫി, യൂറിത്രോസ്കോപ്പി, യൂറിത്രോഗ്രാഫി, റീനൽ ആൻജിയോഗ്രാഫി, റീനൽ ടോമോഗ്രാഫി എന്നിവയും വൃക്കാപരിശോധനകളിൽ വളരെ പ്രാധാന്യമുള്ളവയാണ്.[3]

അവലംബം[തിരുത്തുക]

  1. "Tests to Measure Kidney Function, Damage and Detect Abnormalities".
  2. "Kidney Function Tests: Purpose, Types and Procedure".
  3. Textbook of Medical physiology, N. Geetha. PARAS Medical Publisher, Hyderabad, New Delhi. 2010. p. 376.