വി.ബി. ചെറിയാൻ

കേരളത്തിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു വി.ബി. ചെറിയാൻ (വാളംപറമ്പിൽ ബഹനാൻ ചെറിയാൻ) (ജനനം: മരണം :2 മാർച്ച് 2013). സി.പി.ഐ. എം മുൻ സംസ്ഥാന കമ്മറ്റിയംഗവും സി.ഐ.ടി.യു നേതാവുമായിരുന്നു. സി.ഐ.ടി.യു ദേശീയ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.[1]
സി.പി.ഐ എമ്മിലെ വിഭാഗീയതയുടെ തുടക്കമെന്ന് വിശേഷിപ്പിക്കപ്പെടുന്ന സേവ് സി.പി.എം. ഫോറത്തിന് നേതൃത്വം നൽകി എന്ന കുറ്റമാരോപിച്ച് 1998 ൽ അദ്ദേഹത്തെ ആ പാർട്ടിയിൽ നിന്നും പുറത്താക്കി. പിന്നീട് ബി.ടി.ആർ- എ.കെ.ജി-ഇ.എം.എസ് ജനകീയവേദി രൂപവത്കരിച്ച് പ്രവർത്തിച്ചു. മാർക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (യുണൈറ്റഡ്) എന്ന സംഘടയുടെ കേരള ഘടകം രൂപീകരിക്കുകയും അതിന്റെ സംസ്ഥാന സെക്രട്ടറിയായായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.[2] ന്യൂ ട്രേഡ് യൂണിയൻ ഇനിഷ്യേറ്റിവ് ദേശീയ വൈസ് പ്രസിഡണ്ടാണ്.
ജീവിതരേഖ[തിരുത്തുക]
തിരുവല്ല നിരണം കടപ്പാറ വാളംപറമ്പിൽ വി.സി. ബെഹനാന്റെയും ചിന്നമ്മയുടെയും മൂത്തമകനായി ജനിച്ചു. വിദ്യാർഥിരാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തി. അദ്ദേഹം കേരള സ്റ്റുഡന്റ്സ് ഫെഡറേഷനിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് കടന്നത്. എസ്.എസ്.എൽ.സി. പരീക്ഷയിൽ റാങ്കോടെ വിജയിച്ചു. കളമശേരി സെന്റ് പോൾസ് കോളേജിൽ പ്രീഡിഗ്രി പഠനശേഷം തൃശൂർ ഗവ. എഞ്ചിനീയറിങ് കോളേജിൽനിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദവും നേടി. ഫാക്ട്, കെ.എസ്.ഇ.ബി എന്നിവിടങ്ങളിൽ ഉദ്യോഗം നോക്കിയ അദ്ദേഹം പൂർണ്ണ സമയ പാർട്ടി പ്രവർത്തനത്തിനായി ജോലി രാജിവെയ്കുകയായിരുന്നു. 1987ലും 1996ലും നിയമസഭ തെരഞ്ഞെടുപ്പിൽ മൽസരിച്ചെങ്കിലും പരാജയപ്പെട്ടു. മാർക്സിസത്തെ സംബന്ധിച്ച് അവഗാഹമായ ധാരണയുണ്ടായിരുന്ന ചെറിയാൻ അടുത്തിടെ ദേശാഭിമാനി ദിനപത്രത്തിൽ എഴുതിയ ലേഖനപരമ്പരയിലൂടെ സി.പി.ഐ.(എം) ലേക്ക് തിരിച്ചുവരുമെന്ന ധാരണപരത്തിയിരുന്നു.[3] ഇപിഎഫ് ബോർഡ് ട്രസ്റ്റി, കൊച്ചി പോർട്ട് ട്രസ്റ്റ് ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
തിരഞ്ഞെടുപ്പുകൾ[തിരുത്തുക]
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും വോട്ടും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും വോട്ടും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും വോട്ടും |
---|---|---|---|---|---|---|---|
1987 | കുന്നത്തുനാട് നിയമസഭാമണ്ഡലം | ടി.എച്ച്. മുസ്തഫ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | വി.ബി. ചെറിയാൻ | സി.പി.ഐ.എം., എൽ.ഡി.എഫ്. | ടി.എസ്. രവീന്ദ്രനാഥ് | ബി.ജെ.പി. |
1982 | കുന്നത്തുനാട് നിയമസഭാമണ്ഡലം | ടി.എച്ച്. മുസ്തഫ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | പി.പി. എസ്തോസ് | സി.പി.ഐ.എം., എൽ.ഡി.എഫ്. | വി.എ. റഹീം | ബി.ജെ.പി. |
അവലംബം[തിരുത്തുക]
- ↑ ദേശാഭിമാനി വാർത്ത
- ↑ "വി ബി ചെറിയാൻ അന്തരിച്ചു". മാതൃഭൂമി. 2 മാർച്ച് 2013. മൂലതാളിൽ നിന്നും 2013-03-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2 മാർച്ച് 2013.
- ↑ "വി ബി ചെറിയാൻ അന്തരിച്ചു: ഏഷ്യാനെറ്റ്". ഏഷ്യാനെറ്റ്. 2 മാർച്ച് 2013. മൂലതാളിൽ നിന്നും 2013-03-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2 മാർച്ച് 2013.
- ↑ http://www.ceo.kerala.gov.in/electionhistory.html
- ↑ http://www.keralaassembly.org