Jump to content

വിക്കിപീഡിയ:ശുഭപ്രതീക്ഷയോടെ പ്രവർത്തിക്കുക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിക്കിപീഡിയ:ശുഭോദർശികളാകൂ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഈ താൾ മലയാളം വിക്കിപീഡിയയുടെ ഔദ്യോഗിക മാർഗ്ഗരേഖയായി കണക്കാക്കുന്നു. വിക്കിപീഡിയയുടെ ലേഖകർ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ടതുണ്ടെന്ന് അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ മാറ്റമില്ലാത്തതൊന്നുമല്ല. സാമാന്യബോധത്തിനും സന്ദർഭത്തിനും ചേർത്തായിരിക്കണം ഇവ ഉപയോഗിക്കേണ്ടത്. ഈ താൾ തിരുത്തുവാൻ താങ്കൾ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി സർവ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാൽ സംവാദം താളിൽ രേഖപ്പെടുത്തുക.

പരസ്പരവിശ്വാസത്തോടെ പ്രവർത്തിക്കുക എന്നത് വിക്കിപീഡിയയുടെ അടിസ്ഥാനതത്ത്വങ്ങളിലൊന്നാണ്. എന്തുകൊണ്ടെന്നാൽ യാതൊരു നിബന്ധനകളുമില്ലാതെ ആരെയും തിരുത്തിയെഴുതാൻ അനുവദിക്കുന്ന വിക്കിപീഡിയ പോലുള്ള ഒരു പ്രസ്ഥാനത്തിനായി മഹാഭൂരിപക്ഷവും നല്ല തിരുത്തലുകൾ ആണ് നടത്തുന്നത്. അപ്രകാരമല്ലായിരുന്നെങ്കിൽ വിക്കിപീഡിയ തുടക്കത്തിലേ നശിച്ചുപോകുമായിരുന്നു. ആരെങ്കിലും കാരണമില്ലാതെ വിക്കിപീഡിയിൽ വരുത്തുന്ന ഏതെങ്കിലും മാറ്റങ്ങൾ വിക്കിപീഡിയയുടെ ലക്ഷ്യങ്ങൾക്ക് വിഘാതമാകുന്നുവെങ്കിൽ അത് നിരൂപണം ചെയ്യാതെ തിരുത്തിയെഴുതുക. എന്നാൽ താങ്കൾക്ക് ആരെങ്കിലുമായി അഭിപ്രായവ്യത്യാസമുണ്ടായാൽ, അവർ മിക്കവാറും വിക്കിപീഡിയയെ മെച്ചപ്പെടുത്തുകയാണെന്നാവും ധരിച്ചിട്ടുണ്ടാവുക; ബന്ധപ്പെട്ട സംവാദം താളിൽ സ്വന്തം അഭിപ്രായം രേഖപ്പെടുത്തുക, അവരുടെ അഭിപ്രായങ്ങൾക്കായി കാത്തിരിക്കുക. ഉരുണ്ടുകൂടിയേക്കാവുന്ന അഭിപ്രായവ്യത്യാസങ്ങളേയും ഇതരപ്രശ്നങ്ങളേയും ഒഴിവാക്കാൻ അതിനു കഴിയും.

പുതിയ ഉപയോക്താക്കളെ സഹിഷ്ണുതയോടെ സമീപിക്കുക. അവർക്ക് ഒരുപക്ഷേ വിക്കിപീഡിയയുടെ അനന്യമായ സംസ്കാരത്തേയും തിരുത്തലിനാവശ്യമായ നടപടിക്രമങ്ങളും അറിയാൻ പാടില്ലാത്തതിനാൽ വിക്കിസമൂഹത്തിന്റെ ആദർശങ്ങൾ പാലിക്കാൻ കഴിഞ്ഞില്ലന്നു വരും.

പുതിയ ഉപയോക്താക്കൾ താന്താങ്ങളുടെ മേഖലകളിൽ ശക്തരായിരിക്കാം, അതിനാൽ അവർ മറ്റുള്ളവരിൽ നിന്നും ബഹുമാനം അർഹിക്കുന്നുണ്ടെന്ന് സ്വയം വിശ്വസിച്ചിരിക്കാനും സാധ്യതയുണ്ട്. അവരെ മനസ്സിലാക്കുക, കണ്ണുമടച്ച് അധിക്ഷേപിക്കാതിരിക്കുക.

ഏറ്റവും നല്ല ഉപയോക്താക്കൾക്കും തെറ്റുകൾ പറ്റാം, അത്തരം സമയങ്ങളിൽ അവരേയും ധൈര്യമായി തിരുത്തുക. അവരുടെ തിരുത്തലുകൾ മനഃപൂർവമാണെന്നമട്ടിൽ പ്രതികരിക്കാതിരിക്കുക. തിരുത്തുക, നിന്ദിക്കാതിരിക്കുക. താങ്കൾക്ക് അംഗീകരിക്കാൻ സാധിക്കാത്ത ഉപയോക്താക്കളും വിക്കിപീഡിയയിൽ ഉണ്ടാകാം. അവർക്ക് തെറ്റുപറ്റിയാൽ അവർ വിക്കിപീഡിയയെ നശിപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയവരെന്ന് ധരിക്കരുത്. താങ്കൾക്ക് ഒത്തുചേർന്ന് പ്രവർത്തിക്കാൻ സാധിക്കാത്തവരേയും അങ്ങനെ കരുതരുത്. ഒരു ഉപയോക്താവിന്റെ പ്രവൃത്തി എത്രതന്നെ നാശോന്മുഖമെങ്കിലും, എല്ലാവർക്കും സുവ്യക്തമെങ്കിലും പ്രവൃത്തിയെ മാത്രമേ അത്തരത്തിൽ കാണാവൂ.

ഈ നയം വിക്കിപീഡിയയുടെ ലക്ഷ്യങ്ങൾക്ക് കടകവിരുദ്ധമായ കാര്യങ്ങൾക്കുനേരേ പ്രകടിപ്പിക്കേണ്ടതില്ല. ശുഭോദർക്കമല്ലാത്ത കാര്യങ്ങളായ വിധ്വംസകത്വം, ദോഷകരമായ പെരുമാറ്റങ്ങൾ, അസത്യപ്രചരണം മുതലായ കാര്യങ്ങൾക്ക് മുന്നിൽ കാണിക്കേണ്ടതില്ല. പരസ്പരവിശ്വാസത്തോടെ പ്രവർത്തിക്കുക എന്നതിന് ലേഖകരാരെങ്കിലും നിരൂപണങ്ങൾക്കതീതരാണെന്നർത്ഥമില്ല. തെളിവുകളില്ലാതെ വിരോധം ആരോപിക്കുന്നത് വ്യക്തിപരമായ ആക്രമണത്തിനു തുല്യമാണ്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനമില്ലാതെ വിധ്വംസകത്വം ആരോപിക്കുന്നത് വിക്കിപീഡിയയുടെ പരസ്പരവിശ്വാസത്തെ കെടുത്തും.