വിൻസെന്റ് ഡ്യോ വെഞ്യോ
വിൻസെന്റ് ഡ്യോ വെഞ്യോ | |
---|---|
ജനനം | May 18, 1901 Chicago, Illinois, USA |
മരണം | ഡിസംബർ 11, 1978 Ithaca, New York, USA | (പ്രായം 77)
ദേശീയത | United States |
കലാലയം | University of Rochester |
പുരസ്കാരങ്ങൾ | Nobel Prize for Chemistry (1955) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Chemistry |
ഡോക്ടർ ബിരുദ ഉപദേശകൻ | John R. Murlin |
വിൻസെന്റ് ഡ്യോ വെഞ്യോ നോബൽ സമ്മാനിതനായ അമേരിക്കൻ ജൈവരസതന്ത്രജ്ഞനാണ്. ജീവകങ്ങൾ, ഹോർമോണുകൾ, ഉപാപചയ പ്രക്രിയകൾ എന്നിവയെക്കുറിച്ചുള്ള പഠനങ്ങളാണ് ഇദ്ദേഹത്തിന്റെ പ്രധാന സംഭാവനകൾ.
ഔദ്യോഗിക ജീവിതം
[തിരുത്തുക]1901 മേയ് 18-ന് ചിക്കാഗോയിൽ ജനിച്ചു. ഇല്ലിനോയി സർവ്വകലാശാലയിൽ നിന്ന് കാർബണിക രസതന്ത്രത്തിൽ എം.എസ്. ബിരുദം നേടി (1924). റോച്ചെസ്റ്റർ സർവകലാശാലയിൽ നിന്ന് ജൈവരസതന്ത്രത്തിൽ പിഎച്ച്.ഡി. (1927) ലഭിച്ചതിനെത്തുടർന്ന് ഗവേഷണത്തിൽ വ്യാപൃതനായി. ഇല്ലിനോയി സർവകലാശാലയിൽ പ്രൊഫസർ (1930-32); ജോർജ് വാഷിങ്ടൺ മെഡിക്കൽ സ്കൂൾ (1932-38), കോർണൽ സർവകലാശാല മെഡിക്കൽ സ്കൂൾ എന്നിവിടങ്ങളിലെ ജൈവരസതന്ത്ര വിഭാഗം ചെയർമാൻ എന്നീ സ്ഥാനങ്ങൾ ഇദ്ദേഹം അലങ്കരിച്ചിരുന്നു.
ഗവേഷണ പഠനങ്ങൾ
[തിരുത്തുക]ഡ്യോ വെഞ്യോയുടെ എല്ലാ പഠനങ്ങളും ജൈവിക പ്രാധാന്യമുള്ള കാർബണിക സൾഫർ സംയുക്തങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു. ഇൻസുലിൻ തന്മാത്രയിലെ സൾഫറിനെക്കുറിച്ചുള്ള ആദ്യകാല പഠനങ്ങളിൽ തുടങ്ങി പോളിപെപ്ടൈഡ് ഹോർമോണുകളുടെ സംശ്ലേഷണം വരെയുള്ള ഇദ്ദേഹത്തിന്റെ സകല ഗവേഷണങ്ങളും ഈ മേഖലയിലുള്ളതാണ്. രാസഘടനയും ജീവശാസ്ത്ര ധർമവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനങ്ങളിലും ഇദ്ദേഹം തത്പരനായിരുന്നു.
മീതയോണിനിലും കോളിനിലും (Methionine&Choline) മറ്റു ബന്ധപ്പെട്ട സംയുക്തങ്ങളിലും പ്രതിക്രിയാക്ഷമമായ മീതൈൽ ഗ്രൂപ്പിന്റെ പ്രാധാന്യത്തെ കുറിച്ചായിരുന്നു 1930-കളിൽ ഡ്യോ വെഞ്യോ പഠനം നടത്തിയത്. ഘന ഹൈഡ്രജനുപയോഗിച്ച് ജൈവിക വ്യൂഹങ്ങളിലെ ട്രാൻസ് മെതിലേഷൻ പ്രക്രിയകൾ ഇദ്ദേഹം പഠന വിധേയമാക്കി. ജീവകങ്ങളുടെ പഠനത്തിൽ ഒരു പ്രശ്നമായി അവശേഷിച്ചിരുന്ന ബയോട്ടിന്റെ ഘടന 1942-ൽ ഇദ്ദേഹം കണ്ടെത്തി. ഡ്യോ വെഞ്യോ നിർദ്ദേശിച്ച പ്രക്രിയയിലൂടെ സൾഫർ അടങ്ങുന്ന ഈ സംയുക്തം സംശ്ളേഷണം ചെയ്യുന്നതിൽ മെർക്ക് ലബോറട്ടറീസ് വിജയിച്ചു. പിന്നീട് പെൻസിലിനിന്റെ രസതന്ത്രത്തിലായി ശ്രദ്ധ. 1946-ൽ പെൻസിലിൻ-ജി സംശ്ളേഷണം ചെയ്യുന്നതിൽ വിജയം വരിച്ചു.
ഗവേഷണ പ്രബന്ധം
[തിരുത്തുക]പിറ്റ്യുറ്ററിഗ്രന്ഥിയുടെ ഉത്തരഖണ്ഡത്തിൽ ഉത്പാദിക്കപ്പെടുന്നതും ഗർഭാശയ സങ്കോചത്തിന് സഹായിക്കുന്നതും ആയ ഓക്സിടോസിൻ (oxytocin) എന്ന പോളിപെപ്പ്ടൈഡ് സംശ്ലേഷണം ചെയ്തതിന് 1955-ലെ നോബൽ സമ്മാനം ഡ്യോ വെഞ്യോ നേടി. രക്തസമ്മർദം ഉണ്ടാക്കുന്ന വാസോപ്രെസിൻ എന്ന മറ്റൊരു പിറ്റ്യുറ്ററി ഹോർമോൺ സംശ്ലേഷണം ചെയ്യുന്നതിനും ഡ്യോ വെഞ്യോയ്ക്കു സാധിച്ചു. ഇദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധങ്ങൾ എ ട്രെയിൽ ഒഫ് റിസർച്ച് ഇൻ സൾഫർ കെമിസ്ട്രി ആൻഡ് മെറ്റബോളിസം ആൻഡ് റിലേറ്റഡ് ഫീൽഡ്സ് എന്ന പേരിൽ 1952-ൽ പ്രസിദ്ധീകരിക്കുകയുണ്ടായി.
ബഹുമതികൾ
[തിരുത്തുക]നോബൽ സമ്മാനത്തെത്തുടർന്നു കൊളംബിയ
- സർവകലാ ശാലയുടെ ഷാൻഡലർ മെഡൽ (1955)
- അമേരിക്കൻ കെമിക്കൽ സൊസൈറ്റിയുടെ വിലാർഡ് ഗിബ്സ് മെഡൽ (1956)
- ന്യൂയോർക്ക്, യേൽ സർവകലാശാലകളുടേയും (1955)
- ഇല്ലിനോയി സർവകലാശാലയുടേയും (1960)
- ഓണററി ഡോക്റ്ററേറ്റുകൾ എന്നീ ബഹുമതികൾ ഡ്യോ വെഞ്യോയ്ക്ക് ലഭിക്കുകയുണ്ടായി.
എഡിൻബറോ റോയൽ സൊസൈറ്റി (ലണ്ടൻ), കെമിക്കൽ സൊസൈറ്റി, റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കെമിസ്ട്രി (ലണ്ടൻ) എന്നീ സംഘടനകളുടെ വിശിഷ്ടാംഗവുമായിരുന്നു ഡ്യോ വെഞ്യോ. 1978 ഡിസംബർ 11-ന് ഡ്യോ വെഞ്യോ അന്തരിച്ചു.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://www.nobelprize.org/nobel_prizes/chemistry/laureates/1955/vigneaud-bio.html
- http://www.nobelprize.org/nobel_prizes/chemistry/laureates/1955/
- http://www.britannica.com/EBchecked/topic/172562/Vincent-du-Vigneaud
- http://www.answers.com/topic/vincent-du-vigneaud
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡ്യോ വെഞ്യോ, വിൻസെന്റ് (1901 - 78) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |