വിമല ബി. വർമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളത്തിലെ നാലാമത്തെ ശബ്ദചിത്രമായ നിർമ്മലയിലെ അഭിനേത്രിയും പിന്നണി ഗായികയുമാണ് വിമല ബി വർമ. മലയാളസിനിമയിൽ ആദ്യമായി ഇരട്ടക്കഥാപാത്രങ്ങളായി അഭിനയിച്ച വ്യക്തി കൂടിയാണ് വിമല.

ചലച്ചിത്ര ജീവിതം[തിരുത്തുക]

പി.ജെ. ചെറിയാൻ നിർമ്മിച്ച്, പി.വി. കൃഷ്ണയ്യർ സംവിധാനം ചെയ്ത് 1948ൽ പുറത്തിറങ്ങിയ നിർമ്മല സിനിമയിലൂടെയാണ് വിമല ബി വർമ മലയാളസിനിമയുടെ ഭാഗമാകുന്നത്. സിനിമയിൽ അഭിനയിക്കുമ്പോൾ വിമല ആറാം ക്ലാസ്സിൽ പഠിക്കുകയാണ്. സിനിമയിൽ പിന്നണി പാടാനായാണ്‌ വിമലയും സഹോദരിയും സേലത്തെ മോഡേൺ തീയേറ്ററിൽ എത്തുന്നത്. പിന്നീട് വിമല ചിത്രത്തിലെ നായികയുടെ അനുജത്തിയുടെ കഥാപാത്രം അവതരിപ്പിക്കുവാൻ നിയോഗിക്കപ്പെടുകയായിരുന്നു.[1]

ചിത്രത്തിൻറെ ആദ്യ പകുതിയിൽ മരിച്ചുപോകുന്ന ആ കഥാപാത്രം മാത്രമല്ല രണ്ടാം പകുതിയിൽ ലളിത എന്ന കഥാപാത്രത്തെക്കൂടി വിമല കൈകാര്യം ചെയ്യുന്നുണ്ട്. അങ്ങനെ മലയാളസിനിമയിൽ ആദ്യമായി ഡബിൾ റോൾ ചെയ്യാൻ അവർക്ക് കഴിഞ്ഞു.[2]

നിർമ്മല റിലീസ് ആയതോടെ വിമലയും പ്രശസ്തയായി. പിന്നീടു ഉദയായിൽ നടത്തിയ ശബ്ദപരിശോധന വിജയമായിരുന്നെങ്കിലും 'വെള്ളിനക്ഷത്രം എന്ന പുതിയ ചിത്രത്തിലേക്കുള്ള ക്ഷണം കരാർ വ്യവസ്ഥകൾ കാരണം വിമലയുടെ അച്ഛൻ സ്വീകരിച്ചില്ല. അതിനു ശേഷം മലബാർ പ്രൊഡക്ഷൻസിന്റെ പുതുചിത്രത്തിലും നായികയായി ക്ഷണം ലഭിച്ചെങ്കിലും, അതും നിരസിച്ചുകൊണ്ട് അവർ തൻറെ സിനിമാജീവിതത്തിനു വിരാമമിട്ടു.

സംഗീത ജീവിതം[തിരുത്തുക]

നിർമ്മലയിൽ പാടാൻ വിമലയ്ക്ക് അവസരം കിട്ടുന്നത് സംഗീതാധ്യാപികയും മലയാളത്തിലെ ആദ്യ പിന്നണി ഗായികയുമായ സരോജിനി മേനോൻ വഴിയാണ്. ചിത്രത്തിൽ വിമല മൂന്നു പാട്ടുകളുടെ ഭാഗമായി. ഏട്ടൻ വരുന്ന ദിനമേ, വാഴുക സുരുചിര എന്നീ ഗാനങ്ങൾ ഒറ്റയ്ക്കും കരുണാകരാ എന്ന ഗാനം സരോജിനി മേനോനോടൊപ്പവും ആലപിച്ചു. [3]

1956 ൽ ഓൾ ഇന്ത്യാ റേഡിയോ കോഴിക്കോട് നിലയത്തിൽ പാടിത്തുടങ്ങിയ അവർ 1962ൽ സ്ഥിരജോലിക്കാരി ആയി. 1993‐ൽ സ്വയം വിരമിച്ചു.[4]

അവലംബം[തിരുത്തുക]

  1. The Hindu[1]
  2. m3db[2]
  3. മലയാള സംഗീതം[3]
  4. http://www.deshabhimani.com/special/news-22-04-2018/720345
"https://ml.wikipedia.org/w/index.php?title=വിമല_ബി._വർമ&oldid=2857629" എന്ന താളിൽനിന്ന് ശേഖരിച്ചത്