വി.എം. നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗുരുവായൂർകാരനായ വടേക്കര മാധവൻ നായർ എന്ന വി.എം. നായർ(17 ജൂൺ1896-12 മെയ്1977)[1] സ്വപ്രയത്‌നം കൊണ്ടും പ്രവർത്തനശേഷി കൊണ്ടും ഉയരങ്ങളിലെത്തിയ പ്രതിഭാശാലിയാണ്. വലിയ വിദ്യാഭ്യാസ യോഗ്യതയൊന്നും ഇല്ലാതെ, ചെറിയ കമ്പനികളിൽ ജോലിനോക്കിയും പത്രറിപ്പോർട്ടറായും മുംബൈയിൽ പ്രവർത്തനം തുടങ്ങിയ വി.എം. നായർ വലിയ കമ്പനികളുടെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങൾ വഹിച്ച ശേഷമാണ് കോഴിക്കോട്ടേക്കു മടങ്ങി മാതൃഭൂമിയുടെ മാനേജിങ്ങ് എഡിറ്ററും മാനേജിങ്ങ് ഡയറക്റ്ററും ആയത്. ദേശീയബോധവും ധാർമികതയും ആയിരുന്നു അദ്ദേഹത്തിന്റെ കൈമുതൽ[അവലംബം ആവശ്യമാണ്]. മലയാള മാധ്യമരംഗത്തു സുപ്രധാനമായ മാറ്റങ്ങൾക്ക് അദ്ദേഹം തുടക്കം കുറിച്ചു.

ബാല്യം, യൗവനം[തിരുത്തുക]

ഭർത്താവ് ഉപേക്ഷിച്ചുപോയ വടേക്കര പാറുക്കുട്ടിയമ്മയുടെ മൂത്ത മകനായിരുന്നു മാധവൻ നായർ. വിക്കും വയറുവേദനയും സദാ അലട്ടിയെങ്കിലും കുന്നംകുളം മാർ ഇഗ്നേഷ്യസ് ഹൈസ്‌ക്കൂളിലും പാവറട്ടി സെന്റ് ജോസഫ്‌സ് ഹൈസ്‌ക്കൂളിലും ആയി വിദ്യാഭ്യാസം പൂർത്തിയാക്കി. പക്ഷേ, സർട്ടിഫിക്കറ്റ് ഇല്ലാതെയാണ് സ്‌കൂൾ വിട്ടിറങ്ങിയത്. സ്‌കൂൾ ഇൻസ്‌പെക്ഷൻ ദിവസം ടൈ കെട്ടി വരണം എന്ന കല്പന ലംഘിക്കാൻ കുരുത്തോല കഴുത്തിൽ കെട്ടിയാണ് മാധവൻ നായർ ക്ലാസ്സിലെത്തിയത്. ഇതിന്റെ ഫലമായ സ്വഭാവം മോശം എന്നെഴുതിയ സർട്ടിഫിക്കറ്റാണ് ഹെഡ്മാസ്റ്റർ പഠനാനന്തരം നൽകിയത്. അതു വലിച്ചുകീറിയെറിഞ്ഞാണ് അദ്ദേഹം സ്‌കൂളിന്റെ പടിയിറങ്ങിയത്. സാമ്പത്തികവും മറ്റുമായ പലവിധ ദുരിതങ്ങളോടു പടവെട്ടിയാണ് പഠിച്ചിരുന്നതെങ്കിലും വിദ്യാഭ്യാസകാലത്തുതന്നെ ലൈബ്രറി- സാംസ്‌കാരിക പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു. ഹൈസ്‌ക്കൂൾ പഠനത്തിനു ശേഷം ടൈപ്പ് റൈറ്റിങ്ങും ഷോർട്ട്ഹാൻഡും പഠിച്ച ശേഷം ആണ് നാടുവിട്ടു പൂണെയിൽ എത്തുന്നതും ചില്ലറ ജോലികൾ ചെയ്ത് ജീവിക്കാൻ വഴി കണ്ടെത്തുന്നതും. എന്തും ചെയ്യാം എന്ന ആത്മവിശ്വാസവും അതിനൊത്ത ബുദ്ധിശക്തിയുമായിരുന്നു അദ്ദേഹത്തിന്റെ മൂലധനം. പിന്നീട് മുംബൈക്കു മാറി. ദ് ഹിന്ദുസ്ഥാൻ ടൈംസിന്റെയും മാതൃഭൂമിയുടെയും ലേഖകനായിരുന്നു. മാതൃഭൂമിയുടെ ഓഹരി വിൽക്കുന്നതിനും അദ്ദേഹം സഹായിച്ചുപോന്നു. കോൺഗ്രസ് പ്രവർത്തനങ്ങളുമായി സഹകരിച്ചിരുന്നതുകൊണ്ട് നിരവധി ദേശീയ നേതാക്കളുമായി ബന്ധംസ്ഥാപിച്ചു. ബോംബെ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

കൽക്കത്തയിൽ[തിരുത്തുക]

1927-ൽ വാൾഫോർഡ് ട്രാൻസ്‌പോർട്ട് ലിമിറ്റഡ് എന്ന കമ്പനിയിൽ ജോലി ലഭിച്ചതോടെ അദ്ദേഹത്തിന്റെ പ്രവർത്തനരംഗം കൽക്കത്തയിലേക്കു മാറി. ജോലിയിൽ പടിപടിയായി ഉയർന്ന് അദ്ദേഹം ജനറൽ മാനേജറും പിന്നെ കമ്പനിയിലെ ആദ്യത്തെ ഇന്ത്യക്കാരനായ ഡയറക്റ്ററും ആയി. വലിയ ഉത്തരവാദിത്തങ്ങൾ വഹിക്കുമ്പോഴും കേരളത്തിൽ നടക്കുന്ന എല്ലാ പ്രധാന കാര്യങ്ങളിലും അദ്ദേഹം അദ്ദേഹത്തിന്റെ സഹായം നൽകിപ്പോന്നു. ഗുരുവായൂർ സത്യാഗ്രഹമാണ് അതിലൊന്ന്.[2]

കേരളത്തിൽ[തിരുത്തുക]

1950-ൽ ആണ് അദ്ദേഹം ജോലിയിൽനിന്നു വിരമിച്ച് പുന്നയൂർക്കുളത്തേക്കു മടങ്ങുന്നത്. 1951-ൽ കെ.പി. കേശവമേനോൻ സിലോൺ അംബാസ്സഡറായി നിയമിതനായപ്പോൾ വി.എം. നായർ മാതൃഭൂമി പത്രാധിപരായി. 1956-ൽ മാനേജിങ്ങ് എഡിറ്ററും പിന്നീട് മാനേജിങ്ങ് ഡയറക്റ്ററുമായി. കാൽനൂറ്റാണ്ടിലേറെക്കാലം മാതൃഭൂമിയുടെ ഭാഗധേയം നിർണയിച്ചതും സ്ഥാപനത്തെ ഉയർച്ചയിലേക്കു നയിച്ചതും വി.എം. നായർ ആയിരുന്നു. മാതൃഭൂമിയിൽ ആധുനിക മാനേജ്‌മെന്റ് രീതികൾ നടപ്പാക്കുന്നതിനും ഉല്പാദന മേഖലകളിൽ പുതിയ സാങ്കേതിക വിദ്യകൾ കൊണ്ടുവരുന്നതിനും മുൻകൈ എടുത്തു. ഇന്ത്യയിലാദ്യമായി രണ്ടാമതൊരു പ്രിന്റിങ്ങ് സെന്ററും എഡിഷനും തുടങ്ങുന്നത് 1962-ൽ മാതൃഭൂമിയാണ്. വി.എം. നായരാണ് ഈ തീരുമാനമെടുത്തത്. ന്യൂസ് ഏജൻസി കണക്ഷൻ ഓഫീസിൽതന്നെ ലഭ്യമാക്കുക, പത്രത്തിന്റെ ഓഫീസുകൾ തമ്മിൽ ടെലിപ്രിന്റർ ബന്ധം ഏർപ്പെടുത്തുക, റോട്ടറി അച്ചടിയന്ത്രം സ്ഥാപിക്കുക, ന്യൂസ് എഡിറ്റർ എന്ന തസ്തികക്കു ജന്മം നൽകുക തുടങ്ങിയ മാറ്റങ്ങൾക്കും നേതൃത്വം വഹിച്ചത് വി.എം. നായരായിരുന്നു. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയർമാനായും ഇന്ത്യൻ ആന്റ് ഈസ്റ്റേൺ ന്യൂസ് പേപ്പർ സൊസൈറ്റിയുടെ പത്രാധിപസമിതിയംഗമായും പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിന്റെ രാഷ്ട്രീയ-ഭരണ മണ്ഡലങ്ങളിൽ അദ്ദേഹത്തിന്റെ സ്വാധീനവും ഇടപെടലും പല മാറ്റങ്ങൾക്കും കാരണമായിട്ടുണ്ട്.

രചനകൾ[തിരുത്തുക]

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കിളിവാതിലിലൂടെ എന്ന പംക്തി കുറച്ചുകാലം എഴുതിയിട്ടുണ്ട്. ഒരു പത്രപ്രവർത്തകന്റെ ഓർമ്മക്കുറിപ്പുകൾ എന്ന പേരിൽ ലേഖനങ്ങളും യാത്രാവിവരണവും സമാഹരിച്ചിട്ടുണ്ട്.

കുടുംബം[തിരുത്തുക]

സുപ്രസിദ്ധ കവി ബാലാമണിയമ്മയാണ് ഭാര്യ. നാലു മക്കളുണ്ട്. ഡോ. മോഹൻദാസ്, പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടി ( കമല സുരയ്യ), ഡോ. ശ്യാം സുന്ദർ, ഡോ.സുലോചന.

അവലംബം[തിരുത്തുക]

  1. http://archives.mathrubhumi.com/static/others/newspecial/index.php?id=103282&cat=591[പ്രവർത്തിക്കാത്ത കണ്ണി]
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2020-08-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-11-25.

1. ഏഴാൾ ഏഴുവഴി- വി.രാജഗോപാൽ പേജ് 61-78(വി.എം. നായരുടെ വലിയ വിപ്ലവങ്ങൾ എന്ന അധ്യായം) 2. http://media.mathrubhumi.com/static/AboutMathrubhumi.html

ലേഖനങ്ങൾ

  1. ബഹുമുഖമായ ജീവിതം മാതൃഭൂമി ദിനപത്രം 12 മെയ് 1977
  2. വി.എം. നായർ ഒരനുസ്മരണം-കെ.പി.കേശവമേനോൻ മെയ് 12 1977
  3. ജ്യേഷ്ഠനെപ്പറ്റി രണ്ടു വാക്ക് -അമ്മിണി അമ്മ നാലാപ്പാട് , മാതൃഭൂമി ആഴ്ചപ്പതിപ്പ് 1996 ജൂൺ
  4. ഒരു രക്ഷിതാവിന്റെ ഓർമയ്്ക്ക് - എം.ടി.വാസുദേവൻ നായർ മാതൃഭൂമി ദിനപത്രം 17 ജൂൺ 1996
"https://ml.wikipedia.org/w/index.php?title=വി.എം._നായർ&oldid=3808428" എന്ന താളിൽനിന്ന് ശേഖരിച്ചത്