Jump to content

വിശ്രവസ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബ്രഹ്മാവിന്റെ പുത്രനും പ്രജാപതിമാരിൽ ഒരാളായ പുലസ്ത്യമഹർഷിയുടെ പുത്രനാണ്‌ വിശ്രവസ്സ്‌. വിശ്രവസ്സിന്റെ പുത്രന്മാരാണ് വൈശ്രവണൻ എന്നറിയപ്പെട്ട കുബേരൻ, ലങ്കാധിപതിയായ രാവണൻ, കുംഭകർണ്ണൻ, വിഭീഷണൻ. വിശ്രവസ്സിനു ശൂർപ്പണഖ എന്നൊരു പുത്രിയും കൈകസി എന്ന രാക്ഷസിയിലുണ്ടായി. വാല്മീകിരാമായണം ഉത്തരകാണ്ഡത്തിൽ രാക്ഷസോല്പത്തിയിൽ വിശ്രവസ്സിന്റേയും കൈകസിയുടേയും കഥകൾ വിശദമായി ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ബ്രഹ്മപുത്രനായ പുലസ്ത്യമഹർഷി ഹിമാലയത്തിൽ അളകനന്ദയുടെ തീരത്ത് തപസ്സുചെയ്യുന്ന അവസരത്തിൽ യക്ഷ-കിന്നര-ഗന്ധർവ വനിതകൾ നിത്യവും അളകനന്ദ നദിയിൽ വരികയും അവരുടെ ബഹളങ്ങളിൽ തനിക്ക് തപസ്സുചെയ്യുന്നതിനു ബുദ്ധിമുട്ടായപ്പോൾ അദ്ദേഹം, ഇനിമേലിൽ ഇവിടെ വരുന്ന സ്ത്രീകൾ ഗർഭിണികളാവട്ടെ എന്നു ശപിക്കുകയും ചെയ്തു. ഇതൊന്നുമറിയാതെ ഒരിക്കൽ തൃണവിന്ദുവെന്ന രാജാവിന്റെ പുത്രിയായ മാലിനി അവിടെ ആശ്രമപരിസരത്തുവരികയും അവൾ ഗർഭിണി ആകുകയും ചെയ്തു. ഇതറിഞ്ഞ് തൃണവിന്ദു മകളേയും കൂട്ടി പുലസ്ത്യനെ സമീപിച്ച് കാര്യങ്ങൾ ധരിപ്പിച്ചു. നിഷ്കളങ്കയായ ആ പെൺകുട്ടിയെ പുലസ്ത്യമഹർഷി വിവാഹം കഴിക്കുകയും ചെയ്തു. മാലിനിയിൽ പുലസ്ത്യനു ജനിച്ച ആ പുത്രനാണ് വിശ്രവസ്സ്. വിശ്രവസ്സും അച്ഛനെപ്പോലെ തപസ്സു ചെയ്ത് മഹർഷിയായി.

വൈശ്രവണൻ

[തിരുത്തുക]
പ്രധാന ലേഖനം: കുബേരൻ

വിശ്രവസ്സ്‌ മഹർഷി ആദ്യം വിവാഹം കഴിച്ചത്‌ ഭരദ്വാജമഹർഷിയുടെ മകളായ ദേവവർണിനി എന്ന ഇളബിളയെ ആയിരുന്നു. അതിലുണ്ടായ മകനാണ്‌ വൈശ്രവണൻ അഥവാ കുബേരൻ. ബ്രഹ്മാവിന്റെ വരപ്രസാദത്താൽ പുഷ്പകവിമാനം ലഭിച്ചു. കൂടാതെ ധനാധിപതിയായി അഷ്ടദിക് പാലകസ്ഥാനവും ബ്രഹ്മദേവനാൽ ലഭിച്ചു. രാക്ഷസർ ഉപേക്ഷിച്ച ലങ്കാനഗരിയിൽ സർവ്വാഢംഭരത്തോടെ വസിക്കുവാൻ അച്ഛനായ വിശ്രവസ്സ് മഹർഷി അനുഗ്രഹിക്കുകയും ചെയ്തു.

വിശ്രവസ്സിന്റെ രണ്ടാമത്തെ പത്നിയാണ് കൈകസി. രാക്ഷസരാജാവായ സുമാലിക്കു പത്തുപുത്രന്മാരും നാലുപുത്രികളും ഉണ്ടായി. ഏറ്റവും ഇളയവളയായിരുന്നു കൈകസി. കൈകസിയിൽ വിശ്രവസ്സിനു ജനിച്ചവരാണ് രാവണാദികൾ. [1]

അവലംബം

[തിരുത്തുക]
  1. രാമായണം -- ഡോ.പി.എസ്.നായർ -- വിദ്യാരംഭം പബ്ലിഷേസ്
"https://ml.wikipedia.org/w/index.php?title=വിശ്രവസ്സ്&oldid=3593170" എന്ന താളിൽനിന്ന് ശേഖരിച്ചത്