വിരുപാക്ഷൻ നംബൂതിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സ്ത്രീകൾക്ക് വേദപഠനം വിലക്കിയിരുന്ന കാലത്ത് പെൺകുട്ടികൾക്ക് സ്വന്തം വേദപാഠശാലയിൽ പ്രവേശനം നൽകി പഠിപ്പിച്ച ഉൽപ്പതിഷ്ണുവാണ് വിരൂപാക്ഷൻ നമ്പൂതിരി. 1911ൽ ചെറുവത്തേരിയിൽ ജനിച്ച വിരൂപാക്ഷൻ നമ്പൂതിരി 1929ൽ ആലത്തൂർ സിദ്ധാശ്രമത്തിൽ എത്തി ബ്രഹ്മാനന്ദശിവയോഗിയുടെ ശിഷ്യത്വം സ്വീകരിച്ചു രാജയോഗം പഠിച്ചു. ബ്രഹ്മാനന്ദശിവയോഗിയാണ് സാമൂഹ്യപരിഷ്ക്കരണചിന്തയിലേക്ക് ശിഷ്യനെ നയിച്ചത്. വിദ്യാവിഹീനരായ താഴ്ന്ന ജാതിക്കർക്ക് ആത്മജ്ഞാനത്തിന്റെ മഹാപ്രകാശം പകരുന്നത് അദ്ദേഹം സിദ്ധാശ്രമത്തിൽ കണ്ടറിഞ്ഞു. ബ്രാഹ്മണസമുദായത്തിൽ നിന്ന് ആദ്യമായി സിദ്ധാശ്രമത്തിൽ എത്തിയത് വിരൂപാക്ഷൻ നമ്പൂതിരിയായിരുന്നു. ദളിതർക്ക് അമ്പലം തുറന്നു കൊടുത്തതിനു പുറമെ ഇരുപതിലേറെ അവർണ്ണബാലകർക്ക് പൂണൂൽ നൽകി അവരെ മന്ത്രതന്ത്രങ്ങൾ  പഠിപ്പിച്ചു. അധികം താമസിയാതെ   കൂർക്കഞ്ചേരിയിൽ വെച്ച് ശ്രീനാരായണഗുരുവിനെ കണ്ടു.   ന്യായം, വൈശേഷികം, സാംഖ്യം, യോഗം, അർത്ഥശാസ്ത്രം തുടങ്ങിയവ ഗുരുവുമായി ചർച്ച ചെയ്തു. സ്വാതന്ത്ര്യസമരം വീശിയടിക്കുന്ന അക്കാലത്ത് ഗാന്ധിയെ സന്ദർശിച്ചു. 1942 ജനുവരിയിൽ ഇരിങ്ങാലക്കുടയിൽ നടന്ന പ്രജാമണ്ഡലം വാർഷികസമ്മേളനത്തിൽ പങ്കെടുത്തു. ദിവാന്റെ വിലക്കിനെ അവഗണിച്ച‌് നടന്ന സമ്മേളനത്തിന് വി ആർ കൃഷ്ണനെഴുത്തച്ഛൻ, നീലകണ്ഠയ്യർ, ഇക്കണ്ടവാരിയർ, പനമ്പിള്ളി ഗോവിന്ദമേനോൻ, ആർ എം മനക്കലാത്ത് എന്നിവരാണ് നേതൃത്വം നൽകിയത്. തുടർന്ന് നൂൽ നൂൽക്കാനും കള്ളുഷാപ്പുകൾ പിക്കറ്റുചെയ്യാനും പോയി. ചെറുവത്തേരിലെയും  വയനാട്ടിലെയും ഇല്ലം വക കൃഷിഭൂമി കൃഷിക്കാർക്കു  വീതിച്ചുകൊടുത്തു. കിഴക്കേടത്തു മനയുടെ വകയായ വയനാട്ടിലെ എരനെല്ലൂർ നരസിംഹക്ഷേത്രം ആദിവാസികൾക്കു വിട്ടുകൊടുത്തു. ലിംഗവിവേചനത്തിനും അനാചാരങ്ങൾക്കും ജാതി‐ മത വിവേചനത്തിനുമെതിരെ പോരാടിയ ഈ മനഷ്യസ്നേഹി 1983ൽ അന്തരിച്ചു.

"https://ml.wikipedia.org/w/index.php?title=വിരുപാക്ഷൻ_നംബൂതിരി&oldid=2929729" എന്ന താളിൽനിന്ന് ശേഖരിച്ചത്