വിജയപുരം ഗ്രാമ പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോട്ടയം ജില്ലയിലെ പള്ളം ബ്ലോക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ് വിജയപുരം. ജില്ലാ ആസ്ഥാനത്തോട്‌ ഏറ്റവും ചേർന്ന് കിടക്കുന്ന ഒരു പഞ്ചായത്താണ് ഇത്. വിജയപുരം പഞ്ചായത്തിന്റെ ആസ്ഥാനം വടവാതൂരിൽ ആണ്.ഈ പഞ്ചായത്തിന്റെ വടക്കേ അതിർ മീനച്ചിലാർ ആണ്. കോട്ടയം നഗരസഭയുടെ വടക്കുകിഴക്കായാണ് ഈ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. അതിനാൽ ഈ പഞ്ചായത്തിലെ ജനങ്ങൾ പട്ടണവുമായി ബന്ധപ്പെട്ടാണ് കൂടുതലും ആയിരിക്കുന്നത്. ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ കോട്ടയം റെയിൽ സ്റ്റേഷനാണ്. ധാരാളം സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിക്കുന്നു.

ചരിത്രം[തിരുത്തുക]

18-ാം നൂറ്റാണ്ടിന്റെ മദ്ധ്യകാലഘട്ടംവരെ ഈ പ്രദേശം തെക്കുംകൂർ രാജവംശത്തിന്റെ ഭരണത്തിൻ കീഴിലായിരുന്നു. കോട്ടയം പട്ടണത്തിൽ താഴത്തങ്ങാടിയിലായിരുന്നു തെക്കുംകൂറിന്റെ ആസ്ഥാനം. അക്കാലത്ത് പ്രധാന ഗതാഗതം ജലമാർഗ്ഗമായിരുന്നതുകൊണ്ട് കോട്ടയം പട്ടണത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള തീരപ്രദേശങ്ങളായിരുന്നു പ്രധാന ജനവാസ കേന്ദ്രങ്ങൾ. 1749-ൽ മാർത്തണ്ഡവർമ്മയുടെ സൈന്യവുമായി മാങ്ങാനത്ത് പടച്ചിറ എന്ന സ്ഥലത്തുവച്ച് ഉണ്ടായ യുദ്ധത്തിൽ പരാജയം നേരിട്ട തെക്കുംകൂർ സൈന്യത്തിന് മണർകാട് കവലയ്ക്ക് വടക്ക്, ശ്രീകൃഷ്ണ സ്വാമിക്ഷേത്രം സ്ഥിതിചെയ്യുന്നതിനു സമീപത്തുവച്ച് താല്ക്കാലിക വിജയമുണ്ടായി എന്നും അതുകൊണ്ട് ആ ഭാഗത്തിന് വിജയപുരം എന്നു പേരുണ്ടായി എന്നും ഐതിഹ്യമുണ്ട്. പാണ്ഡവരുടെ വനവാസകാലത്ത് കൃഷ്ണ ഭക്തനായ അർജ്ജുനൻ ശ്രീകൃഷ്ണ ക്ഷേത്രം സ്ഥാപിച്ച് ഇവിടെ താമസമാക്കിയെന്നും വിജയൻ (അർജ്ജുനൻ) വസിച്ച സ്ഥലമായതുകൊണ്ട് വിജയപുരം എന്നു പേരുണ്ടായതായും ഐതിഹ്യമുണ്ട്. ഇതിന് ഒരു കിലോമീറ്റർ കിഴക്കു ഭാഗത്ത് ഉള്ള പാണ്ഡവർകളരിയെന്ന സ്ഥലവും വടവാതൂർ വലിയപാറയിൽ ഭീമന്റെ കാല്പാദം പതിഞ്ഞിട്ടുണ്ടെന്നുള്ള വിശ്വാസവും പാണ്ഡവന്മാർ ഈ പ്രദേശത്ത് താമസിച്ചിരുന്നു എന്നതിന് തെളിവായി ചൂണ്ടിക്കാണിക്കുന്നു. 1968 മുതൽ വിജയപുരം പഞ്ചായത്തിന്റെ ആസ്ഥാനം മണർകാട് കവലയിലാണ്. ഈ പഞ്ചായത്തു പ്രദേശത്തിന്റെ സിരാകേന്ദ്രമായി മണർകാട് മാറിക്കഴിഞ്ഞിരിക്കുന്നു. തെക്കുംകൂർ രാജാക്കന്മാരുടെ അധീനതയിൽപ്പെട്ട സർപ്പാരാധന നടത്തിയിരുന്ന കാടായിരുന്നു ഈ പ്രദേശം എന്നു പറയപ്പെടുന്നു. മന്നന്റെ (രാജാവിന്റെ) അധീനതയിലും, പ്രത്യേക മേൽനോട്ടത്തിലും ഇരുന്ന കാടായതു കൊണ്ട് ഈ പ്രദേശത്തിന് മണർകാട് എന്ന പേരുണ്ടായി എന്നും അതു പിന്നീട് മണർകാട് ആയി എന്നുമാണ് ഐതിഹ്യം. മണർകാട് കവല ഭാഗത്തിന് നായാടിമറ്റം എന്നു പേരുണ്ടായിരുന്നതായും പ്രായമുള്ളവർ പറയുന്നു. വിജയപുരം പഞ്ചായത്തിന്റെ സാമൂഹിക സാംസ്കാരിക ചരിത്രം ഈ പ്രദേശത്തെ ഹിന്ദു-ക്രിസ്ത്യൻ സമുദായങ്ങളുടെയും, സാമൂഹിക സാംസ്കാരിക പ്രസ്ഥാനങ്ങളുടെയും വിവിധ രംഗങ്ങളിൽ പ്രഗല്ഭരും പ്രശസ്തരുമായ സമുന്നത വ്യക്തികളുടെയും പ്രവർത്തന മണ്ഡലവുമായി ബന്ധപ്പെട്ടതാണ്. വിദ്യാഭ്യാസരംഗത്തും ആതുരസേവന രംഗത്തും ജീവകാരുണ്യ പ്രവർത്തന മേഖലയിലും മറ്റും ക്രൈസ്തവ സഭ നൽകിയിട്ടുള്ള സംഭാവനകൾ അമൂല്യമാണ്. മത സൌഹാർദ്ദത്തിന്റെ മഹനീയ മാതൃക പരമ്പരാഗതമായി തുടർന്നുവരുന്ന ഒരു പ്രദേശമാണിത്. ചരിത്ര പ്രസിദ്ധമായ മണർകാട് വിശുദ്ധ മർത്തമറിയം പള്ളിയിലെ എട്ടുനോമ്പ് പെരുന്നാൾ ചടങ്ങുകളിൽ ധാരാളം ഹൈന്ദവരും ഭക്തിപൂർവ്വം പങ്കെടുക്കുന്നു. മണർകാട് ദേവീക്ഷേത്രത്തിൽ പതിനൊന്നു വർഷത്തിലൊരിക്കൽ മാത്രം നടത്താറുള്ള പതിനൊന്ന് ചാട് ഗരുഡൻ പറവയ്ക്കുള്ള ചാട് ഉയർത്തുന്നതിനു മുമ്പ് ഒരു ക്രൈസ്തവ കുടുംബത്തിലെ പ്രായമുള്ള വ്യക്തി തൊടണം എന്നുള്ള പാരമ്പര്യം ഇപ്പോഴും തുടരുന്നു. പല ക്ഷേത്രങ്ങളിലും പൂജയ്ക്കുപയോഗിക്കുന്ന അരി, ശർക്കര, വെളിച്ചെണ്ണ തുടങ്ങിയ സാധനങ്ങൾ തൊട്ടു ശുദ്ധീകരിക്കുന്ന ജോലി (വാണിഭം കൊള്ളുക) സുറിയാനി ക്രിസ്ത്യാനികളാണ് നിർവ്വഹിച്ചിരുന്നതെന്നും, മാങ്ങാനം നരസിംഹ സ്വാമിക്ഷേത്രത്തിലേക്ക് ഈ ആവശ്യത്തിന് പ്ളാപ്പള്ളി നമ്പൂതിരി കുറവിലങ്ങാട്ടു നിന്നും ഏതാനും ക്രൈസ്തവ കുടുംബങ്ങളെ ക്ഷണിച്ചുവരുത്തി മാങ്ങാനത്തു പാർപ്പിച്ചതായും മാങ്ങാനം ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ള മുരളീരവം എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കഥകളി പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ കേരളകലാമണ്ഡലത്തിലെ പ്രശസ്തനായ കഥകളിനടൻ കുറൂർ വാസുദേവൻ നമ്പൂതിരി ഈ പഞ്ചായത്തിൽ നട്ടാശ്ശേരി സ്വദേശിയാണ്. മാങ്ങാനം കൊച്ചുകൃഷ്ണപിള്ള, കലാനിലയം ഗോപാലകൃഷ്ണൻ, മാങ്ങാനം രാമപ്പിഷാരടി എന്നിവർ കഥകളി രംഗത്ത് പേരെടുത്തിട്ടുള്ള അനുഗൃഹീത നടന്മാരാണ്. മാങ്ങാനത്ത് പൊതിയിൽ ചാക്യാരന്മാർ ക്ഷേത്രകലയായ ചാക്യാർകൂത്തിൽ പ്രശസ്തി നേടിയിട്ടുള്ളവരാണ്. തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപഞ്ജാതാവായ കുഞ്ചൻനമ്പ്യാർ പൊതിയിൽ ചാക്യാന്മാരുടെ മിഴാവുകൊട്ടുകാരനായി മാങ്ങാനത്ത് താമസിച്ചതായി ഐതിഹ്യമുണ്ടെന്ന് ചിലർ പറയുന്നു. ക്രൈസ്തവരുടെ പൌരാണിക പാരമ്പര്യകലകളായ മാർഗ്ഗംകളിയും, പരിചമുട്ടുകളിയും പരിപോഷിപ്പിച്ചതിൽ ഈ പഞ്ചായത്തിലെ പായിക്കാട്ട് കുട്ടപ്പനാശാനും, പറമ്പുകര ആശാനും വഹിച്ചിട്ടുള്ള പങ്ക് സ്തുത്യർഹമാണ്.[1]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-07-12. Retrieved 2017-06-22.