വിജയൻ മലാപ്പറമ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു മലയാള നാടക നടനാണ് വിജയൻ മലാപ്പറമ്പ് . മികച്ച നടനുള്ള കേരള സംഗീത നാടക അക്കാദമിയുടെ 2011 ലെ അവാർഡ് നേടിയിട്ടുണ്ട്[1].

ജീവിതരേഖ[തിരുത്തുക]

കോഴിക്കോട്ടെ മലാപ്പറമ്പിൽ ജനിച്ചു. 1978-ലാണ് വിജയൻ നാടകരംഗത്തേക്ക് എത്തുന്നത്. മലാപ്പറമ്പ് സ്കൂൾ, സെൻറ് ജോസഫ് ഹൈസ്കൂൾ, ശ്രീനാരായണ കോളെജ് തുടങ്ങി പ്രീഡിഗ്രി വരെയുള്ള വിദ്യാഭ്യാസകാലം മുതൽ അമച്വർനാടകവേദികളിൽ വിജയനുണ്ടായിരുന്നു. പി.എം. താജും നജ്മൽ ബാബുവുമായുള്ള അടുത്ത സൗഹൃദമാണ് പ്രഫഷണൽ നാടകവേദിയിലേക്കുള്ള വാതിൽ തുറന്നത്. താജിന്റെ പെരുമ്പറയിലൂടെയാണ് തുടക്കം. പിന്നീട് നാടകാചാര്യൻ കെ.ടി. മുഹമ്മദിന്റെ കളരിയിലേക്ക്. 1978ൽ കെ.ടി. കലിംഗ തിയെറ്റർ രൂപീകരിച്ചപ്പോൾ ആദ്യ നാടകമായ നാൽക്കവലയിൽ നായകനായി വിജയൻ. കൈനാട്ടികൾ, അസ്ഥിവാരം, മേഘസന്ദേശം, ദൈവശാസ്ത്രം, ദീപസ്തംഭം മഹാശ്ചര്യം, വെള്ളപ്പൊക്കം, സൃഷ്ടി, ഇതുഭൂമിയാണ്, കാഫർ, അപരിചിതൻ തുടങ്ങി കെ.ടിയുടെ മിക്കവാറും എല്ലാ നാടകത്തിലും വിജയൻ അഭിനയിച്ചു. തുടർന്ന് ഇബ്രാഹിം വെങ്ങരയുടെ ചിരന്തന, കാലടി ഭരതക്ഷേത്ര, ഷൊറണൂർ സ്വാതി, തിരുവനന്തപുരം ഗായത്രി, ഗുരുവായൂർ ബിന്ദുര, വടകര വരദ, കോഴിക്കോട് സംഘചേതന തുടങ്ങി ഒട്ടേറെ പ്രൊഫഷണൽ ട്രൂപ്പുകളുമായി സഹകരിച്ചു. അങ്കമാലി അഞ്ജലിയുടെ 'മഴമേഘപ്രാവുകൾ' നൂറോളം സ്റ്റേജുകൾ കഴിഞ്ഞു.

ഇബ്രാഹിം വേങ്ങരയുടെ ഏറ്റവും പ്രശസ്തമായ രാജ്യസഭ, വിജയന്റെ നാടക ജീവിതത്തിലെ നാഴികക്കല്ലായിരുന്നു. മുന്നൂറോളം സ്റ്റേജുകളിലാണ് രാജ്യസഭ നിറഞ്ഞു കളിച്ചത്. വേങ്ങരയുടെ ചിരന്തന തിയെറ്റേഴ്സിനു കീഴിൽ ഉപഹാരം, ഒടിയൻ തുടങ്ങിയവയും ചെയ്തു. ഇടക്കാലത്ത് പെരുമ്പാവൂരിലെ കൊച്ചിൻ കലാസമിതിയിൽ ബെന്നി.പി നായരമ്പലത്തിന്റെ അയലത്തെ വിശേഷങ്ങളിൽ അഭിനയിച്ചു. അങ്കമാലി ഭരത ക്ഷേത്ര തിയെറ്റേഴ്സിന്റെ കരകുളം ചന്ദ്രൻ സംവിധാനം ചെയ്ത ഈശ്വരന്റെ മേൽവിലാസം, ഇവിടം സ്വർഗമാണ് തുടങ്ങിയ നാടകങ്ങളും വിജയനെ കൂടുതൽ ജനകീയനാക്കി. ഭരത ക്ഷേത്രയിൽ നിന്നാണ് സംസ്ഥാന അവാർഡിന് അർഹനാക്കിയ അങ്കമാലി അഞ്ജലിയിലേക്ക് പോകുന്നത്. പിന്നീട് പ്രദീപ് റോയിയുടെ മേടപ്പൊന്നും സുനിൽ.കെയുടെ നേരറിയും നേരത്തിലും അഭിനയിച്ചു.

നാടകങ്ങൾ[തിരുത്തുക]

  • മഴമേഘപ്രാവുകൾ (മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു)[2]

പുരസ്കാരങ്ങൾ[തിരുത്തുക]

  • മികച്ച നടനുള്ള സംഗീതനാടക അക്കാദമിയുടെ 2011 ലെ അവാർഡ്

അവലംബം[തിരുത്തുക]

  1. "മാതൃഭൂമി ദിനപത്രം ഓൺലൈൻ, കോഴിക്കോട് എഡിഷൻ". മൂലതാളിൽ നിന്നും 2012-06-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-06-12.
  2. "മതിലേരിക്കന്നി മികച്ച നാടകം". മാതൃഭൂമി. 2012 മേയ് 31. ശേഖരിച്ചത് 2013 സെപ്റ്റംബർ 19. Check date values in: |accessdate= and |date= (help)

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിജയൻ_മലാപ്പറമ്പ്&oldid=3645073" എന്ന താളിൽനിന്ന് ശേഖരിച്ചത്