വിഭീഷണോപദേശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വാല്മീകി രാമായണത്തിലെ യുദ്ധകാണ്ഡത്തിലെ ഒരു പാഠഭാഗമാണ് വിഭീഷണോപദേശം അഥവാ വിഭീഷണ സദുപദേശം ഹനുമാൻ ലങ്കയെ ദഹിപ്പിച്ച ശേഷം 7 ദിവസത്തോളം ആ തീ കത്തിക്കൊണ്ടിരുന്നു . തുടർന്ന് ലങ്കാവാസികൾ തീയണയ്ക്കുകയും , അസുരശില്പിയായ മയന്റെ സർഗ്ഗശേഷി കൊണ്ട് ലങ്കയെ പുനർനിർമ്മിച്ചു മുന്പത്തേക്കാൾ ഐശ്വര്യയുക്തമാക്കി മാറ്റുകയും ചെയ്തു . അതിനു ശേഷം ലങ്കാപതിയായ രാവണരാജാവ് തന്റെ സദസ്യരെയെല്ലാം വിളിച്ചുകൂട്ടി അതുവരെ നടന്ന കാര്യങ്ങളെപ്പറ്റിയുള്ള ഒരു കാര്യാലോചന നടത്തുകയുണ്ടായി . ആ സദസ്സിൽ മന്ത്രിയായ മഹോദരൻ, പുത്രനായ ഇന്ദ്രജിത്ത് , അനുജനായ കുംഭകർണ്ണൻ , അനുജനായ വിഭീഷണൻ തുടങ്ങിയവർ പ്രസംഗിച്ചു . കുംഭകർണ്ണനും വിഭീഷണനും രാവണൻ ചെയ്ത പ്രവർത്തികൾ അത്ര ശെരിയായിരുന്നില്ല എന്ന് പ്രസ്താവിച്ചു . അതിൽ വിഭീഷണൻ രാവണന് കൂടുതൽ ദീർഘമായ സദുപദേശം നൽകുകയുണ്ടായി. [1] ഈ ഉപദേശം ശെരിക്കു കേട്ട് ഗ്രഹിക്കാത്തതു കൊണ്ടാണ് രാവണന് മരണമുണ്ടായത് വാല്മീകി പറയൂന്നു. . തനിക്കു ഉപദേശം നൽകിയ വിഭീഷണനെ രാവണൻ ലങ്കയിൽ നിന്നും ആട്ടിയോടിച്ചു . വിഭീഷണൻ ശ്രീരാമനെ അഭയം പ്രാപിച്ചു വസിച്ചു . യുദ്ധശേഷം ലങ്കയുടെ അടുത്ത രാജാവായി വിഭീഷണനെ ശ്രീരാമൻ അഭിഷേകം ചെയ്തു . [2]

ഉപദേശ സംഗ്രഹം[തിരുത്തുക]

വിഭീഷണൻ പറഞ്ഞു . രാജാവേ , അങ്ങ് എന്റെ ജ്യേഷ്ഠനാണ് . ഗുരുവാണ് . ഹിതകരമായ ഉപദേശങ്ങൾ എപ്പോഴും സുലഭമായിരിക്കുകയില്ല . ഇഷ്ടമായ കാര്യത്തിന് ശിഷ്ടമായ കർമ്മം ദുഷ്ടമായ മർമ്മമായും തീർന്നേക്കാം . എങ്കിലും ഞാൻ എന്റെ ബുദ്ധിയിൽ തോന്നുന്നതായ ചില കാര്യങ്ങൾ പറയാം . അങ്ങ് ആവശ്യപ്പെട്ടിട്ടാണ് ഞാൻ പറയുന്നത് . ക്ഷോഭിക്കാത്ത മനസ്സോടെ അങ്ങ് ഇത് കേട്ട് ഗ്രഹിക്കുമെങ്കിൽ , എന്റെ ഉദ്ദേശം സഫലമായി . എന്റെ ഉപദേശങ്ങളെ അഭിനന്ദിക്കുകയോ നിന്ദിക്കുകയോ ചെയ്തോളൂ . എനിക്ക് വിരോധമില്ല . പക്ഷെ എന്റെ ഉദ്ദേശ ശുദ്ധിയെ ദയവായി അവഗണിക്കരുത് . അങ്ങ് എന്നേക്കും ലങ്കാധിപതിയായി വാഴാനാണ് ഞാൻ ആഗ്രഹിക്കുന്നത് .

രാജൻ ; നാം ബ്രഹ്മകുലജാതരാണ് . സർവ്വവേദങ്ങളും ഇതിഹാസങ്ങളും പുരാണങ്ങളും സ്മൃതികളും നാം പഠിച്ചിട്ടുണ്ട് .അങ്ങ് സർവ്വലോക വിജയിയാണ് . മഹാസമ്രാട്ടാണ് .അങ്ങയുടെ ജീവിതം തികച്ചും മാതൃകാപരമായിരിക്കണം . എന്നാൽ അങ്ങയുടെ പ്രവൃത്തി അങ്ങനെയല്ല . അങ്ങ് പല പല അധർമ്മങ്ങളും ചെയ്തിട്ടുണ്ട് . ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നു . അങ്ങയുടെ വന്ദ്യ ജ്യേഷ്ഠനായ വൈശ്രവണനെ അങ്ങ് അകാരണമായി ആക്രമിച്ചു ലങ്കയിൽ നിന്നും ആട്ടിയോടിച്ചു . അദ്ദേഹത്തിൻറെ പുഷ്പകവിമാനവും അങ്ങ് കൈക്കലാക്കി . അങ്ങ് അകാരണമായി ദേവന്മാരെ ദ്രോഹിച്ചു . ഇന്ദ്രലോകം ആക്രമിച്ചു കീഴടക്കി . ദിക്പാലകരെ ഉപരോധിച്ചു . നരലോകം നരകമാക്കി . പാതാളത്തെപ്പോലും അങ്ങ് ആക്രമിച്ചു പാഴ്ക്കളമാക്കി . വളരെയധികം സുന്ദരികളായ യുവതികളേയും അങ്ങ് പിടികൂടി അങ്ങയുടെ കാമദാഹം തീർത്ത് രസിച്ചു . ദേവകന്യകകൾ , മർത്യ കന്യകകൾ , അസുരനാരികൾ തുടങ്ങി സർവ്വവിഭാഗത്തിൽപ്പെട്ട സ്ത്രീകളെയും അങ്ങ് ബലമായി പിടിച്ചുകൊണ്ടുവന്നു കാമവെറിക്കൂത്തു നടത്തി അപമാനിച്ചു . അവരിൽ പലരും പതിവ്രതകളായിരുന്നു. തപസ്വിനികളായിരുന്നു . അവരെയെല്ലാം അങ്ങ് പീഡിപ്പിച്ചു . അവസാനമായി ഇതിലെല്ലാം ഏറ്റവും സുന്ദരിയായ രാമപത്നിയും സാധ്‌വിയുമായ സീതയെ അങ്ങ് തട്ടിക്കൊണ്ടു വന്നു തടവിൽ പാർപ്പിച്ചിരിക്കുകയാണ് . ഈ അന്തിമകൃത്യത്തോടുകൂടി ദുഷ്ക്കർമ്മങ്ങളുടെ തിരിച്ചടിയും ആരംഭിച്ചു .

സീതാദേവി ലങ്കയിൽ കാലുകുത്തിയ ആ ദിവസം ഈ ലങ്ക നിൽക്കുന്ന സുവേലാചലത്തിന് ഒരു ഞെട്ടലുണ്ടായി . അത് സാമാന്യമായ ഒരു ഭൂചലനമാണെന്ന് അങ്ങ് കരുതി . എന്നാൽ ജ്യേഷ്ഠാ , അന്നുമുതൽ ആ കൃത്യ സമയത്തിന് എല്ലാ ദിവസവും ആ ഭൂചലനം തുടർന്ന് വരികയാണ് . ഇതൊരു അപശകുനമാണ് . ആകാശത്തിൽ ഭയങ്കരങ്ങളായ ഉൽപ്പാതങ്ങൾ കാണപ്പെടുന്നു . വിശേഷരീതിയിലുള്ള കൊള്ളിമീൻ , ഉൽക്കാപതനം , പതിവില്ലാത്ത വെള്ളിടി , അപകടസൂചകമായ ധൂമകേതൂദയം , അകാല വൃഷ്ടി , നക്ഷത്ര ചലനം എന്നിവ കാണപ്പെടുന്നു .ഐശ്വര്യമദം കൊണ്ട് അന്ധരായ നാം അത് ഗണ്യമാക്കുന്നില്ല എന്നതാണ് സത്യം . അപശകുനങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു . ഈയിടെയായി അങ്ങ് പിടികൂടി തടവിൽ വച്ചിരിക്കുന്ന ദേവന്മാർക്ക് മുഖത്ത് ഒരു പ്രസന്നത കാണപ്പെടുന്നു . അത് സൂക്ഷ്മദൃഷ്ടികൾക്കു കാണുവാൻ കഴിയുന്നുണ്ട് . അവരെന്തുകൊണ്ടാണ് സന്തുഷ്ടരാകുന്നത് ?അങ്ങയുടെ നാശമടുത്തുവോ ? ത്രിമൂർത്തികൾക്കു പോലും എത്തിനോക്കാൻ കഴിയാത്ത ഈ ലങ്കയിൽ ഒരു കൊച്ചു കുരങ്ങൻ വന്നു കാണിച്ച വൃകൃതികൾ അങ്ങും കണ്ടതല്ലേ ? അങ്ങേയ്ക്കു നാശകാരങ്ങളായ 18 ഘോരാശാപങ്ങൾ കിട്ടിയിട്ടുണ്ട് . അവ ഓരോന്നായി ഞാൻ പറയാം .[ തുടർന്ന് വിഭീഷണൻ ആ ശാപങ്ങളെല്ലാം പറഞ്ഞു കേൾപ്പിച്ചു . തുടർന്ന് സൂര്യവംശചരിതവും വിശദമായി പറഞ്ഞു ].

വിഭീഷണൻ തുടർന്നു . അങ്ങയുടെ ശത്രുവായി വന്നിരിക്കുന്ന ശ്രീരാമൻ ആരാണെന്ന് അങ്ങേയ്ക്കറിയാമോ ? . അവനാണ് പൂർവ്വജന്മത്തിലും ഹിരണ്യകശിപുവായിരുന്ന അങ്ങയുടെ മൃത്യുവായിരുന്നത് . എന്റെ ജ്ഞാനദൃഷ്ടിയിൽ തോന്നുന്നത് അവൻ പഴയ ആ നരസിംഹം തന്നെയാണെന്നാണ് . ലോകരക്ഷകനായ വിഷ്ണുവാണവൻ . അവൻ ഇപ്പോൾ മനുഷ്യരൂപമെടുത്തു വന്നിരിക്കുകയാണ് . അങ്ങേയ്ക്കു മനുഷ്യരിൽ നിന്നും മാത്രമേ മരണമുണ്ടാകൂ എന്നതാണല്ലോ ബ്രഹ്മവാക്യം . അതുകൊണ്ടു ഈ വിഷയം പ്രധാനമായി പരിഗണിക്കേണ്ടതാണ് . കൂടാതെ അങ്ങയുടെ പുത്രനായ ഇന്ദ്രജിത്തിനെ വധിക്കാൻ 14 വർഷം ഊണും ഉറക്കവും ഉപേക്ഷിച്ച ഒരു ബ്രഹ്മചാരിക്കു മാത്രമേ സാധിക്കുകയുള്ളൂവെന്നാണ് ബ്രഹ്‌മാവ്‌ നൽകിയ വരം . എന്നാൽ ജ്യേഷ്ഠാ , ശ്രീരാമന്റെ അനുജനായ ആ ലക്ഷ്മണനുണ്ടല്ലോ, അവൻ വനവാസത്തിനുവന്ന ആദ്യനാളു മുതൽ പതിനാലു കൊല്ലം തികയുന്ന ഇന്ന് വരെ , ഊണുപേഷിച്ചും ഉറക്കമുപേക്ഷിച്ചും കടുത്ത ബ്രഹ്മചാരിയായും നിന്ന് അവന്റെ ജ്യേഷ്ഠനായ ശ്രീരാമനെ സേവിച്ചു വരികയാണ് . ഈ വസ്തുത അവനുപോലും അറിയില്ലെന്നതാണ് ഏറ്റവും രസകരമായ വസ്തുത !. ഭയങ്കര ആശ്ചര്യം തന്നെ രാമമഹിമ !. അവൻ സ്വന്തം മായകൊണ്ടു തന്റെ അനുജനെപ്പോലും മയക്കിയിരിക്കുന്നു . ഇവിടെ കൊണ്ട് വന്നിരിക്കുന്ന സീത യഥാർത്ഥ സീതയല്ല . ശ്രീരാമൻ സൃഷ്ടിച്ച മായാസീതയാണെന്നാണ് എനിക്ക് തോന്നുന്നത് . കാരണം വാസ്തവത്തിലുള്ള സീത ഒരിക്കലും രാമനെ പിരിയുകയില്ല . തന്റെ സീതയെ രാമൻ അഗ്നിയെ സൂക്ഷിക്കാനേൽപ്പിച്ചിരിക്കുന്നു . ഇപ്പോൾ മായാസീതയുമായി ഇവിടെ വന്നിരിക്കുന്നത് സീതാവിമോചന -യുദ്ധത്തിന്റെ പേരിൽ അങ്ങയെ വധിക്കാനാണ് . അതുകൊണ്ടു എന്റെ വാക്കുകൾ കേൾക്കൂ ജ്യേഷ്ഠാ . അവിടുന്ന് ഇപ്പോൾ കൊണ്ട് വന്നിട്ടുള്ള സീതയെ ശ്രീരാമനെ തിരികെയേൽപ്പിച്ചു അവനോടു മാപ്പു പറയൂ . അവനെത്തന്നെ ശരണം പ്രാപിക്കൂ . അവൻ ആശ്രിതരെ കൈവിടാത്ത ധാർമ്മികനാണ് . അങ്ങ് ഇത് ചെയ്‌താൽ അങ്ങയുടെ ശത്രുവായ ഇന്ദ്രൻ ചൂളിപ്പോകും . മറിച്ചാണെങ്കിൽ അവനു പ്രീതികരമായി ഭവിക്കുകയും ചെയ്യും .

ഇതുകേട്ട രാവണൻ വിഭീഷണൻ കൊല്ലുവാൻ വാളുയർത്തി . വിഭീഷണൻ ഭയപ്പെട്ടു രാമസവിധത്തിലേക്കു യാത്രയായി . തന്റെ വംശത്തെയും കുലത്തേയും രക്ഷിക്കുവാനും , ജ്യേഷ്ഠനായ രാവണിൽ നിന്നും തന്റെ സ്വജീവൻ രക്ഷിക്കുവാനും ഈ ഒരു വഴിയേ വിഭീഷണൻ കണ്ടുള്ളൂ .

അവതാരതത്വ കഥനം[തിരുത്തുക]

വിഭീഷണൻ തന്റെ ഉപേദേശത്തിനിടയ്ക്കു രാവണനോട് പറയുന്നതാണ് ഈശ്വരന്റെ അവതാരതത്വം . അവതാരങ്ങൾ നിർഗ്ഗുണനായ ഈശ്വരന്റെ പ്രതിനിധിയാണെന്നാണ് വിഭീഷണന്റെ വാദം . അദ്ദേഹത്തിൻറെ ഊഹാപോഹം ഇങ്ങനെയായിരുന്നു .

വിഭീഷണൻ തുടർന്നു . രാജാവേ , ഈശ്വരശക്തി ഈ പ്രപഞ്ചത്തിൽ എള്ളിൽ എണ്ണ പോലെ അടങ്ങിയിരിക്കുന്നു . അതിനു വ്യക്തിത്വമില്ല . ബോധപൂർവ്വം അത് ഒന്നും ചെയ്യുന്നുമില്ല . കാറ്റുപോലെയും , ആകാശം പോലെയും നിർഗുണമായി വ്യാപിച്ചു കിടക്കുന്നതാണത് . എന്നാൽ അതാകട്ടെ ഈ പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയും നാശവും തീരുമാനിക്കുന്നതുമാണ് . അത്തരത്തിലുള്ള ഈശ്വരശക്തി സാധാരണ സന്ദർഭങ്ങളിൽ നിദ്രാണമായി കിടക്കുകയാണ് . അതുകൊണ്ടു നാം അതിനെക്കുറിച്ച് അറിയുന്നില്ല . ഈശ്വരനെന്ന സർവ്വനിയന്താവ് ഉണ്ടെന്നു നമുക്ക് തോന്നുകയില്ല . പക്ഷെ എപ്പോഴൊക്കെയാണോ പ്രകൃതിയിൽ ദുഷ്ടശക്തികളുടെ വേലിയേറ്റമുണ്ടാകുന്നത് , എപ്പോഴൊക്കെയാണോ പ്രകൃതിയിൽ അധർമ്മം നടനമാടുന്നത് , ദുഷ്ടജനങ്ങളും അധർമ്മങ്ങളും വളർന്ന് ശിഷ്ടജനങ്ങളും ധർമ്മവും തകർന്നു ലോകം അനാഥയായി വിലപിക്കുന്നത് . അപ്പോൾ ഈ നിദ്രാണമായി കിടക്കുന്ന ഈശ്വരശക്തി ഉണരുന്നു . അത് അധർമ്മികൾക്കു എതിരായി തിരിയുന്നു . അതിന്റെ പ്രേരണയാൽ ദിവ്യപുരുഷന്മാർ ജന്മമെടുക്കുന്നു . ഇങ്ങനെ ജനിക്കുന്ന ദിവ്യപുരുഷന്മാർ സാക്ഷാൽ ഈശ്വരന്റെ പ്രതിനിധികളും , ഈശ്വരൻ തന്നെയുമായിരിക്കും . ഇവരെ സാധാരണക്കാർക്ക് തിരിച്ചറിയുവാൻ സാധിക്കുകയില്ല . മനസ്സിലാക്കിയാൽ തന്നെ അവരുടെ ദിവ്യമായ കർമ്മങ്ങൾ കണ്ടിട്ട് ചില ബുദ്ധിമാന്മാർ ഊഹിച്ചെന്നിരിക്കും . നമ്മുടെ ശത്രുവായ ശ്രീരാമൻ അത്തരത്തിൽ ജന്മമെടുത്ത ഒരു ദൈവപുരുഷനാണ് ജ്യേഷ്ഠാ . അദ്ദേഹത്തെ ഒന്ന് നിരീക്ഷിച്ചാൽ അക്കാര്യം വ്യക്തമാകും . അങ്ങയെ പരാജയപ്പെടുത്തി തുറങ്കിലടച്ച കാർത്തവീര്യനെ കൊന്ന മഹായോഗിയായ പരശുരാമനെ പരാജയപ്പെടുത്തി അഹന്തയെ തച്ചുടച്ചു വിട്ടവനാണ് ശ്രീരാമൻ . ശിവശിഷ്യനും വിഷ്ണുവിന്റെ അംശവുമായ പരശുരാമനെ നേരെ നോക്കുവാൻ പോലും ആരെങ്കിലും ആളാവുമോ ? അങ്ങനെയുള്ള പരശുരാമൻ കേവലം ബാലനായ ശ്രീരാമനോട് തോറ്റുപോലും . ശൈവചാപം കുലച്ച ശ്രീരാമൻ സാമാന്യനാണോ ?. താടകാവധം , യാഗരക്ഷ , ശൈവചാപഭഞ്ജനം , സീതാസ്വയംവരം , വിരാധവധം , ശൂർപ്പണഖാ അംഗഭംഗം , ഖരസംഹാരം , മാരീചമാരണം , കബന്ധമുക്തി , ബാലി നിഗ്രഹം ഇത്യാദികൽ ചെയ്തതിൽ നിന്നും രാമന്റെ ദിവ്യത്വം ഊഹിക്കാം . മഹായോഗിയായ ഹനുമാൻ അവന്റെ ദാസനാണ് പോലും . ആ രാമനാണ് അങ്ങയുടെ എതിരാളി . അത് മറക്കരുത് . [കമ്പരാമായണം , യുദ്ധകാണ്ഡം , വിഭീഷണപ്രസംഗം]

വിഭീഷണ നീതിസാരം[തിരുത്തുക]

വിഭീഷണൻ രാവണനെ ഉപദേശിക്കുന്നതിലെ വളരെ ചെറുതെങ്കിലും ഒത്തിരി പ്രാധാന്യമർഹിക്കുന്ന ഒരു കാര്യമാണ് വിഭീഷണനീതി .ശെരിക്കും ഇത് തമിഴിലെ യുദ്ധനീതി ആണ് . വിഭീഷണന്റെ ഉപദേശത്തിലെ മർമ്മമാണത് . വിഭീഷണൻ പറയുന്നു .

1.രാജാവേ ; എപ്പോഴും വിധിക്ക് അനുകൂലമായി പ്രവർത്തിക്കുന്നവനാണ് വിജയിക്കുക . വിധി വൈപരീത്യമായി പ്രവർത്തിക്കുന്നവൻ എത്രയൊക്കെ ശക്തനാണെങ്കിലും തോറ്റുപോകും .

2.ദൈവ നിശ്ചയത്തെ ഒരിക്കലും ആർക്കും കവച്ചു വയ്ക്കുവാൻ സാധ്യമല്ല . നാം ഒരാളോട് ശത്രുത പ്രഖ്യാപിക്കും മുൻപ് അവന്റെ ശക്തിയെക്കുറിച്ചും നമ്മുടെ ദൗർബല്യങ്ങളെക്കുറിച്ചും ബോധവാനായിരിക്കണം . കാലം ശത്രുവിന് അനുകൂലമാണെങ്കിൽ ഒരിക്കലും അവനുമായി യുദ്ധമരുത് . അത് ജ്ഞാനികളോട് (ജ്യോതിഷികളോട്) ആലോചിച്ച് ചെയ്യണം .

3.എന്താണ് ചെയ്യേണ്ടതെന്ന്‌ വ്യക്തമല്ലാത്ത അവസ്ഥയിൽ ഉദാസീനനെപ്പോലെ പെരുമാറുക .

4.ശത്രുവിന് ദൈവബലം ഏറിയിരിക്കുമ്പോൾ അവനുമായി സന്ധി ചെയ്യുകയാണ് വേണ്ടത് . അതിൽ കുലമഹിമയോ അഭിമാനമോ പോലും ഗണിക്കരുത് . താഴേണ്ട സമയത്തു താഴുക തന്നെ വേണം . ബന്ധുക്കളുടെയും തന്റെയും ജീവരക്ഷയാണ് വലുത് .

5.വികാരത്തെയല്ല വിവേകത്തെയാണ് ഒരു രാജാവ് ആശ്രയിക്കേണ്ടത് . വികാരത്തെ കടിഞ്ഞാണിട്ട് നിറുത്തി വിവേകത്തെ അവലംബിക്കുന്ന രാജാവ് കാലനെപ്പോലും പ്രഹരിക്കും .

6.യാതൊരു കാര്യവും തുടങ്ങുന്നതിനു മുൻപ് നിമിത്തം , ശകുനം , കാലം, സ്വപ്നദർശനം എന്നിവയെ ഗണിക്കണം. നിമിത്തം പ്രതികൂലമായിരിക്കുമ്പോൾ യാതൊന്നിനും പുറപ്പെടരുത് . സവിതാവാണ്‌ നിമിത്തം കാട്ടിത്തരുന്നത് . സവിതാവിന്റെ നിർദ്ദേശത്തെ അവഗണിച്ചാൽ വരേണ്ട ദുർവിധി വരിക തന്നെ ചെയ്യും .

ഇവിടെയിപ്പോൾ നിമിത്തം , കാലം , ദൈവം , സ്വപ്നം എന്നിവ അങ്ങേയ്ക്കു പ്രതികൂലമാണ് ജ്യേഷ്ഠാ . അതുകൊണ്ടു അങ്ങ് രാമനുമായി യുദ്ധത്തിന് തുനിയരുത് .

പതിനെട്ടു രാവണശാപങ്ങൾ[തിരുത്തുക]

കമ്പരാമായണത്തിലെ വിഭീഷണന്റെ ഉപദേശമധ്യേ അദ്ദേഹമാണ് രാവണന് സിദ്ധിച്ചിട്ടുള്ള ആപൽബീജങ്ങളായ 18 ഘോരാശാപങ്ങളെക്കുറിച്ചു കഥിക്കുന്നത് . അതിനു പരിഹാരവും വിഭീഷണൻ പറയുകയുണ്ടായി .[രാവണൻ ഇത് സ്വീകരിച്ചില്ല] .

വിഭീഷണൻ പറഞ്ഞു . രാജാവേ , അങ്ങേയ്ക്കു സിദ്ധിച്ച വരബലങ്ങളെക്കാളും എത്രയോ അധികമാണ് അങ്ങേയ്ക്കു സിദ്ധിച്ചിരിക്കുന്ന ശാപങ്ങൾ . അങ്ങയുടെ കാലം മോശമാകുമ്പോൾ അവ അങ്ങേയ്ക്കെതിരായി പ്രവർത്തിച്ചു തുടങ്ങുന്നതാണ് . അതിനു തെളിവാണ് ഇപ്പോഴുള്ള സംഭവങ്ങൾ . ആ ശാപങ്ങളെക്കുറിച്ചു ഞാൻ വിശദീകരിക്കാം .

1.നളകൂബര ശാപം

നമ്മുടെയൊക്കെ ജ്യേഷ്ഠനായ കുബേരദേവന്റെ പുത്രനായ നളകൂബരന്റെ ധർമ്മപത്നിയായ രംഭാദേവിയെ അവിടുന്നു ഒരു യാത്രയ്ക്കിടയിൽ കടന്നുപിടിച്ചു ബലാൽ കാമപൂർത്തി വരുത്തുകയുണ്ടായി . ആ സമയം അങ്ങയുടെ കൂടി പുത്രതുല്യനായ നളകൂബരദേവൻ "നിന്റെ പത്തു തലയും ഏഴേഴായി പൊട്ടിത്തെറിച്ച് നീ മരിക്കുമെന്ന്" -ഹൃദയവേദനയോടെ അങ്ങയെ ശപിച്ചു .

2.വേദവതീ ശാപം

കുശധ്വജൻ എന്ന വിപ്രമുനിയുടെ ഏക മകളായ വേദവതി ബ്രഹ്മചര്യത്തോടെ വിഷ്ണുവിനെ പതിയായി ലഭിക്കുവാൻ തപസ്സു ചെയ്യവേ , അവളെ അങ്ങ് ബലാൽ പിടികൂടി വലിച്ചിഴച്ചു . അപ്പോൾ അവൾ , "നീയും നിന്റെ കുടുംബവും ഞാൻ കാരണം , എന്റെ പതിയാകുന്ന വിഷ്ണുവിനാൽ നാശമടയട്ടേ" -എന്ന് അങ്ങയെ ഘോരമായി ശപിച്ചു . ഇപ്പോൾ അങ്ങ് ഇവിടെ കൊണ്ടുവന്നിരിക്കുന്ന സീത ആ പഴയ വേദവതിയുടെ പുനർജന്മമാണ്‌ രാജാവേ .

3.ബ്രാഹ്മണശാപം

പരമശിവൻ അങ്ങേയ്ക്കു സമ്മാനമായി തന്ന ത്രിപുരസുന്ദരീ വിഗ്രഹം പ്രതിഷ്ഠിക്കാൻ അങ്ങ് ഒരു ബ്രാഹ്മണനെ ക്ഷണിച്ചിരുന്നു . അദ്ദേഹം വരാൻ കുറച്ചു താമസിച്ചു പോയതിനു , അങ്ങ് അദ്ദേഹത്തെ മർദ്ദിച്ച് അവശനാക്കി ഏഴു ദിവസം പച്ചവെള്ളം പോലും കൊടുക്കാതെ തടവിലിട്ടു . അതിനു അദ്ദേഹം " നിന്നെയും ഒരു മനുഷ്യൻ കര -ചരണങ്ങൾ ബന്ധിച്ച് ഏഴു ദിവസം കാരാഗൃഹത്തിൽ പൂട്ടിയിടട്ടെ "-എന്ന് ശപിച്ചു .

4.നന്ദികേശ്വര ശാപം

അങ്ങ് ഒരിക്കൽ കൈലാസ പാർശ്വത്തിൽ വച്ച് നന്ദിദേവനെ "കുരങ്ങാ" എന്ന് വിളിച്ചു അപമാനിച്ചു . അപ്പോൾ നിന്റെയും "നഗരിയുടെയും കുടുംബത്തിന്റെയും നാശം കുരങ്ങന്മാരാൽ തന്നെ സംഭവിക്കുമെന്ന്" അങ്ങയെ ശപിച്ചു . ഇപ്പോൾ ഇവിടെ വന്നിരിക്കുന്ന കുരങ്ങന്മാർ അങ്ങേയ്ക്കു നാശമുണ്ടാക്കുമെന്നാണ് എനിക്ക് തോന്നുന്നത് . നന്ദിയുടെ ശാപമനുസരിച്ചു വന്നവരാണവർ .

5.വസിഷ്ഠ ശാപം

വേദശാസ്ത്രങ്ങൾ പഠിപ്പിക്കാൻ ക്ഷണിക്കപ്പെട്ട വസിഷ്ഠമുനി അങ്ങയുടെ ആജ്ഞ നിരാകരിച്ചു . അപ്പോൾ , കുപിതനായ അവിടുന്ന് അദ്ദേഹത്തെ പിടിച്ചുകെട്ടി തടവിലിട്ടു . അപ്പോൾ സൂര്യകുലരാജാവായ കുവലാശ്വൻ അദ്ദേഹത്തെ രക്ഷിക്കുകയുണ്ടായല്ലോ . അപ്പോൾ ആ ഋഷി "സൂര്യകുലജാതരിൽ നിന്നും നിനക്കും നിന്റെ വംശത്തിനും നാശമുണ്ടാകട്ടെയെന്നു അങ്ങയെ ശപിച്ചു ". ഇപ്പോൾ നമ്മുടെ ശത്രുവായി വന്നിരിക്കുന്ന രാമൻ സൂര്യകുല രാജാവാണ് .

6.അഷ്ടാവക്ര ശാപം

അങ്ങ് ഒരിക്കൽ ശ്‌ളേഷ്മാതകത്തിൽ വച്ച് അഷ്ടാവക്രനെ കണ്ടു . അദ്ദേഹത്തിൻറെ ശരീരത്തിലെ എട്ടു വളവുകളും കണ്ടു , " ഹായ് സുന്ദരാ , നിന്റെ വളവുകൾ ഞാൻ മാറ്റിത്തരാം "-എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹത്തെ ചവുട്ടി വീഴ്ത്തി . തെറിച്ചു വീണു വേദനയാൽ കരഞ്ഞ അദ്ദേഹത്തെ അങ്ങ് വീണ്ടും അപമാനിച്ചു . അപ്പോൾ അദ്ദേഹം , " നിരപരാധിയായ എന്നെ ഇങ്ങനെ ചെയ്തതുകൊണ്ട് , നിന്നെയും ചപല കപികൾ പാദാദികേശം ചവുട്ടി ഞെരിച്ച് ചതച്ചുവിടും " എന്ന് അങ്ങയെ ശപിച്ചു .

7.ദത്താത്രേയ ശാപം

ഗുരുവിനു അഭിഷേകം ചെയ്യാൻ തയ്യാറാക്കിയ തീർത്ഥ കുംഭം അങ്ങ് ദത്താത്രേയനിൽ നിന്നും പിടിച്ചു വാങ്ങി സ്വയം അഭിഷേകം ചെയ്യുകയുണ്ടായല്ലോ . അപ്പോൾ ദത്താത്രേയൻ "നിന്റെ ശിരസ്സ് വാനരന്മാർ ചവുട്ടി അശുദ്ധമാക്കട്ടെ" -എന്ന് ശപിച്ചതോർക്കുന്നില്ലേ .

8.ദ്വൈപായന ശാപം

സ്വന്തം സഹോദരിയെ കണ്മുന്നിൽ വച്ച് ഉപരോധക്രിയ നടത്തി അധരാദ്യവയവങ്ങൾ മുറിപ്പെടുത്തിയപ്പോൾ ദ്വൈപായനൻ എന്ന ബ്രാഹ്മണൻ, "നിന്റെ സോദരിയെ ഒരു മനുഷ്യൻ അംഗഭംഗപ്പെടുത്തുമെന്നും , നിന്റെ ഭാര്യയെ വാനരന്മാർ മാനഭംഗപ്പെടുത്തുമെന്നും"- അങ്ങയെ ശപിച്ചിട്ടുണ്ട് .

9.മാണ്ഡവ്യ ശാപം

അങ്ങ് മണ്ഡോദരിയുമൊന്നിച്ച് വിനോദസഞ്ചാരം ചെയ്യുമ്പോൾ മാണ്ഡവ്യൻ എന്ന മഹർഷി അങ്ങയെ കണ്ടിട്ട് വന്ദിച്ചില്ല എന്ന കാരണത്താൽ അദ്ദേഹത്തെ നിർദ്ദയമായി അങ്ങ് മർദ്ദിക്കുകയുണ്ടായി . അപ്പോൾ ആ മുനി , " നിന്നെയും ഒരു വാനരവീരൻ ഇതുപോലെ മർദ്ദിക്കും " എന്ന് അങ്ങയെ ശപിച്ചു .

10.അത്രി ശാപം

അത്രി മുനിയുടെ ധർമ്മപത്നിയെ അങ്ങ് അദ്ദേഹത്തിൻറെ മുന്നിലിട്ട് തലമുടിക്ക് പിടിച്ച് വലിച്ചിഴയ്ക്കുകയുണ്ടായല്ലോ . അപ്പോൾ , " നിന്റെ പത്നിയേയും വാനരന്മാർ വസ്ത്രമഴിച്ച് മുടിപിടിച്ച് വലിച്ച് നിന്റെ കൺമുന്നിലിട്ടു അപമാനിക്കും " എന്ന് മുനി അങ്ങയെ ശപിച്ചു .

11.നാരദ ശാപം

ഓംകാരത്തിന്റെ അർത്ഥം പറഞ്ഞുകൊടുക്കാത്തതിന് നാരദമുനിയുടെ നാക്ക് മുറിക്കുമെന്നു അങ്ങ് ഒരിക്കൽ അദ്ദേഹത്തെ ഭീഷണിപ്പെടുത്തി . അപ്പോൾ , " നിന്റെ പത്തു തലയും മനുഷ്യൻ മുറിച്ചു കളയുമെന്ന്"- നാരദൻ അങ്ങയെ ശപിച്ചിട്ടുണ്ട് .

12.ഋതുവർമ്മ ശാപം

മാരുതവനത്തിൽ വച്ച് വാനപ്രസ്ഥനായി വസിച്ച ഋതുവർമ്മന്റെ പത്നിയായ മദനമഞ്ജരിയെ അങ്ങ് ഒരിക്കൽ ബലാൽസംഗം ചെയ്‌തല്ലോ . അപ്പോൾ, "നീ മനുഷ്യനാൽ കൊല്ലപ്പെടും" - എന്ന് ഋതുവർമ്മൻ അങ്ങയെ ശപിച്ചു .

13.മൗൽഗല്യ ശാപം

കദംബവനവാസിയായ മൗൽഗല്യ മഹർഷി ഒരിക്കൽ യോഗദണ്ഡിൽ പിടലി താങ്ങിയിരിക്കുമ്പോൾ അങ്ങ് അവിടെയെത്തി അദ്ദേഹത്തിൻറെ യോഗദണ്ഡ് ചന്ദ്രഹാസം കൊണ്ട് വെട്ടി മുറിച്ചു . മുനി മലർന്നടിച്ചു വീണു . അപ്പോൾ ആ മുനി , " എടാ നീചാ , നിന്റെ ചന്ദ്രഹാസം ഇനി ഒരിടത്തും ഫലിക്കുകയില്ല " -എന്ന് അങ്ങയെ ശപിച്ചിട്ടുണ്ട് .

14.ബ്രാഹ്മണീജന ശാപം

സമുദ്രസ്നാനത്തിന് എത്തിയ ഏതാനും ബ്രാഹ്മണയുവതികൾ അവരുടെ അമ്മമാരുടെ മുന്നിൽ വച്ച് അങ്ങയാൽ മാനഭംഗത്തിനിരയായി . അപ്പോൾ ആ മാതാക്കൾ , " നിന്റെ കുടുംബിനിയേയും നിന്റെ കണ്മുന്നിൽ വച്ച് ഇതുപോലെ ചപല കപികൾ അപമാനിക്കും " -എന്നും അങ്ങയെ ശപിച്ചു .

15.അഗ്നി ശാപം

അഗ്നിയുടെ മുന്നിൽ വച്ച് അദ്ദേഹത്തിൻറെ പത്നിയായ സ്വാഹാദേവിയെ അങ്ങ് ബലാത്സംഗം ചെയ്തല്ലോ . അപ്പോൾ , " നീ നോക്കിയിരിക്കെ നിന്റെ പത്നിയെ കുരങ്ങന്മാർ ബലാത്സംഗം ചെയ്യും "-എന്ന് അഗ്നിദേവൻ അങ്ങയെ ശപിച്ചു .

16.അനരണ്യ ശാപം

സൂര്യവംശജനായ അനരണ്യൻ എന്ന രാജർഷിയെ അങ്ങ് ഒരിക്കൽ യുദ്ധത്തിന് വിളിച്ചു . വൃദ്ധനായ അദ്ദേഹത്തിന് യുദ്ധത്തിൽ താല്പര്യമില്ലാതിരുന്നിട്ടും അങ്ങയോടു അദ്ദേഹം പൊരുതി . തോല്വിപറ്റിയ അദ്ദേഹം അങ്ങയോടു സന്ധി ചെയ്യാനൊരുങ്ങുകയും , കരഞ്ഞുകൊണ്ട് "സഹായിക്കണം" എന്ന് പറയുകയും ചെയ്തില്ലേ . പക്ഷെ അങ്ങ് അദ്ദേഹത്തെ നെഞ്ചിലിടിച്ച് കൊന്നപ്പോൾ , അദ്ദേഹം - "എന്റെ വംശത്തിൽ ജനിച്ച ഒരു രാജകുമാരന്റെ അസ്ത്രങ്ങളാൽ നിന്റെ പത്തുശിരസ്സുകളുമറ്റു നീ മരിക്കും "-എന്ന് കരഞ്ഞുകൊണ്ട് മരണവാക്കായി അങ്ങയെ ശപിച്ചു .

17.ബൃഹസ്പതീ ശാപം

അങ്ങ് സ്വർഗ്ഗവിജയം കഴിഞ്ഞു വരുമ്പോൾ ബൃഹസ്പതിയുടെ മകളായ സുലേഖാദേവിയെ അങ്ങ് അദ്ദേഹത്തിൻറെ മുന്നിലിട്ട് ബലാൽക്കാരം ചെയ്തുവല്ലോ . അപ്പോൾ , " കാമബാണമേറ്റ് മദിക്കുന്ന നീ രാമബാണമേറ്റ് മരിക്കും "-എന്ന് ബൃഹസ്പതി അങ്ങയെ ശപിച്ചിട്ടുണ്ട് .

18.ബ്രഹ്മദേവ ശാപം

ബ്രഹ്‌മാവിന്റെ മാനസപുത്രിയായ പുഞ്ജികാദേവിയെ ഒരിക്കൽ അങ്ങ് അപമാനിക്കാൻ തുടങ്ങിയപ്പോൾ , "സമ്മതമില്ലാത്തവളെ തൊട്ടാൽ നിന്റെ തല പത്തും പൊട്ടിത്തെറിച്ചുപോകും "- എന്ന് ബ്രഹ്മദേവൻ അങ്ങയെ ശപിച്ചു .

ഇത്തരത്തിലുള്ള പതിനെട്ടു ഘോരാശാപങ്ങളാണ് അങ്ങേയ്ക്കു ഏറ്റിട്ടുള്ളത് . അങ്ങ് നേടിയ വരബലങ്ങൾക്കൊന്നിനും ഇതിനോളം ശക്തിയില്ലെന്നു മനസ്സിലാക്കിയാലും ജ്യേഷ്ഠാ . ഈ ശാപങ്ങൾ അങ്ങയെ ചുട്ടുകളയും മുൻപ് അങ്ങ് ശ്രീരാമനെ അഭയം പ്രാപിക്കൂ . ഈ ശാപങ്ങളെയൊക്കെ അകറ്റി അദ്ദേഹം അങ്ങയെ രക്ഷിച്ചുകൊള്ളും . ഇത് അങ്ങ് കേട്ടില്ലെങ്കിൽ രാമബാണത്താൽ അങ്ങേയ്ക്കു നാശം ഭവിച്ചെന്നു വരും . കാരണം ശാപങ്ങൾ അങ്ങനെയാണ് വിരൽ ചൂണ്ടുന്നത് .

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-10-23. Retrieved 2017-02-22.
  2. [കമ്പരാമായണം]യുദ്ധകാണ്ഡം
"https://ml.wikipedia.org/w/index.php?title=വിഭീഷണോപദേശം&oldid=3645156" എന്ന താളിൽനിന്ന് ശേഖരിച്ചത്