വിവേകാനന്ദപ്പാറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിവേകാനന്ദപ്പാറ

ഇന്ത്യയുടെ തെക്കേ അറ്റത്ത് കന്യാകുമാരിയിലുള്ള വാവതുറൈ മുനമ്പിൽ നിന്ന് 500മീറ്ററോളം അകലെ കടലിലായി രണ്ടു പാറകളിൽ ഒന്നാണ്, വിവേകാനന്ദപ്പാറ. വിവേകാനന്ദസ്വാമികൾ കടൽ നീന്തിക്കടന്ന് 1892 ഡിസംബർ 23,24,25 തീയതികളിൽ ഇവിടെ ധ്യാനിച്ച് ഇരുന്നിരുന്നു. വിവേകാനന്ദ സ്വാമികളുടെ സ്മരണാർത്ഥം ശ്രീ മന്നത്ത് പത്മനാഭൻ പ്രസിഡണ്ടും ശ്രീ ഏകാനാഥ റാനഡെ സെക്രട്ടറിയുമായുള്ള വിവേകാനന്ദപ്പാറ സ്മാരകസമിതിയാണ് സ്മാരക നിർമ്മാണത്തിനായി പ്രയത്നിച്ചത്. 1970 സെപ്റ്റംബർ 2 ന് അന്നത്തെ ഇന്ത്യൻ പ്രസിഡന്റായിരുന്ന ശ്രീ വി.വി. ഗിരി ഈ സ്മാരകം രാഷ്ട്രത്തിന് സമർപ്പിച്ചു.

ഐതിഹ്യം[തിരുത്തുക]

ദേവി കന്യാകുമാരി ഒറ്റക്കാലിൽ നിന്ന് തപസ്സനുഷ്ടിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ശ്രീപാദപ്പാറ വിവേകാനന്ദപ്പാറയിലാണുള്ളത്. ദേവിയുടേതെന്ന് വിശ്വസിക്കപ്പെടുന്ന പാദമുദ്ര അഥവാ ശ്രീപാദം ഇപ്പോഴും അവിടെ പൂജിക്കപ്പെടുന്നു.

നിർമ്മാണ ചരിത്രം[തിരുത്തുക]

1962 ജനുവരിയിൽ സ്വാമി വിവേകാനന്ദന്റെ നൂറാം ജയന്തിയോടനുബന്ധിച്ച് സ്വാമിജി ധ്യാനിച്ചിരുന്ന പാറയിൽ ഒരു സ്മാരകം പണിയണമെന്ന് കന്യാകുമാരി നിവാസികൾക്കാഗ്രഹമുണ്ടായി. തീരത്തു നിന്നും പാറയിലേക്ക് പ്രവേശനം സുഗമമാക്കണമെന്നും അഭിപ്രായമുണ്ടായി. പാറയിൽ വിവേകാനന്ദ സ്മാരകം പണിയുക, അതിലേക്ക് നടപ്പാലം നിർമ്മിക്കുക എന്നീ ലക്ഷ്യങ്ങളോട് കൂടി കന്യാകുമാരിയിലെ ഏതാനം നിവാസികൾ ചേർന്ന് കന്യാകുമാരി കമ്മിറ്റിക്ക് രൂപം നൽകി. മദ്രാസിലെ രാമകൃഷ്ണ മിഷനും ഇതേ ആശയമുണ്ടായിരുന്നു. ഇരു സംഘടനകളും വിവേകാനന്ദ സ്മാരകം എന്ന ഉദ്യമത്തിനായി ഒന്നിച്ചെങ്കിലും പ്രദേശവാസികളും കത്തോലിക്കരുമായ മുക്കുവർക്കിടയിൽ ഈ ഉദ്യമത്തിനെതിരായി എതിർപ്പുണ്ടായി. കരയിൽ നിന്നും കാണാവുന്ന വിധത്തിൽ ഒരു വലിയ കുരിശ് അവർ പാറയിൽ നാട്ടി. ഇതേത്തുടർന്ന് പ്രദേശത്തെ ഹൈന്ദവർക്കിടയിൽ ശക്തമായ പ്രതിഷേധം വ്യാപിച്ചു. തങ്ങളുടെ ആരാധനാ സ്ഥലമായ പാറയിൽ കുരിശ് നാട്ടിയ നടപടിയെ അവർ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചു. ഒടുവിൽ പാറ വിവേകാനന്ദ പാറയാണെന്നും കുരിശ് നാട്ടിയത് കടന്ന് കയറ്റമാണെന്നും മദ്രാസ് സരക്കാരിന്റെ ജുഡീഷ്യൽ കമിറ്റി റിപ്പോർട്ട് വന്നു. ഒരു രാത്രിയിൽ കൊയിലാണ്ടിയിൽ നിന്ന് എത്തിയ ആർ എസ് എസ് പ്രവർത്തകർ പാറയിൽ നിന്ന് കുരിശ് നീക്കം ചെയ്യുകയും പ്രദേശത്ത് സാമുദായിക അസ്വസ്ഥത ഉടലെടുക്കുകയും ചെയ്തു. ഇതേത്തുടർന്ന് വിവേകാനന്ദപ്പാറ നിരോധിത മേഖലയായി പ്രഖ്യാപിക്കപ്പെടുകയും. സർക്കാർ കാവൽ ഏർപ്പെടുത്തുകയും ചെയ്തു. പാറ കന്യകാമേരി പാറയാണെന്ന് അവകാശപ്പെട്ട് കത്തോലിക്കർ പ്രക്ഷോഭത്തിനിറങ്ങിയതോട് കൂടി സ്ഥിതി ഗതികൾ കൂടുതൽ വഷളായി. പാറ വിവേകാന്ദപ്പാറ തന്നെയാണെന്നും എന്നാൽ പാറമേൽ തൽക്കാലത്തേക്ക് നിർമ്മാണങ്ങളൊന്നും പാടില്ലെന്നും സർക്കാർ ഉത്തരവിറക്കി. വിവേകാന്ദ സ്മാരക ശിലയൊരെണ്ണം പാറയിൽ സ്ഥാപിക്കുക എന്നത് മാത്രമേ ചെയ്യാനാകു എന്ന് അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി ശ്രീ എം. ഭക്തവൽസലം അഭിപ്രായപ്പെട്ടു. 1963 ജനുവരി 17ന് ശിലാഫലകം സർക്കാർ ഉത്തരവ് പ്രകാരം പാറയിൽ സ്ഥാപിക്കപ്പെട്ടെങ്കിലും കുരിശ് നീക്കം ചെയ്തതിന് പ്രതികാരമായി അതെ വർഷം മെയ് മാസത്തിൽ ശിലാഫലകം തകർത്ത് കടലിലെറിയപ്പെട്ടു. തുടർന്ന് കന്യാകുമാരി കമ്മിറ്റി ദേശീയ തലത്തിലുള്ള നേതാക്കളുടെ സഹായം തേടുകയും അന്നത്തെ രാഷ്ട്രീയ സ്വയം സേവക സംഘം മേധാവിയായിരുന്ന ഗുരുജി ഗോൾവാക്കറുടെ നിർദ്ദേശ പ്രകാരം ആർ എസ് എസ് ജനറൽ സെക്രട്ടറി ശ്രീ ഏക്നാഥ് റാനഡെ സഹായത്തിനെത്തുകയുമുണ്ടായി.[അവലംബം ആവശ്യമാണ്]

ഏക്നാഥ് റാനഡെയുടെ പരിശ്രമങ്ങൾ[തിരുത്തുക]

പാറയിൽ ശിലാഫലകം സ്ഥാപിക്കപ്പെട്ട ദിനം ഏക്നാഥ് റാനഡെ കൽക്കട്ടയിലായിരുന്നു. സ്വാമി വിവേകാനന്ദനുമായി ബന്ധപ്പെട്ട ഒരു പുസ്തകം പുറത്തിറക്കുന്നതിന്റെ തിരക്കിലായിരുന്നു അദ്ദേഹം. ശ്രീ രാമകൃഷ്ണ മിഷന്റെ പിന്തുണയോട് കൂടി അദ്ദേഹം വിവേകാനന്ദ സ്മാരക സമിതിയുടെ ഓർഗനൈസിംഗ് സെക്രട്ടറിയായി. അന്നത്തെ യൂണിയൻ സാംസ്കാരിക മന്ത്രി ശ്രീ ഹൂമയൂൺ കബീറിനെയും തമിഴ്നാട് മുഖ്യമന്ത്രി ശ്രീ എം ഭക്തവൽസലത്തെയും നയതന്ത്രപരമായി സമീപിച്ച് സ്മാരകം പണിയുവാനുള്ള അനുമതി നേടിയെടുത്തതിന്റെ മുഴുവൻ ക്രെഡിറ്റും ശ്രീ റാനഡെയ്ക്ക് അവകാശപ്പെട്ടതാണ്.[അവലംബം ആവശ്യമാണ്] കന്യാകുമാരിയിൽ തന്നെയാണ് ഇദ്ദേഹത്തിന്റെ ശവകുടീരവും സ്ഥിതി ചെയ്യുന്നത്.

സവിശേഷതകൾ[തിരുത്തുക]

വിവേകാനന്ദ സ്വാമികളുടെ പ്രതിമ സ്ഥാപിച്ചിരിക്കുന്ന വിവേകാനന്ദ മണ്ഡപമാണ് മുഖ്യാകർഷണം . സന്ദർശകർക്ക് ധ്യാനിച്ചിരിക്കാനുള്ള ധ്യാന മണ്ഡപവും ഇതിനോടനുബന്ധിച്ചുണ്ട്. ധ്യാനമണ്ഡപം ഇന്ത്യയിലെ വിവിധ ക്ഷേത്രനിർമ്മാണ രീതി സമന്വയിപ്പിച്ച് ഉണ്ടാക്കിയതാണ്. ബംഗാൾ ഉൾക്കടലും, അറബിക്കടലും, ഇന്ത്യൻ മഹാസമുദ്രവും യോജിച്ച് ഒന്നായിത്തീരുന്ന ത്രിവേണി സമുദ്രസംഗമം ഇവിടെനിന്നും ദർശിക്കാവുന്നതാണ്. വിവേകാനന്ദ മണ്ഡപം, ശ്രീപാദ മണ്ഡപം എന്നിവയാണ് പാറയിലുള്ള മുഖ്യമായ രണ്ട് നിർമ്മിതികൾ. കടലിൽ പ്രധാന പാറയ്ക്കരികിലുള്ള മറ്റൊരു പാറയിൽ തിരുവള്ളുവരുടെ ഒരു മഹാദീർഘകായപ്രതിമയും സ്ഥാപിച്ചിട്ടുണ്ടു്.

വിവേകാനന്ദപ്പാറയുമായി ബന്ധപ്പെട്ട് കന്യാകുമാരിയിൽ തന്നെയുള്ള വിവേകാനന്ദകേന്ദ്രം സഞ്ചാരികൾ സന്ദർശിക്കേണ്ട മറ്റൊരു പ്രധാന സ്ഥലമാണു്. വിവേകാനന്ദപ്പാറയിലെ കെട്ടിടങ്ങൾ നിർമ്മിച്ചതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ഏകനാഥ് റാനഡേയുടെ സ്മാരകമായ ഒരു കാഴ്ചബംഗ്ലാവും ഈ കേന്ദ്രത്തിലുണ്ടു്. പ്രകൃതിവാസ്തുവിദ്യയുമായും ഊർജ്ജസംരക്ഷണവുമായും ബന്ധപ്പെട്ട അറിവു ലഭ്യമാക്കുന്ന ഒരു പ്രദർശനശാലയും ഇവിടെക്കാണാം.

ചിത്രശാല[തിരുത്തുക]

കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിവേകാനന്ദപ്പാറ&oldid=3721706" എന്ന താളിൽനിന്ന് ശേഖരിച്ചത്