വി.രാജഗോപാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മാതൃഭൂമി കോഴിക്കോട് യൂണിറ്റിൽനിന്നു ഡപ്യൂട്ടി എഡിറ്ററായി വിരമിച്ച വി.രാജഗോപാൽ(1951-2015) തുടർച്ചയായി അഞ്ച് ഒളിമ്പിക്‌സ് മത്സരങ്ങൾ റിപ്പോർട്ട് ചെയ്ത ഏക മലയാളിയാണ്. 43 വർഷം പത്രപ്രവർത്തനത്തിലേർപ്പെട്ടിട്ടുണ്ട്. ശ്രദ്ധേയനായ രാഷ്ട്രീയ ലേഖകൻ കൂടിയായ രാജഗോപാൽ ഏറ്റവുമധികം വിദേശരാജ്യങ്ങൾ സന്ദർശിച്ച പത്രപ്രവർത്തകരിൽ ഒരാളാണ്. മൂന്നു ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.

സംഘടനാരംഗത്ത്

കെ.എസ്.യു.വിന്റെ സജീവപ്രവർത്തകനായിരുന്നു ഹൈസ്‌കൂൾ-കോളേജ് പഠനകാലത്ത്. അറിയപ്പെടുന്ന യുവജനനേതാവായി വളർന്നു. 1973-74 കാലത്ത് കലിക്കറ്റ് യൂനിവേഴ്‌സിറ്റി വിദ്യാർത്ഥി യൂനിയൻ സെക്രട്ടറിയും അടുത്ത വർഷം ചെയർമാനുമായിരുന്നു. രാജഗോപാൽ ചെയർമാനായിരിക്കെ യൂനി.യൂനിയൻ വിദ്യാർത്ഥികൾക്കായി പീച്ചിയിൽ സംഘടിപ്പിച്ച സർഗസംവാദം എന്ന സാഹിത്യക്യാമ്പ് അതിനു മുമ്പോ ശേഷമോ നടന്നിട്ടില്ലാത്ത ഒരു സാഹിത്യസംവാദമായിരുന്നു. മലയാളത്തിലെ ഏതാണ്ട് മുഴുവൻ യുവ സാഹിത്യകാരന്മാരും ക്യാമ്പിൽ പങ്കെടുത്തു. 1975-ൽ അടിയന്തരാവസ്ഥയോടെ രാഷ്ട്രീയപ്രവർത്തനത്തിൽനിന്നു പിൻവാങ്ങി മുഴുവൻ സമയ പത്രപ്രവർത്തകനായി.

പത്രപ്രവർത്തകൻ

കോളേജ് വിദ്യാർത്ഥിയായിരിക്കെ പാർട് ടൈം ലേഖകനായി മാതൃഭൂമിയിൽ പ്രവർത്തനം തുടങ്ങിയിരുന്നു. 1978-ൽ സ്റ്റാഫ് ലേഖകനായി. 1994-ൽ എക്‌സിക്യൂട്ടീവ് എഡിറ്റർസ്ഥാനം വരെ ഉയർന്നു. വിരമിക്കുമ്പോൾ ഇൻഫർമേഷൻ ആന്റ് റിസർച്ച് സെല്ലിന്റെ ഡപ്യൂട്ടി എഡിറ്ററായിരുന്നു. മാതൃഭൂമി വാരാന്തപ്പതിപ്പിന്റെ ചുമതല വഹിച്ചിട്ടുള്ള രാജഗോപാൽ സ്‌പോർട്‌സ് മാഗസീൻ ഉൾപ്പെടെ പല പ്രസിദ്ധീകരണങ്ങളും തുടങ്ങുന്നതിൽ നല്ല പങ്കു വഹിച്ചിട്ടുണ്ട്.

സ്‌പോർട്‌സ് ലേഖകൻ, സംഘാടകൻ

1980-ൽ മോസ്‌കോ ഒളിംബിക്‌സ് റിപ്പോർട്ട് ചെയ്യാൻ രാജഗോപാൽ നിയോഗിക്കപ്പെട്ടു. അതിനു മുമ്പ് ഒരു മലയാളപത്രവും ഒളിമ്പിക്‌സിന് ലേഖകനെ അയച്ചിട്ടില്ല. തുടർന്ന് ലോസ് ആഞ്ചലസ് (1984), സോൾ(1988), ബാർസലോണ(1992), അറ്റ്‌ലാന്റ(1996) എന്നീ ഒളിമ്പിക്‌സുകളും ന്യൂഡൽഹി (1982), ബെയ്ജിങ്ങ്(1990), ഹിരോഷിമ(1994), ബാംങ്കോക്ക് (1998)എന്നീ ഏഷ്യൻ ഗെയിംസ് മത്സരങ്ങളും റിപ്പോർട്ട് ചെയ്തു. 1998-ലെ ലോക ചെസ്സ് ഫൈനൽ ഉൾപ്പെടെ പല മറ്റു മത്സരങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തൊഴിൽപരവും ഔദ്യോഗികവുമായ ആവശ്യങ്ങൾക്കായി പഴയ സോവിയറ്റ് യൂണിയൻ, പോളണ്ട്, ബൾഗേറിയ, സ്വിറ്റ്‌സർലാണ്ട്, ബ്രിട്ടൻ, ജർമ്മനി, ഫ്രാൻസ്, അമേരിക്ക, ജപ്പാൻ, തായ്‌ലാൻഡ്, ഹോങ്കോങ്, സിംഗപ്പൂർ, മലേഷ്യ, ദക്ഷിണ കൊറിയ, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, ചൈന, സ്‌പെയിൻ, ഒമാൻ, ഇറാൻ, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിൽ പര്യടനം നടത്തിയിട്ടുണ്ട്.

ഒളിമ്പ്യൻ എന്ന തൂലികാനാമത്തിൽ അദ്ദേഹം ദീർഘകാലം മാതൃഭൂമി യിൽ സ്‌പോർട്‌സ് പംക്തി എഴുതി. മികച്ച സ്‌പോർട്‌സ് ലേഖകനുള്ള നിരവധി അവാർഡുകൾ കരസ്ഥമാക്കി. 2001 മുതൽ [ലോക സ്‌പോർട്‌സ് അവാർഡ്്] നിർണയത്തിനുള്ള ഇന്റർനാഷനൽ മീഡിയ സെലക്ഷൻ പാനലിൽ ഇന്ത്യയിൽനിന്നുള്ള അംഗമായിരുന്നിട്ടുണ്ട്.

പുസ്തകങ്ങൾ

സുവർണറാണി പി.ടി.ഉഷയുടെ സ്‌പോർട്‌സ് ജീവിതത്തെക്കുറിച്ചുള്ള ഒരേ ഒരു ഉഷ ആണ് ആദ്യ പുസ്തകം. പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് ഇത് പ്രകാശനം ചെയ്തത്. പറയാത്ത യാത്രാമൊഴി, ഏഴാൾ ഏഴു വഴി(ഓർമ്മകൾ) എന്നിവയാണ് മറ്റു രണ്ടു പുസ്തകങ്ങൾ. രാഷ്ട്രപതി കെ.ആർ.നാരായണൻ, മുഖ്യമന്ത്രി ഇ.കെ.നായനാർ, എഴുത്തുകാരൻ എം.പി.നാരായണപ്പിള്ള, മാതൃഭൂമി മാനേജിങ്ങ് ഡയറക്റ്റർമാരായിരുന്ന വി.എം.നായർ, എം.ജെ.കൃഷ്ണമോഹൻ, എഡിറ്റർ വി.കെ.മാധവൻകുട്ടി, വ്യവസായ പ്രമുഖനായിരുന്ന പി.വി.സാമി എന്നിവരുമായുള്ള സൗഹൃദത്തിന്റെ ഓർമ്മകൾ ആണ് ഏഴാൾ ഏഴുവഴി.

കുടുംബം: ഭാര്യ റാണി. മക്കൾ നിഖിലും അഖിലും.


2015 ജുലായി ഏഴിന് അന്തരിച്ചു.

"https://ml.wikipedia.org/w/index.php?title=വി.രാജഗോപാൽ&oldid=2807062" എന്ന താളിൽനിന്ന് ശേഖരിച്ചത്