വിദ്യാവിലാസിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

1881ൽ തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച മാസികയാണ് വിദ്യാവിലാസിനി. ഇത് മലയാളത്തിലെ ആദ്യത്തെ സാഹിത്യമാസികയായി കണക്കാക്കപ്പെടുന്നു.[1][2] അന്നത്തെ തിരുവിതാങ്കൂർ മഹാരാജാവ് ശ്രീ വിശാഖം തിരുനാൾ, കേരളവർമ്മ വലിയകോയിത്തമ്പുരാൻ, ദിവാൻ രാമയ്യങ്കാർ എന്നിവരുടെ നേതൃത്വത്തിലാണ് ഇതാരംഭിച്ചത്. മാസികയുടെ പ്രവർത്തനത്തിന് പതിനാല് അംഗങ്ങളുള്ള ഒരു സഭ വിദ്യാവിലാസിനി സഭ എന്ന പേരിൽ സ്ഥാപിച്ചിരുന്നു. മലയാളം പള്ളിക്കൂടങ്ങളുടെ അധ്യക്ഷനായിരുന്ന എസ്. രാമരായർ, എ. ശ്രീനിവാസ അയ്യങ്കാർ, സി. വി രാമൻപിള്ള, പി. ഗോവിന്ദപ്പിള്ള, സി. കൃഷ്ണപിള്ള തുടങ്ങിയവർ സഭയിലെ അംഗങ്ങളായിരുന്നു.

തിരുവനന്തപുരത്തുള്ള കേരളോദയം അച്ചുക്കൂടത്തിലാണ് ഇത് അച്ചടിച്ചത്. ഡിമൈ 1/8 വലിപ്പത്തിലുള്ള 20 പുറങ്ങളിൽ 4പോയന്റ് അക്ഷരത്തോടും ചിത്രങ്ങളോടും കൂടിയാണ് മാസിക പുറത്തറങ്ങിയത്. ഇതിന്റെ ആദ്യ പതിപ്പ് ഏതാണ്ട് 1300 പ്രതികൾ അച്ചടിച്ചിരുന്നു. വളരെ ചുരുങ്ങിയ കാലം മാത്രമേ മാസിക പുറത്തിറങ്ങിയുള്ളുവെങ്കിലും മലയാള സാഹിത്യത്തിന് അത് നല്കിയ സംഭാവനകൾ സിസ്തുലമാണ്.

ശ്രീ വിശാഖം തിരുനാളും കേരളവർമ്മ വലിയകോയിത്തമ്പുരാനും പേരുവയ്ക്കാതെ ഒട്ടേറെ ലേഖനങ്ങൾ വിദ്യാവിലാസിനിയിൽ എഴുതിയിരുന്നു. ശ്രീ വലിയകോയിത്തമ്പുരാന്റെ ‘ശാകുന്തളം’ പരിഭാഷ ഖണ്ഡശ പ്രസിദ്ധീകരിച്ചത് വിദ്യാവിലാസിനിയിലാണ്. ഒരു കേരളീയൻ എന്ന തൂലികാനാമത്തിൽ മാസികയുടെ മൂന്നാം ലക്കം മുതലാണ് 14 ലക്കങ്ങളിലായി ശാകുന്തള പരിഭാഷ (കേരളീയഭാഷാശാകുന്തളം) പ്രസിദ്ധീകരിച്ചത്. വെളുത്തേരി കേശവൻ വൈദ്യരുടെകുവലയാനന്ദം’ ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ചതും നിലമ്പൂർ മാനവിക്രമൻ രാജയുടെ ‘ഉത്തരരാമായണം’ കേരളീയർക്ക് പരിചയപ്പെടുത്തിയതും വിദ്യാവിലാസിനിയാണ്. കൂടാതെ പി. ഗോവിന്ദപിള്ളയുടെ 'ഭാഷാചരിത്രം', വെളുത്തേരി കേശവൻ വൈദ്യരുടെതന്നെ ‘ഹിതോപദേശം തർജുമ’, 'അർത്ഥാലങ്കാര മണിപ്രവാളം' എന്നീ കൃതികളും പെരുന്നെല്ലി കൃഷ്ണൻ വൈദ്യരുടെ 'മഹിഷമംഗലം ഭാണം' (വിവർത്തനം) തുടങ്ങിയവയും വിദ്യാവിലാസിനിയിലൂടെ വെളിച്ചം കണ്ടവയാണ്. സി.വി രാമൻപിള്ളയുടെയും ഇലത്തൂർ രാമസ്വാമി ശാസ്ത്രികളുടെയും രചനകൾ വിദ്യാവിലാസിനിയിൽ പ്രസിദ്ധീകരിച്ചിരുന്നു.

അവലംബം[തിരുത്തുക]

  1. വിശ്വസാഹിത്യവിജ്ഞാനകോശം. വിദ്യാവിലാസിനി. കേരളസംസ്ഥാന സർവ്വവിജ്ഞാനകോശ ഇൻസ്റ്റിറ്റ്യൂട്ട്. പുറം. 668.
  2. പ്രൊഫസ്സർ, ജി.രാജശേഖരൻ നായർ (2014-09-21). "മലയാളഗദ്യത്തിന്റെ പിതാവ്". ദേശാഭിമാനി. ശേഖരിച്ചത് 2015-12-25.
"https://ml.wikipedia.org/w/index.php?title=വിദ്യാവിലാസിനി&oldid=3343577" എന്ന താളിൽനിന്ന് ശേഖരിച്ചത്